Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാന്റെ തിരിച്ചടിയിൽ പ്രതികാരം ചെയ്യാതെ വിട്ടുകളയാൻ ട്രംപിനെ പ്രേരിപ്പിച്ചത് 5000 അമേരിക്കൻ പട്ടാളക്കാരെ കൊന്നൊടുക്കുമെന്ന പേടി മൂലം; ഇറാൻ പട്ടാള ജനറലിനെ കൊന്നൊടുക്കിയതിനുള്ള പ്രതികാരത്തിലെ നിശബ്ദത എല്ലാ താൽക്കാലികമായി പരിഹരിക്കുമെന്ന് കരുതി അമേരിക്കയുടെ കീഴടങ്ങൽ; ആരും കൊല്ലപ്പെട്ടിട്ടില്ല എന്നവകാശപ്പെട്ട് യുഎസ് മൗനം തുടരുമ്പോഴും വിജയം അവകാശപ്പെട്ട് ഇറാൻ; യുദ്ധഭീതിയിലേക്ക് ഉയർന്ന അവസ്ഥ ലഘൂകരിക്കപ്പെട്ടതു അമേരിക്കൻ പേടി കൊണ്ടു തന്നെ

ഇറാന്റെ തിരിച്ചടിയിൽ പ്രതികാരം ചെയ്യാതെ വിട്ടുകളയാൻ ട്രംപിനെ പ്രേരിപ്പിച്ചത് 5000 അമേരിക്കൻ പട്ടാളക്കാരെ കൊന്നൊടുക്കുമെന്ന പേടി മൂലം; ഇറാൻ പട്ടാള ജനറലിനെ കൊന്നൊടുക്കിയതിനുള്ള പ്രതികാരത്തിലെ നിശബ്ദത എല്ലാ താൽക്കാലികമായി പരിഹരിക്കുമെന്ന് കരുതി അമേരിക്കയുടെ കീഴടങ്ങൽ; ആരും കൊല്ലപ്പെട്ടിട്ടില്ല എന്നവകാശപ്പെട്ട് യുഎസ് മൗനം തുടരുമ്പോഴും വിജയം അവകാശപ്പെട്ട് ഇറാൻ; യുദ്ധഭീതിയിലേക്ക് ഉയർന്ന അവസ്ഥ ലഘൂകരിക്കപ്പെട്ടതു അമേരിക്കൻ പേടി കൊണ്ടു തന്നെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: ഇറാൻ രഹസ്യാന്വേഷണ വിഭാഗം തലവൻ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് പശ്ചിമേഷ്യയിൽ രൂപം കൊണ്ട യുദ്ധാന്തരീക്ഷം താൽക്കാലികമായി ശമിക്കുന്നു. സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായി ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയ ഇറാൻ ഇതിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസി ലാക്കാക്കിയും മിസൈൽ ആക്രമണം നടത്തി. ആളപായം ഉണ്ടാകാതിരുന്നതോടെ അമേരിക്ക പതിയെ പിൻവലിയുകയും ആയിരുന്നു. യുദ്ധത്തിലേക്ക് ഇല്ലെന്നാണ് ട്രംപ് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതും. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവു വന്നിട്ടുണ്ട്.

അമേരിക്കൻ സേനയെ ഇറാഖിൽ നിന്നും തുരത്തുക എന്നതാണ് ഇപ്പോൾ ഇറാൻ ഉന്നമിടുന്ന കാര്യം. ഇതിന്റെ ഭാഗമായണ് സേനാത്താവളത്തിന് നേർക്ക് മിസൈൽ ആക്രമണം നടത്തിയതും. 5000 അമേരിക്കൻ സൈനികരെ എങ്കിലും കൊലപ്പെടത്തുമെന്നാണ് ഇറാന്റെ വെല്ലുവിളി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ജനറൽ അബ്ദുള്ള അരാഗി യുഎസ് സേനയ്ക്ക് നേരെ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന ആവർത്തനമാണ് നടത്തിയത്. അതേസമയം ഇറാൻ വ്യോമസേനാ തലവൻ അമിർ അലി ഹാജിസെദ് വ്യക്തമാക്കിയത് 5000 അമേരിക്കൻ സൈനികരെ കൊലപ്പെടുത്താൻ വേണ്ടി നൂറോളം മിസൈലുകൾ തയ്യാറാക്കിയിരുന്നു എന്നാണ്. ട്രംപിന്റെ നിലപാട് മറിച്ചായിരുന്നെങ്കിൽ ഈ മിസൈലുകൾ യുഎസ് സേനയ്ക്ക് മേൽ പതിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ഇറാൻ ആരെയും കൊല്ലാൻ ഉദ്ദേശിച്ചരുന്നില്ലെന്നും ഹാജിസെദ് വ്യക്തമാക്കി. ആരെയെങ്കിലും കൊല്ലാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ആദ്യം ലക്ഷ്യമിടുക 500 അമേരിക്കക്കാർ കൊല്ലപ്പെടുന്ന വിധത്തിൽ ആകുമായിരുന്നു. 48 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ ചുവടു വെപ്പിൽ ചുരുങ്ങിയത് 5000 അമേരിക്കൻ സൈനികർ എങ്കിലും കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിൽ നിന്നും പ്രകോപനം ഉണ്ടായാൽ അതേനാണയത്തിൽ തിരിച്ചടി ഉറപ്പാണെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്.

ഇറാൻ ആക്രമണം അമേരിക്കക്കാരെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെങ്കിലും ആളപായമില്ലെന്നും യുഎസ് വ്യക്തമാക്കിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്. മേഖലയിൽ യുഎസ് സൈന്യം അതീവജാഗ്രതയിൽ തുടരുമെന്നും അറിയിച്ചു. പശ്ചിമ ഇറാഖിലെ യുഎസ് വ്യോമസേനാത്താവളത്തിലേക്ക് 11 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അയച്ചത്. സൈനിക തിരിച്ചടിക്കു പകരം ഇറാനെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നാണു ട്രംപ് പറഞ്ഞത്. യുഎസിനു കരുത്തുള്ള മിസൈലുകൾ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ, അമേരിക്കയ്ക്ക് ആദ്യ പ്രഹരം ലഭിച്ചെന്നും അവരുടെ മധ്യപൂർവദേശത്തെ സാന്നിധ്യം അവസാനിക്കാൻ പോകുകയാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. അതേസമയം, യുഎസ് വ്യോമതാവളം ആക്രമിച്ച ഇറാനെ അപലപിച്ച സൗദി അറേബ്യ, മിസൈലാക്രമണം ഇറാഖിന്റെ പരമാധികാര ലംഘനം ആണെന്നും ആരോപിച്ചു.

ഇറാഖിലെ അൽ അസദ് വ്യോമസേനാ താവളത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളാണു പതിച്ചത്. ഒരു ഹെലികോപ്റ്ററിനും കൂടാരങ്ങൾക്കും കേടുപാടുകൾ പറ്റിയതല്ലാതെ കാര്യമായ നാശം ഉണ്ടായിട്ടില്ലെന്ന് യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലി പറഞ്ഞു. അതേസമയം, ഇറാനുമായി ആണവ കരാറിൽ നിന്ന് പിന്മാറണമെന്ന ട്രംപിന്റെ ആഹ്വാനം ചൈന തള്ളി. ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുണ്ടാക്കിയ കരാർ പാലിക്കാൻ എല്ലാ കക്ഷികളും ബാധ്യസ്ഥരാണെന്നും ചൈന വ്യക്തമാക്കി. യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങളായ യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന എന്നിവരും ജർമനി, യൂറോപ്യൻ യൂണിയനും ചേർന്നാണു ഇറാനുമായി ആണവ കരാർ ഒപ്പുവച്ചത്. ഇതിൽനിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇറാനെ പോലെ ഇറാഖും അമേരിക്കൻ സേനയ്ക്ക് എതിരായിട്ടുണ്ട്. ബഗ്ദാദ് വിമാനത്താവളത്തിനു സമീപം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനി, ഇറാഖിലെ സായുധ ഷിയാ സംഘടന ഹാഷിദ് അൽ ഷാബിയുടെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസ് ഉൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാഖ് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചിരുന്നു. യുഎസ് നടപടി ഇറാഖിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റവും യുഎസ് സാന്നിധ്യത്തിന്റെ നിബന്ധനകൾ ലംഘിക്കുന്നതുമായിരുന്നുവെന്നാണ് ഇറാഖിന്റെ ആരോപണം. യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണെങ്കിൽപോലും ഇറാഖിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെയും ഇറാഖ് പ്രസിഡന്റ് ബർഹാൻ സാലിഹ് അപലപിച്ചിരുന്നു.

ഇതിനു മുന്നോടിയായി യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പാർലമെന്റ് പ്രമേയവും പാസാക്കി. എന്നാൽ ഈ പ്രമേയത്തിനെതിരെ മുഖം തിരിഞ്ഞു നിൽക്കുകയാണ് യുഎസ്. ഇറാഖിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്നും അങ്ങനെയെങ്കിൽ ഇറാഖിൽ വ്യോമ താവളം നിർമ്മിക്കാൻ യുഎസിനു ചെലവായ പണം തിരികെ നൽകേണ്ടി വരുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. 2014 ൽ ഭീകരസംഘടനയായ ഐഎസിനെ തുരത്താനാണ് യുഎസ് സൈന്യത്തെ ഇറാഖ് രാജ്യത്തേക്കു ക്ഷണിച്ചത്. യുഎസ് സൈന്യത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത് ഇറാഖ് ഭരണകൂടമാണ്. എന്നാൽ സുലൈമാനിയുടെ വധത്തോടെ ഇറാഖിൽ അവശേഷിക്കുന്ന 5,200 ഓളം വരുന്ന യുഎസ് സൈന്യത്തിന്റെ ഉദ്ദേശലക്ഷ്യം മാറിയതായും സുലൈമാനിയുടെ ചോരയ്ക്ക് പകരം വീട്ടാൻ വെമ്പുന്നവരിൽ നിന്നു സ്വയം പ്രതിരോധം തീർക്കുന്നതിലേക്കു അതു ചുരുങ്ങിയതായും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

സുലൈമാനിയെ വധിച്ചതോടെ ഇറാഖിലെ യുഎസ് സൈനികനേതൃത്വമാണ് ഫലത്തിൽ സമ്മർദ്ദത്തിലായത്. 2014 ൽ മൊസൂളിൽ ആധിപത്യം നേടിയ ശേഷം ബഗ്ദാദ് പിടിച്ചെടുക്കാൻ കച്ചകെട്ടിയ ഐഎസിനെതിരായ യുദ്ധത്തിൽ ഇറാഖ് ഭരണകൂടത്തിന് തുണയേകാനാണ് യുഎസ് സേന വീണ്ടും ഇറാഖിലെത്തിയത്. ഇറാഖി സേനയ്ക്കും അർധസൈനിക വിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിവരങ്ങളും യുദ്ധസാമഗ്രികളും നൽകിയും മറ്റും ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസ് പിന്തുണയേകി.

ഐഎസിനെതിരായ പോരാട്ടത്തിൽ ഹാഷിദ് അൽ ഷാബിയിലെ പോരാളികൾക്ക് ഇറാഖ് സേനയാണ് വേണ്ട ധനസഹായം നൽകിവന്നത്. ഇറാഖ് സർക്കാരിന്റെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് ഏകോപിപ്പിച്ചതും. ഈ വിഭാഗങ്ങളിൽ പലതിനും ഇറാനുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്നതാണ് വാസ്തവം. സുലൈമാനിയെയും അബു മഹ്ദി അൽ മുഹന്ദിസിനെയും വധിച്ചതോടെ ഇറാഖിലെ യുഎസ് സേനയുടെ നിലപാടിലും മാറ്റം വന്നു. ഐഎസിനെ ചെറുക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് മാറി ഷിയാ സായുധ വിഭാഗങ്ങളിൽ നിന്ന് യുഎസ് സേനാ താവളങ്ങളെ സുരക്ഷിതമാക്കുകയെന്ന രീതിയിലേക്കാണ് ഇത് മാറിയത്.

ഇറാഖിലെ യുഎസ് താവളങ്ങൾ പലത്തും ഇറാഖി സേനാ മേഖലകളുടെ വലയത്തിലാണ്. ഇറാഖി സേനാ വിഭാഗങ്ങൾക്ക് മനംമാറ്റമുണ്ടായാൽ യുഎസ് സൈനികർ ബന്ദികളാക്കപ്പെടാനുള്ള സാധ്യതയാണ് ഇത് സൃഷ്ടിക്കുന്നത്. സുലൈമാനി വധത്തിന് പിന്നാലെ ബഗ്ദാദിലെ അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ പ്രവർത്തിക്കുന്ന യുഎസ് എംബസിക്കു വേണ്ട സുരക്ഷയൊരുക്കാൻ ഇറാഖ് സേന ശ്രദ്ധ പുലർത്തിയില്ലെന്നും ചില രാജ്യാന്തര പ്രതിരോധ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

സദ്ദാമിന്റെ പതനത്തിനു ശേഷമാണ് അൽ ഖായിദ ഇറാഖിൽ വൻ ശക്തിയായി മാറിയത്. അൽ ഖായിദയുടെ നീക്കങ്ങൾക്കു തീവ്രത പോരെന്ന പേരിൽ തെറ്റിപ്പിരിഞ്ഞവരാണ് പിന്നീട് ഐഎസ് പോലെയുള്ള ഭീകരസംഘടനകൾക്കു രൂപം നൽകിയതും. സുന്നി വംശജനായ സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം ഭരണം ഷിയാ വിഭാഗക്കാരുടെ കൈകളിൽ എത്തിയതോടെ സുന്നി ഷിയാ തർക്കത്തിനു പുതിയ മാനം കൈവരുകയും ചെയ്തു. പുതിയ സാഹചര്യങ്ങളിൽ അന്യരാജ്യത്ത് സ്വന്തം സേനയെ സംരക്ഷിക്കുകയെന്ന വലിയ ദൗത്യത്തിലാണ് യുഎസ്. പ്രകോപനം ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വാർത്താസമ്മേളനവും ഇത് മുൻകൂട്ടിയുള്ള നയപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP