Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയെ ഞെട്ടിച്ച് സിറിയയിൽ എത്തി പ്രസിഡന്റുമായി ചർച്ച നടത്തി പുട്ടിൻ; ഇറാനുമായി അമേരിക്ക കൊമ്പ് കോർക്കവേ റഷ്യയുടെ ഞെട്ടിക്കുന്ന നീക്കത്തിൽ ആശങ്കയോടെ സഖ്യകക്ഷികൾ; ഇറാഖിന്റെ ചതിക്ക് പിന്നാലെ റഷ്യയും ചൈനയും തുർക്കിയും സിറിയയും അടക്കം ഇറാന്റെ പിന്നിൽ അണിനിരക്കുന്നത് വമ്പൻ ശക്തികൾ; അമേരിക്കയ്ക്ക് പിടിച്ചു നിൽക്കാനുള്ള പ്രയാസം ഏറുന്നു

അമേരിക്കയെ ഞെട്ടിച്ച് സിറിയയിൽ എത്തി പ്രസിഡന്റുമായി ചർച്ച നടത്തി പുട്ടിൻ; ഇറാനുമായി അമേരിക്ക കൊമ്പ് കോർക്കവേ റഷ്യയുടെ ഞെട്ടിക്കുന്ന നീക്കത്തിൽ ആശങ്കയോടെ സഖ്യകക്ഷികൾ; ഇറാഖിന്റെ ചതിക്ക് പിന്നാലെ റഷ്യയും ചൈനയും തുർക്കിയും സിറിയയും അടക്കം ഇറാന്റെ പിന്നിൽ അണിനിരക്കുന്നത് വമ്പൻ ശക്തികൾ; അമേരിക്കയ്ക്ക് പിടിച്ചു നിൽക്കാനുള്ള പ്രയാസം ഏറുന്നു

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് പണി പാളുന്നു. ഇസ്രയേലും സൗദിയും മാത്രമാണ് അമേരിക്കയ്ക്ക് ഒപ്പമുള്ളത്. ഇതിനിടെ റഷ്യയും ചൈനയും അടക്കം അമേരിക്ക വിരുദ്ധ നിലപാടിലേക്ക് നീങ്ങുകയാണ്. ഇറാൻ കമാണ്ടർ ഖാസിം സുലൈമാനിയെ കൊന്നത് ശരിയായില്ലെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്. ഇത് പരസ്യമായി തന്നെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ റഷ്യ തുടങ്ങി കഴിഞ്ഞു. സിറിയയുടെ തലസ്ഥാന നഗരമായ ദമാസ്‌കസിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അപ്രഖ്യാപിത സന്ദർശനം ഇതിന്റെ സൂചനയാണ്. ദമാസ്‌കസിലെ സൈനിക താവളത്തിൽ അദ്ദേഹം സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദുമായി കൂടിക്കാഴ്ച നടത്തി. സിറിയയിലെ സൈനിക സ്ഥിതിഗതികൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇറാൻയുഎസ് സംഘർഷസാധ്യതകളുടെ പശ്ചാത്തലത്തിൽ പുടിന്റെ സിറിയ സന്ദർശനം നിർണായക നീക്കമാണ്്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ റഷ്യ ഇടപെട്ടു തുടങ്ങിയ ശേഷം ഇത് രണ്ടാം തവണ മാത്രമാണ് പുടിൻ ഇവിടം സന്ദർശിക്കുന്നതെന്നതും മറ്റൊരു പ്രത്യേകത. 2017 ൽ ലടാകിയയിലുള്ള റഷ്യൻ സൈനിക താവളം പുടിൻ സന്ദർശിച്ചിരുന്നു. അന്ന് സിറിയയിലെ യുദ്ധത്തിന്റെ വിജയപ്രഖ്യാപനം നടത്തിയ പുടിൻ, റഷ്യൻ സൈനികരിൽ ഏറിയ പങ്കും നാട്ടിലേക്കു മടങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇറാനുമായി സഖ്യം പുലർത്തുന്ന രാജ്യമാണ് സിറിയ. തങ്ങളുടെ മനസ്സ് ഇറാനൊപ്പമെന്ന സന്ദേശം നൽകാനാണ് റഷ്യയുടെ ശ്രമം. അമേരിക്കയ്ക്ക് പുതിയ ബദൽ ഒരുക്കുകയാണ് ലക്ഷ്യം. തുർക്കിയേയും സിറിയയേയും കൂടെ നിർത്തി അമേരിക്കൻ നീക്കങ്ങളെ പ്രതിരോധിക്കാനാണ് റഷ്യയുടെ തന്ത്രം. ചൈനയും ഇതിനൊപ്പം ചേർന്ന് നിൽക്കും.

സിറിയയിൽ നിന്ന് ഇറാഖിലെത്തി നാട്ടിലേക്കു മടങ്ങാനുള്ള യാത്രയ്ക്കിടെയാണ് ഇറാൻ സൈനിക കമാൻഡർ ജനറൽ കാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതും. സിറിയയുടെ പരമാധികാരം ഉറപ്പിക്കുന്നതിൽ ഏറെ മുന്നേറാനായെന്ന് അസദുമായുള്ള സന്ദർശനത്തിനിടെ പുടിൻ അഭിപ്രായപ്പെട്ടു. അസദുമായുള്ള പുടിന്റെ ചർച്ചകളിൽ ഇറാൻ വിഷയം ചർച്ച ചെയ്തുവോ എന്നത് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചില്ല. അതേസമയം തീവ്രവാദം ചെറുക്കാനും സമാധാന അന്തരീക്ഷം മെച്ചപ്പെടുത്താനും സിറിയയ്ക്ക് റഷ്യൻ സൈന്യം നൽകിയ പിന്തുണയ്ക്ക് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ അസദ് നന്ദി രേഖപ്പെടുത്തിയതായി പെസ്‌കോവ് പറഞ്ഞു.സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പിന്തുണയുമായി റഷ്യ രംഗത്തെത്തിയതോടെയാണ് ബഷാർ അൽ അസദിനു യുദ്ധത്തിൽ മേൽക്കൈ നേടാനായത്. ഇതോടെയാണ് രാജ്യത്തിന്റെ ഭൂരിഭാഗവും തിരിച്ചുപിടിച്ചതും. ഈ സൗഹൃദം ഇനി പുതിയ തലത്തിലേക്ക് കടക്കും. പശ്ചിമേഷ്യയിൽ യുദ്ധമുണ്ടായാൽ അമേരിക്കയെ പ്രതിരോധിക്കാൻ സിറിയയ്‌ക്കൊപ്പം റഷ്യയും മുന്നിലുണ്ടാകുമെന്ന സന്ദേശമാണ് കൂടിക്കാഴ്ച നൽകുന്നത്.

സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാനും അമേരിക്കയും കൊമ്പു കോർക്കുന്നതിനിടെ എന്തുവന്നാലും അമേരിക്കക്കൊപ്പം നിൽക്കുമെന്ന് നാറ്റോ സൈനിക സഖ്യം വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ ഒട്ടേറെ സായുധസംഘങ്ങൾക്ക് ഇറാൻ പിന്തുണ നൽകുന്നുണ്ട്. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ഇറാൻ-അമേരിക്ക പോരിൽ നിന്ന് വിട്ടുനിൽക്കാനാണ് നാറ്റോയുടെ തീരുമാനം. അമേരിക്കയ്ക്ക് ഒപ്പമായിരിക്കും തങ്ങൾ. പുതിയ യുദ്ധം തുടങ്ങാൻ ആർക്കും താൽപ്പര്യമില്ല. ഇറാൻ ഇനി പ്രകോപനം സൃഷ്ടിക്കരുതെന്നും നാറ്റോ ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യയിൽ ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക സ്വീകരിക്കുന്ന നയങ്ങളിൽ നേരത്തെ യൂറോപ്പിലെ ചില രാജ്യങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ പുതിയ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ എല്ലാ അംഗങ്ങളും ഐക്യത്തോടെയാണ് നിലപാട് സ്വീകരിച്ചതെന്ന് പ്രതിനിധികൾ വിശദീകരിച്ചു.

ഇറാന് ഔദ്യോഗികമായി ഒരു രാജ്യവും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സിറിയ, ഇറാഖ്, യമൻ, ലബ്നാൻ തുടങ്ങിയ രാജ്യങ്ങളിലെ സായുധ സംഘങ്ങൾ ഇറാനൊപ്പം അണിനിരക്കുമെന്നും കരുതപ്പെടുന്നു. മേഖലയിൽ യുദ്ധം ആവശ്യമില്ലെന്നും അമേരിക്കയും ഇറാനും സംയമനം പാലിക്കണമെന്നുമാണ് ഗൾഫ് രാജ്യങ്ങളുടെ നിലപാട്. ഇതിനിടെയാണ് പുട്ടിൻ സിറിയയിൽ എത്തുന്നത്. ഇതോടെ റഷ്യയുടെ മനസ്സ് വ്യക്തമായി. ഇത് നാറ്റോയിലെ സഖ്യകക്ഷികളെ ഞെട്ടിച്ചിട്ടുണ്ട്. അമേരിക്ക, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കെതിരേ ഇറാൻ യുദ്ധകാഹളം മുഴക്കിക്കഴിഞ്ഞു. യു.എസ്. സൈനിക സാന്നിധ്യമുള്ള ഖത്തറും ബഹ്റൈനും ഭീതിയുടെ നിഴലിലാണ്. 2,500 കിലോമീറ്റർവരെ സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാൻ കഴിയുന്ന മിസൈലുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് ഇറാന്റെ ഭീഷണി. അതായത് 35 യു.എസ്. കേന്ദ്രങ്ങൾ (ഇസ്രയേൽ വരെ) അതിന്റെ പരിധിയിൽ വരും. സിറിയയിലെ അൽ താംഫിൽ അമേരിക്കയ്ക്ക് ചെറിയ സൈനിക കേന്ദ്രമുണ്ട്. 500 സൈനികരുള്ള ഇവിടമോ എണ്ണക്കപ്പലുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കോ അടുത്ത ആക്രമണ ലക്ഷ്യമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

നേരത്തെ വടക്കുകിഴക്കൻ സിറിയയിലെ എണ്ണപ്പാടങ്ങൾ സംരക്ഷിക്കാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ റഷ്യ രംഗത്ത് വന്നിരുന്നു അമേരിക്കയുടെ നടപടി അന്താരാഷ്ട്ര കൊള്ളത്തരമാണെന്ന് റഷ്യൻ വിദേശകാര്യ വക്താവ് ഇഗോർ കൊനാഷെൻകോവ് കുറ്റപ്പെടുത്തുകയും ചെയ്തു. സൈനികശേഷി ഉപയോഗിച്ച് സിറിയയിലെ എണ്ണപ്പാടങ്ങൾ കൈക്കലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് റഷ്യ വിശദീകരിച്ചിരുന്നു. സിറിയയിലെ എണ്ണപ്പാടങ്ങളൊന്നും ഐഎസ്സിന്റെ നിയന്ത്രണത്തിലല്ല. ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാനായി ഐഎസ്, എണ്ണപ്പാടങ്ങൾ കൈയടക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം വിലപ്പെട്ട എണ്ണസമ്പത്ത് കൈക്കലാക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും ഇഗോർ കൊനാഷെൻകോവ് ആരോപിച്ചിരുന്നു. അമേരിക്കൻ സൈന്യത്തെ പൂർണമായും സിറിയയിൽ നിന്ന് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് പക്ഷെ മൂന്നൂറിലധികം സൈനിക സംഘങ്ങളെ വീണ്ടും സിറിയയിൽ വിന്യസിക്കാൻ തീരുമാനിച്ചത് ഈ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നും കൊനാഷെൻകോവ് കുറ്റപ്പെടുത്തിയിരുന്നു. ഐഎസിനെ പരാജയപ്പെടുത്തിയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ 2018 ഡിസംബറിലാണ് സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം ആരംഭിച്ചത്. അമേരിക്കൻ പിന്മാറ്റത്തിന് പിന്നാലെ മേഖലയുടെ നിയന്ത്രണം കൈയടക്കാനായി തുർക്കി സൈനിക നടപടി ആരംഭിക്കുകയും റഷ്യ അടക്കമുള്ള രാജ്യങ്ങൾ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പുട്ടിന്റെ സിറിയൻ സന്ദർശനം ചർച്ചയാകുന്നത്.

ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയുടെ ഇറാൻ സന്ദർശനവും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാണ്. ചൊവ്വാഴ്ച ടെഹ്‌റാനിൽ ആരംഭിച്ച ഡയലോഗ് ഫോറത്തിൽ യൂസുഫ് ബിൻ അലവി പങ്കെടുത്തു. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അമേരിക്കൻ നീക്കങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് ചടങ്ങിൽ പ്രതികരിച്ചത്. മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായി ഉൾപ്പടെ സന്നിഹിതരായിരുന്നു. യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല ഇറാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാഷ്ട്രങ്ങൾക്കിടയിലെ സഹകരണത്തിന് പുറമെ മേഖലയിലെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നതായി മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, അമേരിക്കയും ഇറാനും നേരത്തെയും നേർക്കുനേർ വന്നപ്പോഴെല്ലാം ഒമാന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. മേഖലയിൽ സമാധാന സാഹചര്യം നിലനിർത്തുന്നതിനായിരുന്നു ഒമാന്റെ ഇടപെടൽ. ഇറാൻ-യുഎസ് ആണവ കരാറിലും ഒമാൻ മുഖ്യ പങ്കുവഹിച്ചിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം ഒമാൻ വിഷയത്തിൽ പ്രതികരിച്ചത്.

ഇറാന്റെ ഭീഷണിക്ക് അതേ നാണയത്തിൽ തിരിച്ചടിക്കു കോപ്പുകൂട്ടുകയാണ് അമേരിക്ക. സൈനിക മേഖലയിലൊട്ടാകെ നീക്കങ്ങൾ സജീവം. പടക്കപ്പലുകൾ സർവസജ്ജമായി ജാഗ്രത പാലിക്കുന്നു. കൂടുതൽ പോർകപ്പലുകൾ വിളികാത്തു നിൽക്കുന്നു. സുലൈമാനി വധം നടന്ന് 24 മണിക്കൂറിനുള്ളിൽ 3,500 സൈനികരെ കുവൈത്തിലെ അമേരിക്കൻ താവളത്തിലേക്ക് വിന്യസിക്കാനും യു.എസ്. തീരുമാനിച്ചു. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതു മുതൽ തുടങ്ങിയ ശീതയുദ്ധമാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നത്. എണ്ണ കയറ്റുമതി തടയാൻ ഇറാനുമേൽ യു.എസ്. ഉപരോധവും ഏർപ്പെടുത്തി. പുതിയ സംഭവ വികാസങ്ങളുടെ തുടക്കം 2019 ഡിസംബർ 27-നാണ്. ഹാഷിബ് അൽ ഷാബി എന്ന സംഘടനയുടെ കത്തബ് ഹിസ്ബുള്ള സായുധ വിഭാഗത്തിന്റെ ആക്രമണത്തിൽ യു.എസ്. കരാറുകാരനും ഇറാഖ് സൈനികനും കൊല്ലപ്പെട്ടതിനു പ്രതികാരമായി ഡിസംബർ 29 ന് യു.എസ്. തിരിച്ചടിച്ചു. സിറിയയിലെയും ഇറാഖിലെയും ഹിസ്ബുള്ളയുടെ സായുധ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു.

ഇതിൽ പ്രതിഷേധിച്ച് ഹാഷിബ് അൽ ഷാബി സംഘടനയുടെ നേതൃത്വത്തിൽ ബാഗ്ദാദിലെ യു.എസ്. എംബസി കൈയേറി. ജനുവരി മൂന്നിനു യു.എസ്. പ്രത്യാക്രമണത്തിൽ ഖാസിം അൽ സുലൈമാനി, ഹാഷിബ് അൽ ഷാബി ഉപമേധാവി അബു മഹ്ദി മുഹാന്ദിസ് തുടങ്ങിയവരടക്കം ആറുപേർ മരിച്ചതോടെ സംഘർഷാവസ്ഥ മൂർധന്യത്തിലായി. ബാഗ്ദാദിൽ യു.എസ്. എംബസിക്കു മുന്നിൽ വൻപ്രതിഷേധമാണ് അരങ്ങേറിയത്. സ്ഥലത്തുണ്ടായിരുന്ന അമേരിക്കൻ സേനാംഗങ്ങളെ ആക്രമിക്കാനും ശ്രമമുണ്ടായി. ഇറാഖിലെ യു.എസ്. പൗരന്മാർ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുകയാണ്. എംബസിക്കു നേരെയുണ്ടായ ആക്രമണം സുലൈമാനിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് പെന്റഗൺ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP