Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജെഎൻയു സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം എന്നത് കണ്ണിൽ പൊടിയിടാൻ; ഭരണഘടന ഭേദഗതി ചെയ്ത അമിത് ഷായ്ക്ക് ജെഎൻയുവിലെ ഫീസ് വർധന പിൻവലിക്കാൻ നിർദ്ദേശം നൽകാൻ എന്താണ് പ്രശ്‌നം? വൈസ് ചാൻസിലർ എം ജഗദീഷ്‌കുമാറിനെ പുറത്താക്കണമെന്നും കനയ്യകുമാർ

ജെഎൻയു സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം എന്നത് കണ്ണിൽ പൊടിയിടാൻ; ഭരണഘടന ഭേദഗതി ചെയ്ത അമിത് ഷായ്ക്ക് ജെഎൻയുവിലെ ഫീസ് വർധന പിൻവലിക്കാൻ നിർദ്ദേശം നൽകാൻ എന്താണ് പ്രശ്‌നം? വൈസ് ചാൻസിലർ എം ജഗദീഷ്‌കുമാറിനെ പുറത്താക്കണമെന്നും കനയ്യകുമാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെഎൻയു സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം എന്നത് കണ്ണിൽ പൊടിയിടുന്നതിന് തുല്യമാണെന്ന് സിപിഐ നേതാവ് കനയ്യകുമാർ. വൈസ് ചാൻസിലർ എം ജഗദീഷ്‌കുമാറിനെ പുറത്താക്കണമെന്നും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാർ ആവശ്യപ്പെട്ടു. ഭരണഘടന ഭേദഗതി ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജെഎൻയു ഫീസ് വർധന പിൻവലിക്കാൻ നിർദ്ദേശം നൽകിയാലെന്താണെന്നും കനയ്യകുമാർ ചോദിച്ചു. അതേസമയം, ജെഎൻയു പ്രതിനിധികൾ മാനവവിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഐഷി ഘോഷിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും അദ്ധ്യാപക യൂണിയൻ പ്രതിനിധികളുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്.

കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത ശത്രു തെറ്റിപ്പോയെന്നും ബുദ്ധിയും അറിവുമുള്ള ശത്രുവിനെയാണ് അവർ തെരഞ്ഞെടുത്തിരിക്കുന്നതെന്നും കനയ്യകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ജെ.എൻ.യു എല്ലായ്‌പ്പോഴും റിപ്പോർട്ട് പോലും ചെയ്യപ്പെടാത്ത പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. സർക്കാർ ഒരു തെറ്റ് ചെയ്തു. അവർ ബുദ്ധിയും അറിവുമുള്ള ശത്രുവിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.'', കനയ്യ കഴിഞ്ഞ ദിവസം പറഞ്ഞു.

2015 സെപ്റ്റംബറിലാണ് കനയ്യ ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്‌ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി.

ജെഎൻയുവിൽ അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്സൽ ഗുരു. വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകൾ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎൻയുവിലെ എബിവിപി പ്രവർത്തകരാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടർന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകൾ വിദ്യാർത്ഥികൾക്കെതിരെ റിപ്പോർട്ട് നൽകുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാർത്ഥികളും രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് ഡൽഹി സർക്കാർ കണ്ടെത്തുകയും ചാനലുകൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

തന്റെ രാജി ആവശ്യപ്പെടുന്നവർക്ക് അങ്ങനെ അഭിപ്രായം പറയാൻ അവകാശമുണ്ട് എന്നാണ് വിസിയുടെ നിലപാട്. പൗരത്വ ഭേഗദതി നിയമത്തിനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ അക്രമമുണ്ടായ സംഭവത്തിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. വിദ്യാർത്ഥികളിൽ ഒരു വിഭാഗം സമരം അക്രമാസക്തമാക്കി. വിദ്യാർത്ഥികളുടെ പങ്ക് തെളിഞ്ഞാൽ നടപടിയുണ്ടാകും. മാനവിക വിഷയത്തിൽ അദ്ധ്യാപകൻ അല്ലാത്ത തനിക്ക് ജെഎൻയു വിസിയാകാൻ യോഗ്യതയില്ല എന്ന ആരോപണം തെറ്റാണെന്നും ജഗദീഷ്‌കുമാർ പറഞ്ഞിരുന്നു.

വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് പിന്നീട് പല തവണയായി കൂട്ടിയ ഹോസ്റ്റൽ നിരക്ക് കുറച്ചു. ഇപ്പോൾ റൂം വാടക മാത്രമാണ് കൂടിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇളവുകൾ നൽകിയിട്ടുണ്ടെന്നും ജദഗീഷ്‌കുമാർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP