Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരണബാല്യത്തിന് കേന്ദ്ര അംഗീകാരം; നൂതന പദ്ധതിയായി അംഗീകരിച്ച് ഇന്നവേഷൻ ഗ്രാന്റ്; സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങൾക്കും ഗ്രാന്റ്

ശരണബാല്യത്തിന് കേന്ദ്ര അംഗീകാരം; നൂതന പദ്ധതിയായി അംഗീകരിച്ച് ഇന്നവേഷൻ ഗ്രാന്റ്; സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങൾക്കും ഗ്രാന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണ-തെരുവ് ബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ ശരണബാല്യം പദ്ധതിയെ നൂതനപദ്ധതിയായി അംഗീകരിച്ച് ഇന്നവേഷൻ ഗ്രാന്റിന് തെരഞ്ഞെടുത്തത്.

ഇതോടൊപ്പം സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങൾക്കും ഗ്രാന്റ് അനുവദിച്ചതായും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലുള്ള ചിൽഡ്രൻ ഹോമുകൾക്ക് നിർമ്മാണത്തിനുള്ള ഗ്രാന്റും തിരുവനന്തപുരത്തേയും തൃശൂരിലേയും ഒബ്സർവേഷൻ ഹോമുകൾക്കും പാലക്കാട്ടെ ഒരു ചിൽഡ്രൻ ഹോമിനും റിനവേഷൻ ഗ്രാന്റുമാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2017-ൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സർക്കാർ തുടങ്ങിയ പദ്ധതിയാണ് ശരണബാല്യം. ശബരിമല തീർത്ഥാടന കാലത്ത് ഇതര സംസ്ഥാനത്ത് നിന്ന് കുട്ടികളെ ബാലഭിക്ഷാടനത്തിനായും ബാലവേലക്കായും കൊണ്ടുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ തുടങ്ങിയ പദ്ധതിയാണിത്. ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികൾ, തെരുവിൽ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികൾ, മനുഷ്യക്കടത്തിനു വിധേയമാകുന്ന കുട്ടികൾ, സ്‌കൂൾ പഠനം ഉപേക്ഷിച്ച കുട്ടികൾ, തുടർച്ചയായി സ്‌കൂളിൽ ഹാജരാകാത്ത കുട്ടികൾ എന്നിവരെ കണ്ടെത്തി സംരക്ഷിക്കുകയാണ് ശരണബാല്യത്തിന്റെ ലക്ഷ്യം.

ആദ്യ ഘട്ടത്തിൽ പത്തനംതിട്ടയ്ക്ക് പുറമേ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അന്ന് 65 കുട്ടികളെയാണ് മോചിപ്പിച്ചത്. പദ്ധതിയുടെ വിജയത്തെ തുടർന്ന് 2018ൽ ശരണബാല്യം സംസ്ഥാന വ്യാപകമാക്കി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളിൽ ഒരു റെസ്‌ക്യൂ ഓഫീസറെ വീതം നിയോഗിച്ച് കൊണ്ടാണ് ഈ പദ്ധതി സംസ്ഥാന വ്യാപകമായി സർക്കാർ നടപ്പിലാക്കിയത്.

ഇതുവരെ 272 കുട്ടികളേയാണ് മോചിപ്പിച്ച് പുനഃരധിവസിപ്പിച്ചത്. ബാലവേല 51, ഭിക്ഷാടനം 28, തെരുവ് ബാല്യം 44, ഉപേക്ഷിക്കപ്പെട്ടവർ 12, ലൈംഗിക അതിക്രമം 13, ശൈശവ വിവാഹം 1, മനുഷ്യക്കടത്ത് 4, ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവർ 119 എന്നിങ്ങനെയാണ് കുട്ടികളെ മോചിപ്പിച്ച് സംരക്ഷിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായി ബാലവേല, ബാലഭിക്ഷാടനം എന്നിവയിൽ ഏർപ്പെടുന്ന കുട്ടികളുടെ യഥാർത്ഥ രക്ഷകർത്താക്കളെ കണ്ടെത്തുന്നതിനായി വനിത ശിശു വികസന വകുപ്പും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുമായി ചേർന്ന് ഡി.എൻ.എ. പരിശോധന നടത്തുന്നതിന് വേണ്ടി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ജില്ലകളിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ബോധവൽകരണം നൽകുന്നതിന് തെരുവു നാടകങ്ങളും ജില്ലകളിലെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടും പഞ്ചായത്തുതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തികൊണ്ട് ജില്ലാതല പരിശീലനവും നടത്തിവരുന്നു. ശരണബാല്യം പദ്ധതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്തെ തീയേറ്ററുകളിൽ ഹ്രസ്വചിത്രം പ്രദർശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP