Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊബൈൽ ഫോൺ കുട്ടികളുടെ തലച്ചോറിൽ ട്യൂമർ ഉണ്ടാക്കുമോ? ഇങ്ങനെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ നൂറോളം കുട്ടികൾ ചികിത്സയിലുണ്ടോ? ലോകാരോഗ്യ സംഘടന മൊബൈൽ റേഡിയേഷനെ കാർസിനോജൻ പട്ടികയിൽ ഉൾപ്പെടുത്തിട്ടും നിർബാധം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? മുരിങ്ങയും പപ്പായയും ഉണങ്ങിപ്പോകുന്നതും അടക്കാക്കിളികൾ ഇല്ലാതാവുന്നതും മൊബൈൽ ടവറുകൾ മൂലമാണോ? ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ച് കേരളത്തെ ഭീതിയിലാക്കുന്ന മൊബൈൽ ഫോബിയയുടെ നിജസ്ഥിതി ഇങ്ങനെ

മൊബൈൽ ഫോൺ കുട്ടികളുടെ തലച്ചോറിൽ ട്യൂമർ ഉണ്ടാക്കുമോ? ഇങ്ങനെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ നൂറോളം കുട്ടികൾ ചികിത്സയിലുണ്ടോ?  ലോകാരോഗ്യ സംഘടന മൊബൈൽ റേഡിയേഷനെ കാർസിനോജൻ പട്ടികയിൽ ഉൾപ്പെടുത്തിട്ടും നിർബാധം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? മുരിങ്ങയും പപ്പായയും ഉണങ്ങിപ്പോകുന്നതും അടക്കാക്കിളികൾ ഇല്ലാതാവുന്നതും മൊബൈൽ ടവറുകൾ മൂലമാണോ? ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ച് കേരളത്തെ ഭീതിയിലാക്കുന്ന മൊബൈൽ ഫോബിയയുടെ നിജസ്ഥിതി ഇങ്ങനെ

എം മാധവദാസ്

തിരുവനന്തപുരം: 'വാട്സാപ്പ് യൂണിവേഴ്സിറ്റി'-സമ്പൂർണ്ണ സാക്ഷരതയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുമെല്ലാം ഉണ്ടായിട്ടും മലയാളികൾ ഇപ്പോഴും ആശ്രയിക്കുന്ന പ്രധാന 'സർവകലാശാലകളിൽ' ഒന്നാണിതെന്ന് പറയാം. ക്രേംബ്രിഡ്ജിലെയും ഓക്സ്ഫോർഡിലെയും പഠനങ്ങളല്ല, ചില കേശവമാമാന്മാർ, വാട്‌സാപ്പിൽ തള്ളുന്ന വിവരങ്ങളാണ് ഇന്ന് മലയാളിയുടെ പൊതുബോധം. ഇത്തരം കേശവമാമന്മാർക്ക് അതി ശക്തമായ ഭീതിയും ശാസ്ത്രവിരുദ്ധതയും പടച്ചുവിടാൻ കഴിയുന്നുണ്ട്. മുരിങ്ങയും പപ്പായയും ഉണങ്ങിപ്പോകുന്നത് മൊബൈൽ ടവറുകൾ കാരണമാണ്, വന്ധ്യതാ ക്ലിനിക്കുകൾ പെരുകാൻ കാരണം മൊബൈൽ ഫോണുകളാണ്, വൈഫൈ റൗട്ടറുകൾ കിടപ്പുമുറിയിൽ വച്ചാൽ ഗർഭം അലസാൻ സാദ്ധ്യതയുണ്ട്. ഈ രീതിയിലുള്ള പ്രചാരണം തുടങ്ങിയിട്ട് കുറേക്കാലമായി.

പക്ഷേ അടുത്തകാലത്തായി വാട്സാപ്പിലൂടെ പ്രചരിച്ച ഒരു ഓഡിയോ ക്ലിപ്പ് കേരളത്തെ,
പ്രത്യേകിച്ച് വീട്ടമ്മാരെ ശരിക്കും ഭീതിയിലാഴ്‌ത്തി. മൊബൈൽഫോൺ കുട്ടികളുടെ തലച്ചോറിൽ ട്യുമർ ഉണ്ടാക്കുമെന്നും ഇങ്ങനെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ നൂറോളം കുട്ടികൾ ചികിത്സയിലുണ്ടെന്നുമുള്ള ഓഡിയോ സന്ദേശമാണ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വൻ തോതിൽ ഭീതിയുണ്ടാക്കുന്നത്. എന്നാൽ ഇത്തരം ഒരു സംഭവം കേരളത്തിൽ എവിടെയും ഉണ്ടായിട്ടില്ലെന്നാണ് പ്രമുഖ ഡോക്ടർമാർ പറയുന്നത്. കേരളത്തിൽ എവിടെയും മൊബൈൽ ഫോൺ ഉപയോഗിച്ചതുകൊണ്ട് ട്യൂമർ റിപ്പോർട്ട് ചെയ്തിട്ടില്ല. ആർ സി സിയിലടക്കം നിരവധി കുട്ടികൾ കാൻസർരോഗ ബാധിതർ ആണെങ്കിലും അതുകാരണം മൊബൈൽ ഫോൺ ആണെന്ന് തെളിഞ്ഞിട്ടില്ല. നൂറിലധികം കുട്ടികൾ ഒറ്റയടിക്ക് ബ്രയിൻ ട്യൂമറുമായിചികിത്സക്ക് എത്തിയ സംഭവം കേരളത്തിൽ എവിടെയുമില്ല.

പക്ഷേ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പ്രശസ്ത ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ ഡോ വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടിയപോലെ, പെൺകുട്ടികളുടെ ഒളിച്ചോട്ടവും വന്ധ്യതയും തൊട്ട് ഡിപ്രഷനും ഉൾപ്പടെ നിരവധി പ്രശ്നങ്ങൾ മൊബൈൽ കൊണ്ടാണെന്നാണ് ഇപ്പോൾ പലരും പ്രചരിപ്പിക്കുന്നത്. പക്ഷേ ഇത് തെറ്റാണ് നോൺ അയണൈസിങ്ങ് കാറ്റഗറിയിലുള്ള മൈക്രോവികരണങ്ങൾ ആയ മൊബൈൽ റേഡിയേഷന് മനുഷ്യ ശരീരത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. വൈദ്യുത കാന്തിക സ്പെക്ട്രത്തെക്കുറിച്ച് പത്താംക്ലാസിൽ പഠിച്ചതുപോലും നാം ഓർക്കുന്നില്ല. ഇത്തരം റേഡിയേഷനുകൾക്ക് ഒരു ആറ്റത്തിൽനിന്നും ഇലക്‌ടോണിനെ
പുറത്തു കൊണ്ടുവരാനുള്ള ഊർജം ഇല്ല. അതായത് മനുഷ്യന്റെ ഡിഎൻകളിൽ വ്യതിയാനം വരുത്താൻ അവക്ക് സാധിക്കില്ല. എന്നാൽ ഊർജം കൂടുതലുള്ള അയോണൈസിങ്ങ് റേഡിയേഷൻ (UV, X ray ,Gamma ) എന്നിവ കൂടുതൽ സമയം ശരീരത്തിൽ പതിച്ചാൽ മനുഷ്യ ശരീരത്തിനു അപകടകരമായ അവസ്ഥ ഉണ്ടാകാം .എന്നാൽ ഇവ കമ്മ്യൂണിക്കേഷൻ ആവശ്യത്തിന് ഉപയോഗിക്കാൻ പര്യാപ്തമല്ല.

മൊബൈൽ റേഡിയേഷൻ ഫലത്തിൽ റേഡിയോ തരംഗങ്ങളാണ്.- ഫ്രീക്വൻസി കുറഞ്ഞ ഊർജ്ജ നില കുറഞ്ഞ വൈദ്യുത കാന്തിക തരംഗങ്ങൾ ഒരു രീതിയിലും ശരീരത്തിന് അപകടകരമല്ല. അവക്ക് തെർമൽ ഇഫക്ട് അഥവാ ചൂടാക്കൽ പ്രതിഭാസം ഉണ്ടാക്കാനേ കഴിയൂ. ഇത് കലകളിൽ ചൂടുണ്ടാക്കുന്നു. ഇത് കണ്ടെത്താൻ സ്പെസിഫിക്ക് അബ്സോർഷ്ൻ റേറ്റ് അഥവാ
എസ്എ ആർ എന്ന ഒന്ന് ലോകവ്യാപകമായി ഉണ്ട്. ഇതുപ്രകാരം നിയമപരമായ അനുവദിച്ചതിന്റെ അമ്പതിൽ ഒന്നുമാത്രമാണ് മൊബൈൽ ഫോണിൽ ഉപയോഗിക്കുന്നത്. കപട പ്രചാരകരുടെ പ്രധാന ടെക്ക്നിക്കുകളിൽ ഒന്നാണ് ലോകാരോഗ്യ സംഘടന പോസിബിളി കാർസിനോജിക്ക് അല്ലെങ്കിൽ നാളെ കാൻസറുണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ കൂട്ടത്തിൽ
മൊബൈൽ റേഡിയേഷൻ ഉൾപ്പെടുത്തിയുണ്ട് എന്നത്. ഇന്റനാഷൺൽ ഏജൻസി ഫോർ കാൻസർ റിസേർച്ച് ഗ്രൂപ്പ്- 2-ബിയിലാണ് മൊബൈൽ റേഡിയേഷൻ ഉൾപ്പെട്ടിട്ടുള്ളത്.പക്ഷേ പെട്രോൾ
ഡീസൽ, നാഫ്ത്തലീൻ തുടങ്ങിയ നാം സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങൾ കൂടി ഇതേ ലിസ്റ്റിലുണ്ടെന്ന് ഓർക്കണം. ദൃശ്യ പ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളും കാൻസർ സാധ്യതയുള്ളതാണ്. അതുകാരണം നാം ആരും വെയിൽ കൊള്ളാതിരിക്കില്ല. ഷുവർലി കാൻസനോജനിക്ക് ആയ പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നവർ പോലും മൊബൈൽ ടവറിനെതിരെ സമരത്തിലുണ്ട്. ജീൻ മ്യൂട്ടേഷനാണ് ക്യാൻസറിന് പ്രധാന കാരണം എന്നാണ് വിദഗ്ദ്ധർ റയുന്നത്.എന്നാൽ മൊബൈൽ ടവറുകളിൽ നിന്നുമുള്ള റേഡിയേഷൻ ഇത്തരം മ്യൂട്ടേഷനുകൾക്ക് കാരണമാകില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പക്ഷേ മൊബൈൽ ഫോണിന്റെ റേഡിയേഷൻ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പഠനങ്ങൾ വരുന്നുണ്ടെന്നത് യാഥാർഥ്യമാണ്. പക്ഷേ അവയൊന്നും ശാസ്ത്രം അഗീകരിച്ചിട്ടില്ല. ഇവയെല്ലാം പരസ്പരം പൊരുത്തപ്പെടാത്ത പഠനങ്ങളാണ്. പക്ഷേ എന്തുകൊണ്ട് ഇത്തരം പഠനങ്ങൾ ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നുവെന്ന് ചോദിച്ചാൽ ഇതുവളരെ പ്രധാനപ്പെട്ട വിഷയമായി ശാസ്ത്രം എടുക്കുന്നു എന്നാണ് ഉത്തരം. കോടിക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്ന പ്രശ്നം എന്ന് കരുതി ഇതുസംബന്ധിച്ച് ഒരു ചെറിയ സംശയത്തിൽപോലും പഠനം നടക്കും. അതുകൊണ്ട് മിക്കവാറും എല്ലാ പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നു. ആരോഗ്യ പ്രശ്നങ്ങളും മൊബൈൽ ഫോണും തമ്മിലുള്ള കോ റിലേഷൻ ആല്ലാതെ മൊബൈൽ ഫോണുകളാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് കാര്യകാരണ ബന്ധം തെളിയിക്കാൻ ഇത്തരം ഒരു പഠനത്തിനും കഴിഞ്ഞിട്ടില്ല. പല പഠനങ്ങളും മുൻവിധിയോടെയാണ്
തയ്യാറാക്കപ്പെടുന്നതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 25 വർഷത്തെ പഠനങ്ങളുടെ മെറ്റാഅനാലിസിൽ ഒന്നും കണ്ടെത്താൻ ആയിട്ടില്ല. മൊബൈൽഫോണുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് സംശയലേശമന്യേ തെളിയാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇപ്പോളും പഠനങ്ങൾ നടക്കുന്നുണ്ട് എന്നുമാത്രം. അതുപോലെതന്നെ റേഡിയേഷൻ തടയാം എന്ന് പറഞ്ഞ് ഇറങ്ങുന്ന ഉപകരങ്ങളും ശുദ്ധ തട്ടിപ്പാണ്.റേഡിയേഷൻ വഴിയാണ് മൊബൈൽ ഫോൺ പ്രവർത്തിക്കുന്നത്. അതില്ലെങ്കിൽ ഫോൺ പ്രവർത്തിക്കില്ല.  വല്ലാതെ റേഡിയേഷൻ ഫോബിയ ഉള്ളവർ ഇയർ ഫോണുകൾ ഉപയോഗിക്കുകയോ ലൗഡ് സ്പീക്കർ മോദിലിട്ട് സംസാരിക്കുകയോ
ആവാമെന്ന് ഡോ വൈശാഖൻ തമ്പിയെപ്പോലുള്ള ഈ മേഖലയിൽ വളരെ പഠിച്ചവർ പറയുന്നു. ഫോൺ ചെവിയിൽനിന്ന് അകലെ പിടിക്കുന്തോറും റേഡിയേഷന്റെ അളവ് കുറയുകയാണ്.

ഇനി സെൽഫോണിനേക്കാൾ നിരുപദ്രവമാണ് മൊബൈൽ ടവറുകൾ. ഒരു മൊബൈൽ ഫോണിൽനിന്ന് കിട്ടുന്ന വികരണംപോലും ഒരു മൊബൈൽ ടവറിൽനിന്ന് ഒരാൾക്ക് കിട്ടില്ല. കവറേജ് കുറഞ്ഞ സ്ഥത്ത് മൊബൈൽ ഫോണിൽ നിന്നുള്ള
റേഡിയേഷൻ കൂടും. അതുകൊണ്ട് റേഡിയേഷൻ ഭീതിയുള്ളവർ കൂടുതൽ ടവറുകൾ സ്ഥാപിക്കാൻ പ്രവർത്തിക്കയാണ് ചെയ്യേണ്ടത്. എന്നാൽ തെറ്റായ ധാരണയുടെ പുറത്ത് പലരും മൊബൈൽ ടവറിനെതിരെ സമരം നടത്തുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് മൊത്തം 1500 മൊബൈൽ ടവറുകൾ ഉണ്ട്. എന്നാൽ അവയൊന്നും മാരക റോഡിയേഷനുകൾ ഉണ്ടാക്കുന്നില്ലെന്ന് ടെലികോം എൻഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആൻഡ് മോണിറ്ററിങ്ങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സി.സുനിത പറയുന്നു. കേരളത്തിൽ മുരിങ്ങാ മരങ്ങൾ കുറയുന്നതിനു പിന്നിൽ ഒരു സീസണിൽ പടർന്ന് രോഗമായിരുന്നു. അതുപോലെ അവയുടെ ആവാസ വ്യവസ്ഥ നശിക്കുന്നതുകൊണ്ടാണ് അടക്കാക്കുരുവികളുടെ അടക്കം എണ്ണം കുറയുന്നത്. അല്ലാതെ അവയിൽ തുളച്ചുകയറി കൊല്ലാനുള്ള കഴിവെന്നും മൊബൈൽ ടവർ റേഡിയേഷനില്ല.

കണക്കുകൾ സംസാരിക്കട്ടെ..

ഇത്തരം ഭീതികൾക്കൊന്നും സ്റ്റാറ്റിക്കൽ എവിഡൻസ് ഇല്ലെന്ന് ശാസ്ത്ര പ്രചാരകൻ ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ബൈജുരാജിന്റെ പോസ്റ്റ് ഇങ്ങനെയാണ്

കുട്ടികളുടെ തലയിലെ ട്യൂമർ :

മൊബൈൽഫോൺ ഉപയോഗിച്ചതിനാൽ കുട്ടികളുടെ തലയിൽ ട്യൂമർ വന്നു, തിരുവനന്തപുരത്തെ ഒരു ആശുപതിയിൽ നൂറോളം കുട്ടികൾ ഒരു ദിവസംമാത്രമായി വന്നു ! എന്നുപറഞ്ഞു ഒരാളുടെ ഓഡിയോക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
.
മൊബൈൽ ഉപയോഗിച്ചാൽ ട്യൂമർ വരുമോ ??
.
എനിക്ക് അറിയാവുന്ന ഒരു കുട്ടിക്കും മൊബൈൽ ഉപയോഗം കാരണം ട്യൂമർ ഇല്ല.
.
നിങ്ങള്ക്ക് അങ്ങനെ ഒരു കുട്ടിയെ എങ്കിലും അറിയാമോ ??

അറിയാമെങ്കിൽ ഇവിടെ പറയാം

അറിയില്ലെങ്കിൽ അറിയില്ല അല്ലെങ്കിൽ ഇല്ല അല്ലെങ്കിൽ 0 എന്നും കമന്റ് ചെയ്യാം.
എത്ര കുട്ടികൾക്ക് തലയിൽ ട്യൂമർ ഉണ്ടെന്നു കണക്കുകൾ സംസാരിക്കട്ടെ..

ഇത് മാക്സിമം ഷെയർ ചെയ്യുക.
കൂടുതൽ ആളുകളുടെ അഭിപ്രായം നമുക്ക് വേണം.
കണക്കുകൾ സംസാരിക്കട്ടെ..

 റേഡിയേഷനെചൊല്ലി അനാവശ്യ ഭീതി

റേഡിയേഷൻ അഥവാ വികരണം എന്നത്, ശരാശരി മലയാളി പലപ്പോഴും ഭീതിയോടെ കാണുന്ന ഒന്നാണ്. റേഡിയേഷൻ എന്നത് ഊർജ്ജം പ്രസരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ്. ഈ പ്രതിഭാസം ഇല്ലെങ്കിൽ ഭൂമിയിൽ ജീവൻ നിലനിൽക്കില്ല. സൂര്യനിൽ നിന്നും ചൂടും പ്രകാശവും ഭൂമിയിലേക്കെത്തുന്നത് റേഡിയേഷൻ മൂലമാണ്. ഈ പ്രതിഭാസം ഉപയോഗപ്പെടുത്തിയാണ് എല്ലാ വാർത്താ വിനിമയ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. ഇവിടെ റേഡിയേഷനുകൾ തന്നെ അടിസ്ഥാനപരമായി രണ്ടു തരം ഉണ്ട്. അയണൈസിങ് റേഡിയേഷനും നോൺ അയണൈസിങ് റേഡിയേഷനും. ഇതിൽ മൊബെൽ റേഡിയേഷൻ നിരുപദ്രവമായ നോൺ അയണൈസിങ്ങ് റേഡിയേഷനാണ്.

ഹൈസ്‌കൂൾ തലത്തിൽ നാം പഠിച്ചതാണ് വൈദ്യുത കാന്തിക തരംഗങ്ങളെ കുറിച്ച് (electro magnetic waves) . ദൃശ്യ പ്രകാശവും ഒരു വൈദ്യുത കാന്തിക തരംഗമാണ്. റേഡിയോ തരംഗങ്ങളും സൂര്യപ്രകാശവും അൾട്രാ വയലറ്റ് കിരണങ്ങളും ഇൻഫ്രാ റെഡും എല്ലാം വൈദ്യുത കാന്തിക തരംഗങ്ങളാണ്. ഇവയെ തരംഗ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഇത്തരം വൈദ്യുത കാന്തിക തരംഗങ്ങളുടെ അടിസ്ഥാനപരമായ സ്വഭാവങ്ങളിൽ പ്രമുഖമാണ് അവയിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം. ഇവിടെ തരംഗ ദൈർഘ്യം കൂടുമ്പോൾ ഊർജ്ജം കുറയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആവൃത്തി (ഫ്രീക്വൻസി) കൂടിയ തരംഗങ്ങളിൽ ഊർജ്ജവും കൂടുതൽ ആയിരിക്കും.

എക്സ് റേ , ഗാമാ തുടങ്ങിയ ഉയർന്ന ആവൃത്തിയുള്ള തരംഗങ്ങളിൽ സ്വാഭാവികമായും ഊർജ്ജ നില വളരെ കൂടുതൽ ആയിരിക്കുമല്ലോ. ഇത്തരം തരംഗങ്ങളിലെ ശക്തമായ ഫോട്ടോണുകൾക്ക് അവ പതിക്കുന്ന വസ്തുക്കളെ അയണീകരിക്കാൻ തക്ക ഊർജ്ജ നില ഉള്ളതായിരിക്കും. ഇത്തരം തരംഗങ്ങൾ ജൈവ കോശങ്ങളിലൂടെ കടന്നു പോകുമ്പോഴും അവയ്ക്ക് സ്ഥായിയായ തകരാറുകൾ ഉണ്ടാക്കുവാൻ കഴിവുള്ളവയാണ്. ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിൽ ദൃശ്യപ്രകാശത്തിനു വലതുവശത്ത് ഉള്ള ഉയർന്ന ആവൃത്തിയുള്ള തരംഗങ്ങൾ പൊതുവേ അയണൈസിങ് റേഡിയേഷൻസ് എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. ഇവിടെ ദൃശ്യപ്രകാശം (385-750 THz) അയണൈസിങ് റേഡിയേഷൻ എന്ന വിഭാഗത്തിൽ പെടുന്നില്ല എങ്കിലും ഉയർന്ന ആവൃത്തിയുള്ള അൾട്രാ വയലറ്റ് തരംഗങ്ങൾ (750-950 THz) അയണൈസിങ് വിഭാഗത്തിൽ പെടുന്നവയാണ്. അതായത് സൂര്യപ്രകാശത്തിൽ തന്നെയുള്ള അൾട്രാ വയലറ്റ് രശ്മികൾ ജൈവ കോശങ്ങളെ നശിപ്പിക്കാൻ പര്യാപ്തമായവയാണ്. ദൃശ്യപ്രകാശത്തിന്റെ ഇടതുവശത്തുള്ളതും ഇൻഫ്രാറെഡ് മുതൽ മുകളിലോട്ട് ആവൃത്തി കുറഞ്ഞതും ആയ തരംഗങ്ങളെ നോൺ അയണൈസിങ് റേഡിയേഷൻസ് എന്നു വിളിക്കാം. സൗരോർജ്ജത്തിനു ചൂടു തരുന്ന ഭാഗം ഇൻഫ്രാ റെഡ് തരംഗങ്ങൾ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 385 Thz മുതൽ 300 Ghz വരെയുള്ള തരംഗങ്ങളാണ് ഇൻഫ്രാ റെഡ് തരംഗങ്ങൾ 1 Ghz മുതൽ 300 Ghz വരെയുള്ള തരംഗങ്ങളെ മൈക്രോ വേവ് തരംഗങ്ങൾ എന്ന് വിളിക്കുന്നു.

മൈക്രോവേവ് എന്ന പേര്  സുപരിചിതമാണ്. അതായത് മൈക്രോവേവ് ഓവനുകൾ പ്രവർത്തിക്കുന്ന അതേ തരംഗങ്ങൾ തന്നെ. മൊബൈൽ ഫോണുകൾ, റഡാറുകൾ, ഫൈഫൈ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. ഇൻഫ്രാ റെഡ് മുതൽ മൈക്രോവേവ് വരെയുള്ള തരംഗങ്ങൾക്ക് അവ കടന്നു പോകുന്ന വസ്തുക്കളെ കമ്പനം ചെയ്യിപ്പിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തിൽ മൈക്രോവേവ് തരംഗങ്ങൾ അവ പതിക്കുന്ന വസ്തുക്കളെ കമ്പനം ചെയ്ത് ചൂടാക്കുന്നു. മൈക്രോവേവ് ഓവനുകൾ ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. സെല്ലുലാർ ഫോൺ, ഫൈഫൈ തുടങ്ങിയവയെല്ലാം മൈക്രോവേവ് ഗണത്തിൽ പെടുന്നതുകാരണം ഇവയ്ക്കെല്ലാം 'ഹീറ്റിങ് എഫക്റ്റ്' ഉണ്ട്. പക്ഷേ ഉയർന്ന ശക്തിയുള്ള തരംഗങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ അവ കടന്നു പോകുന്ന വസ്തുക്കളെ കമ്പനം ചെയ്യിപ്പിച്ച് ചൂടാക്കാൻ കഴിയുകയുള്ളൂ. മൈക്രോവേവ് ഓവൻ പ്രവർത്തിക്കുന്നതും മൊബൈൽ ഫോൺ പ്രവർത്തിക്കുന്നതും ഒരേ ഫ്രീക്വൻസി ബാൻഡിൽ ആണെന്നതിനാൽ മൈക്രോവേവ് ഓവനുകളെപ്പോലെ മൊബൈൽ ഫോൺ തരംഗങ്ങൾക്കും അവ ഏൽക്കുന്ന വസ്തുക്കളെ ചൂടാക്കാൻ കഴിയില്ലേ എന്ന ഒരു സ്വാഭാവിക സംശയം ഉണ്ടായേക്കാം. ഇവിടെ രണ്ടിന്റെയും പവർ ലെവലിൽ ഉള്ള വ്യത്യാസം ശ്രദ്ധിക്കുക- മൈക്രോ വേവ് ഓവന്റെ പവർ 700 വാട്ട് മുതൽ 1000 വാട്ട് വരെ ആണ് മാത്രവുമല്ല ഇത് ഏതാനും സെന്റീ മീറ്ററുകൾക്ക് ഉള്ളിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഉറവിടത്തിൽ നിന്നുള്ള ദൂരം കൂടുന്തോറും ആനുപാതികമായി ഊർജ്ജത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ഇനി മൊബൈൽ ടവറിന്റെ കാര്യം എടുക്കാം. ഒരു മൊബൈൽ ടവറിന്റെ പരമാവധി പവർ 10 മുതൽ 15 വാട്ട് വരെയേ ഉണ്ടാകൂ മൊബൈൽ ഫോണിന്റേതാണെങ്കിൽ 1 മുതൽ 2 വാട്ട് വരെ. ഇതിൽ നിന്നും തന്നെ മൈക്രോ വേവ് ഓവൻ, മൊബൈൽ ടവർ, മൊബൈൽ ഹാൻഡ്സെറ്റ് എന്നിവയുടെ പവർ ലെവലിൽ ഉള്ള വ്യത്യാസം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. ഭീകരന്മാരായ വൈഫൈ റൗട്ടറുകളുടെ പരമാവധി ഔട്പുട് വെറും 250 മില്ലി വാട്ട് ആണ് (സാധാരണഗതിയിൽ 100 മുതൽ 150 മില്ലീവാട്ടെ ഉണ്ടാകാറുള്ളൂ അതായത് ഒരു മൊബൈൽ ഫോണിന്റെ പത്തിൽ ഒന്നു പോലും പവർ ഇല്ലെന്ന് അർത്ഥം). ഒരു മൊബൈൽ ടവർ 500 വാട്ട് പവർ ട്രാൻസ്മിറ്റ് ചെയ്ത് ( എന്ന് സങ്കൽപ്പിക്കുക) ആന്റിനയുടെ ഏതാനും സെന്റീമീറ്ററുകൾ മുന്നിലുള്ള ഒരു പോയന്റിൽ ഫോക്കസ് ചെയ്യാൻ കഴിഞ്ഞാ ൽ ഒന്നോ രണ്ടോ മുട്ടയൊക്കെ പുഴുങ്ങി എടുക്കാൻ പറ്റിയെന്നു വരാം. പക്ഷേ നിർഭാഗ്യവശാൽ അതിന്റെ നൂറിലൊന്ന് പവർ പോലും മൊബൈൽ ടവറുകൾക്ക് ഇല്ല. അപ്പോൾ സാധാരണ മൊബൈൽ ഫോണുകളുടേയും വൈഫൈ റൗട്ടറുകളുടേയും കാര്യം പറയേണ്ടതില്ലല്ലോ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് മൊബൈൽ ഫോണുകളിൽ SAR(Specific Abosrption Rate) നിഷ്‌കർഷിച്ചിരിക്കുന്നത്? വെയിലത്ത് നിന്നാൽ ശരീരത്തിന്റെ ചൂട് കൂടാറില്ലേ? ശരീരം വിയർപ്പിലൂടെയും മറ്റും ആ ചൂട് കുറച്ച് കൊണ്ടുവരാൻ പരമാവധി ശ്രമിക്കുമെങ്കിലും തീർച്ചയായും ശരീരോഷ്മാവ് അല്പമെങ്കിലും കൂടാതിരിക്കില്ല. ഇത് മാത്രമല്ല സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് റേഡിയേഷൻ ത്വക്ക് ആഗിരണം ചെയ്യുന്നതായും അറിയുമല്ലോ. അതുപോലെത്തന്നെ ശരീര കലകൾ മറ്റ് വൈദ്യുത കാന്തിക തരംഗങ്ങളെയും ആഗിരണം ചെയ്യുന്നു. ഇത്തരത്തിൽ ഏത് ഊർജ്ജവും ഒരു പരിധിയിൽ കൂടുതൽ ആഗിരണം ചെയ്യുന്നത് ശരീര കലകൾക്ക് ദോഷമുണ്ടാക്കിയേക്കാം. ഓർമ്മിക്കുക ഇതിന് ക്യാൻസർ ഉണ്ടാക്കുക എന്ന അർത്ഥം ഇല്ല. വൈദ്യുത കാന്തിക വികിരണങ്ങൾ കൂടുതൽ നേരം ഒരു പ്രത്യേക ഇടത്ത് പതിക്കുമ്പോൾ അവിടത്തെ താപ നിലയിൽ ചെറുതായ വർദ്ധനവ് ഉണ്ടായേക്കാം. ഇത് വികിരണത്തിന്റെ ശക്തി, ഫ്രീക്വൻസി, വികിരണമേൽക്കുന്ന സമയം എന്നിവയ്ക്ക് നേർ അനുപാതത്തിൽ ആയിരിക്കും. ഈ ആഗിരണത്തോത് ടഅഞ എന്ന പേരിൽ അറിയപ്പെടുന്നു. വാട്സ് പ്രതി കിലോഗ്രാം (Watts/Kg) ആണ് ഇതിന്റെ യൂണിറ്റ്. എല്ലാ രാജ്യങ്ങളും അതത് രാജ്യങ്ങളിലെ മൊബൈൽ ഫോണുകൾക്കായി ടഅഞ പരിധി നിർണ്ണയിച്ചിട്ടൂണ്ട്. അമേരിക്കയിൽ 1.6 വാട്സ് / കിലോഗ്രാം ആണെങ്കിൽ യൂറോപ്യൻ യൂണിയനിൽ ഇത് 2 വാട്സ് / കിലോഗ്രാം ആണ്. ഇന്ത്യ അമേരിക്കൻ മാതൃക പിൻതുടർന്ന് 1.6 വാട്സ് / കിലോഗ്രാം ആയി എസ് എ ആർ പരിധി നിർണ്ണയിച്ചിരിക്കുന്നു. ഒരു മൊബൈൽ ടവർ ആന്റിനയുടെ തന്നെ നേരെ മുന്നിൽ ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിൽ മണിക്കൂറുകൾ നിന്നാലും അതുപോലും എഇഇ നിഷ്‌കർഷിക്കുന്ന പരിധിയുടെ നൂറിൽ ഒരംശം പോലും എത്തുകയില്ല. ഉയർന്ന ടഅഞ ഉള്ള മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതുകൊണ്ട് ചെവി ചൂടാകുന്നു, തലവേദനിക്കുന്നു എന്നു തുടങ്ങി പല മിഥ്യാ ധാരണകളുമുണ്ട്. ഹെഡ് സെറ്റ് ഉപയോഗിക്കാതെ ഫോൺ ചെവിയോട് ചേർത്ത് വച്ച് ദീർഘ നേരം ഉപയോഗിക്കുമ്പോൾ ഫോണിന്റെ ചൂട് ചെവിയിലേക്ക് എത്തുന്നതും വായുസഞ്ചാരം തടസ്സപ്പെടുന്നതുമാണ് ഇത്തരത്തിൽ ചെവി ചൂടാകാനുള്ള കാരണമെന്നോർക്കുക അല്ലാതെ ഫോണിന്റെ റേഡിയേഷൻ തലയ്ക്കുള്ളിലേക്ക് കയറി തലയെ ചൂടാക്കുന്നതല്ല. അതിനാൽ ദീർഘ നേരം സംസാരിക്കുമ്പോൾ ഹെഡ്സെറ്റ് ഉപയോഗിക്കുന്ന ശീലം ഇല്ലെങ്കിൽ ഡിസ്പ്ലേയും ബാറ്ററിയും അധികം ചൂടാകാത്ത ഫോൺ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. റേഡിയേഷനെ കുറിച്ച് വല്ലാതെ ഭീതിയുള്ളവർ ഇയർ ഫോണുകൾ ഉപയോഗിക്കുക. ഫോൺ ചെവിയിൽനിന്ന് അകലെ പിടിക്കുന്തോറും റേഡിയേഷന്റെ അളവ് കുറയുന്നു. അല്ലെങ്കിൽ ലൗഡ് സ്പീക്കർ മോദിലിട്ട് സംസാരിക്കുക.

മറക്കരുത് വെയിൽ മുതൽ പെട്രോളും ഡീസലും വരെ കാർസിനോജനുകളാണ്

ലോകാരോഗ്യ സംഘടനയുടെ ഭാഗമായ International Agency for Research on Cancer ( ഐഎആർസി) വൈഫൈ റേഡിയേഷനുകളെ കാൻസറിനു കാരണമായേക്കാമെന്ന് സംശയിക്കപ്പെടുന്ന കാർസിനോജനിക് പട്ടികയിൽ (2 B Table) പെടുത്തിയിട്ടുണ്ട് എന്ന വിവരത്തെ വളച്ചൊടിച്ചും ഞെരിച്ചൊടിച്ചും മൊബൈൽ ഫോണുകളെയും വയർലെസ് റൗട്ടറുകളെയും ഭീകര ജീവികളാക്കാൻ അന്താരാഷ്ട്ര ജേക്കബ് വടക്കഞ്ചേരിമാരും എത്തിനിക് ഹെൽത് കോർട്ട് പോലെയുള്ള ഫേസ്‌ബുക്ക് പേജുകളും മത്സരിക്കയാണ്. ഐഎആർസി ക്യാൻസർ കാരകങ്ങളായ പദാർത്ഥങ്ങളെ ക്യാൻസർ ഉണ്ടാക്കാനുള്ള സാദ്ധ്യതകളുടെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ആ പട്ടിക ഒന്ന് പരിശോധിക്കാം.

Group 1 - Carcinogenic to humans (120 agents)

Group 2A - Probably carcinogenic to humans(81 agents)

Group 2B - Possibly carcinogenic to humans (294)

Group 3 - Not classifiable as to its carcinogenicity to humans (505)

Group 4 - Probably not carcinogenic to humans (1)

ഇതിൽ ഗ്രൂപ്പ് 1 വിഭാഗത്തിൽ പെടുന്ന പദാർത്ഥങ്ങൾ ക്യാൻസർ ഉണ്ടാക്കാൻ കൂടുതൽ സാദ്ധ്യതകൾ ഉള്ളതാണ്. എക്സറേ മുതൽക്കുള്ള റേഡിയോ ആക്റ്റീവ് വികിരണങ്ങൾ , റേഡിയം , ആഴ്സനിക് തുടങ്ങിയ അപകടകരമായ പദാർത്ഥങ്ങൾ മുതൽ അറക്കപ്പൊടി, ഉണക്കമീൻ, വാഹനങ്ങളുടെ പുക, ആസ്ബസ്റ്റോസ്, മിനറൽ ഓയിൽ,.. എന്നു തുടങ്ങി നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല വസ്തുക്കളും ഗ്രൂപ്പ് 1 പട്ടികയിൽ പെടുന്നു. സൗരോർജ്ജവും (സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് വികിരണങ്ങൾ ) ഈ പട്ടികയിൽ ഉണ്ടെന്ന് ഓർക്കുക. അതായത് വെയിലു കൊണ്ടാൽ ക്യാൻസർ വരും എന്ന് ചിലർക്ക് ഈ പട്ടികയുടെ അടിസ്ഥാനത്തിൽ തറപ്പിച്ചു പറഞ്ഞേക്കാം.

ഗ്രൂപ്പ് 2 aയിൽ ആകട്ടെ 65 ഡിഗ്രി സെന്റീഗ്രേഡിനു മുകളിൽ ചൂടുള്ള പാനീയങ്ങൾ വരെ കാർസിനോജനിക് ആണ്. ഒറ്റ ബുദ്ധിയിലൂടെ ഇത് മാത്രം ഉദാഹരിച്ച് ചൂടുവെള്ളം കുടിച്ചാൽ കാൻസർ ഉണ്ടാകും എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും? ബിറ്റുമിൻ ഗ്രൂപ്പ് 2A കാർസിനോജനിക് ആണ്. ലോകാരോഗ്യ സംഘടനയുടെ കാൻസർ കാരകമായ പദാർത്ഥങ്ങളുടെ പട്ടികയിൽ ബിറ്റുമിൻ ഉള്ളതിനാൽ വേനൽക്കാലത്ത് ടാറിട്ട റോഡിലൂടെ സഞ്ചരിക്കുന്നത് കാൻസർ
ഉണ്ടാക്കും എന്നൊരു സിദ്ധാന്തം ഇറക്കിയാൽ എങ്ങിനെയിരിക്കും?

ഇതും കഴിഞ്ഞാണ് ഗ്രൂപ്പ് 2 ആ വിഭാഗത്തിൽ പെടുന്ന പദാർത്ഥങ്ങളും സംയുക്തങ്ങളും വികിരണങ്ങളുമെല്ലാം വരുന്നത്. അതായത് താരതമ്യേന വളരെ സാദ്ധ്യത കുറവുള്ളതും എന്നാൽ പൂർണ്ണമായും തള്ളിക്കളയാൻ കഴിയാത്തതുമായ കാൻസർ കാരക പദാർത്ഥങ്ങളുടെ ഒരു ലിസ്റ്റ്. ഈ പട്ടികയിൽ 294 വസ്തുക്കളാണുള്ളത്. മൊബൈൽ ഫോണുളും വൈഫൈയുമെല്ലാം പ്രവർത്തിക്കുന്ന റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഈ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഒരൊറ്റ പട്ടികയിൽ കടിച്ച് തൂങ്ങി മൊബൈൽ ടവറുകളും വൈഫൈയുമാണ് കാൻസർ ഉണ്ടാക്കുന്നതെന്ന നെടുങ്കൻ ലേഖനങ്ങൾ ചമയ്ക്കുന്നവരും പ്രഭാഷണങ്ങൾ നടത്തുന്നവരും ബോധപൂർവ്വം ഒരു കാര്യം വിട്ടുകളയുന്നു ഇതേ പട്ടികയിൽ പെട്രോളിയം ഉല്പന്നങ്ങൾ മുതൽ ടാൽകം പൗഡർ വരെയും കറ്റാർ വാഴ മുതൽ കാപ്പിപ്പൊടി വരെയുമുള്ള മിക്ക നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടുന്നു. മാത്രവുമല്ല ഈ വസ്തുക്കളെല്ലാം ഏറിയും കുറഞ്ഞും ഒറ്റക്കും അല്ലാതെയും പല രൂപത്തിൽ നമുക്ക് ചുറ്റും ഉണ്ട്. ചില പ്രതികൂല സാഹചര്യങ്ങളും നിർദ്ദിഷ്ട അളവിലും വളരെ കൂടുതലായി ദീർഘകാലത്തെ ഉപയോഗവുമെല്ലാം ഈ വസ്തുക്കൽ ക്യാൻസർ കാരകങ്ങളായി പ്രവർത്തിക്കുവാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാകില്ല. ഒരു ഉദാഹരണം പറയാം. എക്സറേ കാൻസർ
കാരകമായതും അയണൈസിങ് റേഡിയേഷൻ വിഭാഗത്തിൽ പെടുന്നതുമായ ഒരു വികിരണമാണ്. അതുകൊണ്ട് മാത്രം വല്ലപ്പോഴും ഒരു എക്സറേ എടുക്കുന്നത്  അർബുദം 
ഉണ്ടാക്കും എന്ന് അർത്ഥമില്ല എന്നു മാത്രവുമല്ല നിരുപദ്രവകരവുമാണെന്ന് ക്ലിനിക്കൽ ട്രയലുകൾ സൂചിപ്പിക്കുന്നു.

പക്ഷേ ഒരു എക്സറേ ടെക്നീഷ്യന്റെ കാര്യം അതല്ല. ദിവസേന നൂറുകണക്കിന് എക്സറേകൾ എടുക്കുന്ന ഒരു ടെക്നീഷ്യൻ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. സൗരോർജ്ജത്തിലെ അൾട്രാ വയലറ്റ് കാർസിനോജനാണ്‌. സാധാരണ ഇടങ്ങളിൽ ഇത് അത്ര മാരകമാകുന്നില്ല എങ്കിലും സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യതാപം കൂടുതൽ നേരം ഏൽക്കുന്നത് അപകടകരമാണ്. അതിനാൽ ഈ കാൻസർ
കാരക പദാർത്ഥങ്ങളെല്ലാം ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക അളവിൽ കൂടുതൽ ആയാൽ മാത്രമേ അർബുദം ഉണ്ടാക്കാൻ കാരണമാവുകയുള്ളൂ. ഈ പട്ടികയിലെ ചില പദാർത്ഥങ്ങളുടെ കാര്യത്തിലാകട്ടെ ഇത്തരം സാഹചര്യങ്ങളും സാദ്ധ്യതകളും നഗരവീഥിയിലൂടെ കാറിൽ സഞ്ചരിക്കുന്ന ഒരാളെ കരടി പിടിച്ച് തിന്നുവാനുള്ള സാദ്ധ്യതകൾക്ക് സമവുമാണ്. കാര്യങ്ങൾ ഇങ്ങനെയായിട്ടും വാട്സാപ്പ് 'വിജ്ഞാനകോശങ്ങൾ' വഴി പ്രചാരണം കൊഴുക്കയാണ്.

കേശവമാമൻ റിട്ടേൺസ്

ഇതുസംബന്ധിച്ച് ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ശിബു ബിയുടെ പോസ്റ്റ് ഇങ്ങനെയാണ്.

'കേശവൻ മാമൻ റിട്ടേൺസ്'-കഴിഞ്ഞ ദിവസം ഒരു friend's group വന്ന audio msg ( മിക്കവാറും എല്ലാവർക്കും കിട്ടി കാണും .) Rcc യിൽ ഒരു ഡോക്ടറിന്റെ റൂമിൽ ചിലവഴിച്ച സമയത്തിനുള്ളിൽ വന്ന രോഗികളിൽ ഭൂരിഭാഗം കുട്ടികൾക്കും യൃമശി ട്യൂമർ ആയിരുന്നു. അത്രേ
(പുള്ളിയുടെ ഏകദേശ കണക്കാണ്..)

അതിനു അദ്ദേഹത്തിന്റെ തീയറിയും ഉണ്ട്...
'എന്തു ചെയ്യും, ഇപ്പോഴത്തെ കുട്ടികൾ ഫുൾടൈം മൊബൈലിൽ അല്ലേ കളി, പിന്നെ എങ്ങനെ ക്യാൻസർ വരാതിരിക്കാൻ കഷ്ട്ടം തന്നെ' (ഇത് പുള്ളി റെക്കോർഡ് ചെയ്ത് മൊബൈലിൽ ആണോ എന്തോ? എന്തായാലും വാട്സാപ്പിൽ ഇട്ട് അയച്ചിട്ടുണ്ട് , ശാസ്ത്രത്തിനു അദ്ദേഹത്തിന്റെ മഹത്തായ സംഭാവന എന്നു കരുതാം) മൊബൈൽ റേഡിയേഷൻനെ പറ്റി ഒരുപാട് പറഞ്ഞിരുന്നു ഇപ്പോഴും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു..എന്തുചെയ്യും ആളുകളുടെ പേടി ഇപ്പോഴും മാറുന്നില്ല 'ചമ്പൂർണ്ണ ചാച്ചരദ' യുടെ ഗുണം! മേരിക്ക്യുറിയുടെ വാക്കുകൾ കടം എടുത്ത് പറഞ്ഞാൽ 'നിങ്ങൾ ഒരു കാര്യത്തെയും ഭയക്കേണ്ടതില്ല. അതിനെ ശരിയായ രീതിയിൽ മസിലാക്കുക, ഭയം അറിവില്ല്ലായിമയിൽ നിന്നാണ് ഉണ്ടാകുന്നത്. ആധുനിക മനുഷ്യന്റെ ഏറ്റവും ഉറ്റ സുഹൃത്തും, രഹസ്യങ്ങൾ സൂക്ഷിക്കുന്ന 'ഒരു അവയവം 'എന്നു തന്നെ പറയാം മൊബൈലുകൾ.

ഇവ ഇലക്ട്രോണിക് ഉപകരണങ്ങൾ ആണല്ലോ,അതു പ്രവർത്തിക്കുന്നത് ഇലട്രോമാഗ്നറ്റിക്ക് തരംഗങ്ങൾ ഉപയോഗിച്ച് ആണ്.. ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളെ രണ്ടായി തരം തിരിക്കാം. അയോണൈസിങ്ങ് ആൻഡ് നോൺ അയോണൈസിങ്ങ്. ഇതിൽ നോൺ അയോണൈസിങ്് തരംഗങ്ങൾ ആണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. ഇത്തരം റേഡിയേഷനുകൾക്ക് ഒരു atom ത്തിൽ നിന്നും ഇലേക്ട്രോണിനെ പുറത്തു കൊണ്ടുവരാനുള്ള ഊർജം ഇല്ല.. അതായത് മനുഷ്യന്റെ ഡിഎൻകളിൽ വ്യതിയാനം വരുത്താൻ അവക്ക് സാധിക്കില്ല. എന്നാൽ ഊർജം കൂടുതലുള്ള ionizing radiation (UV, X ray ,Gamma ) എന്നിവ കൂടുതൽ സമയം ശരീരത്തിൽ പതിച്ചാൽ മനുഷ്യ ശരീരത്തിനു അപകടകരമായ അവസ്ഥ ഉണ്ടാകാം ...എന്നാൽ ഇവ കമ്മ്യൂണിക്കേഷൻ ആവശ്യത്തിന് ഉപയോഗിക്കാൻ പര്യാപ്തമല്ല.

നമ്മൾ ഇന്ന് ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തുവിടുന്ന തരംഗങ്ങൾ പല ഗവേഷണങ്ങൾക്കും വിധേയമാണ്. അങ്ങനെ നിരന്തരം ഗവേഷണത്തിന് ശേഷം മാത്രം ആണ്. ഇവ മാർക്കറ്റിൽ ലഭ്യമാകുന്നത്. ഇന്നും ഈ വിഷയത്തിൽ റീസേർച്ച് നടക്കുന്നുണ്ട് അതാണ് ശാസ്ത്രത്തിന്റെ രീതി, അല്ലാതെ എന്താണ് കാരണം എന്നറിയാതെ വെറുതെ ഭീതിയിലാഴ്‌ത്തി വിവരം കൈമാറ്റം ചെയ്യുകയല്ല. ഇനി കേരത്തിലെ കുട്ടികൾക്ക് യൃമശി ട്യൂമർ കൂടുതലായി കാണുന്നുണ്ടോ? എങ്കിൽ അതിനു എന്താണ് കാരണം എന്ന് പഠിക്കുക? Brain ക്യാൻസറിന്റെ ഡാറ്റ ഷീറ്റ് ഉണ്ടാക്കി അതു അസാധാരണ നിരക്കിലാണോ എന്ന് പരിശോധിക്കണം, അത് അല്ലേ വേണ്ടത് അല്ലാതെ വെറുതെ എന്തെങ്കിലും പടച്ചു വിട്ടിട്ട് എന്താണ് പ്രയോജനം?ഒരു അടിസ്ഥാനമില്ലാതെ എന്തെങ്കിലും പറഞ്ഞു പരത്തി സായൂജ്യം അണയുന്ന 'കേശവൻ മാമൻ മാരെ ' സൂക്ഷിക്കുക... നിങ്ങൾക്ക് ഈ വിഷയത്തെ അറിയണം എന്ന് ഉണ്ടെങ്കിൽ അറിയാൻ ഒരുപാട് മാർഗങ്ങൾ ഉണ്ട് അതു ഉപയോഗിക്കുക.. ചിന്തിക്കാൻ ധൈര്യപ്പെടുക

മൊബൈൽഫോൺ ഉപയോഗിച്ചാൽ മിന്നൽ എൽക്കുമോ?

അതുപോലെ പ്രചരിക്കുന്ന മറ്റൊരു അന്ധവിശ്വാസമാണ് മിന്നലടിക്കുമ്പോൾ സെൽഫോൺ ഓഫ് ചെയ്യണമെന്ന്. മിന്നലിനെ മൊബൈൽ ഫോൺ ആകർഷിക്കുമെന്ന കുപ്രചാരണവും ചിലർ നടത്തുന്നു.

ഇതുസംബന്ധിച്ച് ഡോ. വൈശാഖൻ തമ്പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ചോദ്യം: മൊബൈൽ ഫോൺ ഉപയോഗിച്ചോണ്ടിരുന്നാൽ ഇടിമിന്നലേൽക്കാൻ സാധ്യതയുണ്ടോ?മുമ്പൊരിക്കലെഴുതിയതാ. പിന്നേം ചൂടുപിടിച്ച് പ്രചരിക്കുന്ന 'ഉപദേശങ്ങളുടെ' പശ്ചാത്തലത്തിൽ പോസ്റ്റ് ചെയ്യുന്നു.ഉത്തരം ചുരുക്കത്തിൽ: സാധ്യതയുണ്ട്. പക്ഷേ മൊബൈൽ ഉപയോഗിച്ചില്ലെങ്കിലും മിന്നലേൽക്കാൻ അത്ര തന്നെ സാധ്യതയുണ്ടാകും.

ഉത്തരം വിശദമായി: മൊബൈൽ ഫോൺ ഉപയോഗിക്കവേ മിന്നലേറ്റ് മരിച്ച സംഭവങ്ങൾ വലിയ വാർത്തകളാവാറുണ്ട്. അവയിൽ മിക്കതും വാട്സാപ്പും ഫേസ്‌ബുക്കും പോലുള്ള മാധ്യമങ്ങളിലൂടെ നിത്യഹരിത സന്ദേശങ്ങളായി പാറിപ്പറന്ന് നടക്കുകയും ചെയ്യും. 'ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും' എന്നതായിരിക്കും ഗുണപാഠം. എന്നാൽ ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്.

എന്താണ് ഇടിമിന്നൽ? ആത്യന്തികമായി, ചാർജുകളുടെ ഒരു അണപൊട്ടിയൊഴുകലാണ് അത്. എല്ലാ വസ്തുക്കളും ആറ്റങ്ങളാൽ നിർമ്മിതമാണ്. ആറ്റങ്ങൾ പോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസ്സിനോട് നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ചേർന്നാണ് ഉണ്ടാകുന്നത് എന്നതിനാൽ എല്ലാ വസ്തുക്കളിലും ചാർജുണ്ട്. പക്ഷേ പോസിറ്റീവും നെഗറ്റീവും ഓരോ ആറ്റത്തിലും പരസ്പരം തുല്യമായി ക്യാൻസൽ ചെയ്യുന്നതുകൊണ്ട് അതിന്റെ പ്രഭാവം നമുക്ക് അറിയാനാകില്ല എന്നേയുള്ളു. എന്നാൽ വസ്തുക്കൾ പരസ്പരം ഉരസുന്നതുപോലെയുള്ള സാഹചര്യങ്ങളിൽ ചിലപ്പോൾ ചാർജുകൾ തമ്മിൽ വേർപിരിക്കപ്പെടാറുണ്ട്. ഉണങ്ങിയ മുടിയിൽ ചീപ്പ് കൊണ്ട് ഉരസിയ ശേഷം ചെറിയ പേപ്പർ കഷണങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുചെന്നാൽ, ചീപ്പ് പേപ്പർ കഷണങ്ങളെ വലിച്ച് പിടിക്കുന്ന പരീക്ഷണം ചെയ്തിട്ടില്ലേ? ഉരസുമ്പോൾ ചാർജ് രണ്ട് വസ്തുക്കളിലായി വേർതിരിക്കപ്പെടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ വേർതിരിക്കപ്പെടുന്ന ചാർജിന് നീങ്ങിപ്പോകാനുള്ള സാഹചര്യം ഇല്ലെങ്കിൽ, അതവിടെ പതിയെ കുമിഞ്ഞുകൂടാൻ തുടങ്ങും. (ചാർജിന് നീങ്ങിപ്പോകാൻ സാഹചര്യമുള്ള ലോഹങ്ങളെ ഉരസി ചാർജ് ചെയ്യാൻ കഴിയാത്തത് അതുകൊണ്ടാണ്).

എത്രത്തോളം ചാർജ് കുമിഞ്ഞുകൂടുന്നുവോ അത്രത്തോളം വലിയൊരു പൊട്ടൻഷ്യൽ അവിടെ രൂപം കൊള്ളുന്നു എന്ന് പറയാം. രണ്ട് സ്ഥലങ്ങൾക്കിടയിൽ പൊട്ടൻഷ്യലിൽ വ്യത്യാസം ഉണ്ടെങ്കിൽ, അവിടങ്ങൾക്കിടയിൽ ഒരു വൈദ്യുതപ്രവാഹം ഉണ്ടാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. രണ്ട് ഉയരങ്ങളിലിരിക്കുന്ന രണ്ട് ജലടാങ്കുകളെ ഒരു പൈപ്പ് ഉപയോഗിച്ച് ബന്ധിച്ചാൽ ഉയരെയുള്ളതിൽ നിന്ന് താഴത്തേതിലേക്ക് ജലം ഒഴുകുന്നത് പോലെ തന്നെ. എത്രത്തോളം വീതി കൂടിയ പൈപ്പാണോ അത്രത്തോളം വലുതായിരിക്കും ജലത്തിന്റെ ഒഴുക്ക്. ആ പൈപ്പിനെ നമ്മൾ അടച്ചുപിടിച്ചാലും പൊട്ടൻഷ്യൽ വ്യത്യാസം അവിടെത്തന്നെ നിൽക്കും. പക്ഷേ ഇടയ്ക്കുള്ള പാത (പൈപ്പ്) ജലപ്രവാഹത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാൽ ജലപ്രവാഹം ഉണ്ടാകുന്നില്ല എന്നേയുള്ളൂ. ചാർജുകളുടെ കാര്യത്തിൽ, ടാങ്കുകൾ തമ്മിലുള്ള ഉയരവ്യത്യാസത്തിന് സമാനമാണ് വോൾട്ടേജ് (Voltage, V). ജലപ്രവാഹത്തിന് സമാനമാണ് കറന്റ് (Current, I). ഇടയ്ക്കുള്ള പൈപ്പ് എത്രത്തോളം ജലപ്രവാഹത്തെ തടയും എന്നതിന് സമാനമാണ്, പൊട്ടൻഷ്യൽ വ്യത്യാസമുള്ള രണ്ട് ഭാഗങ്ങൾക്കിടയിലെ പ്രതിരോധം (Restsiance, R). ഈ മൂന്ന് അളവുകളേയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രസിദ്ധമായ നിയമമാണ് ഓം നിയമം. ഢ = ക ഃ ഞ എന്നാണ് അത് പറയുന്നത്. അതായത് രണ്ട് സ്ഥലങ്ങൾക്കിടയിലെ വോൾട്ടേജ്, എത്ര കറന്റുണ്ടാക്കുമെന്ന് തീരുമാനിക്കുന്നത് അവയ്ക്കിടയിലെ പ്രതിരോധമാണ്.

ശരീരത്തിലൂടെയുള്ള വൈദ്യുതപ്രവാഹം അപകടകരമാണ്. നമ്മുടെ നാഡികളും പേശികളുമൊക്കെ ശക്തി കുറഞ്ഞ വൈദ്യുതസിഗ്നലുകൾ വഴിയാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്നും മറ്റേതെങ്കിലും വൈദ്യുതി ആ വഴിയിലൂടെ ഒഴുകിയാൽ സ്വാഭാവിക നാഡി സിഗ്നലുകൾ തകിടം മറിയും. അത് പേശികളെ പിടിച്ചുമുറുക്കുന്നത് തൊട്ട്, വൈദ്യുതപ്രവാഹം വഴി താപം ഉണ്ടായി ശരീരം കത്തിപ്പോകുന്നത് വരെ പല രീതിയിലുള്ള ഫലങ്ങൾ ഉണ്ടാക്കാം. ഹൃദയത്തിനെ മിടിപ്പിക്കുന്ന പേശികളെയൊക്കെ ബാധിക്കുമ്പോഴാണ് പലപ്പോഴും ഷോക്ക് മരണത്തിന് കാരണമാകുന്നത്. എന്തായാലും ഒഴുകുന്ന കറന്റിന്റെ അളവനുസരിച്ചിരിക്കും അതുണ്ടാക്കുന്ന ഫലം. എപ്പോഴും ഓർക്കുക, വോൾട്ടേജല്ല കറന്റാണ് അപകടമുണ്ടാക്കുന്നത്. ഒരു പ്രത്യേക വോൾട്ടേജ് എത്ര കറന്റ് ഉണ്ടാക്കുമെന്ന് തീരുമാനിക്കുന്നത് ഇടയ്ക്കുള്ള പ്രതിരോധമാണെന്ന് പറഞ്ഞല്ലോ. സ്വിച്ച് ബോർഡിലെ രണ്ട് ദ്വാരങ്ങളിൽ ഒന്ന് (ഫെയ്സ്) വളരെ ഉയർന്ന പൊട്ടൻഷ്യലിലാണ് ഉണ്ടാകുക. പക്ഷേ ചുറ്റുമുള്ള മാധ്യമങ്ങൾ -പ്ലാസ്റ്റിക്കോ വായുവോ- പ്രതിരോധം വളരെ കൂടിയതായതിനാൽ സ്വാഭാവിക വൈദ്യുതപ്രവാഹം സാധ്യമാകില്ല. അവിടെ നിങ്ങൾ സ്വന്തം ശരീരം കൊണ്ട് തൊട്ടാൽ, ഫെയ്സിനും താഴെ ഭൂമിക്കും ഇടയിൽ ഒരു വൈദ്യുതപ്രവാഹത്തിന് പറ്റിയ, പ്രതിരോധം കുറഞ്ഞ ഒരു റോഡ് ഓഫർ ചെയ്യുകയാണ് ചെയ്യുന്നത്. അതാണ് ഷോക്കടി എന്ന 'അനുഭൂതി'യായി മാറുന്നത്. എന്നാൽ അതേ സമയം, മണ്ണിൽ താഴ്ന്നുകിടക്കുന്ന ഒരു ലോഹവയർ കൂടി ഫെയ്സിൽ കൊണ്ട് മുട്ടിച്ചാൽ കറന്റ് നിങ്ങളെ വേണ്ടാന്നുവെച്ച് അതിലൂടെ ഒഴുകും. കാരണം അതെപ്പോഴും പ്രതിരോധം കുറഞ്ഞ വഴിയിലൂടെ ഒഴുകാനേ ശ്രമിക്കൂ. (ഇപ്പറഞ്ഞ തത്വമാണ് വയറിങ്ങിൽ 'എർത്തിങ്' വഴി സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിക്കുന്നത്)

വൈദ്യുതിയുടെ ഇത്രയും അടിസ്ഥാന ഗുണങ്ങൾ മനസിലാക്കിയാൽ ഇനി ഇടിമിന്നലിലേക്ക് വരാം. അന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകൾ കാരണം പലപ്പോഴും മേഘങ്ങളിൽ ചാർജുകൾ കുമിഞ്ഞുകൂടാറുണ്ട്. മേഘങ്ങളുടെ അടിഭാഗത്ത് നെഗറ്റീവും മുകൾ ഭാഗത്ത് പോസിറ്റീവും ചാർജാണ് അടിയുക. ഒരു പരിധിക്കപ്പുറം പൊട്ടൻഷ്യൽ വ്യത്യാസം ഉയർന്നാൽ, ചാർജുകൾ ഇടയ്ക്കുള്ള മാധ്യമത്തെ അയണീകരിച്ച് അതുവഴി ഒഴുകി അതില്ലാതാക്കാൻ ശ്രമിക്കും. അയണീകരണം എന്നാൽ, ഇടയ്ക്കുള്ള മാധ്യമത്തിലെ ആറ്റങ്ങളിലെ ഇലക്ട്രോണുകളെ പറിച്ചെറിയുന്ന പരിപാടിയാണ്. അതോടെ ആറ്റങ്ങൾ ചാർജുള്ള അയോണുകളാകുകയും, കറന്റിന് പറ്റിയ പ്രതിരോധം കുറഞ്ഞ ഒരു വഴി രൂപം കൊള്ളുകയും ചെയ്യുന്നു. കുമിഞ്ഞുകൂടുന്ന ചാർജ് ഇങ്ങനെ ഒഴുകി പൊട്ടൻഷ്യൽ വ്യത്യാസം ഇല്ലാതാകുന്ന പ്രക്രിയയെ ഡിസ്ചാർജിങ് എന്ന് വിളിക്കാം. മേഘങ്ങളിൽ നിന്നും അയണീകരിക്കപ്പെട്ട വായുവിലൂടെ ഡിസ്ചാർജിങ് നടക്കുമ്പോൾ ആ വൈദ്യുതി അത്യധികം ഉയർന്ന താപനില സൃഷ്ടിക്കും. അതിന്റെ ഫലമായി വായു ചുട്ടുപഴുത്ത് പ്രകാശിക്കുന്നതാണ് മിന്നൽ (ളഹമവെ) ആയിട്ട് നമ്മൾ കാണുന്നത്.

മേഘങ്ങളിലെ ഡിസ്ചാർജിങ് മൂന്ന് രീതിയിൽ നടക്കാം; അതേ മേഘത്തിന്റെ തന്നെ മറ്റൊരു ഭാഗത്തേയ്ക്ക് ചാർജൊഴുകാം, മറ്റൊരു മേഘത്തിലേയ്ക്ക് ഒഴുകാം, പിന്നെ ഭൂമിയിലേക്ക് ഒഴുകാം. ഇതിൽ ആദ്യത്തേതാണ് ഏറ്റവും സാധാരണമായി നടക്കുന്നത്. പക്ഷേ നമ്മൾ മനുഷ്യരെ സംബന്ധിച്ച്, മൂന്നാമത്തേതാണ് പ്രധാനം. അത് അന്തരീക്ഷത്തിൽ ആകെ ഉണ്ടാകുന്ന ഇടിമിന്നലുകളുടെ നാലിലൊന്നേ വരുള്ളൂ എങ്കിലും, അത്യധികം ഉയർന്ന അളവിൽ ചാർജ് ഇങ്ങ് ഭൂമിയിലേക്ക് ഒഴുകിവരുന്ന കാര്യമായതിനാൽ നമുക്കതിനെ പേടിക്കേണ്ടിവരും. ഒരു മനുഷ്യന് മരിക്കാൻ 0.1 ആമ്പിയർ (0.1 അ) കറന്റ് ഒക്കെ മതിയാകും എന്നിരിക്കേ, മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്കുള്ള ഡിസ്ചാർജിങ് ആയിരക്കണക്കിന് ആമ്പിയർ വരുന്ന കറന്റായിട്ടാണ് നടക്കുന്നത് എന്നോർക്കണം. ചില്ലറ കളിയല്ല!

മേഘങ്ങളിൽ ഒരു പരിധിക്കപ്പുറം ചാർജ് കുമിഞ്ഞുകൂടി പൊട്ടൻഷ്യൽ വല്ലാതെ ഉയരുമ്പോൾ, തറയോ തറയിലെ ഉയർന്ന ഒരു വസ്തുവോ സൗകര്യത്തിന് ഒത്തുകിട്ടിയാൽ അതിലേക്ക് ഡിസ്ചാർജിങ് നടക്കാനുള്ള സാധ്യതയുണ്ട്. ചാർജ് പ്രവാഹം എപ്പോഴും പ്രതിരോധം കുറഞ്ഞ വഴി നോക്കുമെന്ന് പറഞ്ഞല്ലോ. വായുവിലെ മർദം, താപനില, ജലാംശം ഇവയൊക്കെ അനുസരിച്ച് ഓരോ ഭാഗത്തും പ്രതിരോധവും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് മിന്നലിന്റെ വരവ് ഇത്തിരി സങ്കീർണമാണ്. ആദ്യം മേഘം വിട്ട് പുറത്തേയ്ക്കിറങ്ങുന്ന ചാർജ് വായുവിൽ പല ദിശയിൽ ശാഖകളായിട്ട് ചിതറും. അതിൽ ഏറ്റവും പ്രതിരോധം കുറഞ്ഞ ശാഖയിലേക്കാകും അടുത്ത ഘട്ടം ചാർജൊഴുക്ക് (മറ്റ് ശാഖകൾ പതിയെ നിന്നുപോകും). ആ ശാഖയിൽ നിന്ന് പിന്നേയും ശാഖകളുണ്ടാകും. അതിലും ഏറ്റവും പ്രതിരോധം കുറഞ്ഞതിൽ നിന്ന് പിന്നേയും ശാഖകളുണ്ടാകും... ഇതിങ്ങനെ ഘട്ടം ഘട്ടമായി ആവർത്തിക്കും. അതാണ് മിന്നലിന്റെ ഫോട്ടോകളിൽ ഒറ്റവരിയായി ഒഴുകുന്നതിന് പകരം അതിങ്ങനെ ഒടിഞ്ഞൊടിഞ്ഞ് മണ്ണിലേക്ക് വരുന്നതായി തോന്നുന്നത്. ഇതിൽ ഏതെങ്കിലും ഒരു ശാഖ മണ്ണിൽ മുട്ടിക്കഴിഞ്ഞാൽ (അതിന് സെക്കൻഡിലൊരംശം സമയം മതിയാകും), പിന്നീടാണ് ശരിക്കുള്ള ഷോ! അതുവരെ നടന്ന 'റോഡുവെട്ടലി'ൽ പത്തോ നൂറോ ആമ്പിയർ കറന്റാകും വരുന്നത്. റോഡ് പൂർത്തിയായിക്കഴിഞ്ഞാൽ പ്രതിരോധം വളരെ കുറഞ്ഞ ഒരു പ്ലാസ്മാ (ionized gas) ചാനലാണ് അവിടെ ഉണ്ടാകുന്നത്. അതോടെ മുപ്പതിനായിരത്തോളം ആമ്പിയർ വരുന്ന ഭീകരനൊരു കറന്റ് അതുവഴി കുത്തിയൊഴുകിയിങ്ങ് വരും. ഞലൗേൃിെേ ൃീസല എന്ന് വിളിക്കപ്പെടുന്ന ഇതാണ് മിന്നലേറ്റ് ഉണ്ടായതായി പറയപ്പെടുന്ന ഏതാണ്ടെല്ലാ അപകടങ്ങൾക്കും കാരണം. ഇതൊഴുകുന്ന വഴിയിൽ താപനില 50,000 ഡിഗ്രി വരെ ഉയരാം. (സൂര്യന്റെ ഉപരിതലത്തിൽ ഇതിന്റെ പത്തിലൊന്ന് താപനിലയേ ഉള്ളൂവെന്നോർക്കണം). ഇത്രയും ചൂടുപിടിച്ച വായു പെട്ടെന്ന് വികസിക്കുന്നതുവഴിയുള്ള മർദ്ദവ്യത്യാസങ്ങളാണ് ഇടിമുഴക്കമായി (hutnder) കേൾക്കുന്നത്.

ഇനി ഓർത്തുനോക്കൂ, ആദ്യത്തെ 'റോഡുവെട്ട് മിന്നൽ' പ്രതിരോധം കുറഞ്ഞ റൂട്ട് നോക്കിനോക്കി വായുവിലൂടെ വരുന്ന വഴിയിൽ, നിങ്ങൾ സ്വന്തം ശരീരം കൊണ്ട് വെച്ചുകൊടുത്താൽ എന്ത് സംഭവിക്കും? തീർച്ചയായും അത് വായു വിട്ട് നിങ്ങളുടെ ശരീരത്തിലൂടെ കയറാൻ ശ്രമിക്കും. അത് തന്നെയാണ് അടിസ്ഥാനപരമായി മിന്നൽ കൊണ്ടുണ്ടാകുന്ന അപകടവും. തറ നിരപ്പിൽ നിന്ന് ഉയർന്ന് നിൽക്കുന്ന കുന്നും കെട്ടിടവും ടവറും മരവും നിങ്ങളുടെ ശരീരവും ഒക്കെ മിന്നലിനെ സംബന്ധിച്ച് 'കൂടുതൽ നല്ല' റൂട്ടാണ്. മുകളിൽ ചാർജിത മേഘങ്ങൾ തക്കം പാർത്ത് നിൽക്കുമ്പോൾ, താഴെയുള്ളതിൽ ഏറ്റവും ഉയരമുള്ള വസ്തു നിങ്ങുടെ ശരീരമായാൽ, ഠിം! അതുകൊണ്ടാണ് മിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കാൻ പറയുന്നത്. അടച്ചുറപ്പുള്ള കെട്ടിടങ്ങൾക്കുള്ളിലോ വാഹനങ്ങൾക്കുള്ളിലോ ആയിരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. മരച്ചുവട്ടിൽ നിൽക്കുന്നതും നല്ലതല്ല. ഉയരം പരിഗണിക്കുമ്പോൾ മരത്തെയാകും മിന്നൽ ആദ്യം പരിഗണിക്കുക എങ്കിലും, ആ സമയത്തെ കറന്റ് ഉണ്ടാക്കുന്ന ചൂടിൽ മരത്തിലെ ജലാംശം തത്ക്ഷണം നീരാവിയാകുകയും അത് പൊട്ടിക്കീറുന്ന ഫലം ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല, ൃലൗേൃിെേ ൃീസല ഭീമമായ അളവിലുള്ള ചാർജ് അതിവേഗം മണ്ണിലെത്തിക്കുന്നതിനാൽ, അത് നാലുപാടും ചിതറുമ്പോഴുണ്ടാകുന്ന കറന്റ് ചുറ്റും അപകടസാധ്യത കൂട്ടും.

ഇനി ഫോണിന്റെ കാര്യത്തിലേക്ക് വരാം. ചാർജിങ്ങിൽ അല്ലാത്ത മൊബൈൽ ഫോണുകൾ ചുറ്റുപാടുകളോട് സംവദിക്കുന്നത് വൈദ്യുതകാന്തിക തരംഗങ്ങൾ വഴി മാത്രമാണ്. പേരിൽ 'വൈദ്യുത' എന്ന വാക്കുണ്ടെന്നേ ഉള്ളൂ. അത് ചാർജുകളുടെ ഒഴുക്കിന് കാരണമാകുകയോ സഹായിക്കുകയോ പോലും ചെയ്യില്ല. അതിന് സഞ്ചരിക്കാൻ ഒരു മാധ്യമത്തിന്റെ പോലും സഹായം വേണ്ടായെന്നോർക്കണം (അതുകൊണ്ടാണ് സൂര്യനിൽ നിന്ന് ഇടയിലെ ശൂന്യതയിലൂടെ കടന്ന് പ്രകാശത്തിന് ഭൂമിയിലെത്താൻ കഴിയുന്നത്). അതുകൊണ്ട് തന്നെ മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല. പക്ഷേ അതേ സമയം ലാൻഡ് ഫോണുകളും, വീട്ടിലെ ടീവി പോലുള്ള ഉപകരണങ്ങളും അങ്ങനല്ല. ഇവയെല്ലാം പുറത്തുനിന്ന് ലോഹവയറുകൾ വഴി വീട്ടിലേക്ക് നല്ല സൂപ്പർ 'കറന്റുറോഡുകൾ' തുറന്നിട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട എവിടെയെങ്കിലും (പോസ്റ്റിലോ കേബിൾ ടീവി ഡിഷിലോ ഒക്കെ) മിന്നലേറ്റാൽ ഈ വയറുകൾ വഴി ആ കറന്റിന്റെ നല്ലൊരു പങ്ക് വീട്ടിലേക്കൊഴുകിവരും. അതൊട്ടും സുഖകരമായ ഒരു കാര്യമായിരിക്കില്ല. അതിനാൽ ടീവിയുടേയും ലാൻഡ് ഫോണിന്റേയും കേബിളുകളും വൈദ്യുതോപകരണങ്ങളുടെ പ്ലഗ്ഗും ഒക്കെ മിന്നലുള്ളപ്പോൾ ഊരിയിടുന്നതാണ് നല്ലത്. ഇതിൽ ഉപകരണങ്ങളുടെ പ്ലഗ് ഊരി തറയിൽ മുട്ടിച്ചിടുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. കാരണം വീടിനടുത്തെവിടെങ്കിലും മിന്നൽ വീണാൽ, ൃലൗേൃിെേ ൃശസലൽ ചിതറിത്തെറിക്കുന്ന കറന്റ് ഉപകരണങ്ങൾക്ക് കേടുവരുത്താൻ അത് കാരണമായേക്കും.

ഇനി മൊബൈൽ ഫോൺ ഇടിമിന്നലിന്റെ അപകടം കൂട്ടിയേ പറ്റുവെന്ന് വാശിയുള്ളവരുടെ ആശ്വാസത്തിന് വേണ്ടി ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. ഫോണിൽ സംസാരിക്കുമ്പോൾ പരിസരം മറന്നുപോകുന്ന ചിലരുണ്ട്. അത്തരക്കാർ ഇടിമിന്നലുള്ളപ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ട്, നേരിട്ടോ അല്ലാതെയോ സ്വയമറിയാതെ ഇടിമിന്നലിന് തലവച്ചാൽ... ശുഭം!

മൊബൈൽ ഫോണിന്റെ ചിരിത്രം ഇങ്ങനെ

ലോകത്ത് ഇന്ന് ഏറ്റവും വലിയ  വാർത്താ വിനിമയ ഉപാധിയാണ് സെൽ ഫോൺ. അനാവശ്യമായ ഭീതിമൂലം അത് ഉപയോഗിക്കുന്നതിൽനിന്ന് പിൻതിരിഞ്ഞാൽ ആ നൂറ്റാണ്ടുകളാണ് പിറകോട്ടടിക്കുന്നത്. 1973ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പറായിരുന്നു കൈയിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്.മൊബൈൽ ഫോൺ പിറന്നു വീഴുമ്പോൾ അതിന്റെ പിതാവ് ഡോ മാർട്ടിൻ കൂപ്പറിന് നാൽപ്പത്തിനാല് വയസ്സാണ് പ്രായം. 1973 ഏപ്രിൽ മൂന്നിനായിരുന്നു ആ ചരിത്രസംഭവം. അതായത്, വിയറ്റ്‌നാമിൽ നിന്ന് അമേരിക്ക പിന്മാറിയ അതേവർഷം. അക്കഥ ഇങ്ങനെ. അമേരിക്കയിൽ മോട്ടോറോള കമ്പനിയുടെ സിസ്റ്റം ഡിവിഷന്റെ ജനറൽ മാനേജറായിരുന്നു മാർട്ടിൻ കൂപ്പർ.ഏപ്രിൽ 3ന് കൂപ്പർ ന്യൂയോർക്കിലെ തെരുവിലൂടെ നടക്കുന്നു. അദ്ദേഹത്തിന്റെ പക്കൽ ഒരു കൊച്ചുയന്ത്രമുണ്ട്. ഇന്നത്തെ മൊബൈലിന്റെ മൂലരൂപമായിരുന്നു അത്. പലരും അയാളെ അമ്പരപ്പോടെ നോക്കിക്കൊണ്ടിരുന്നു. ക്ഷണിച്ചു വരുത്തിയ മാധ്യമ റിപ്പോർട്ടർമാർ നോക്കിനിൽക്കെ അദ്ദേഹം ആ യന്ത്രത്തിൽ ഡയൽ ചെയ്ത് ഒരു സുഹൃത്തിനെ വിളിച്ചു. മോട്ടോറോളയുടെ ബദ്ധശത്രു, ബിസിനസ് എതിരാളി ബെൽ ലാബ്‌സ് ഫോൺ കമ്പനി തലവൻ ഡോ ജോയേൽ എസ് ഇൻജെലിന്റെ ലാൻഡ് ഫോണിലേക്കായിരുന്നു ആ വിളി.'യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്' എന്നായിരുന്നു വിജയശ്രീലാളിതനായ കൂപ്പറിന്റെ വാക്കുകൾ. അതായിരുന്നു ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ സംഭാഷണം

മാധ്യമപ്രവർത്തകരെ ആ ഫോണിൽ നിന്ന് വിളിക്കാനനുവദിച്ച കൂപ്പർ താൻ നുണ പറയുന്നതല്ലെന്ന് അവരെ ബോധ്യപ്പെടുത്തി. അന്നത്തെ ആദ്യ ഫോൺവിളിയെപ്പറ്റി ഇന്ന് 88 വയസ്സുള്ള മാർട്ടിൻ കൂപ്പർ ഓർക്കുന്നതിങ്ങനെ- 'അന്ന് ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ടു നടക്കുമ്പോൾ പരിഷ്‌കാരികളായ ന്യൂയോർക്കു നിവാസികൾ പോലും എന്നിൽ നിന്നും അകലം പാലിച്ച് കൗതുകത്തോടെ നോക്കുമായിരുന്നു. ഓരോ ഫോൺവിളിയിലും എന്നെചുറ്റിപ്പറ്റി ആരെങ്കിലുമുണ്ടാകുമായിരുന്നു. കോഡ്‌ലെസ് ടെലിഫോണുകൾ പോലുമില്ലാതിരുന്ന അന്ന് എന്റെ കൈയിലെ ഫോൺ ഒരു അത്ഭുത വസ്തു തന്നെയായിരുന്നു.. റോഡുകൾ മുറിച്ചു കടക്കുമ്പോൾ പോലും എന്റെ ചെവിയിൽ ഫോണുണ്ടായിരുന്നു...'

മൊബൈൽ ഫോൺ എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്ചിത പരിധിയിൽ ഒതുങ്ങിനിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ ഈ സംവിധാനം വികസിപ്പിക്കാൻ പോന്ന സാങ്കേതികവിദ്യയൊന്നും അന്നില്ലായിരുന്നു. കൂടാതെ റേഡിയോ, ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട എന്തു പരീക്ഷണവും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (FCC )അനുമതിയോടെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ അതികായരായ ഐ ടി ആൻഡ് ടി എന്ന കമ്പനി ഇക്കാലത്ത് പുതിയൊരു നിർദ്ദേശവുമായി എഫ്സിസിയെ സമീപിച്ചു. റേഡിയോ സ്പെക്ട്രം ആവൃത്തി കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ മൊബൈൽ ഫോൺ സംവിധാനം വിപുലപ്പെടുത്താമെന്നതായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ എഫ്സിസിയിലെ ഉദ്യോഗസ്ഥർക്ക് ഈ നൂതന സംവിധാനത്തെകുറിച്ച് പിടികിട്ടിയില്ല. അതിനാൽ ഐ ടി ആൻഡ് ടി യുടെ ആവശ്യത്തിനു എഫ്സിസിയിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. 21 വർഷങ്ങൾക്ക് ശേഷം 1968- ൽ ഐ ടി ആൻഡ് ടിയുടെ നിർദ്ദേശം എഫ്സിസി അംഗീകരിച്ചു. തുടർന്ന് ഐ ടി ആൻഡ് ടിയും ബെൽ ലാബ്‌സും ചേർന്ന് ഒരു സെല്ലുലാർ സംവിധാനം നിർമ്മിച്ച് എഫ്സിസിക്ക് നൽകി.

ഇതോടെ മൊബൈൽ ഫോൺ രംഗത്ത് കമ്പനികളും വ്യക്തികളും കൂടുതൽ പരീക്ഷണം നടത്താൻ തുടങ്ങി. ആദ്യത്തെ ഉപയോഗപ്രദമായ മൊബൈൽ ഫോൺ നിർമ്മിക്കാൻ ബെൽ ലാബ്‌സും മോട്ടോറോള കമ്പനിയും തമ്മിലുള്ള മത്സരം തുടങ്ങുന്നത് ഇക്കാലത്താണ്. 1973 ൽ ഒരു കൈക്കുള്ളിൽ ഒതുക്കി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച ഉടൻ ബെൽ ലാബ്സ് മേധാവിയെ വിളിച്ച് മാർട്ടിൻ കൂപ്പർ വിജയശ്രീലാളിതനായി സംസാരിച്ചത് വെറുതെയല്ല. ജെയിംസ് ബോണ്ട് തന്റെ വാഹനത്തിന് വെളിയിൽ വെച്ച് ഫോൺവിളിനടത്താമെന്ന് സ്വപ്നം പോലും കാണാത്ത കാലത്ത് സഞ്ചരിക്കുമ്പോൾ കൊണ്ടുനടക്കാവുന്ന ഫോൺ എന്ന സ്വപ്നം യാഥാർഥ്യമാക്കിയ കൂപ്പർ പിന്നീട് മോട്ടോറോള മൊബൈൽ കമ്പനിയുടെ ജനറൽ മാനേജറായി ചുമതലയേറ്റു. എന്നാൽ പിന്നെയും പത്ത് വർഷം വേണ്ടി വന്നു മൊബൈൽ ഫോണിന്റെ വാണിജ്യരൂപം പുറത്തിറങ്ങാൻ. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചതും മോട്ടറോള തന്നെയായിരുന്നു. 1983 ലാണ് ഈ ഫോൺ വിപണിയിലിറങ്ങുന്നത്. ഡൈനാടാക് 8000എക്സ്(DynaTAC 8000ഃ) എന്നായിരുന്നു ഈ ഫോണിന്റെ പേര്.

2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. 1990കളിലാണ് മൊബൈൽ തരംഗമായി തുടങ്ങുന്നത്. 1990ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ടായിരുന്നു. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം.ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാമുമാണ്. 1995 ജൂലൈ 31നായിരുന്നു അത്.ടെൽസ്ട്രയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കമ്പനി. ഇപ്പോൾ സ്‌പൈസ് മൊബൈൽ എന്നാണ് ഈ കമ്പനിയുടെ പേര്. ഓസ്‌ട്രേലിയയിൽ നിന്നുള്ള കമ്പനിയായിരുന്നു ടെൽസ്ട്രയുടെ സാങ്കേതിക പാട്ണർ. കൊൽക്കത്തയിലെ സെക്രട്ടറിയേറ്റായ റൈറ്റേഴ്‌സ് ബിൽഡിങ്ങിൽ നിന്നാണ് ആദ്യ കോൾ ഡൽഹിയിലേക്ക് പോയത്. അങ്ങനെ മൊബൈൽ നെറ്റ്‌വർക്ക് ആരംഭിച്ച ഇന്ത്യയിലെ ആദ്യ നഗരം കൊൽക്കത്തയായി.

1996 സെപ്റ്റംബർ 17 നാണ് കേരളത്തിലേക്ക് ആദ്യ മൊബൈൽ കോൾ എത്തുന്നത്. ആദ്യമായി മൊബൈലിൽ സംസാരിച്ച മലയാളി സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ്.കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്‌കോടെൽ. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്‌മിറൽ എ ആർ ടാൻഡനുമായി സംസാരിച്ചു കൊണ്ടായിരുന്നു തകഴി എസ്‌കോടെലിന്റെ മൊബൈൽ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അതായിരുന്നു തുടക്കം. തുടർന്ന്, കഥാകാരി മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈലിൽ സംസാരിച്ചു. ഇന്ത്യയിലെ എസ്‌കോർട്സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായിരുന്നു എസ്‌കോടെൽ. അന്ന് ആദ്യ മൂന്നാഴ്ചയിൽ ആയിരത്തോളം മൊബൈൽ ഫോണുകളാണു ബുക്ക് ചെയ്യപ്പെട്ടത്. ഇപ്പോഴും മൊബൈൽ ഫോൺ വളരുകയാണ്. നാല് പതിറ്റാണ്ട് മുമ്പ് മാർട്ടിൻ കൂപ്പർ നടന്നതുപോലെ എണ്ണിയാലൊടുങ്ങാത്ത സ്മാർട് ഫോൺ വകഭേദങ്ങളും കൈയിലൊതുക്കി ഇന്ന് കോടിക്കണക്കിനാളുകൾ ലോകത്തെ വിവിധ തെരുവുകളിലൂടെ തലങ്ങുംവിലങ്ങും നടക്കുന്നു. ഇപ്പോൾ, ലോകത്തിലേറ്റവും ആളുകൾ നേരിട്ടു പ്രവർത്തിക്കുന്ന യന്ത്രസംവിധാനമാണ് മൊബൈൽ ഫോൺ. ലോകജനസംഖ്യയുടെ പകുതിയിലധികമായിരിക്കുന്നു മൊബൈൽഫോണുകളുടെ എണ്ണം.

ടുജിയും ത്രീജിയും കടന്ന് ഫോർജിയിൽ എത്തിയിരിക്കുന്നു. ഫൈവ് ജിക്ക് കാതോർത്തിരിക്കുന്നു. ആദ്യകാലത്ത് മോട്ടറോളയായിരുന്നു മൊബൈൽ വിപണിയിലെ രാജാക്കന്മാർ. പിന്നീട് നോക്കിയ അവതരിച്ചതോടെ മൊബൈൽ ഫോൺ രംഗത്ത് വിപ്ലവം തന്നെ നടന്നു. തുടർന്ന് സാംസങ്ങ് വിപണി കീഴടക്കി. പിന്നീട് സാംസങ്ങ് തകരുന്ന കാഴ്ചയും കണ്ടു. ഇപ്പോൾ സാംസങ്ങിനൊപ്പം ആപ്പിളും ഹുവായിയും ഓപ്പോയും ഷവോമിയുമൊക്കെ വിപണി പങ്കിട്ടെടുത്തിരിക്കുന്നു. അങ്ങനെ നാൽപ്പത്തിനാലാമത്തെ വയസിലും മൊബൈൽ ഫോൺ വളരുകയാണ്. അപ്പാഴും് ശാസ്ത്രം കണ്ടുപിടിച്ച ഏറ്റവും വലിയ നേട്ടത്തിനെതിരെ കുപ്രചാരണവും തകൃതിയായി നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP