Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് സംസ്ഥാന വികസനത്തിന് വേണ്ടി ഒരു രൂപ പോലും മുടക്കാത്ത വ്യക്തി; 2106 കോടി രൂപ അറ്റാദായം നേടിയ കമ്പനി സ്വന്തം ബിസിനസിന് ഒരു രൂപ പോലും മുടക്കുന്നില്ല; സ്വർണപ്പണ്ട പണയത്തിന്മേൽ 26 ശതമാനം വരെ കൊള്ളപ്പലിശ വാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്നു; കൊള്ളപ്പലിശ കാരണം കേരളത്തിൽ 500ലധികം ആളുകൾക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു; തൊഴിലാളികൾ ആത്മഹത്യ ചെയ്യണമെന്നാണ് മുത്തൂറ്റ് മുതലാളിയുടെ ആഗ്രഹം: മുത്തൂറ്റ് മുതലാളിക്കെതിരെ കടുത്ത ഭാഷയിൽ വി ശിവൻകുട്ടി

ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് സംസ്ഥാന വികസനത്തിന് വേണ്ടി ഒരു രൂപ പോലും മുടക്കാത്ത വ്യക്തി; 2106 കോടി രൂപ അറ്റാദായം നേടിയ കമ്പനി സ്വന്തം ബിസിനസിന് ഒരു രൂപ പോലും മുടക്കുന്നില്ല; സ്വർണപ്പണ്ട പണയത്തിന്മേൽ 26 ശതമാനം വരെ കൊള്ളപ്പലിശ വാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്നു; കൊള്ളപ്പലിശ കാരണം കേരളത്തിൽ 500ലധികം ആളുകൾക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു; തൊഴിലാളികൾ ആത്മഹത്യ ചെയ്യണമെന്നാണ് മുത്തൂറ്റ് മുതലാളിയുടെ ആഗ്രഹം: മുത്തൂറ്റ് മുതലാളിക്കെതിരെ കടുത്ത ഭാഷയിൽ വി ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൊഴിലാളി സമരങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന മുത്തൂറ്റ് മുതലാളിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു സിഐടിയു സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായി വി ശിവൻകുട്ടി. തൊഴിലാളി സമരത്തിനിടെ നടന്ന ആക്രമണത്തിൽ മുത്തൂറ്റ് മുതലാളി സഞ്ചരിച്ച കാറിന്റെ ചില്ല് തകർക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഒരു സിഐടിയു അനുഭാവി അറസ്റ്റിലാകുകയും ചെയ്തു. ഇതോട സമ്മർദ്ദത്തിലായ സിഐടിയു കുപ്രചരണങ്ങളിൽ വീഴരുത് എന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് രംഗത്തുവന്നത്.

ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് സംസ്ഥാന വികസനത്തിന് വേണ്ടി ഒരു രൂപ പോലും മുടക്കാത്ത വ്യക്തിയാണെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് സംസ്ഥാന വികസനത്തിന് വേണ്ടി ഒരു രൂപ പോലും മുടക്കാത്ത വ്യക്തിയാണ്. പ്രതിവർഷം 2106 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് എന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ബിസിനസിന് ഒരു രൂപ പോലും മുടക്കുന്നില്ല. ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും നബാർഡിൽ നിന്നുമെല്ലാം 7 ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് സ്വർണപ്പണ്ട പണയത്തിന്മേൽ 18 ശതമാനം മുതൽ 26 ശതമാനം വരെ കൊള്ളപ്പലിശ വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. മുത്തൂറ്റിലെ ഈ കൊള്ളപ്പലിശ കാരണം സംസ്ഥാനത്ത് 500ലധികം വരുന്ന ആളുകൾക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പലരും കണ്ണീരുമായി സ്ഥാപനത്തി ന്റെ മുൻപിൽ നിൽക്കുമ്പോൾ പോലും യാതൊരു മനസ്സാക്ഷിയും അലിവും കാണിച്ചിട്ടില്ല ഈ മുതലാളിയെന്നും ഇവർ കുറ്റപ്പെടുത്തി. കൊള്ളപ്പലിശ കാരണം ആയിരക്കണക്കിന് വരുന്ന ആളുകളുടെ കല്യാണങ്ങൾ മുടങ്ങുകയും അവർക്കുണ്ടായിരുന്ന വസ്തു വകകൾ നഷ്ടപ്പെടുകയും വാഹനങ്ങൾ നഷ്ടപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെ ഗുണ്ടാസംഘത്തെ വച്ച് പിടിച്ചെടുക്കുന്ന വാഹനങ്ങളും വസ്തുവകകളും വലിയ തുകയ്ക്ക് ലേലം വിളിച്ചു കോടികളാണ് മുത്തൂറ്റ് കൊയ്യുന്നത്. ഇതിൽനിന്നൊക്കെ കിട്ടുന്ന ആദായത്തിന്റെ ഒരു ശതമാനം പോലും ശമ്പളയിനത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നൽകുന്നില്ല- ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്വകാര്യ മുതലാളി യൂണിയനെ അംഗികരിക്കില്ലെന്ന നിലപാട് സ്വീകരിച്ചെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ജീവനക്കാർ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടിക്കാൻ പാടില്ല എന്ന തരത്തിൽ തികച്ചും തൊഴിലാളി വിരുദ്ധ സമീപനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. യൂണിയൻ രൂപീകരിച്ചതിന്റെ പേരിൽ യൂണിയനിൽ അംഗങ്ങൾ ആയിട്ടുള്ള ജീവനക്കാരെ സംസ്ഥാനത്തിന് വെളിയിലേക്ക് തലങ്ങും വിലങ്ങും സ്ഥലംമാറ്റി. യൂണിയൻ നേതാക്കൾ ഉൾപ്പടെ ജോലിചെയ്യുന്ന 43 ബ്രാഞ്ചുകൾ തെരഞ്ഞുപിടിച്ച് 2019 ഡിസംബർ 7ന് അടച്ചുപൂട്ടി. 166 ജീവനക്കാരെയും അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെയും ആണ് മുത്തൂറ്റ് മാനേജ്‌മെന്റ് വഴിയാധാരമാക്കിയത്. - അദ്ദേഹം കുറ്റപ്പെടുത്തി.

മന:പ്പൂർവ്വം പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും മാനേജ്‌മെന്റ് നടത്തിവരികയാണ്. ഇതു വഴി പത്രവാർത്ത സൃഷ്ടിക്കാനാണ് മാനേജ്‌മെന്റ് നീക്കം. ഏതുകാര്യത്തിനും തൊഴിലാളിവർഗ്ഗത്തെ എന്നും എതിർക്കുന്ന ജോസഫ് ചിറ്റിലപ്പിള്ളിയെ പോലുള്ള ആൾക്കാർ മാത്രമാണ് മുത്തൂറ്റിന്റെ അനീതിക്കും കൊള്ളലാഭത്തിന് കൂട്ടുനിൽക്കുന്നത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യണമെന്നാണ് മുത്തൂറ്റ് മുതലാളിയുടെ ആഗ്രഹം. താൻ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്ന ആളാണെന്നുള്ള തരത്തിലുള്ള കള്ളപ്രചരണത്തിൽ ജനങ്ങൾ കുടുങ്ങരുതെന്ന് വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു.

മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്സാണ്ടറിനുനെരെ കല്ലെറിഞ്ഞ സിഐടിയു പ്രവർത്തകനാണ് അറസ്റ്റിലായത്. കലൂർ സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ സലീമാണ് അറസ്റ്റിലായത്. ജീവനക്കാർക്ക് ഒപ്പം ഓഫീസിലേക്ക് പോകും വഴിയാണ് ഡിഐജി ഓഫിസിനു സമീപത്തു വച്ച് ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറുണ്ടായത്. തലയ്ക്ക് പരുക്കേറ്റ ജോർജ് അലക്സാണ്ടറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻസീറ്റിൽ ഇരുന്ന ജോർജ് അലക്സാണ്ടറിനെ വലിയ കോൺക്രീറ്റ് കട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ശാഖകൾ അടച്ചു പൂട്ടിയതിനും ജീവനക്കാരെ പിരിച്ചു വിട്ടതിനും എതിരെ കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫിസിനു മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുക്കകയാണ്. കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മാനേജ്മെന്റ് നിർദ്ദേശം അനുസരിച്ചു ജീവനക്കാർ ഡിഐജി ഓഫിസിനു സമീപം ഒത്തുചേർന്നു അവിടെ നിന്ന് ഒരുമിച്ച് ഓഫീസിലേക്ക് പോകാനായിരുന്നു തീരുമാനം. ഇത്തരത്തിൽ ജീവനക്കാർക്കൊപ്പം ഓഫിസിലേക്കു പോകാൻ എത്തിയപ്പോഴായിരുന്നു മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടറിനു നേരെ ആക്രമണം ഉണ്ടായത്.

തലയ്ക്കു പരുക്കേറ്റ ജോർജ് അലക്സാണ്ടറെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ് അലക്സാണ്ടറെ ഡോക്ടർമാരുടെ സംഘം വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കി. സിഐടിയു പ്രവർത്തകർ ജോർജ് അലക്സാണ്ടറെ വധിക്കാൻ ആണ് ശ്രമിച്ചതെന്നു മുത്തൂറ്റ് മാനേജ്മെന്റ് ആരോപിച്ചു.അതേസമയം ഈ ആരോപണം തള്ളി സിഐടിയുവും രംഗത്തുവന്നു. ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് വരുത്തി തീർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നാണ് സിഐടിയു വാദിക്കുന്നത്. അതേസമയം മകനെ ആക്രമിച്ച കല്ലുയർത്തി കാണിച്ചു കൊണ്ട് അലക്‌സാണ്ടർ ജോർജ്ജിന്റെ മകൻ ഈപ്പൻ ജോർജ്ജും രംഗത്തുവന്നിരുന്നു.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ആദ്യം അംഗീകരിച്ച് കരാർ ഒപ്പിട്ട മുത്തൂറ്റ് മാനേജ്മെന്റ് പിന്നീട് നിലപാട് മാറ്റി തൊഴിലാളികളെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടുകയുമാണ് ചെയ്തതെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ പ്രതികരിച്ചത്. പണിമുടക്ക് ഒഴിവാക്കണമെന്ന് താൻ അഭ്യർത്ഥിച്ചിട്ടും മാനേജ്മെന്റ് ഒരു അനുകൂല നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോർജ് അലക്‌സാണ്ടറിന് നേരെ കല്ലേറുണ്ടായ സംഭവത്തെ അപലപിക്കുന്നതായിലും തൊഴിൽ മന്ത്രി പറഞ്ഞു. സംഭവം എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുത്തൂറ്റ് തൊഴിലാളികളുടെ സമരം ന്യായമാണ്. പ്രകോപനമുണ്ടാക്കിയത് മാനേജ്‌മെന്റാണ്. ആത്മസംയമനം പാലിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സർക്കാറിനെ തന്നെ ഒരു മാനേജ്‌മെന്റ് വെല്ലുവിളിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തെ വൈകാരികമായി എടുക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിക്ഷേപകർക്ക് ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ലെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

അതേസമയം മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എംഎൽഎയും പ്രതികരിച്ചിരുന്നത്. പ്രതിയുടെ അറസ്റ്റോടെ ഈ വാദം പൊളിയുകയാണ്.. പിന്നിൽ സിഐടിയു പ്രവർത്തകരെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം സ്വരാജ് ആരോപിച്ചിരുന്നത്. സമരത്തെത്തുടർന്ന്, മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം രാവിലെ ഒരിടത്ത് ഒത്തുകൂടി പ്രത്യേക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറ്. അങ്ങനെ വരുമ്പോഴാണ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് എംഡിയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേർ കല്ലെറിഞ്ഞു എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ജോർജ് അലക്‌സാണ്ടറും മകൻ ഈപ്പൻ അലക്‌സാണ്ടറും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് വലിയ കോൺക്രീറ്റ് കട്ടയെടുത്ത് എറിഞ്ഞു എന്ന് മാനേജ്‌മെന്റ് പറയുന്നു.

ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ക്ലിപ്പും മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടുണ്ട്. മുൻവശത്ത് ഇരുന്ന എംഡി ജോർജ് അലക്‌സാണ്ടറിന് പരിക്കേറ്റു. പിൻവശത്തെ ഗ്ലാസും തകർന്നെങ്കിലും പിന്നിലിരുന്ന ഈപ്പൻ അലക്‌സാണ്ടറുടെ ദേഹത്തുകൊണ്ടില്ല. തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് സമരം നടത്തുന്ന സിഐടിയുവാണ് ആക്രമണം നടത്തിയത് എന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP