Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോളിയുടെ സയനൈഡ് കൊലപാതക പരമ്പരകൾ ഇതിവൃത്തമാക്കി നിർമ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിർമ്മാതാക്കൾക്ക് നോട്ടീസ്; കോടതി നടപടി വന്നത് ഫ്‌ളവേർസ് ടി വിയുടെ പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യാനിരിക്കെ; പരാതി നൽകിയത് ജോളിയുടെ മക്കൾ; നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ കോടതിയിൽ ഹാജരാകണം; മോഹൻലാലിനെ അന്വേഷണ ഉദ്യോഗസ്ഥൻ ആക്കികൊണ്ടുള്ള കൂടത്തായി ത്രില്ലർ കുരുക്കിലേക്ക്

ജോളിയുടെ സയനൈഡ് കൊലപാതക പരമ്പരകൾ ഇതിവൃത്തമാക്കി നിർമ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിർമ്മാതാക്കൾക്ക് നോട്ടീസ്; കോടതി നടപടി വന്നത് ഫ്‌ളവേർസ് ടി വിയുടെ പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യാനിരിക്കെ; പരാതി നൽകിയത് ജോളിയുടെ മക്കൾ; നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ കോടതിയിൽ ഹാജരാകണം; മോഹൻലാലിനെ അന്വേഷണ ഉദ്യോഗസ്ഥൻ ആക്കികൊണ്ടുള്ള കൂടത്തായി ത്രില്ലർ കുരുക്കിലേക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: സമീപകാലത്ത് മലയാളികളെ ഏറ്റവുമധികം ഞെട്ടിച്ച സംഭവമാണ് കൂടത്തായി കൂട്ടക്കൊലപാതകം. കുറേ നാളുകൾ മാധ്യമ ലോകം സയനൈഡ് ജോളിക്ക് പിന്നാലെയായിരുന്നു. അത്യന്തം നാടകീയത നിറഞ്ഞ സംഭവത്തിന്റെ വിപണി സാധ്യത ചലച്ചിത്ര ലോകവും തിരിച്ചറിഞ്ഞു. ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ കൂടത്തായി സംഭവം സിനിമയാക്കാൻ രംഗത്തെത്തുകയും ചെയ്തു. അപ്പോഴാണ് കേസിലെ ട്വിസ്റ്റുകൾ പോലെ പുതിയ ട്വിസ്റ്റും ഉണ്ടായിരിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതക പരമ്പരക്കേസിനെ ഇതിവൃത്തമാക്കി നിർമ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിർമ്മാതാക്കൾക്ക് താമരശേരി മുൻസിഫ് കോടതി നോട്ടിസ് അയച്ചു.

കൂടത്തായ് കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോൾഡ് റോയ് എന്നിവർ അഡ്വക്കറ്റ് മുഹമ്മദ് ഫിർദൗസ് മുഖേന നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജനുവരി 13ന് ആന്റണി പെരുമ്പാവൂർ അടക്കമുള്ള നിർമ്മാതാക്കൾ കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആശീർവാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂർ, വാമോസ് പ്രൊഡക്ഷൻസ് ഉടമ ഡിനി ഡാനിയൽ, ഫ്ളവേർസ് ടിവി തുടങ്ങിയ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.

പരേതനായ റോയ് തോമസിന്റെയും ജോളി തോമസിന്റെയും മക്കളായ റെമോ റോയ് (20), റെനോൾഡ് റോയ് (15), റോയ് തോമസിന്റെ സഹോദരി രെൻജി വിൽസൺ (42) എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി യുടെ നീക്കം.ഇതുപ്രകാരം പ്രമാദമായ കൂടത്തായ് കൊലപാതക പരമ്പരകളെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമകളുടെയും, സീരിയലുകളുടെയും നിർമ്മാതാക്കൾക്ക് നോട്ടീസ് അയക്കുകയാണെന്ന് താമരശേരി മുൻസിഫ് കോടതി അറിയിച്ചു.

മോഹൻലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീർവാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂർ കൂടത്തായ് എന്ന പേരിൽ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേൽ ജോളി എന്ന പേരിൽ ഇതേ ഇതിവൃത്തത്തിൽ സിനിമയുടെ പ്രൊഡക്ഷൻ ആരംഭിച്ചിരുന്നു. ഒപ്പം മലാളത്തിലെ പ്രമുഖ ചാനലായ ഫ്‌ളവേർസ് ടിവിയുടെ കൂടത്തായ് എന്ന ചലച്ചിത്ര പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യാനിരിക്കുകയാണ്.

ജനുവരി 13ന് ആന്റണി പെരുമ്പാവൂർ അടക്കമുള്ള നിർമ്മാതാക്കൾ കോടതിയിൽ ഹാജരാകണമെന്ന്കോടതി അറിയിച്ചതായി വാദി ഭാഗത്തിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് എം മുഹമ്മദ് ഫിർദൗസ് പറഞ്ഞു.കൂടത്തായ് കൊലപാതകക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കും മുൻപേ തന്നെ കേരളത്തെ ഞെട്ടിച്ച ഈ കേസിനെ ഇതിവൃത്തമാക്കി സിനികളും സീരിയലുകളും പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഇതിനകം തന്നെ മുഖ്യ പ്രതി ജോളിയുടെ മക്കളും വിദ്യാർത്ഥികളുമായ റെമോ റോയ്, റെനോൾഡ് റോയ് എന്നിവർ വലിയ മാനസിക സംഘർഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേർത്ത തിരക്കഥകളുമായി സിനിമകളും, സീരിയൽ പരമ്പരകളും വരുമ്പോൾ അത് ഇവരെ കൂടുതൽ ഒറ്റപ്പെടുത്തുന്നതും മാനസിക ഭാവി തന്നെ തകർക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിക്കപ്പെട്ടത്. ഈ ഹരജിയിലാണിപ്പോൾ കോടതി ഹരജിക്കാർക്ക് അനുകൂലമായി സിനിമകളുടെയും സിരിലുകളുടെയും നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP