Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആത്മീയതയുടെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; കർഷകരിൽ നിന്ന് പണം പിരിക്കാൻ ആരാണ് നിങ്ങൾക്ക് അനുമതി നിൽകിയത്;' ആത്മീയ ഗുരു ജഗ്ഗി വാസുദേവനെ കുടഞ്ഞ് കർണാടക ഹൈക്കോടതി; കാവേരി നദി പുനരുദ്ധാരണത്തിന് തുടങ്ങിയ 'കാവേരി കോളിങ്' പദ്ധതിക്കായി പിരിച്ച തുക വെളിപ്പെടുത്തണം; സദ്ഗുരുവിന് ആഘാതമായി അഴിമതിക്കേസിന്റെ വിചാരണ

'ആത്മീയതയുടെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; കർഷകരിൽ നിന്ന് പണം പിരിക്കാൻ ആരാണ് നിങ്ങൾക്ക് അനുമതി നിൽകിയത്;' ആത്മീയ ഗുരു ജഗ്ഗി വാസുദേവനെ കുടഞ്ഞ് കർണാടക ഹൈക്കോടതി; കാവേരി നദി പുനരുദ്ധാരണത്തിന് തുടങ്ങിയ 'കാവേരി കോളിങ്' പദ്ധതിക്കായി പിരിച്ച തുക വെളിപ്പെടുത്തണം; സദ്ഗുരുവിന് ആഘാതമായി അഴിമതിക്കേസിന്റെ വിചാരണ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലുരു: മോദി ഭരണത്തിന്റെ തണലിൽ കോടികളുടെ സാമ്രാജ്യം ഉണ്ടാക്കിയെടുത്ത കോർപ്പറേറ്റ് ആൾദൈവമാണ് സദ്ഗുരുവെന്നപേരിൽ അറിയപ്പെടുന്ന ജഗ്ഗി വാസുദേവ്. കാവേരി നദി പുനരുദ്ധാരണത്തിന് തുടങ്ങിയ 'കാവേരി കോളിങ്' പദ്ധതിക്കായി പിരിച്ച തുക വെളിപ്പെടുത്തണമെന്ന് കർണാടക ഹൈക്കോടതി ഉത്തരിവിട്ടു. കർഷകരിൽ നിന്ന് പണം പിരിക്കാൻ വാസുദേവിന്റെ ഇഷ ഫൗണ്ടേഷന് ആരാണ് അനുമതി നൽകിയത് എന്ന് കോടതി ചോദിച്ചു. ആത്മീയതയുടെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത് എന്നും ചീഫ് ജസ്റ്റിസ് അജയ് ഓക അധ്യക്ഷനായ ബെഞ്ച് വിശദമാക്കി.

നിർബന്ധിച്ചു പണം പിരിച്ചില്ല എന്നതിന് തെളിവ് ഹാജരാക്കണമെന്നും ഇഷ ഫൗണ്ടേഷനോട് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. 'കാവേരി കോളിങ്' പദ്ധതിക്കായി 253 കോടി മരങ്ങൾ നടാൻ ഒരു മരത്തിനു 42 രൂപ പിരിക്കുന്നുവെന്നായിരുന്നു പരാതിയെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. അഭിഭാഷകനായ എ വി അമർനാഥനാണ് ആളുകളിൽ നിന്നുള്ള ധനസമാഹരണത്തിനെതിരായ കോടതിയെ സമീപിച്ചത്. ബോധവൽക്കരണത്തിന് സ്വമേധയാ ആരെങ്കിലും തയ്യാറാകുന്നെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു എന്നാൽ നിർബന്ധിച്ച് പണം സമാഹരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വഴി വിട്ട മാർഗങ്ങളിലൂടെ ധനസമാഹരണം നടന്നോയെന്നതിൽ സ്വതന്ത്രമായി അന്വേഷണം നടത്താനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. എന്നാൽ നിർബന്ധിച്ച് പണപ്പിരിവ് നടക്കുന്നതായി പരാതി ലഭിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ വാദം. ഇഷ ഫൗണ്ടേഷൻ ഒരു സ്വകാര്യ സംവിധാനമാണ്. കാവേരി കോളിങ് എന്ന പദ്ധതിയുടെ ഭാഗമായി കാവേരി നദീ തടത്തെ കുറിച്ച് പഠിച്ചെന്നാണ് അവർ അവകാശപ്പെടുന്നത്. സംസ്ഥാന സർക്കാരിന് അവർ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. എന്നാൽ സർക്കാർ ഇതുവരെ അംഗീകാരമൊന്നും നൽകിയിട്ടില്ലെന്ന് അഡ്വ: എ.വി അമർനാഥൻ പറഞ്ഞു.സർക്കാർ ഉത്തരവില്ലാതെ സർക്കാർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനം നടത്താൻ ഒരു സ്വകാര്യ സംഘടനക്ക് അവകാശമില്ലെന്ന് ഹർജിയിൽ പറയുന്നു. ആന്ധ്രപ്രദേശിൽ നിന്ന് ചെന്നൈ വരെയുള്ള കുടിവെള്ളപദ്ധതി സത്യസായി ബാബ നടപ്പിലാക്കിയത് പൊതുജനങ്ങളിൽ നിന്ന് ഒരു രൂപ വാങ്ങാതെയാണെന്ന് ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഈ കേസിലെ നടപടികൾ തുടരുകയാണ്.

നേരത്തെയും നിരവധി വിവാദങ്ങളിൽപെട്ട വ്യക്തിയാണ് ജഗ്ഗി വാസുദേവ്. കോഴിവളർത്തലും കട്ടനിർമ്മാണവും അടക്കം വിവിധ ബിസിനസുകൾ നടത്തി പൊളിഞ്ഞതോടെയാണ് ജഗ്ഗി വാസുദേവ് യോഗയിലേക്ക തിരഞ്ഞത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഭാര്യയുടെ ദുരൂഹ മരണംപോലും മഹാസമാധിയാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള കോർപ്പറേറ്റ് ആൾദൈവം ആരാണെന്ന് ചോദിച്ചാൽ അത് ലോകവ്യാപകമായി ആശ്രമങ്ങളുള്ള സദ്ഗുരു ജഗ്ഗിവാസുദേവാണൊയിരിക്കും മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിവരെ ആദരിക്കുന്ന സ്വയം പ്രഖ്യാപിത, ആത്മീയ ആചാര്യൻ ജഗ്ഗിക്കെതിരെ കൊലപാതക ആരോപണം വീണ്ടും ചർച്ചയായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

ജഗ്ഗി വാസുദേവ്, സ്ഥാപിച്ച ഇഷാ ഫൗണ്ടേഷൻ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, യു.കെ, ലബനൻ, സിംഗപ്പൂർ, കാനഡ, മലേഷ്യ, ഉഗാണ്ട, ആസ്ട്രേലിയ, ഇങ്ങനെ ലോകമെമ്പാടും യോഗാ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ജഗ്ഗി വാസുദേവ് എന്നും ആരാധകർക്കിടയിൽ സദ്ഗുരു എന്നും അറിയപ്പെടുന്നു. ആരോഗ്യം, മതം, ആത്മീയത തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളാണ്. വിദ്യാർത്ഥികളുമായി നടത്തുന്ന ചോദ്യോത്തര പരിപാടിയും അതിന്റെ വീഡിയോയും ആരാധകർക്കിടയിൽ ഏറെ പ്രശസ്തമാണ്. ഏകദേശം അമ്പതിനായിരം കോടിയുടെ ആസ്തി അദ്ദേഹത്തിന് ഉണ്ടെന്നാണ് കരുതുന്നത്.രാജ്യം കടുത്ത പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെ സംഘപരിവാറിനെ ന്യായീകരിച്ച് ഇയാൾ എത്തുക പതിവാണ്.

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും പറ്റിക്കാൻ ജഗ്ഗിക്ക് കഴിഞ്ഞൂ നദീതട സംരക്ഷണമെന്നപേരിൽ പിണറായിക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് ഇയാൾ ഇടതുപക്ഷത്തിന്റെപോലും കീർത്തി പിടിച്ചു പറ്റി. ജഗ്ഗിയുടെ ഇഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റാലി ഫോർ റിവർ പരിപാടി തട്ടിപ്പാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പുഴകളെ സംരക്ഷിക്കാൻ പുഴയുടെ ഒരു കിലോമീറ്റർ ദൂരം മരങ്ങൾ നടണമെന്നാണ് ജഗ്ഗി പറയുന്നത്.

എന്നാൽ ഈ റാലിക്ക് പിന്നിലുള്ള കോർപ്പറേറ്റ് കരങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്. റാലിയുടെ പ്രചരണരീതി തന്നെ കോർപ്പറേറ്റ് രീതിയിലാണ്. പ്രചരണത്തിനായി സിനിമ താരങ്ങളെയും വീരേന്ദർ സെവാഗ് ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളെയും രംഗത്തിറക്കിയും ദേശീയ മാധ്യമങ്ങളിൽ ഫുൾപേജ് പരസ്യം നൽകിയുമാണ് പ്രചരണ രീതി. കൂടാതെ പിന്തുണ നൽകാൻ ആഗ്രഹിക്കുന്നവർ 80009 80009 എന്ന നമ്പരിലേക്ക് മിസ് കോൾ ഇടാനും ആവശ്യപ്പെട്ടിരിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന റാലിയിൽ ആൾദൈവം സഞ്ചരിക്കുന്നത് മേഴ്‌സിഡസ് കാറിലാണ്. വലിയ രീതിയിൽ മലിനീകരണമുണ്ടാക്കുന്ന ഈ വാഹനത്തിലെ സഞ്ചാരം തന്നെയാണ് റാലി തട്ടിപ്പാണെന്ന് ആരോപിക്കപ്പെടുന്നതിലെ മുഖ്യകാരണം. രണ്ട് കോടി വിലമതിക്കുന്ന ഈ കാറിന്റെ മൈലേജ് 11.8 കിലോമീറ്റർ മാത്രമാണ്. അതായത് 7000 കിലോമീറ്റർ യാത്രചെയ്യുമ്പോൾ ഈ വാഹനത്തിന് വേണ്ടി വരുന്നത് മറ്റ് വാഹനങ്ങൾക്ക് വേണ്ടതിനേക്കാൾ വളരെയധികം ഇന്ധനമാണ്. വലിയ ഡാമുകളുടെ നിർമ്മാണത്തെ പിന്തുണയ്ക്കുന്ന ജഗ്ഗിയുടെ റാലി ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.മരം നടീൽ ഇവിടെ അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ നിത്യാനന്ദ ജയരാമൻ പറയുന്നു. അതേസമയം നദികളെ തിരിച്ചുപിടിക്കാൻ മരങ്ങളേക്കാൾ ഏറ്റവും നല്ല മാർഗ്ഗം പുല്ലുകളും കുറ്റിച്ചെടികളും ഉറപ്പുള്ള ചെടികളും നദീതീരത്ത് വച്ചുപിടിപ്പിക്കുകയും ജലസസ്യങ്ങളും വച്ചുപിടിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വെള്ളപ്പൊക്കങ്ങൾ തടയാനും മരങ്ങളേക്കാൾ നല്ല പ്രതിവിധി ഇതാണ്. കൂടാതെ ഈ റാലിയുടെ സ്‌പോൺസർമാരായ പലരും പ്രകൃതിയെ മലിനപ്പെടുത്തുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദാനി ഗ്രൂപ്പിനെയാണ് അദ്ദേഹം മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടിൽ ഇവരുടെ ഓയിൽ കമ്പനിയിലെ ഇന്ധന ചോർച്ചയും ഇദ്ദേഹം എടുത്തു പറഞ്ഞു. പരിപാടിയുടെ സ്‌പോൺസറായ മഹീന്ദ്രയുടെ മേധാവി കേശുബ് മഹീന്ദ്രയാണ് ഒരുകാലത്ത് ഭോപ്പാൽ ദുരന്തത്തിന് കാരണമായ യൂണിയൻ കാർബേഡ് കമ്പനിയുടെയും മേധാവിയായിരുന്നത്. ഗംഗ മലിനപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് പരിസ്ഥിതി പ്രവർത്തകയും അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവിറോൺമെന്റ് ഗവേഷകയുമായ വീണയെ ഉദ്ധരിച്ച് ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്യുന്നു. സംരക്ഷിക്കാത്തതിനാലും മൃതദേഹം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നദികളിലേക്ക് തള്ളുന്നതിനാലുമാണ് അതെന്നാണ് അവർ പറയുന്നത്. അതുപോലെ ഡാമുകൾ നദിയെ ഏതൊക്കെ വിധത്തിൽ ബാധിക്കുമെന്ന വിഷയം ഇവിടെ പരിഗണിക്കപ്പെടുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രധാനവിഷയങ്ങളെ നിശബ്ദമാക്കാനാണ് ജഗ്ഗി വാസുദേവിന്റെ മരം നടീൽ പ്രചരണം എന്നാണ് അവർ ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷൻ നിർമ്മിച്ച 112 അടി പൊക്കമുള്ള ശിവന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പരിസ്ഥിതി, നിർമ്മാണ ചട്ടങ്ങൾ നഗ്നമായി ലംഘിച്ചാണ് പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ഈ പ്രതിമ നിർമ്മിച്ചത്. ഇതിനെതിരെ ആദിവാസി സംഘടനകളും പരിസ്ഥിതി പ്രവർത്തകരുമാണ് രംഗത്തെത്തിയത്. കോയമ്പത്തൂരിൽ നിർമ്മിച്ച ഈ പ്രതിമ പരിസ്ഥിതിക്ക് കനത്ത നാശമാണ് വരുത്തിവച്ചിരിക്കുന്നത്. വെള്ളിയാൻഗിരിയിലെ പ്രതിമയുടെ അനാച്ഛാദനത്തിനെതിരെ തമിഴ്‌നാട്ടിൽ എമ്പാടുമുള്ള സന്നദ്ധപ്രവർത്തകർ അണിനിരന്നിരുന്നു. കോയമ്പത്തൂരിൽ ചടങ്ങ് നടക്കുന്ന ദിവസം തെരുവുകളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും വീടുകളിൽ കരിങ്കൊടി ഉയർത്തുകയും ചെയ്തു. എന്നാൽ പ്രതിഷേധങ്ങൾ അവഗണിച്ച് പ്രധാനമന്ത്രി പ്രതിമ ഉദ്ഘാടനം ചെയ്ത് ചട്ടങ്ങൾ ലംഘിച്ചുള്ള ഈ നിർമ്മാണത്തിന് നിയമസാധുത നൽകി.

കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജഗ്ഗിയുടെ ആശ്രമം അനധികൃതമായി കെട്ടിടം നിർമ്മിച്ച ആദ്യത്തെ സംഭവം ആയിരുന്നില്ല ഇത്. ഇയാളുടെ അനധികൃത കെട്ടിടനിർമ്മാണത്തെക്കുറിച്ച് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കൂറ്റൻ ശിവപ്രതിമ നിർമ്മാണത്തിനെതിരെയും കേസുണ്ട്. നേരത്തെ ഡിസി ബുക്‌സ് സംഘടിപ്പിച്ച ലിറ്ററി ഫെസ്റ്റിവലിൽ ജഗ്ഗി ഉദ്ഘാടനം ചെയ്ത വേദിയിൽ എംഎ ബേബി പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP