Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലപാതകം ഭീകരർക്കുള്ള സന്ദേശം; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ലെന്ന ട്രംപിന്റെ വാക്കുകൾ പ്രതികാരം ആളിക്കത്തിച്ചു; സേനാബലം കാണിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ സൈനികപരമായും സാമ്പത്തികമായുമുള്ള കരുത്താണ് അമേരിക്കയുടെ ഏറ്റവും വലിയ ആയുധമെന്നോർക്കണമെന്നുമുള്ള പ്രസിഡന്റിന്റെ നിലപാടും കൊണ്ടത് ഇറാന് തന്നെ; ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചത് രണ്ട് കത്യുഷ റോക്കറ്റുകൾ; തിരിച്ചടിയിൽ ഞെട്ടി അമേരിക്ക; കൂടുതൽ സൈനികർ പശ്ചിമേഷ്യയിലേക്ക്

കൊലപാതകം ഭീകരർക്കുള്ള സന്ദേശം; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ലെന്ന ട്രംപിന്റെ വാക്കുകൾ പ്രതികാരം ആളിക്കത്തിച്ചു; സേനാബലം കാണിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ സൈനികപരമായും സാമ്പത്തികമായുമുള്ള കരുത്താണ് അമേരിക്കയുടെ ഏറ്റവും വലിയ ആയുധമെന്നോർക്കണമെന്നുമുള്ള പ്രസിഡന്റിന്റെ നിലപാടും കൊണ്ടത് ഇറാന് തന്നെ; ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചത് രണ്ട് കത്യുഷ റോക്കറ്റുകൾ; തിരിച്ചടിയിൽ ഞെട്ടി അമേരിക്ക; കൂടുതൽ സൈനികർ പശ്ചിമേഷ്യയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: ബാഗ്ദാദിൽ വീണ്ടും റോക്കറ്റ് ആക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് ഇറാന്റെ പ്രതികാരം തന്നൈയെന്ന വിലയിരുത്തൽ സജീവം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പത്ര സമ്മേളനം നടത്തി സമാധാനം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞെങ്കിലും അത് ഇറാനെതിരായ കളിയാക്കലായിരുന്നുവെന്നാണ് അവരുടെ നിലപാട്. ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല. അമേരിക്കൻ സൈനികർ എന്തിനും തയാറാണ്. സുലൈമാനിയുടെ കൊലപാതകം ഭീകരർക്കുള്ള സന്ദേശമാണ്. മറ്റ് ലോകരാജ്യങ്ങൾക്കും യാഥാർഥ്യം ബോധ്യമുണ്ട്. ഇറാൻ അണ്വായുധ നിർമ്മാണം നിർത്തണം. ഭീകരവാദത്തെ സഹായിക്കുന്നതും അവസാനിപ്പിക്കണം. ഇറാൻ സ്വഭാവം മാറ്റുന്നതു വരെ ഉപരോധം തുടരും. കൂടുതൽ ഉപരോധങ്ങളും ചുമത്താനിരിക്കുകയാണെന്ന് ട്രംപ് വിശദീകരിച്ചിരുന്നു. ഇതിനൊപ്പം ഇറാൻ യുദ്ധത്തിനില്ലെന്ന് പറഞ്ഞു പിന്മാറുന്നു. അതുകൊണ്ട് അമേരിക്കയും സമാധാനത്തിനൊപ്പമെന്ന സന്ദേശമാണ് ലോകത്തിന് ട്രംപ് നൽകിയത്. ഈ സാഹചര്യത്തിലാണ് പിന്നോട്ടില്ലെന്ന് വ്യക്തമാക്കാൻ ഇറാൻ വീണ്ടും വ്യോമാക്രമണം നടത്തിയത്.

ഇറാനെ ആണവായുധം നിർമ്മിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ വാക്കുകളോടെയായിരുന്നു ഇറാനുമായുള്ള സംഘർഷം സംബന്ധിച്ച വാർത്താസമ്മേളനം ട്രംപ് ആരംഭിച്ചത്. ഭീകരതയ്ക്കു സഹായം നൽകുന്നത് ഇറാൻ നിർത്തണം. ലോകത്തിലെ ഒന്നാംനിര ഭീകരനെയാണ് ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ യുഎസ് ഇല്ലാതാക്കിയത്. ലോകത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങൾക്ക് സഹായം നൽകിയ വ്യക്തിയായിരുന്നു സുലൈമാനി. ഹിസ്ബുല്ലയെ ഉൾപ്പെടെ അയാൾ പരിശീലിപ്പിച്ചു. ആഭ്യന്തര യുദ്ധത്തിലും എരിതീയിൽ എണ്ണപകർന്നു. ബഗ്ദാദ് യുഎസ് എംബസിക്കു നേരെ ആക്രമണം നടത്തിയതിനു പിന്നിലും സുലൈമാനിയാണ്. യുഎസിനെതിരെ മറ്റു പദ്ധതികൾ തയാറാക്കുകയായിരുന്നു സുലൈമാനി, പക്ഷേ അമേരിക്ക അതു തകർത്തു. സുലൈമാനിയെ നേരത്തേ വകവരുത്തേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇത് ഇറാനെ അപഹസിക്കലായിരുന്നു. ഇറാനിലെ ജനപ്രീതിയുള്ള രണ്ടാമത്തെ നേതാവിനെ വെറും തീവ്രവാദികളായി ചൂണ്ടിക്കാട്ടുകയായിരുന്നു ട്രംപ്. ഇതോടെ വീണ്ടും ആക്രമണത്തിന് ഇറാൻ തയ്യാറെടുത്തു. പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കയെ തുരുത്തും വരെ പോരാട്ടം തുടരാനാണ് തീരുമാനം. ഇത് യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന വിലയിരുത്തൽ സജീവമാണ്.

കഴിഞ്ഞ ഇറാഖിലെ യുഎസ് സൈനിക ക്യാംപിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ സൈനികരുൾപ്പെടെ അമേരിക്കക്കാരെല്ലാം സുരക്ഷിതരാണ്. ഇറാഖിന്റെയും യുഎസിന്റെയും ഭാഗത്തു നിന്നും ഒരുതരത്തിലുള്ള ആൾനാശവുമില്ല. സൈനിക ക്യാംപിന് കുറഞ്ഞ നാശനഷ്ടം മാത്രമാണു സംഭവിച്ചത്. ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവർത്തിച്ചു. ആവശ്യമായ മുൻകരുതലുകളും എടുത്തിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. എണ്ണപ്രകൃതിവാതക ഉൽപാദനത്തിൽ യുഎസ് സ്വയംപര്യാപ്തമാണിപ്പോൾ. ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. യുഎസിന് മധ്യപൂർവദേശത്തു നിന്നുള്ള എണ്ണ ആവശ്യമില്ല. 'ഞങ്ങളുടേത് വമ്പൻ മിസൈലുകളാണ്, ശക്തിയേറിയതും കൃത്യതയ്യാർന്നതുമാണവ. സേനാബലം കാണിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. പക്ഷേ സൈനികപരമായും സാമ്പത്തികമായുമുള്ള കരുത്താണ് അമേരിക്കയുടെ ഏറ്റവും വലിയ ആയുധമെന്നോർക്കണമെന്നായിരുന്നു ട്രംപിന്റെ സമാധാനം ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോഴുമുള്ള ഭീഷണി. ഈ സാഹചര്യത്തിലാണ് ഇറാൻ വീണ്ടും ബാഗ്ദാദിലേക്ക് മിസൈൽ അയച്ചതെന്നാണ് വിലിയുരത്തൽ.

വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ട്രംപ് ആവർത്തിച്ചു. 'ഡെത്ത് ടു അമേരിക്ക' എന്നത് കരാർ ഒപ്പിട്ട അന്നാണ് ഇറാനിലുള്ളവർ ശരിക്കും പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി. സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ ഇറാൻ ജനത 'ഡെത്ത് ടു അമേരിക്ക' എന്നു വിളിച്ചു പറഞ്ഞതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമർശം. 'നാറ്റോ'യോട് മധ്യപൂർവദേശത്ത് കൂടുതൽ ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇറാൻ രണ്ടും കൽപ്പിച്ച് പോരിന് ഇറങ്ങുകയാണ്. പശ്ചിമേഷ്യയിൽനിന്ന് യുഎസ് സൈന്യത്തെ 'പറപറപ്പിക്കുന്ന'താണ് ജനറൽ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള ഏറ്റവും വലിയ പ്രതികാരമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി വ്യക്തമാക്കിയിരുന്നു. 'യുഎസ് ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ, അതിനുള്ള തക്കതായ മറുപടി കിട്ടുമെന്ന് അവർ അറിയണം. അവർക്കു ബോധമുണ്ടെങ്കിൽ ഈ ഘട്ടത്തിൽ അവർ അനങ്ങാതിരിക്കും. ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കൈ നിങ്ങൾ വെട്ടി. അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തിനു സമീപം ആ കൈ കിടക്കുന്നത് വിഡിയോകളിലും ഫോട്ടോകളിലും നമ്മൾ കണ്ടു. കൈ വെട്ടിയെങ്കിൽ പശ്ചിമേഷ്യയിൽ നിന്ന് നിങ്ങളുടെ കാലുകൾ മറിച്ചു മാറ്റും. അതാണ് ഏറ്റവും വലിയ പ്രതികാരം' - ടിവിയിലൂടെ നടത്തിയ അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിലേക്കാണ് ഇറാൻ പോകുന്നതെന്നാണ് സൂചന.

ഇറാഖിലെ യുഎസ് താവളങ്ങൾക്കു നേരെ നടത്തിയ ആക്രമണം യുഎസിനെതിരെ നേടിയ വലിയ വിജയമാണെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് കോർ പറഞ്ഞു. ലോകത്തെ ഏറ്റവും ദുഷ്ട ശക്തികളായ അമേരിക്കയുടെ ദുഷ് പ്രവർത്തികൾക്കു വേദനാജനകമായ മറുപടി നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു. യുഎസ് ഭീകര സൈന്യത്തിന് താവളങ്ങൾ നൽകുന്ന രാജ്യങ്ങളുടെ അതിർത്തിക്കുള്ളിൽ ആക്രമണം നടത്തേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രസ്താവനയിലുണ്ട്. തങ്ങളുടെ സൈന്യത്തെ പശ്ചിമേഷ്യയിൽനിന്നു തിരിച്ചു വിളിക്കാൻ യുഎസിലെ ജനങ്ങൾ നിർദ്ദേശിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. അതുകൊണ്ട് തന്നെ സൗദിയും യുഎഇയും കുവൈറ്റും ഇസ്രയേലും യുദ്ധഭീതിയിലാണ്. അറബ് രാജ്യങ്ങളിലെ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കാൻ വേണ്ടി കൂടിയാണ് തൽകാലം യുദ്ധത്തിനില്ലെന്ന് ട്രംപ് വിശദീകരിച്ചത്. എന്നാൽ സമാധാനത്തിന് വേണ്ടി നിലകൊണ്ടിട്ടും അമേരിക്കയെ അക്രമിച്ചാൽ തിരിച്ചടിക്കേണ്ടത് ട്രംപിന് അനിവാര്യതയായി മാറും. അല്ലെങ്കിൽ ട്രംപിന്റെ അമേരിക്കയിലെ ജനസ്വാധീനത്തെ അത് ബാധിക്കും. അങ്ങനെ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിടുന്ന നിലപാടാണ് ഇറാൻ കൈക്കൊള്ളുന്നത്.

ഇറാഖിലെ യുഎസ് സേനാതാവളങ്ങൾ ഇറാൻ ആക്രമിച്ചതിനു പിന്നാലെ രാജ്യാന്തര സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികളുടെ മുൻകരുതൽ എടുത്തിരുന്നു. യുഎഇയിലെ എമിറേറ്റ്‌സ് എയർലൈൻസും ഫ്‌ളൈദുബായും ബഗ്ദാദിലേക്കുള്ള സർവീസുകൾ ഇന്നലെ നടത്തിയില്ല. ഫ്‌ളൈദുബായിയുടെ ബസ്രയിലേക്കും നജാഫിലേക്കുമുള്ള സർവീസുകളിൽ മാറ്റം വരുത്തിയില്ല. ബഹ്‌റൈനിലെ ഗൾഫ് എയർ ബഗ്ദാദിലേക്കും നജാഫിലേക്കുമുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്കു റദ്ദാക്കി. നജാഫിലേക്കുള്ള സർവീസ് നിർത്തിവച്ചതായി കുവൈത്ത് എയർവെയ്‌സും അറിയിച്ചു. ഫ്രാൻസിന്റെ എയർ ഫ്രാൻസും ഇറാഖ്, ഇറാൻ വ്യോമമേഖലയിലൂടെയുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു. ഇറാഖിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കാൻ പാക്കിസ്ഥാനും പൗരന്മാർക്കു മുന്നറിയിപ്പു നൽകി. ഇന്ത്യയും യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെ ഈ മേഖലയിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന നില വരികെയാണ്. ഇന്ന് പുലർച്ചെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതിനേയും ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത്. അമേരിക്കൻ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീൻസോണിൽ രണ്ട് റോക്കറ്റുകൾ പതിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

അൽ അസദ് സൈനികാസ്ഥാനങ്ങളിൽ നടത്തിയ ആക്രമണത്തിൽ ആൾ നാശമുണ്ടായില്ലെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം. ബുധനാഴ്ച അർധരാത്രിയോടെ അമേരിക്കൻ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീൻ സോണിൽ രണ്ട് റോക്കറ്റുകൾ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. എന്നാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിട്ടില്ല. അമേരിക്കൻ എംബസിയുൾപ്പടെ സ്ഥിതി ചെയ്യുന്ന ഇടത്താണ് ആക്രമണമുണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് എംബസിയുടെ നൂറ് മീറ്റർ ദൂരത്ത് റോക്കറ്റ് പതിച്ചതായാണ് വിവരം. അർദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. തുടർച്ചയായി രണ്ട് വലിയ സ്‌ഫോടനശബ്ദങ്ങൾ ഈ മേഖലയിൽ നിന്ന് കേട്ടതായാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് തുടർച്ചയായി സൈറനുകൾ മുഴങ്ങുന്ന ശബ്ദവും കേട്ടു.

'രണ്ട് കത്യുഷ റോക്കറ്റുകൾ ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചിട്ടുണ്ട്. ആളപായമുള്ളതായി വിവരം കിട്ടിയിട്ടില്ല'', എന്ന് ഇറാഖിലെ സഖ്യസേനാ കമാൻഡർമാർ വ്യക്തമാക്കിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. മധ്യബാഗ്ദാദിൽ 2003-ൽ അമേരിക്ക ആക്രമണം നടത്തി സഖ്യസേന പിടിച്ചടക്കിയ ശേഷം നിർമ്മിച്ച അതീവസുരക്ഷാമേഖലയാണിത്. ഇറാഖിൽ മറ്റേതൊരു ഇടത്തേക്കാൾ സുരക്ഷിതമായ ഇടമാണിതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മേഖലയിൽ നടക്കുന്നത് തുടർച്ചയായ ആക്രമണങ്ങളാണ്. ഈ സാഹചര്യത്തിൽ കൂടുൽ അമേരിക്കൻ സൈനികരെ ട്രംപ് ഇറാഖിലേക്ക് അയക്കും. കുവൈറ്റിലും സൗദിയിലും യുഎഇയിലുമെല്ലാം കൂടുതൽ സുരക്ഷ അമേരിക്ക ഏർപ്പെടുത്തുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP