Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശരവേഗത്തിൽ കെട്ടിടങ്ങൾ നിലപൊത്തും; നോക്കി നിൽക്കുന്നവർക്ക് കാണാനാകുക പൊടി ഉയരുന്നത് മാത്രം; എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിച്ച് എല്ലാം ഷൂട്ട് ചെയ്യും; ഫ്ളാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കൽ പൂർത്തിയായി; സ്‌ഫോടനം കാണാനായി ആരും വീടുകളിൽ ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വീടും പൊലീസ് അരിച്ചു പെറുക്കും; സമീപത്തെ കെട്ടിടങ്ങൾക്കും കായലിനും എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; മരടിലെ അംബര ചുംബികൾക്ക് ഇനി ആയുസ് രണ്ട് ദിവസം മാത്രം

ശരവേഗത്തിൽ കെട്ടിടങ്ങൾ നിലപൊത്തും; നോക്കി നിൽക്കുന്നവർക്ക് കാണാനാകുക പൊടി ഉയരുന്നത് മാത്രം; എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിച്ച് എല്ലാം ഷൂട്ട് ചെയ്യും; ഫ്ളാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കൽ പൂർത്തിയായി; സ്‌ഫോടനം കാണാനായി ആരും വീടുകളിൽ ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വീടും പൊലീസ് അരിച്ചു പെറുക്കും; സമീപത്തെ കെട്ടിടങ്ങൾക്കും കായലിനും എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; മരടിലെ അംബര ചുംബികൾക്ക് ഇനി ആയുസ് രണ്ട് ദിവസം മാത്രം

സുവർണ്ണ പി എസ്

കൊച്ചി : സുപ്രീം കോടതി മരടിൽ പൊളിക്കാൻ ഉത്തരവിട്ട എല്ലാ ഫ്ളാറ്റുകളിലും വെടിമരുന്നുകൾ നിറച്ചുകഴിഞ്ഞു. ഇനി ഫ്ളാറ്റുകളുടെ ആയുസ് രണ്ടു ദിവസം മാത്രം. 11ന് രാവിലെ 11 മണിക്ക് എച്ച്2ഒ ഹോളിഫെയ്ത്തിൽ സ്ഫോടനം നടക്കും. ഇതിന് ശേഷം അരമണിക്കൂറിനുള്ളിൽ തന്നെ ആൽഫ സെറീനിൽ സ്ഫോടനം നടക്കും. ഫ്ളാറ്റുകൾ സെക്കന്റുകൾക്കുള്ളിൽ തന്നെ നിലംപതിക്കും. നോക്കി നിൽക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാവില്ല. അത്രയും വേഗത്തിലായിരിക്കും കെട്ടിടം ഭൂമിയിൽ പതിക്കുക. നോക്കി നിൽക്കുന്നവർക്ക് പൊടിയുയരുന്നത് മാത്രമായിരിക്കും കാണാൻ കഴിയുക. അതായത് സെക്കന്റുകൾക്ക് ഉള്ളിലാവും ഫ്ളാറ്റുകൾ നിലംപതിക്കുക.

ഗോൾഡൻ കായലോരം ആറ് സെക്കൻഡിലായിരിക്കും നിലംപതിക്കുക. ജെയിൻ കോറൽ കോവ് എട്ട് സെക്കന്റിലും എച്ച്2ഒ ഒമ്പത് സെക്കന്റിലും നിലംപതിക്കും. വെറും 23 സെക്കന്റ് മാത്രമാണ് ഫ്ളാറ്റുകൾ പൊളിക്കാൻ വേണ്ട ആകെ സമയം. അതുകൊണ്ട് തന്നെ കെട്ടിടം തകർന്ന് വീഴുന്നത് കൃത്യമായി കാണാൻ കഴിയില്ല. അതിനാൽ കെട്ടിടം തകർന്ന് വീഴുന്നത് കൃത്യമായി മനസിലാക്കാൻ എല്ലാം ഷൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിക്കും.

സ്ഫോടനം നടക്കുന്നതിന് മുന്നോടിയായി കർശന സുരക്ഷയാണ് ചുറ്റുപാടും ഒരുക്കുന്നത്. അതിന്റെയെല്ലാം ഭാഗമായി. സ്ഫോടനം നടക്കുന്ന അന്ന് രാവിലെ 9 മുതൽ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞയുണ്ടാവും. ഇവിടേക്ക് ആർക്കും പ്രവേശനമില്ല. നിരോധനാജ്ഞ സമയത്ത് സമീപത്തെ എല്ലാ വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തും. സ്ഫോടനം കാണാനായി ആളുകൾ ഒളിച്ചിരിക്കുന്നില്ലെന്ന് കണ്ടെത്താനാണിത്. എന്തായാലും പരിസരത്തെ കെട്ടിടങ്ങൾക്കോ കായലിനോ ഭീഷണിയാകാത്ത വിധം തകർക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഹോളിഫെയ്ത്ത് എച്ച്2ഒയും, ഗോൾഡൻ കായലോരവും, ജെയിൻ കോറൽ കോവും തകർക്കാൻ കരാർ ഏറ്റെടുത്ത കമ്പനിയിലെ എഞ്ചിനീയർമാർ പങ്കുവെച്ചത്.

കെട്ടിടത്തിൽ നിന്ന് 71 മീറ്ററോളം അകലെ നിന്നായിരിക്കും സ്ഫോടനത്തിനുള്ള ചാർജിങ്ങിനായുള്ള സ്വിച്ച് അമർത്തുക. അഞ്ച് പേരായിരിക്കും ഇതിനായി ഉണ്ടായിരിക്കുക. ഖനിയിലും മറ്റും ഉപയോഗിക്കുന്ന സ്ഫോടകവസ്തുവാണ് കെട്ടിടം തകർക്കാനും ഉപയോഗിക്കുന്നത്. ഇംപ്ലോഷന് സഹായിക്കുന്ന വിധം പായ്ക്ക് ചെയ്താണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഫ്യൂസ് രൂപത്തിലാണ് ഇത് തയ്യാറാക്കുന്നത്. കട്ടി കൂടിയ ഡയമെറ്റിക് ട്യൂബിലൂടെയായിരിക്കും സ്ഫോടകവസ്തുവിലേക്ക് ജ്വലനം പകരുക. സെക്കൻഡിൽ 2000 മീറ്റർ വേഗത്തിൽ ഇതിലൂടെ ജ്വലനം ലക്ഷ്യസ്ഥാനത്തേയ്ക്ക് സഞ്ചരിക്കും. ഈ രീതിയിലായിരിക്കും സ്ഫോടനത്തിന് ബ്ലാസ്റ്റിങ്ങ് സംഘം നേതൃത്വം നൽകുക. ഇനിയുള്ള ദിവസം ചാർജിങ്ങ് സംവിധാനത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തും.

മാത്രമല്ല സ്ഫോടക വസ്തു നിറച്ചിരിക്കുന്ന ഓരോ ദ്വാരത്തിലേക്കും രണ്ട് കണക്ഷനുകളാണ് നൽകിയിരിക്കുന്നത്. കാരണം ഒന്നിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പകരമായി മറ്റൊന്ന് ഉപയോഗിക്കാനാണിത്. 71 മീറ്റർ അകലെയായി ഇരിക്കുന്ന ഡൈനാമോയിൽ നിന്നാകും ഇലക്ട്രിക് ചാർജ് പുറപ്പെടുക. വയറിലൂടെ വിടുന്ന ചാർജ് ഡിനേറ്ററിലേക്ക് എത്തും. അവിടെ നിന്ന് പുറപ്പെടുന്ന ജ്വലനം ഷോക്ക് ട്യൂബിലൂടെ സ്ഫോടക വസ്തുക്കൾ വെച്ചിരിക്കുന്ന ദ്വാരങ്ങളിലെത്തും. ഇത്തരത്തിൽ സ്ഫോടകവസ്തു ചാർജ് ചെയ്യാൻ സെക്കൻഡുകൾ മാത്രം മതി. ഗോൾഡൻ കായലോരം രണ്ട് സെക്കൻഡിലും, ജെയിൻ നാല് സെക്കൻഡിലും, എച്ച്2ഒ അഞ്ച് മുതൽ ആറ് സെക്കൻഡിലും ചാർജ് ചെയ്യാൻ കഴിയും.

അതേസമയം വലിയ കോൺക്രീറ്റ് കട്ടകൾ സ്ഫോടനത്തിൽ കായലിൽ പതിക്കാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. നാല് പാളികളായി കമ്പിവലകൾ, ഇതിന് പുറമേ പല പാളികളായി ജിയോ ടെക്സ്റ്റൈലുകളും. കൂടാതെ സ്ഫോടനം നടത്തുന്ന ദിവസം സമീപമുള്ള കെട്ടിടത്തിന്റെ ഭാഗത്ത് വീണ്ടും ജിയോ ടെക്സ്റ്റൈൽ തുണി ചുറ്റും. അങ്ങനെ മൂന്ന് തരത്തിലുള്ള സുരക്ഷയാണ് ഇതിനായി നടത്തിയിരിക്കുന്നത്. എന്നാൽ കെട്ടിടത്തിന്റെ ഭിത്തി നീക്കം ചെയ്തതിനാൽ സ്ഫോടനം നടക്കുമ്പോൾ യാതൊന്നും പെട്ടിച്ചിതറുകയില്ല.

അതേസമയം കെട്ടിടം തകർന്ന് രൂപപ്പെടുന്ന പൊടി പത്ത് മിനിറ്റിനുള്ളിൽ ശമിക്കും. പത്ത് മിനിറ്റിന് ശേഷം ഫയർ എഞ്ചിനിൽ നിന്ന് വെള്ളം പമ്പ് ചെയ്യും. ഇതിനായി അഞ്ച് ഫയർ യൂണിറ്റ് ഉപയോഗിക്കും. കൂടാതെ സ്ഫോടന സമയം ഉണ്ടകുന്ന ശബ്ദത്തിന്റെ കര്യത്തിൽ പേടി വേണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാരണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന സ്ഫോടനം അത്ര ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല. കെട്ടിടത്തിൽ സ്ഫോടനം നടക്കുമ്പോൾ 100 മീറ്ററിനപ്പുറത്തേയ്ക്ക് വലിയ ശബ്ദം കേൾക്കില്ല.

200 മീറ്ററിനപ്പുറത്തേയ്ക്ക് കുറഞ്ഞ ശബ്ദമായിരിക്കും കേൾക്കുക. എന്നാൽ സ്ഫോടനത്തിന്റെ തൊട്ടടുത്ത് പോയി നിൽക്കുന്നവർ സൂക്ഷിക്കുന്നത് നല്ലതാണ്. സ്ഫോടനം നടക്കുമ്പോൾ ഭൂമിയിൽ ഉണ്ടായേക്കാവുന്ന പ്രകമ്പനവും കുറവായിരിക്കും. കാരണം ചതുപ്പുഭൂമിയായതിനാൽ കെട്ടിടം വീഴുമ്പോഴുണ്ടാവുന്ന പ്രകമ്പനം കുറവായിരിക്കും. ഉറച്ച മണ്ണിനേക്കാൾ പ്രകമ്പനം വലിച്ചെടുക്കാനുള്ള ശേഷി ചതുപ്പുമണ്ണിന് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ചതുപ്പുഭൂമി എന്നത് സ്ഫോടനത്തിന് അനുകൂല ഘടകമായി മാറും.

സ്ഫോടനത്തിന് മുന്നോടിയായി ഫ്ളാറ്റിൽ അവസാന ഒരുക്കങ്ങൾ നടക്കുമ്പോൾ ഫ്ളാറ്റിന് സമീപത്തായുള്ള വീടുകളെ സംരക്ഷിക്കാനുള്ള ഒരുക്കങ്ങളിലാണ് സമീപവാസികൾ. കെട്ടിടങ്ങൾ നിലംപതിക്കുമ്പോൾ ഉണ്ടാകുന്ന പൊടിയെ പേടിച്ച് വീട്ടുകാർ വീടുകൾ മുഴുവനായും മൂടുകയാണ്. ജനലും വാതിലുകളും ഭദ്രമായി അടച്ച് ടേപ്പ് ഉപയോഗിച്ച് അടച്ചുകഴിഞ്ഞു. ഫ്ളാറ്റ് നിലംപതിക്കുമ്പോൾ ഉണ്ടാവുന്ന പൊടികൾ വീടിനുള്ളിൽ കയറാതിരിക്കാനാണിത്.

എന്തായാലും ഫ്ളാറ്റുകൾ യാതൊരു നാശനഷ്ടവും ഉണ്ടാക്കാതെ പൊളിക്കാൻ അധികൃതരും. ഫ്ളാറ്റ് തകർന്ന് വീഴുമ്പോൾ തങ്ങളുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാതെയിരിക്കാൻ സമീപവാസികളും പരിശ്രമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP