Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ പ്രതിഷേധത്തിൽ ആരോടും കൂട്ടുകൂടേണ്ടെന്ന് മമത ബാനർജി; സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കില്ല; ഇടത്-കോൺഗ്രസ് പാർട്ടികൾ ബംഗാളിൽ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമെന്നും ബംഗാൾ മുഖ്യമന്ത്രി

പൗരത്വ പ്രതിഷേധത്തിൽ ആരോടും കൂട്ടുകൂടേണ്ടെന്ന് മമത ബാനർജി; സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കില്ല; ഇടത്-കോൺഗ്രസ് പാർട്ടികൾ ബംഗാളിൽ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമെന്നും ബംഗാൾ മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ ആരുടെയും കൂട്ട് വേണ്ടെന്ന് മമത ബാനർജി. കഴിഞ്ഞ ദിവസം നടന്ന പൊതുപണിമുടക്കിൽ സിപിഎം പ്രവർത്തകർ പശ്ചിമ ബംഗാളിൽ അക്രമം അഴിച്ചുവിട്ട സാചര്യത്തിലാണ് കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തിന് ഇനിയില്ലെന്ന് മമത ബാനർജി വ്യക്തമാക്കുന്നത്. ഇടത് പാർട്ടികളും കോൺഗ്രസും സ്വീകരിക്കുന്നത് ഇരട്ട നിലപാടാണ്. ഇത് പ്രോത്സാഹിപ്പിക്കാനാവില്ല. ഈ മാസം പതിമൂന്നിന് സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും മമത നിയമസഭയിൽ പറഞ്ഞു.

വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ കഴിഞ്ഞ ദിവസം ബംഗാളിൽ ഇടത്-കോൺഗ്രസ് പാർട്ടികളുടെ നേതൃത്വത്തിൽ വ്യാപകമായ ആക്രമണ സംഭവങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കാനുള്ള മമതയുടെ തീരുമാനം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടത്-കോൺഗ്രസ് പാർട്ടികൾ അഴിച്ചുവിട്ട അക്രമം ഒരിക്കലും പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും മമത നിയമസഭയിൽ പറഞ്ഞു.

വൃത്തികെട്ട രാഷ്ട്രീയമാണ് ഇടത്-കോൺഗ്രസ് പാർട്ടികൾ ബംഗാളിൽ കളിക്കുന്നത്. ഗുണ്ടായിസമാണ് അവരുടെ പ്രവൃത്തി. വാഹനങ്ങൾ കത്തിച്ചതിലും മറ്റ് നാശനഷ്ടങ്ങൾക്കും ഉത്തരവാദികൾ അവരാണ്. അതുകൊണ്ടുതന്നെ ഇനി ഇടത്-കോൺഗ്രസ് പാർട്ടിക്കൊപ്പം നിൽക്കാതെ പൗരത്വ നിയമ ഭേദഗതി, എൻആർസി വിഷയങ്ങളിൽ ഒറ്റയ്ക്ക് പ്രതിഷേധമുയർത്തി പോരാടാനാണ് തീരുമാനമെന്നും മമത ബാനർജി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയിലെ തുടർ പ്രതിഷേധങ്ങളും വിവിധ യൂണിവേഴ്സിറ്റി കാമ്പസിൽ വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ അക്രമ സംഭവങ്ങളും ചർച്ച ചെയ്യാനാണ് ജനുവരി 13ന് ഇടത് പാർട്ടികളടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം കോൺഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തിൽ വിളിച്ചിരുന്നത്. എന്നാൽ, ഇനി സംയുക്ത പ്രതിഷേധത്തിനില്ല എന്നാണ് മമത ബാനർജി പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് സംയുക്ത പ്രക്ഷോഭത്തിൽ നിന്നും മമത വിട്ടുനിൽക്കുന്നത്. പണിമുടക്കിനെതിരെ മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും മുൻപ് തന്നെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ പണിമുടക്കിനോട് യോജിക്കാനാകില്ലെന്നും അതേ സമയം, സമരക്കാർ ഉയർത്തുന്ന ആവശ്യങ്ങളെ പിന്തുണക്കുന്നുവെന്നും മമത വ്യക്തമാക്കിയിരുന്നു. ബംഗാളിൽ നിർബന്ധ പൂർവം പണിമുടക്ക് അനുവദിക്കില്ല. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മമത മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബംഗാളിൽ പല സ്ഥലങ്ങളിലും അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു.

പൊതുപണിമുടക്കിന്റെ മറവിൽ അക്രമം അഴിച്ചുവിടുന്ന സിപിഎം നിലപാടിനെതിരെ വിമർശനവുമായി മമതാ ബാനർജി ഇന്നല തന്നെ രംഗത്തെത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിപിഎം കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും മമതാ ബാനർജി വ്യക്തമാക്കി. ദുർഗാപൂരിൽ ബൈക്ക് യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായി. ബസുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഇറക്കിവിട്ടു. ബംഗാളിൽ ഹൗറ, നോർത്ത് 24 പർഗാന എന്നിവിടങ്ങളിൽ സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. ഇത് സിപിഎമ്മിന്റെ 'ദാദാഗിരി'യാണെന്നും അവർ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP