Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങളുടെ കളക്ടറാണ് ശരിയെന്ന് സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി; ജാഫർ മാലിക്കിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും നിലപാട്; ആദിവാസി വീടുനിർമ്മാണം തടഞ്ഞ പി വി അൻവർ എംഎൽഎയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന നേതൃത്വത്തോട് ജില്ലാ നേതൃത്വം

ഞങ്ങളുടെ കളക്ടറാണ് ശരിയെന്ന് സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി; ജാഫർ മാലിക്കിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും നിലപാട്; ആദിവാസി വീടുനിർമ്മാണം തടഞ്ഞ പി വി അൻവർ എംഎൽഎയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന നേതൃത്വത്തോട് ജില്ലാ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പി വി അൻവർ എംഎൽഎയെ തള്ളിപ്പറഞ്ഞ് സിപിഐ. നിലമ്പൂരിൽ ആദിവാസി വീടുനിർമ്മാണം തടഞ്ഞ പി വി അൻവർ എംഎ‍ൽഎയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഐ ജില്ലാ നേതൃത്വം. അൻവറുടെ നടപടിയെ എതിർത്ത കലക്ടറാണ് ശരിയെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പ്രളയകാലത്ത് നന്നായി പ്രവർത്തിച്ച കലക്ടറെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്.

നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരെ ഗുരുതര ആരോപണവുമായി മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക് രംഗത്തെത്തിയിരുന്നു. പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പി.വി. അൻവർ വഴിവിട്ട കാര്യങ്ങൾക്കു നിർബന്ധിക്കുന്നുവെന്ന് കലക്ടർ വെളിപ്പെടുത്തി. പുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ ഫണ്ട് ചെലവിട്ടു വാങ്ങാൻ എംഎൽഎ ആവശ്യപ്പെട്ടു. പ്രളയ പുനരധിവാസത്തിന് താൻ പറയുന്ന ഭൂമി വാങ്ങണമെന്നും എംഎൽഎ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലവും പണവും ലഭ്യമാണ്. എന്നിട്ടും നിർമ്മാണം തുടങ്ങാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. സ്ഥലം ഇടപാടുകളിൽ പണം വാരാൻ ചിലർ പ്രവർത്തിക്കുന്നതായി സംശയിക്കുന്നെന്നും കലക്ടർ വെളിപ്പെടുത്തി.

മുണ്ടേരി ചളിക്കൽ കോളനിയിലെ ആദിവാസികൾക്ക് ചെമ്പൻകൊല്ലിയിൽ വീടുകൾ നിർമ്മിച്ചു നൽകുന്നത് പി.വി.അൻവർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘമെത്തി തടഞ്ഞിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കവളപ്പാറ കോളനിയിലുള്ളവരെ പരിഗണിക്കാത്തതിനെതിരെയാണ് പ്രതിഷേധം. ഐടിഡിപി വാങ്ങിയ 5 ഏക്കറിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് 34 വീടുകൾ നിർമ്മിച്ചു നൽകുന്നത്.

ജില്ലാ കലക്ടറും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് പ്രളയ പുനരധിവാസ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും താനുൾപ്പെടെയുള്ള ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിർമ്മാണം തുടങ്ങിയതെന്നും അൻവർ ആരോപിച്ചു. ഈ സ്ഥലം കവളപ്പാറക്കാർക്ക് നൽകാതിരിക്കാൻ ഉദ്യോഗസ്ഥർ ഗൂഢനീക്കം നടത്തിയെന്നും കുറ്റപ്പെടുത്തി. കലക്ടർക്കെതിരെ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി നൽകുമെന്നും അൻവർ പറഞ്ഞു. കവളപ്പാറയിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളും സ്ഥലത്തെത്തിയിരുന്നു.

ഇതിനെതിരെ ശക്തമായി പ്രതികരിച്ച് കലക്ടർ രംഗത്തു വന്നു. കവളപാറ പ്രളയദുരിതബാധിതർക്ക് ആ വീടുകൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവരുടെ പരമ്പരാഗത ആവശ്യങ്ങൾ കാരണം പോത്തുകൽ പഞ്ചായത്ത് പ്രദേശത്തിന് പുറത്ത് പോകാൻ അവർ വിസമ്മതിച്ചു, അതിനാൽ മറ്റൊരു പ്രളയ ദുരിത ബാധിത കോളനിയായ ചളിക്കൽ കോളനിയെ വീടുകൾ നിർമ്മിക്കാനായി പരിഗണിക്കുകയാണുണ്ടായതെന്ന് കലക്ടർ പറഞ്ഞു.

ഭൂമി വാങ്ങുന്നതിന് മുമ്പ് എംഎൽഎയെ സമീപിച്ചില്ല എന്നതാണ് അൻവറിന്റെ പരാതി. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ ഭൂമി വാങ്ങുന്നതിന് പർച്ചേസ് കമ്മിറ്റിയും നടപടിക്രമങ്ങളും നിലവിലുള്ളതും ഈ നടപടിക്രമങ്ങളിലോ പർച്ചേസ് കമ്മിറ്റിയിലോ എംഎൽഎയ്ക്ക് നിയമപ്രകാരം പങ്കില്ല എന്നുമാണ് കളക്ടറുടെ നിലപാട്. അത്തരമൊരു കാര്യത്തിൽ എംഎൽഎയെ സമീപിക്കേണ്ടത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് കലക്ടർ ചോദിക്കുന്നു. തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ താൻ അഹങ്കാരിയാണെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP