Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ്; എനിക്കെതിരെ പരാതിപ്പെടുന്നതിൽ എനിക്ക് ഒരു യാതൊരുവിധ വ്യാകുലതയുമില്ല; അതിന് അദേഹത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും; എന്നെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യമാണ്; ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നെന്ന പി വി അൻവർ എംഎൽഎയുടെ ആരോപണത്തിന്ചുട്ട മറുപടിയുമായി മലപ്പുറം കലക്ടർ ജാഫർ മാലിക്

തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ്; എനിക്കെതിരെ പരാതിപ്പെടുന്നതിൽ എനിക്ക് ഒരു യാതൊരുവിധ വ്യാകുലതയുമില്ല; അതിന് അദേഹത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും; എന്നെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യമാണ്; ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നെന്ന പി വി അൻവർ എംഎൽഎയുടെ ആരോപണത്തിന്ചുട്ട മറുപടിയുമായി മലപ്പുറം കലക്ടർ ജാഫർ മാലിക്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പ്രളയ കാലത്തെ പുനധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണമുന്നയിച്ച നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിന് ചുട്ടമറുപടിയുമായി മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക്. എംഎൽഎയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയാണ് ജില്ലാ കലക്ടർ ഫേസ്‌ബുക്കിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. തെറ്റായകാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ് എന്ന തലക്കെട്ടിലെ കുറിപ്പിലാണ് എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുന്നത്.

കവളപ്പാറയിലെ ദുരന്തത്തിലെ ഇരകൾക്കായി റവന്യു വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാ കലക്ടർ സ്വന്തം നിലക്ക് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും ആരോപിച്ച് എംഎ‍ൽഎ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കലക്ടർ മറുപടിയുമായി രംഗത്തെത്തിയത്. കവളപ്പാറ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായ കോളനിക്കാരുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്ത ജില്ല ഭരണകൂടത്തിന്റെ നയത്തിൽ പ്രതിഷേധിച്ച് ഉപ്പട മലച്ചിയിൽ നടക്കുന്ന വീടുകളുടെ നിർമ്മാണ പ്രവൃത്തി ഇന്നലെയാണ് പി.വി. അൻവർ എംഎ‍ൽഎയുടെ നേതൃത്വത്തിൽ തടഞ്ഞത്.

പ്രളയബാധിതരായ മുണ്ടേരി ചളിക്കൽ ആദിവാസി കോളനിയിലെ 34 കുടുംബങ്ങൾക്ക് ഫെഡറൽ ബാങ്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ പ്രവൃത്തിയാണ് ചൊവ്വാഴ്ച രാവിലെ എംഎ‍ൽഎയും കവളപ്പാറ കോളനിക്കാരും തടഞ്ഞത്. രാവിലെ പത്തോടെ കവളപ്പാറ കോളനിക്കാർ നിർമ്മാണം നടക്കുന്ന മലച്ചിയിലെത്തിയിരുന്നു. 11ഓടെ എംഎ‍ൽഎയും പ്രാദേശിക നേതാക്കളുമെത്തി നിർമ്മാണം നിർത്തിവെക്കാൻ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു.

പ്രളയബാധിതരായ മുണ്ടേരി ചളിക്കൽ ആദിവാസി കോളനിയിലെ 34 കുടുംബങ്ങൾക്ക് ഫെഡറൽ ബാങ്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ പ്രവൃത്തിയാണ് ചൊവ്വാഴ്ച രാവിലെ എംഎ‍ൽഎയും കവളപ്പാറ കോളനിക്കാരും തടഞ്ഞത്. രാവിലെ പത്തോടെ കവളപ്പാറ കോളനിക്കാർ നിർമ്മാണം നടക്കുന്ന മലച്ചിയിലെത്തിയിരുന്നു. 11ഓടെ എംഎ‍ൽഎയും പ്രാദേശിക നേതാക്കളുമെത്തി നിർമ്മാണം നിർത്തിവെക്കാൻ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു. കവളപ്പാറ കോളനിക്കാർക്ക് മലച്ചിയിലെ വീടുകൾ നൽകണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. പ്രളയദുരന്തത്തിനിരകളാണെങ്കിലും ചളിക്കൽ കോളനിക്കാർക്ക് വാസയോഗ്യമായ വീടുകൾ നിലവിലുണ്ട്. എന്നാൽ, കവളപ്പാറയിലെ 28 കുടുംബങ്ങൾ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതംപേറി കഴിയുകയാണ്.

ആദ്യം കവളപ്പാറ നിവാസികൾക്ക് വീട് നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കവളപ്പാറ ദുരന്തത്തിന്റെ ഇരകൾക്ക് വേണ്ടി റവന്യു, പട്ടികജാതി വകുപ്പുകൾ ഒന്നും ചെയ്യുന്നില്ലെന്നും ജില്ല കലക്ടർ സ്വന്തം നിലക്ക് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും എംഎ‍ൽഎ ആരോപിച്ചു. മലച്ചിയിൽ ഭൂമി വാങ്ങിയതിൽ വ്യാപക അഴിമതി നടത്തിയെന്നും വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കവളപ്പാറക്കാർക്കായി സന്റെിന് 30,000 രൂപക്ക് മലച്ചിയിലെ ഭൂമി വാങ്ങാൻ ശ്രമം നടത്തുന്നതിനിടയിലാണ് ജില്ല ഭരണകൂടവും പട്ടികവർഗ വകുപ്പും ചേർന്ന് ധൃതിപിടിച്ച് ഈ ഭൂമി വാങ്ങിയത്. ഇവിടെ നിർമ്മിക്കുന്ന വീടുകൾ കവളപ്പാറ നിവാസികൾക്ക് നൽകാനാവില്ലെന്നും താൻ തീരുമാനിക്കുന്നവർക്ക് നൽകുമെന്നും കലക്ടർ പറഞ്ഞതായാണ് എംഎ‍ൽഎയുടെ ആരോപണം. എംഎൽഎയുടെ ആരോപണത്തിനായാണ് കലക്ടർ ജാഫർ മാലിക്ക് മറുപടി നൽകിയിരിക്കുന്നത്.

കലക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്:

തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ അതെ ഞാൻ അഹങ്കാരിയാണ്

നിലമ്പൂർ താലൂക്കിൽ 2019 പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ചെമ്പൻകൊല്ലിയിലെ 34 ആദിവാസി കുടുംബങ്ങൾക്ക് ഫെഡറൽ ബാങ്കിന്റെ സി. എസ് . ആർ പദ്ധതിയുടെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണം ഇന്ന് ബഹു. നിലമ്പൂർ എംഎ‍ൽഎ ശ്രീ പി വി അൻവർ തടഞ്ഞതായി അറിഞ്ഞു. കൂടാതെ അദ്ദേഹം ജില്ലാ ഭരണകൂടത്തിനെതിരെയും വ്യക്തിപരമായി എനിക്കെതിരെയും പരസ്യമായി ഗുരുതര ആരോപങ്ങൾ ഉന്നയിക്കുകയും ചെയ്തു . ബഹു. നിലമ്പൂർ എംഎ‍ൽഎയുടെ ആരോപണങ്ങളിൽ എന്റെ പ്രതികരണം താഴെ ചേർക്കുന്നു .

1. 2019 വെള്ളപ്പൊക്കത്തിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ചളിക്കൽ കോളനിയിലെ 34 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്നതിന് വിഭാവനം ചെയ്ത ഒരു മാതൃക ടൗൺ ഷിപ്പ് പദ്ധതിയാണ് ബഹു എംഎൽഎ ഇന്ന് തടഞ്ഞ പദ്ധതി. അതിവേഗത്തിൽ 28.2.2020 ന് പണിപൂർത്തിയാക്കി ആദിവാസി സഹോദരങ്ങൾക്ക് പർപ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിർത്തുന്നതിന് ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പണി പൂർത്തിയാക്കുന്നതിനും ഫെഡറൽ ബാങ്കിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഭവന നിർമ്മാണം തടയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഒരു ഏജൻസി യുടെ സി. എസ് . ആർ സഹായത്തോടെയുള്ള ഇത്തരം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ക്ക് തടസം നേരിടുന്നത് മലപ്പുറത്തിന് ഭാവിയിൽ ഇത്തരം സഹായങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാകുമെന്നതിനാൽ ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നത് ഒരു തരത്തിലും എനിക്ക് അനുകൂലിക്കാനോ അനുവദിക്കാനോ കഴിയില്ല .

കവളപാറ പ്രളയദുരിതബാധിതർക്ക് ആ വീടുകൾ നൽകേണ്ടതായിരുന്നു എന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് . ഞങ്ങൾ അവർക്ക് ആ വീടുകൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവരുടെ പരമ്പരാഗത ആവശ്യങ്ങൾ കാരണം പോത്തുകൽ പഞ്ചായത്ത് പ്രദേശത്തിന് പുറത്ത് പോകാൻ അവർ വിസമ്മതിച്ചു, അതിനാൽ മറ്റൊരു പ്രളയ ദുരിത ബാധിത കോളനിയായ ചളിക്കൽ കോളനിയെ പരിഗണിക്കുകയാണുണ്ടായത്.

രണ്ടാമത്തെ കാരണം 'ഭൂമി വാങ്ങുന്നതിന് മുമ്പ് എംഎൽഎയെ സമീപിച്ചിട്ടില്ല' എന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ഭൂമി വാങ്ങുന്നതിന് പർച്ചേസ് കമ്മിറ്റിയും നടപടിക്രമങ്ങളും നിലവിലുള്ളതും ഈ നടപടിക്രമങ്ങളിലോ പർച്ചേസ് കമ്മിറ്റിയിലോ ബഹു. എംഎൽഎ ക്ക് നിയമപ്രകാരം പങ്കില്ലാത്തതുമാണ്. അത്തരമൊരു കാര്യത്തിൽ എംഎൽഎയെ സമീപിക്കേണ്ടത് എന്തിനാണെന്ന് വ്യക്തമല്ല.

2. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും മറുപടി ആവശ്യമില്ലാത്തതുമാണ് . എന്നിരുന്നാലും ഒരു വ്യക്തതയ്ക്കായി പറയട്ടെ , എന്നെ കേന്ദ്രസർക്കാരിന്റെ ഏജന്റ് എന്ന് വിളിക്കുന്നവർതിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്, എന്നെ ഈ പോസ്റ്റിൽ നിയമിച്ചിട്ടുള്ളത് സംസ്ഥാന മന്ത്രിസഭ ആണ്, കാബിനെറ്റ് എന്നെ ഈ സ്ഥാനത്ത് നിന്ന് നീക്കിയാൽ സ്ഥാനമൊഴിയാൻ ഞാൻ ബാധ്യസ്ഥനും തയ്യാറുമാണ് .

3. ഞാൻ അഹങ്കാരിയും സഹകരണരഹിതനുമാണെന്നതാണ് മറ്റൊരു ആരോപണം. തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ്. ഞാൻ പൊതു പണത്തിന്റെ സംരക്ഷകനായതുകൊണ്ടും എനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുമുള്ളതുകൊണ്ടും തെറ്റായ നിർദ്ദേശങ്ങളിൽ എനിക്ക് സഹകരിക്കാൻ കഴിയില്ല. പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനുമാവില്ല. ഇതുവരെ നിയമപരമായ ഒരു കാര്യത്തിലും ഒരു പൊതു പ്രതിനിധിയുമായും ഞാൻ സഹകരിക്കാതിരുന്നിട്ടുമില്ല.

അദ്ദേഹം എനിക്കെതിരെ പരാതിപ്പെടുന്നതിൽ എനിക്ക് ഒരു യാതൊരുവിധ വ്യാകുലതയുമില്ല. അതിന് അദേഹത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും . എന്നെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യമാണ്.

പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിനെ കരിവാരിത്തേക്കാനാണ് ജില്ല ഭരണകൂടവും റവന്യൂ വകുപ്പും ശ്രമിക്കുന്നതെന്നായിരുന്നു പി വി അൻവറിന്റെ ആരോപണം. അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഹരിക്കാതെ ജില്ല കലക്ടറും റവന്യൂ വകുപ്പും പുനരധിവാസ പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടപെട്ടിട്ട് പോലും സർക്കാർ ദുരിതാശ്വാസം അടിയന്തരമായി നൽകുന്നതിൽ ജില്ല ഭരണകൂടം വീഴ്ച വരുത്തി. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 50,000 രൂപ വീതം അടിയന്തരമായി നൽകാൻ സർക്കാർ നിർദേശിച്ചിട്ടും കലക്ടർ തയാറായില്ല.

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതുകൊണ്ട് മാത്രമാണ് മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം വീതം നൽകാനായത്. തഹസിൽദാറുടെ അക്കൗണ്ടിൽ പണമെത്തിയിട്ടും, ദുരിതാശ്വാസ പ്രവർത്തനം നടത്തിയ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമകൾക്കും പെട്രോൾ നൽകിയ പമ്പുടമക്കും പണം നൽകിയില്ല. കവളപ്പാറക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിട്ട് അതിനും തയാറായില്ല. കലക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും. സർക്കാർ തലത്തിൽ അന്വേഷണം നടത്തണമെന്നും എംഎ‍ൽഎ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ജില്ലാ കലക്ടർ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP