Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോർഡിൽ എഴുതിയത് പരിശോധനയും നിർദ്ദേശങ്ങളും ഭരണഘടനാ വിശ്വാസത്തിന് വിധേയമെന്ന്; പൗരത്വ നിയമത്തെയും രജിസ്റ്ററിനെയും അനുകൂലിക്കുന്നവർക്ക് ചികിത്സയില്ലെന്ന വ്യംഗാർഥമുണ്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ; മെഡിക്കൽ എത്തിക്‌സ് ഇന്ത്യൻ ഭരണഘടനക്ക് എതിരാണോ എന്നു ചോദിച്ചു ഭാര്യ ഡോക്ടർ സൗമ്യയും; വ്യാഖ്യാനങ്ങൾക്ക് പിന്നിൽ ഓരോരുത്തരുടെയും മാനസികാവസ്ഥയെന്ന് സരിനും; മെഡിക്കൽ എത്തിക്‌സിനെ ചൊല്ലി ഐഎംഎയിലും ചേരിതിരിഞ്ഞ് ചർച്ച; കെപിസിസി ഗവേഷണവിഭാഗം തലവന്റെ രാഷ്ട്രീയ ലോഞ്ചിങ് വിവാദമാകുമ്പോൾ

ബോർഡിൽ എഴുതിയത് പരിശോധനയും നിർദ്ദേശങ്ങളും ഭരണഘടനാ വിശ്വാസത്തിന് വിധേയമെന്ന്; പൗരത്വ നിയമത്തെയും രജിസ്റ്ററിനെയും അനുകൂലിക്കുന്നവർക്ക് ചികിത്സയില്ലെന്ന വ്യംഗാർഥമുണ്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ; മെഡിക്കൽ എത്തിക്‌സ് ഇന്ത്യൻ ഭരണഘടനക്ക് എതിരാണോ എന്നു ചോദിച്ചു ഭാര്യ ഡോക്ടർ സൗമ്യയും; വ്യാഖ്യാനങ്ങൾക്ക് പിന്നിൽ ഓരോരുത്തരുടെയും മാനസികാവസ്ഥയെന്ന് സരിനും; മെഡിക്കൽ എത്തിക്‌സിനെ ചൊല്ലി ഐഎംഎയിലും ചേരിതിരിഞ്ഞ് ചർച്ച; കെപിസിസി ഗവേഷണവിഭാഗം തലവന്റെ രാഷ്ട്രീയ ലോഞ്ചിങ് വിവാദമാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കെപിസിസിയുടെ ഗവേഷണ വിഭാഗം സംസ്ഥാന കോർഡിനേറ്റർ ഡോക്ടർ സരിന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള ലോഞ്ചിങ് പാളിപ്പോയോ? പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എൻആർസിക്കെതിരെയും പ്രതിഷേധം കത്തുമ്പോൾ സരിൻ കൈക്കൊണ്ട വേറിട്ട പ്രതിഷേധം ചീറ്റിപ്പോയെന്ന വിമർശനം വന്നതോടെയാണ് രാഷ്ട്രീയ ലോംഞ്ചിങ് പാളിപ്പോയോ എന്ന സംശയം ഉണരുന്നത്. ഡോക്ടർ ദമ്പതിമാരായ ഇവർ വീടിനു മുന്നിൽ സ്ഥാപിച്ച ബോർഡിനെ ചൊല്ലി ഐഎംഎയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ വിവാദം കത്തുകയാണ്. പരിശോധനയും നിർദ്ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്നാണ് വീടിനു മുന്നിൽ സ്ഥാപിച്ച ബോർഡിൽ എഴുതിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും പൗരത്വ രജിസ്റ്റർ ആവശ്യമില്ലെന്നും കൂടാതെ ഭരണഘടനയുടെ ആർട്ടിക്കിൾ 15 ന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് ആർട്ടിക്കിൾ പതിനഞ്ചും ബോർഡിൽ സൂചിപ്പിച്ചിട്ടുണ്ട്.

സിവിൽ സർവീസിൽ നിന്നും രാജിവെച്ചെങ്കിലും സരിൻ പ്രാക്ടീസ് തുടരുന്നില്ല. പക്ഷെ ഭാര്യ സൗമ്യ ഗൈനക്കോളജി വിഭാഗം ഡോക്ടർ ആണ്. സൗമ്യ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. മെഡിക്കൽ രംഗത്തെ നൈതികത എന്ന വിഷയം ബോർഡുമായി ബന്ധപ്പെട്ടു ഉയർന്നതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള സേഫ് ലോഞ്ചിങ് പരാജയപ്പെട്ടതായി വിമർശകർ ആരോപണം ഉയർത്തുന്നത്. മെഡിക്കൽ ബോർഡിൽ ഈ രീതിയിലുള്ള ആഹ്വാനങ്ങളും പ്രചാരണങ്ങളും അനുവദനീയമല്ലെന്നാണ് ഉന്നത മെഡിക്കൽ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം പൗരത്വ നിയമത്തെയും, പൗരത്വ രജിസ്റ്ററിനെയും അനുകൂലിക്കുന്നവർക്ക് ഇവിടെ ചികിത്സയില്ലെന്ന വ്യഗാർത്ഥവും ബോർഡിൽ ഉൾക്കൊള്ളുന്നു എന്ന് സോഷ്യൽ മീഡിയയും ഒപ്പം മെഡിക്കൽ വൃത്തങ്ങളും ആരോപണമുയർത്തിയതോടെ സരിന്റെ ലക്ഷ്യം തന്നെ ചീറ്റിയെന്ന സംശയങ്ങളും ഒപ്പം ഉയർന്നു വന്നു. പൗരത്വ ഭേദഗതി നിയമത്തേയും എൻആർസിയെയും എതിർക്കുന്ന നയമാണ് പൊതുവേ കോൺഗ്രസ് പിന്തുടരുന്നത്. അതുകൊണ്ട് തന്നെ കെപിസിസിയുടെ പദവിയിൽ ഇരിക്കുന്ന നേതാവ് എന്ന നിലയിൽ വേറിട്ട പ്രതിഷേധം സരിന് നടത്തുകയും ചെയ്യാം. പക്ഷെ ഇത്തരം എതിർപ്പിൽക്കൂടി സരിൻ ലക്ഷ്യം വയ്ക്കുന്നത് ഒരു നിയമസഭാ സീറ്റ് എന്ന സംസാരവും അണിയറയിൽ മുഴങ്ങുന്നുമുണ്ട്. കേരളത്തിലെ കോൺഗ്രസ് പൊളിറ്റിക്‌സിലേക്ക് സരിൻ വെച്ച സ്റ്റെപ്പ് ആണ് ബോർഡിലെ ഈ പ്രതിഷേധമെന്നാണ് അണിയറ സംസാരം.

മെഡിക്കൽ കൗൺസിലിന് പരാതി പോയാൽ ബോർഡിലെ പരാമർശങ്ങൾ മാറ്റേണ്ടി വരുമെന്നും ഉന്നത മെഡിക്കൽ വൃത്തങ്ങൾ തന്നെ വിരൽ ചൂണ്ടുകയും ചെയ്യുന്നു. എന്തായാലും സരിന്റെ പ്രവർത്തി വിവാദങ്ങളിലേക്ക് മുതലക്കൂപ്പ് കുത്തുകയും വിവാദങ്ങളുടെ കുന്തമുനയായി കെപിസിസിയുടെ ഗവേഷണ വിഭാഗം മേധാവി തുടരുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എൻആർസിക്കെതിരെയും വേറിട്ട പ്രതിഷേധമായാണ് സരിനും ഭാര്യയും തങ്ങളുടെ മെഡിക്കൽ ബോർഡ് തന്നെ പ്രചാരണായുധമാക്കിയത്. ഇതോടെ വിവാദങ്ങളുടെ കുടം തുറന്ന അവസ്ഥയുമായി. മെഡിക്കൽ എത്തിക്‌സ് എന്നൊരു മാനം ഈ വിവാദങ്ങൾക്ക് സരിൻ നല്കുന്നില്ലെങ്കിലും വിമർശകർ ഇത്തരം ഒരു മാനം സരിന്റെ ബോർഡുമായി ബന്ധപ്പെടുത്തിയപ്പോഴാണ് വിവാദം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നത്.

ജോലി രാജിവച്ചാണ് രാഹുൽ ഗാന്ധിയുടെ ടീമിലേക്ക് സരിൻ വന്നു ജോയിൻ ചെയ്യുന്നത്. ഇതോടെയാണ് കോൺഗ്രസ് ഗവേഷണ വിഭാഗം കോർഡിനേറ്റർ പദവി സരിനെ തേടിയെത്തുന്നത്. സരിൻ പ്രാക്ടീസ് ചെയ്യുന്നില്ല. പക്ഷെ ഭാര്യ സൗമ്യ.എസ്.സരിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആണ്. സ്വാഭാവികമായും രോഗികൾ ഇവരെ തേടിയെത്തും. പക്ഷെ പരിശോധനയും നിർദ്ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്ന ബോർഡ് വന്നതോടെ വിമർശനം മെഡിക്കൽ എത്തിക്‌സുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു.

സരിൻ ഉയർത്തിയ ബോർഡിൽ പറയുന്നത് പ്രകാരം പൗരത്വ ഭേദഗതി നിയമവും എൻആർസിയെയും അനുകൂലിക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കില്ലെന്ന് ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നുവെന്നാണ് ഒരു വിഭാഗം ആക്ഷേപിക്കുന്നത്. സരിന്റെ ഭാര്യ ഫെയ്‌സ് ബുക്കിൽ നൽകിയ വിശദീകരണക്കുറിപ്പിൽ അനുകൂലിച്ചും എതിർത്തും വാദമുഖങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ എത്തിക്‌സ് വിവാദം ബോർഡുമായി ബന്ധപ്പെട്ടു വന്നപ്പോഴാണ് വിശദീകരണം നൽകിയത്. വിശദീകരണത്തിൽ സൗമ്യ പറയുന്നത് ഇങ്ങനെ: സിഎഎ. എൻആർസി എന്നിവയെ എതിർക്കുന്നവരെ മാത്രമേ പരിശോധിക്കുകയും അവർക്കു മാത്രമേ ചികിത്സ നൽകുകയും ചെയ്യൂ എന്നാണത്രെ ഞങ്ങൾ സ്ഥാപിച്ച ബോർഡിനു പിന്നിലെ ഇതിന്റെ അർഥം! അത് മെഡിക്കൽ എത്തിക്‌സിന് ചേർന്നതല്ലെന്നും ഞങ്ങൾ പരസ്യമായി ആർക്കൊക്കെയോ ചികിത്സാനിഷേധം ചെയ്തെന്നും ആരോപണം വന്നിരിക്കുന്നു. ഈ മെഡിക്കൽ എത്തിക്‌സ് ഇന്ത്യൻ ഭരണഘടനക്ക് എതിരാണോ? അങ്ങനെ ആവാൻ യാതൊരു നിർവാഹവുമില്ല അല്ലെ? അതേ. ഒരു ഡോക്ടറായി പഠിച്ചു പാസ്സായി ഇറങ്ങുമ്പോൾ നാം എടുക്കുന്ന പ്രതിജ്ഞ എന്താണ്? എല്ലാ രോഗികൾക്കും ഒരു വിവേചനവും കൂടാതെ നമ്മളാൽ കഴിയുന്ന വൈദ്യസഹായം കൊടുക്കും എന്ന് അല്ലെ? അത് തന്നെയല്ലേ നമ്മുടെ ഭരണഘടനയുടെയും അന്തസത്ത.

ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ വർഗ്ഗമോ വർണമോ ഭാഷയോ വേഷമോ മതമോ നോക്കാതെ ഒരു മനുഷ്യനായി മാത്രം കാണണമെന്നും ഇന്ത്യൻ ഭരണഘടനക്ക് മുന്നിൽ ഏവരും തുല്യരാണെന്നും! അപ്പോൾ ഭരണഘടനാ അനുസരിച്ചേ പെരുമാറൂ എന്ന് പറഞ്ഞാൽ അത് ഒരു വിഭാഗത്തിന് ചികിത്സ നിഷേധമാകുന്നതെങ്ങനെ? മെഡിക്കൽ എത്തിക്‌സിന് എതിരാകുന്നതെങ്ങനെ? ഇതാണ് വിവാദത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കി സൗമ്യ എഴുതിയ കുറിപ്പിൽ പറയുന്നത്. തങ്ങൾ നൽകാത്ത മാനം ബോർഡുമായി ബന്ധപ്പെട്ടു ഉയർന്നപ്പോഴാണ് സംഗതിയുടെ ഗൗരവം മനസിലാക്കി സൗമ്യ ഫെയ്‌സ് ബുക്കിൽ തന്നെ വിശദീകരണക്കുറിപ്പ് ഇറക്കിയത്. '. വിവാദങ്ങൾ കത്തിയപ്പോൾ ഡോക്ടർ സരിൻ മറുനാടനോട് പ്രതികരിച്ചു. വിവാദമായ ബോർഡിനെയും അതിലെ വാചകങ്ങളെയും കുറിച്ച്. സരിൻ പറയുന്നത് ഇങ്ങനെ:

വ്യാഖ്യാനങ്ങൾക്ക് പിന്നിൽ ഓരോരുത്തരുടെയും മാനസിക അവസ്ഥയെന്ന് സരിൻ

ബോർഡിൽ രേഖപ്പെടുത്തിയത് എന്റെ അഭിപ്രായം മാത്രമാണ്. എന്താണ് ഡോക്ടർമാർ എന്ന രീതിയിൽ ഉള്ള വിശദീകരണമാണ് ഞങ്ങൾ നൽകിയത്. ഞാനും ഭാര്യയും വിശ്വസിക്കുന്നത് ഭരണഘടനയിലാണ്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ പതിനഞ്ച് എന്ന് കൂടി ബോർഡിൽ താഴെ കാണും. ജാതി, മതം, ജനനം, തുടങ്ങിയ അഞ്ചു കാര്യങ്ങളിൽ വിവേചനം പാടില്ലാ എന്നാണ് ഭരണഘടന പറയുന്നത്. അതേ രീതി തന്നെയാണ് രോഗികളുടെ ഇടയിലും ഞങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് എന്നാണ് ബോർഡിൽക്കൂടി വ്യക്തമാക്കുന്നത്. അത് എടുത്ത് പറഞ്ഞു എന്ന് മാത്രം. എല്ലാ ഡോക്ടർമാരും ചെയ്യുന്നത് അത് തന്നെയാണ്. രോഗിയുടെ മതമോ ഏതെങ്കിലും രീതിയിലുള്ള പശ്ചാത്തലമോ നോക്കിയിട്ടല്ല ഡോക്ടർ ചികിത്സിക്കുന്നത്. അതാണ് ഞങ്ങൾ വ്യക്തമാക്കിയത്. ഭരണഘടന പറയുന്നത് എല്ലാ കാര്യങ്ങളിൽകൂടിയും നടപ്പിലാക്കേണ്ടതുണ്ട്. മെഡിക്കൽ എത്തിക്‌സിനു വിരുദ്ധമാണോ ഭരണഘടന. അത് ഓർക്കേണ്ടതല്ലേ? ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണോ മെഡിക്കൽ എത്തിക്‌സ്. ഇത് തന്നെയാണ് ബോർഡിൽ എഴുതിയതിന്റെ അർഥം.

പൗരത്വ ഭേദഗതി നിയമത്തേയും എൻആർസിയെയും അനുകൂലിക്കുന്ന ആൾക്ക് ചികിത്സയില്ലാ എന്ന് ബോർഡിൽ ഞങ്ങൾ എഴുതിയിട്ടില്ല. എല്ലാം വെറും വ്യാഖ്യാനങ്ങൾ മാത്രം. ഞങ്ങൾ വിചാരിക്കാത്ത വ്യാഖ്യാനം വരുന്നത് അവനവന്റെ മാനസിക അവസ്ഥകാരണമാണ്. വികലമായ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നവരുടെ മനസ് വികലമായ്തുകൊണ്ടാണ്. ഇല്ലാത്ത വൈകല്യം ഒന്നിൽ ആരോപിക്കപ്പെടുമ്പോൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ആർട്ടിക്കിൾ പതിനഞ്ചു ഞാൻ ഒന്നുകൂടി രേഖപ്പെടുത്താൻ ശ്രമിച്ചു. അത്രയേയുള്ളൂ. ഇവിടെ എന്താണ് പ്രശ്‌നം. ഓരോരുത്തർക്കും ഓരോ പക്ഷമുണ്ട്. ആ പക്ഷത്തിനു അപ്പുറത്തേക്ക് ചിന്തിക്കില്ലാ എന്ന ബോധപൂർവമായ വാശി. അതിൽ നിന്നും നമ്മൾ പുറത്ത് വരണം. ഈ ബോധ്യത്തിലേക്ക് നമ്മൾ വരണം. അതില്ല പലപ്പോഴും. അവനവന്റെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന രീതിയിലേക്കുള്ള വാദഗതികൾ മാത്രം തേടിപ്പിടിക്കുന്ന നമ്മുടെ സ്വഭാവം അതവസാനിപ്പിച്ചില്ലെങ്കിൽ നമ്മുടെ ജനാധിപത്യ ബോധ്യവും നമ്മുടെ ഇന്ത്യ എന്ന സങ്കൽപ്പവും ആണ് തകരുക.

എനിക്ക് വന്ന നഷ്ടത്തിനേക്കാൾ കൂടുതൽ സമൂഹത്തിനാണ് നഷ്ടം വരുക എങ്കിൽ അതിനു വേണ്ടി നിൽക്കില്ല എന്ന സ്വയം തീരുമാനങ്ങളിലേക്ക് നമ്മൾ മാറേണ്ട കാലമായി. വ്യക്തി താത്പര്യങ്ങൾക്കും സ്വാർത്ഥ ലാഭങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന രീതിയിലേക്ക് പോകുമ്പോൾ അതിലേക്ക് ഒക്കെ ഒരു കണ്ണാടിയാവുകയാണ് ഈ എതിർപ്പും സമരവുമെല്ലാം. ഇതാണ് എന്റെ വിശ്വാസം. കൂടുതൽ കൂടുതൽ ഉൾക്കൊള്ളാൻ നമ്മൾക്ക് കഴിയണം. മറ്റൊരാളുടെ അഭിപ്രായങ്ങളെ ഉൾക്കൊള്ളാൻ കഴിയണം. ഒരു ബോർഡ് ഡോക്ടർ വയ്‌ക്കേണ്ടതിന്റെ ഔചിത്യത്തിനു അപ്പുറത്തേക്ക് ആ ബോർഡ് പോയിട്ടുണ്ട്. അതായിരിക്കാം ഒരേ ഒരു അപാകത.

ചികിത്സയ്ക്ക് വയ്‌ക്കേണ്ടുന്ന ഒരു ബോർഡ് ആണെങ്കിൽ ഇങ്ങിനെ അല്ല വയ്‌ക്കേണ്ടത്. അത് ചികിത്സയ്ക്ക് വയ്ക്കുന്ന ബോർഡ് അല്ല. എന്റെ വീട്ടിൽ, ഞാനാണ് അവിടെ താമസിക്കുന്നത് എന്ന് ആളുകൾ അറിയണം. സരിന്റെ വീട് ഏതാണെന്ന് ചോദിച്ചാൽ ചൂണ്ടിക്കാട്ടി പറയാൻ കഴിയണം. അതിനും കൂടിയാണ് അത്തരം ഒരു ബോർഡ് വെച്ചത്. അത് ഒരു നെയിം ബോർഡ് ആണ്. കൺസൽട്ടെഷന് വേണ്ടിയുള്ള ബോർഡ് അല്ല അത്. രോഗികളോട് ബോർഡിൽ ഉള്ളത് വായിക്കണം എന്നൊന്നും ഞങ്ങൾ പറയുന്നില്ല. ഞങ്ങൾ രണ്ടു ഡോക്ടർമാർ. ഭരണഘടനയിൽ വിശ്വാസമുണ്ട് എന്നാണ് ഞങ്ങൾ പറയുന്നത്. ഇത് വാക്കുകളിൽ ഞങ്ങൾ ഉറപ്പിച്ച് പറയുന്നു. ഇതേ ഞങ്ങൾ ചെയ്തിട്ടുള്ളൂ.

പൗരത്വ ഭേദഗതി നിയമവും എൻആർസിയും ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ്. അത് ഇന്ത്യ എന്ന കൺസെപ്റ്റിനു എതിരാണ്. ഭരണഘടന വിഭാവന ചെയ്യുന്ന മൂല്യങ്ങൾക്ക് എതിരാണ്. ഇനി വരാൻ ഉദ്ദേശിക്കുന്നു എന്ന് ഭരണകൂടം പ്രഖ്യാപിച്ച് കഴിഞ്ഞ എൻആർസിയും ഈ ഭരണഘടനയ്ക്ക് വിരുദ്ധമായതുകൊണ്ടാണ് അതിനെതിരെ പ്രതിഷേധം വരുന്നത്. ഇന്ത്യയുടെ നിലനിൽപ്പ് തന്നെ ഭരണഘടനയിൽ ഊന്നിക്കൊണ്ടാണ്. ഒരു മതത്തെ എടുത്തു പറഞ്ഞു എന്നതിനേക്കാൾ ആറു റിലീജിയനെ അതിൽ എടുത്തു പറഞ്ഞു എന്നതാണ് മറ്റൊരു തെറ്റ്. അതിൽ മുസ്ലിം എന്ന് പറഞ്ഞ ഏഴാമത് മതം കൂടി വന്നാലും ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇവിടുത്തെ സാഹചര്യം മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത് ഇന്ത്യയിൽ കുടിയേറി താമസിച്ചവർക്ക് പൗരത്വം കൊടുക്കപ്പെടെണ്ടത് എന്നാണു ബേസിക് ആയിട്ടുള്ള വാദം. മുസ്ലിമിനെ അതിൽ നിന്ന് ഒഴിവാക്കി എന്നതിനേക്കാൾ അവിടെ മത പരാമർശമാണ് തെറ്റ്. മുസ്ലിമിനെ ഒഴിവാക്കി എന്നത് രണ്ടാമത്തെ തെറ്റാണ്.

പരമമായ തെറ്റ് മതം പരാമർശിക്കപ്പെട്ടു എന്നാണ്. അത് ഭരണഘടനയ്ക്ക് എതിരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് തന്നെയാണ് പ്രക്ഷോഭത്തിനു ഇറങ്ങിയിരിക്കുന്ന ജനങ്ങളെ നയിക്കുന്നതും. അതാണ് പൗരത്വഭേദഗതി നിയമത്തിന്നെതിരെയുള്ള പ്രതിഷേധം ജ്വലിക്കാൻ കാരണം. പൗരത്വ രജിസ്റ്റർ ഇന്ത്യയിൽ മുഴുവനായി നടപ്പിലാക്കാൻ പോകുമ്പോൾ അത് പാവപ്പെട്ടവനു എതിരായ ആയുധമായി മാറും. സാധാരണക്കാരന് അറിയില്ല. എന്തിന്റെ പേരിൽ പൗരത്വം തെളിയിക്കണം എന്ന്. പാവപ്പെട്ടവനായിരിക്കും പൗരത്വ രജിസ്റ്ററിന്റെ ഇരകൾ ആയി മാറുക. ഇത് പലപ്പോഴും തിരിച്ചറിയുന്നില്ല പലരും. എല്ലാവരും രേഖകളുടെ പിന്നാലെ പോകേണ്ട അവസ്ഥ വരും.

തിരഞ്ഞെടുപ്പ് ഐഡി സ്വീകാര്യമല്ല. പാസ്‌പോർട്ട് സ്വീകാര്യമല്ല എന്നൊക്കെ പറയുമ്പോൾ പൗരത്വ രജിസ്റ്റർ അപകടകരമായി മാറുന്നു. എൻആർസി ആലോചിക്കുന്നു എന്ന് പറയുമ്പോൾ അത് നമ്മൾ കാത്തിരുന്നേനെ. ഇപ്പോൾ സൂചനകൾ പുറത്ത് വന്നിരിക്കുന്നു. എൻആർസി അപടകരമെന്നു ഇപ്പോൾ വിലയിരുത്തപ്പെടുന്നു. അസമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റർ അപ്പാടെ നടപ്പിലാക്കും എന്നും നിലവിലുള്ള രേഖകൾ പൗരത്വത്തിന്റെ രേഖകൾ അല്ലാതായിരിക്കുമെന്നും പറഞ്ഞ സ്ഥിതിക്ക് ഇങ്ങിനെ പൗരത്വം തീരുമാനിക്കപ്പെട്ടാൽ ഈ രാജ്യത്തിനെ, അതിലെ ഒരു പക്ഷെ പാവപ്പെട്ടവർക്ക് എതിരെ, അവർക്ക് വിരുദ്ധമായ അവരെ മാറ്റി നിർത്താൻ സാധ്യത കൂടുതലുള്ള, ഇവരെ തന്നെ മതപരമായി ലക്ഷ്യം വയ്ക്കാൻ സാധ്യതയുള്ളതായി സിഐഎയുടെ കൂടെ ഇതും കൂട്ടി വായിക്കപ്പെടണം-സരിൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP