Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ; പെന്റഗണിനെയും ഭീകരരുടെ പട്ടികയിൽ പെടുത്തി ഇറാൻ പാർലമെന്റ് പ്രമേയം പാസാക്കി; ക്യോം ജാകരൻ മോസ്‌കിലെ താഴികക്കുടത്തിൽ ചുവപ്പുകൊടി ഉയർത്തി യുദ്ധകാഹളം മുഴക്കിയ ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ടു; എഫ് 35 ഫൈറ്റർ ജെറ്റുകൾ സജ്ജമാക്കി അമേരിക്കയും രംഗത്ത്; ആണവ പോർമുനയും ഉപയോഗിക്കുമെന്ന പ്രതീതി പരത്തിയും ഇറാൻ തന്ത്രം; അമേരിക്കയെ പിന്തുണച്ച് നാറ്റോയും രംഗത്തുവന്നതോടെ ഒരുക്കം മൂന്നാം ലോക മഹായുദ്ധത്തിനോ?

യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ; പെന്റഗണിനെയും ഭീകരരുടെ പട്ടികയിൽ പെടുത്തി ഇറാൻ പാർലമെന്റ് പ്രമേയം പാസാക്കി; ക്യോം ജാകരൻ മോസ്‌കിലെ താഴികക്കുടത്തിൽ ചുവപ്പുകൊടി ഉയർത്തി യുദ്ധകാഹളം മുഴക്കിയ ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ടു; എഫ് 35 ഫൈറ്റർ ജെറ്റുകൾ സജ്ജമാക്കി അമേരിക്കയും രംഗത്ത്; ആണവ പോർമുനയും ഉപയോഗിക്കുമെന്ന പ്രതീതി പരത്തിയും ഇറാൻ തന്ത്രം; അമേരിക്കയെ പിന്തുണച്ച് നാറ്റോയും രംഗത്തുവന്നതോടെ ഒരുക്കം മൂന്നാം ലോക മഹായുദ്ധത്തിനോ?

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: അമേരിക്കൻ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ. ഇറാൻ പാർലമെന്റ് ബില്ല് പാസ്സാക്കി. പെന്റഗണും ഭീകരരുടെ പട്ടികയിലുണ്ട്. ചാരസേന മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ചൊവ്വാഴ്ച ചേർന്ന പാർലമെന്റ് സമ്മേളനമാണ് ഇതു സംബന്ധിച്ച ബില്ല് പാസാക്കിയത്. വെള്ളിയാഴ്ച ബഗ്ദാദിൽ യുഎസ് നടത്തിയ മിന്നലാക്രമണത്തിൽ ഇറാൻ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ നടപടി.

ഖാസിം സുലൈമാനി അടക്കം ഏഴുപേരെ അമേരിക്കൻ സേന വ്യോമാക്രമണത്തിലൂടെ വധിച്ചത്. ഇതിന് പ്രതികാരമെന്നോണം ബഗ്ദാദിലെ യു എസ് എംബസി സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയിലും അമേരിക്കയുടെ വ്യോമകേന്ദ്രത്തിലും മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങളും നടന്നിരുന്നു. സുലൈമാനി വധത്തിന് പിന്നാലെ ഇറാൻ ക്യോം ജാകരൻ മോസ്‌കിലെ താഴികക്കുടത്തിൽ ചുവപ്പുകൊടി ഉയർത്തിയിരുന്നു. ഇത് യുദ്ധകാഹളമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ അമേരിക്കൻ പൗരന്മാരെയോ, വസ്തുവകകളെയോ ഇറാൻ ലക്ഷ്യം വച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങൾ അമേരിക്കയുടെ നിരീക്ഷണ വലയത്തിലാണ്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് ട്രംപ് ഭീഷണി മുഴക്കിയത്.

ആണവക്കരാറിൽ നിന്ന് പിന്മാറുന്നതായി തുടർന്ന് ഇറാൻ പ്രഖ്യാപിച്ചു. എന്നാൽ ഒരുകാലത്തും ഇറാന് ആണവായുധം ഉണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിനിടെ ട്രംപിന്റെ തലയ്ക്ക് ഇറാൻ വില നിശ്ചയിക്കുകയും ചെയ്തു. ട്രംപിനെ വകവരുത്തിയാൽ 80മില്ല്യൺ യുഎസ് ഡോളർ (ഏകദേശം അഞ്ഞൂറുകോടി ഇന്ത്യൻ രൂപ) പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെല്ലാം കൂടി ആയതോടെ പശ്ചമേഷ്യൽ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുന്ന പ്രതീതിയിലേക്കാണ് പോകുന്നത്.

നേരത്തെ അമേരിക്കയെ ആക്രമിച്ചാൽ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി രംഗത്തുവന്നിരുന്നു. അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതിന് തിരിച്ചടിയായി തിങ്കളാഴ്ച ട്വീറ്റ് ചെയ്ത ഇറാനിയൻ പ്രസിഡന്റ് ഹസൻ റൊഹാനി പറഞ്ഞത് ഇങ്ങനെ - 52 എണ്ണത്തിന്റെ കണക്ക് പറയുന്നവർ 290 എന്ന സംഖ്യയും ഓർക്കണം. ഐആർ 655, ഒരിക്കലും ഇറാനെ ഭീഷണിപ്പെടുത്താൻ വരരുത്. നേരത്തെ ട്രംപ് 52 എന്ന സംഖ്യ പറഞ്ഞത് ഇറാനിലെ യുഎസ് എംബസി വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് ഇത്രയും സ്ഥലങ്ങളെ ലക്ഷ്യം വച്ചത് എന്നാണ് സൂചന. യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ 52 പേരെയാണ് 1979ൽ ഇറാൻ മൗലികവാദി സംഘത്തിന്റെ നേതൃത്വത്തിൽ ബന്ദികളാക്കിയത്.

എന്നാൽ ഇതിന് മറുപടിയായി ഇറാൻ പ്രസിഡന്റ് പറഞ്ഞത് 290 പേർ കൊല്ലപ്പെട്ട ഇറാനിയൻ യാത്ര വിമാനം ഐആർ 655 മിസൈൽ ആക്രമണത്തിൽ തകർക്കപ്പെട്ടതാണ്. 1988 ജൂലൈ 3നാണ് അമേരിക്കൻ നേവിയുടെ മിസൈൽ ക്രൂയിസിൽ നിന്നുള്ള മിസൈൽ പതിച്ച് ഇറാനിയൻ യാത്രവിമാനം ഇറാനിയൻ എയർ 655, എയർബസ് എ300 വിമാനം പേർഷ്യൻ ഗൾഫിൽ തകർന്ന് വീണത്. ഇത് അന്ന് അമേരിക്ക- ഇറാൻ ബന്ധം ഉലച്ചിരുന്നു.

അതേസമയം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ രക്ഷാസമിതി യോഗത്തിൽ പങ്കെടുക്കുന്നതിന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫിന് അമേരിക്ക വിസ നിഷേധിച്ചു. ഇറാൻ മേജർ ജനറലും ശക്തരായ സൈനിക നേതാക്കളിൽ ഒരാളുമായി കാസിം സൊലേമാനിയുടെ വധത്തിൽ ഇറാൻ യുഎൻ സമിതിയിൽ വിമർശനമുന്നയിക്കുന്നത് തടയാനാണ് അമേരിക്കയുടെ നീക്കം. ഇത്, 1947-ൽ ലോകരാജ്യങ്ങൾ ഒപ്പുവച്ച യുഎൻ കരാറിന്റെ ലംഘനമാണ് ഇതെന്ന് കരുതപ്പെടുന്നുവെങ്കിലും ആഭ്യന്തരസുരക്ഷ കണക്കിലെടുത്ത് വിസ അനുവദിക്കാനാകില്ലെന്നാണ് അമേരിക്കയുടെ ന്യായീകരണം. ഇറാനും അമേരിക്കയും തമ്മിൽ യുദ്ധം ആസന്നമായെന്ന നിലയിൽ പോർവിളി നടത്തുന്ന സമയത്താണ് സമാധാനശ്രമങ്ങൾ നടക്കുമെന്ന് കരുതപ്പെടുന്ന യുഎൻ രക്ഷാസമിതിയിലേക്ക് എത്തുന്ന ഇറാൻ വിദേശകാര്യമന്ത്രിക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്. നാറ്റോ സഖ്യവും അമേരിക്യ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

ഇറാനിൽ നിന്നും യുദ്ധഭീതി മുറുകിയതോടെ 52 ഇറാൻ കേന്ദ്രങ്ങളെ ആക്രമിക്കും എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ മുന്നറിയിപ്പിന് പിന്നാലെ അമേരിക്കൻ വ്യോമസേന അതിശക്തമായ യുദ്ധസന്നാഹങ്ങളും നൽകിയിട്ടുണ്ട്. അമേരിക്കയെ സംബന്ധിച്ചിടത്തോളം പല യുദ്ധങ്ങളു വിജയിക്കാൻ അവരെ സഹായിച്ചത് വ്യോമസേനയുടെ എഫ് 35 ഫൈറ്റർ ജെറ്റുകളാണ്. ഈ ജെറ്റുകൾ വീണ്ടും യുദ്ധസജ്ജമാക്കിയിരിക്കയാണ ്അമേരിക്കൻ വ്യോമസേന.

അമേരിക്കയെയോ അമേരിക്കയുടെ സ്വത്തുക്കളെയോ ഇറാൻ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകും. ഇറാന്റെ 52 സ്ഥലങ്ങൾ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്. അതിൽ പലതും ഇറാനിയൻ സംസ്‌കാരത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലെ ഉട്ട എയർബേസിൽ നിന്നും 52 ഫൈറ്റർ ജെറ്റുകളാണ് ഒന്നിനും പുറമേ മറ്റൊന്നായി പറന്നുയർന്നത്. ഇറാന്റെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടായാൽ ഞൊടിയിടയിൽ പറന്നുയർന്ന് ലക്ഷ്യസ്ഥാനത്തെത്തി ബോംബ് വർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ അഭ്യാസ പ്രകടനം.

എഫ് 35എ ശ്രേണിയിലുള്ള അത്യാധുനിക ഫൈറ്റർ ജെറ്റുകളാണ് യുദ്ധസജ്ജമായി പറന്നുയർന്നത്. ഞങ്ങൾ പറന്നുയർന്ന് യുദ്ധസജ്ജരാണ് എന്ന മുന്നറിയിപ്പാണ് 419 ഫൈറ്റർ വിങ്ങ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, 388 വിങ് പറയുന്നത് ഈ അഭ്യാസ പ്രകടനം നേരത്തെ തന്നെ പ്ലാൻ ചെയ്തതാണ് എന്നാണ്. എങ്കിലും ഓർഡർ കിട്ടിയാൽ ഏതു സമയവും ആക്രമണ സജ്ജരാണെന്ന് അറിയിക്കുകയാണ് യുഎസ് വ്യോമസേന. 82 മില്യൺ ഡോളാണ് ഒരു എഫ് 35 എ വിമാനത്താവളത്തിന് ചിലവു വരുന്നത്. നാല് വർഷം മുമ്പാണ് ഉട്ട വ്യോമതാവളത്തിലേക്ക് എഫ് 35 എ ഫൈറ്റർ ജെറ്റുകൾ എത്തിയത്. 4.2 ബില്യൽ ഡോളാണ് ഈ വിമാനങ്ങൾക്ക് വേണ്ടി അമേരിക്ക ചിലവഴിച്ചത്.

'സൈനിക ഉപകരണങ്ങൾക്കായി അമേരിക്ക രണ്ട് ട്രില്യൺ ഡോളറാണ് ചെലവഴിച്ചതെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും മികച്ചതുമാണിത്. ഇറാൻ ഒരു അമേരിക്കൻ താവളത്തെയോ ഏതെങ്കിലും അമേരിക്കക്കാരെയോ ആക്രമിക്കുകയാണെങ്കിൽ, ഞങ്ങൾ ആ പുത്തൻ മനോഹരമായ ഉപകരണങ്ങൾ അവരുടെ നേരെ അയക്കും, ഒരു മടിയും കൂടാതെ!' -ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ മുന്നറിയിപ്പ് എഫ് 35 വിമാനങ്ങൾ ഉണ്ടെന്ന ധൈര്യത്തിൽ തന്നെയാണ്.

എഫ് 35 എ ശ്രേണിയിലുള്ള വിമാനം കഴിഞ്ഞ വർഷമാണ് പശ്ചിമേഷ്യൻ യുദ്ധരംഗത്തേക്ക് അമേരിക്ക ഉപയോഗിച്ചു തുടങ്ങിയത്. ഇറാന്റെ ഭീഷണിയുടെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ ചുമതല കൂടി അമേരിക്ക ഏറ്റെടുക്കേണ്ടതായുണ്ട്. സൗദിയിലെ അഞ്ച് താവളങ്ങളിലാണ് അമേരിക്കൻ സേനയുള്ളത്. റിയാദിലെ ഇസ്‌കാൻ വില്ലേജ് എയർ ബേസ്, കിഴക്കൻ പ്രവിശ്യയിലെ കിങ് അബ്ദുൽ അസീസ് എയർ ബേസ്, ദമാമിലെ കിങ് ഫഹദ് എയർഫോഴ്‌സ് ബേസ്, ഖമീസ് മുഷൈതിലെ കിങ് ഖാലിദ് എയർ ബേസ്, റിയാദ് എയർഫോഴ്‌സ് ബേസ് എന്നിവിടങ്ങളിലാണ് യു എസ് സേനയുടെ സാന്നിധ്യമുള്ളത്. ഇവിടേക്ക് എഫ് 35െൈ ഫറ്റർ വിമാനങ്ങൾ എത്തിക്കഴിഞ്ഞു.

അരാംകോ റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തിന് ശേഷം യുദ്ധ സാമഗ്രികൾ ഉൾപ്പെടെ 3000 സൈനികരെ സൗദിയിലേക്ക് അയക്കുമെന്ന് മൂന്ന് മാസം മുമ്പ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിലേറെയും സൗദിയിലെത്തിയതായാണ് റിപ്പോർട്ട്. യുഎഇയിലെ ദുബൈ ജബൽ അലി പോർട്ടിലും അബുദാബിയിലും അമേരിക്കൻ സേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളും എഫ് 35 ഫൈറ്റർ വിമാനങ്ങളുടെ സ്റ്റേഷനും ഇവിടെ ഉണ്ട്. ഫുജൈറയിൽ യുഎസ് നേവിയുടെ താവളവും ഉണ്ട്. ജിസിസിയിലെ മറ്റു രാജ്യങ്ങളായ ബഹ്‌റൈനിൽ രണ്ടും കുവൈത്തിൽ എട്ടും യുഎസ് ബേസുകളാണുള്ളത്. ഖത്തറിലും ഒമാനിലും ഓരോ അമേരിക്കൻ സൈനിക താവളങ്ങളുമുണ്ട്. ഇറാൻ ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയും നിരീക്ഷണവുമാണ് ഇവിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതും ട്രംപിന്റെ നിർദ്ദേശത്തിൽ അമേരിക്ക ഇറാഖിൽ ആക്രമണം നടത്തിയതും രാജ്യാന്തര തലത്തിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണോ ഇതെന്നാണ് മിക്കവരും ആശങ്കപ്പെടുന്നത്. ഈ ആശങ്ക ഇന്റർനെറ്റിലും പ്രതിഫലിക്കുന്നുണ്ട്. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചാണ് കുറച്ച് ദിവസങ്ങളായി ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്നത് എന്നത് ഈ ആശങ്കയ്ക്ക് അടിവരയിടുന്നു.

ജനുവരി മൂന്നിന് ആരംഭിച്ചതോടെയാണ് മൂന്നാം ലോകമഹായുദ്ധം എന്ന വാചകം സെർച്ച് എൻജിനുകളിൽ കുത്തനെ ഉയർന്നത്. 2004 മുതൽ ഗൂഗിൾ പുറത്തുവിടുന്ന ട്രൻഡിങ് റെക്കോഡുകളിൽ ഏറ്റവും മുൻപിലേക്കുള്ള കുതിപ്പിലാണ് 'മൂന്നാം ലോകമഹായുദ്ധം'. ട്രംപിന്റെ പുതിയ നീക്കങ്ങളും ഇറാന്റെ പ്രഖ്യാപനങ്ങളും ആശങ്ക മറ്റൊരുവിധത്തിൽ പ്രകടമാകുന്നതാണ് ഇതെന്ന് കരുതുന്നവരും കുറവല്ല. അമേരിക്ക ഇറാഖിൽ വ്യോമാക്രമണം നടത്തിയതോടെയാണ് മൂന്നാം ലോകമഹായുദ്ധം ഗൂഗിളിൽ പ്രധാന ട്രൻഡിങ് വാക്കായി മാറിയത്. കഴിഞ്ഞ നാലു ദിവസത്തെ ഗൂഗിൾ ട്രൻഡിൽ ബ്രസീലിലേയും മെക്‌സിക്കോയിലേയും ആളുകളാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് തിരഞ്ഞത്. മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടോ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ എന്നീ ചോദ്യങ്ങളാണ് പ്രധാനമായും ഗൂഗിളിൽ ഉയർന്നുവന്നത്.

നേരത്തെ 2015 നവംബറിലും സമാനമായരീതിയിൽ ഗൂഗിളിൽ മൂന്നാം ലോകമഹായുദ്ധം ട്രൻഡിംഗായിരുന്നു. അന്ന് റഷ്യൻ പോർവിമാനം തുർക്കി വെടിവെച്ചിട്ടതിനെ തുടർന്നാണ് ആശങ്കകൾ വർധിച്ചത്. തുർക്കി ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ മുന്നറിയിപ്പ് നൽകിയതോടെയാണ് ലോകമഹായുദ്ധ ആശങ്കകൾ അന്ന് ഉയർന്നുവന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം വിഷയങ്ങൾ അതിവേഗത്തിലാണ് പ്രചരിക്കുന്നതും. അമേരിക്കകൊറിയ തർക്കങ്ങളും ഇതിനു കാരണമാകാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP