Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റണി പറഞ്ഞത് എസ്എൻഡിപിക്കും സ്വാമിമാർക്കും പോസ്റ്റ്‌മോർട്ടം വേണ്ടെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്ന്; പോസ്റ്റ്‌മോർട്ടം ചെയ്‌തേ മതിയാകൂവെന്ന് സമ്മതിപ്പിച്ചത് ഭാവിയിലെ പ്രശ്‌നങ്ങൾ മുന്നിൽ കണ്ട്; അർദ്ധ ബോധാവസ്ഥയിൽ എടുത്ത് വെള്ളത്തിൽ ഇട്ടാലും ശ്വാസകോശത്തിൽ വെള്ളം കയറാം; ഈ സാധ്യതയും തള്ളിക്കളയാൻ കഴിയില്ല; പോസ്റ്റ്‌മോർട്ടം ചെയ്തത് ഡോ സോമന്റെ ജൂനിയറും; സികെ വിദ്യാസാഗർ പങ്കുവയ്ക്കുന്നതും കൊലപാതക സംശയങ്ങൾ; സ്വാമി ശ്വാശ്വതീകാനന്ദയുടെ ദുരൂഹ മരണം വീണ്ടും ചർച്ചയാകുമ്പോൾ

ആന്റണി പറഞ്ഞത് എസ്എൻഡിപിക്കും സ്വാമിമാർക്കും പോസ്റ്റ്‌മോർട്ടം വേണ്ടെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്ന്; പോസ്റ്റ്‌മോർട്ടം ചെയ്‌തേ മതിയാകൂവെന്ന് സമ്മതിപ്പിച്ചത് ഭാവിയിലെ പ്രശ്‌നങ്ങൾ മുന്നിൽ കണ്ട്; അർദ്ധ ബോധാവസ്ഥയിൽ എടുത്ത് വെള്ളത്തിൽ ഇട്ടാലും ശ്വാസകോശത്തിൽ വെള്ളം കയറാം; ഈ സാധ്യതയും തള്ളിക്കളയാൻ കഴിയില്ല; പോസ്റ്റ്‌മോർട്ടം ചെയ്തത് ഡോ സോമന്റെ ജൂനിയറും; സികെ വിദ്യാസാഗർ പങ്കുവയ്ക്കുന്നതും കൊലപാതക സംശയങ്ങൾ; സ്വാമി ശ്വാശ്വതീകാനന്ദയുടെ ദുരൂഹ മരണം വീണ്ടും ചർച്ചയാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് സുഭാഷ് വാസു തുറന്നിട്ട ഭൂതം കുടം തുറന്നു പുറത്തു വരികയാണോ? മറവികളിലേക്ക് തള്ളപ്പെട്ട ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇപ്പോൾ വീണ്ടും കത്തുകയാണ്. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞതിനെ തുടർന്ന് സുഭാഷ് വാസു നടത്തിയ വാർത്താസമ്മേളനത്തോടെയാണ് ശാശ്വതീകാനന്ദയുടെ മരണം വീണ്ടും മുഖ്യധാരയിലേക്ക് കടന്നെത്തുന്നത്. ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ടു വെള്ളാപ്പള്ളി കുടുംബത്തിനുള്ള പങ്കാണ് സുഭാഷ് വാസു വെളിച്ചത്തേക്ക് കൊണ്ട് വന്നത്. വെള്ളാപ്പള്ളി കുടുംബാംഗങ്ങൾക്ക് കൊലക്കേസിലുള്ള പങ്ക് വെളിപ്പെടുത്തുമെന്നാണ് സുഭാഷ് വാസു പറഞ്ഞത്. വെള്ളാപ്പള്ളിയുടെ അഴിമതികൾ 16ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ വെളിപ്പെടുത്തുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

സുഭാഷ് വാസുവിന്റെ ആരോപണം വന്നതിനെ തുടർന്ന് ശാശ്വതീകാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളിയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വ്യവസായി ബിജു രമേശ് മറുനാടന് മുന്നിൽ എത്തിയിരുന്നു. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് അന്ന് എസ്എൻഡിപി യോഗം പ്രസിഡന്റ് സ്ഥാനത്തിരുന്ന അഡ്വക്കേറ്റ് വിദ്യാസാഗർ അനുബന്ധ വെളിപ്പെടുത്തലുകളുമായി മറുനാടന് മുന്നിൽ എത്തുന്നത്. ശാശ്വതീകാനന്ദയുടെ ലംങ്‌സിൽ വെള്ളം കയറിയിരുന്നു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ആരെങ്കിലും വെള്ളത്തിൽ പിടിച്ച് തള്ളി എന്ന സാധ്യത തള്ളാൻ കഴിയില്ലാ എന്നാണ് വിദ്യാസാഗർ പറയുന്നത്. അർദ്ധബോധാവസ്ഥയിൽ ആരെങ്കിലും എടുത്ത് വെള്ളത്തിൽ ഇട്ടാലും അങ്ങിനെ സംഭവിക്കാം. ഇങ്ങിനെയുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല-വിദ്യാസാഗർ മറുനാടനോട് പറഞ്ഞു.

ശാശ്വതീകാനന്ദയെ തലയ്ക്കടിച്ച് ബോധം കെടുത്തി എടുത്ത് ആലുവാപ്പുഴയിൽ ഇട്ടുവെന്നാണ് ബിജു രമേശ് മറുനാടനോട് പറഞ്ഞത്. എസ്എൻട്രസ്റ്റ് പണമിടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിൽ വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും ദുബായിൽ വെച്ച് ഇടഞ്ഞിരുന്നു. തുഷാർ വെള്ളാപ്പള്ളിയും ഷാജി വെട്ടൂരാനും കൂടി ശാശ്വതീകാനന്ദയെ മർദ്ദിച്ചു. ദുബായിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടു പോരുകയാണ് ശാശ്വതീകാനന്ദ ചെയ്തത്. തുഷാർ ശാശ്വതീകാനന്ദയെ മർദ്ദിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയെന്നു വെള്ളാപ്പള്ളി മനസിലാക്കി. നടേശനെ കയറ്റാൻ കഴിഞ്ഞെങ്കിൽ ഇറക്കാനും തനിക്ക് കഴിയും എന്നുള്ള സ്വാമിയുടെ വാക്കുകൾ വെള്ളാപ്പള്ളിയെ സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തു. അതിനെ തുടർന്ന് നടന്ന ആസൂത്രണത്തിന്റെ ഭാഗമാണ് ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം എന്നാണ് ബിജു രമേശ് ആരോപിച്ചത്.

ബിജു രമേശിന് പിന്നാലെയാണ് വിദ്യാസാഗർ കൂടി ആരോപണങ്ങലുമായും പോസ്റ്റ്‌മോർട്ടം സമയത്ത് നടന്ന സംഭവങ്ങളുടെ രത്‌നച്ചുരുക്കവും മറുനാടനോട് പങ്ക് വയ്ക്കുന്നത്. പോസ്റ്റ്‌മോർട്ടം നടത്താതെ സമാധിയിരുത്താനുള്ള നീക്കം പൊളിച്ചത് താനാണ് എന്ന് വിദ്യാസാഗർ പറഞ്ഞത്. ആ സമയത്ത് നടന്ന അണിയറ സംഭവങ്ങൾ ഏതാണ്ട് മുഴുവനായി തന്നെ വിദ്യാസാഗർ മറുനാടന് മുന്നിൽ വിവരിക്കുന്നു.

പോസ്റ്റ്‌മോർട്ടം സമയത്ത് സംഭവിച്ച കാര്യങ്ങൾ വിദ്യാസാഗർ വിവരിക്കുന്നു

ആലുവ അദ്വൈതാശ്രമത്തിൽ വച്ചാണ് ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോർട്ടം നടക്കുന്നത്. അദ്വൈതാശ്രമത്തിന്റെ പുറകുവശത്ത് തുണി മറച്ചു കെട്ടി മറച്ച ഒരു സ്ഥലത്ത് വച്ചാണ് പോസ്റ്റ്‌മോർട്ടം നടന്നത്. പോസ്റ്റ്‌മോർട്ടം വേണ്ടാ എന്ന അഭിപ്രായമാണ് അവിടെ നിലനിന്നത്. ശാശ്വതീകാനന്ദയുടെ മരണവിവരം എനിക്ക് ലഭിച്ചിരുന്നു. അന്ന് ഞാൻ എസ്എൻഡിപി യുടെ പ്രസിഡന്റ് ആണ്. പോസ്റ്റ്‌മോർട്ടത്തിനു നേതൃത്വം നൽകിയ ഡോക്ടർ സോമൻ ദീർഘകാലം ആലുവ സർക്കാർ ആശുപത്രിയിൽ സർജൻ ആയിരുന്നു. സോമന്റെ മേൽനോട്ടത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. പുള്ളിയുടെ ജൂനിയർ ആയിരുന്ന ഒരു ഡോക്ടർ ആണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

ഞാൻ അദ്വൈതാശ്രമത്തിൽ എത്തുമ്പോൾ നേരം വൈകിയിരുന്നു. ഒമ്പതരയ്ക്ക് ആണ് എന്നെ വിളിച്ചു പറയുന്നത്. ഞാൻ ഉടൻ വരാൻ ഒരുങ്ങിയതാണ്. പക്ഷെ ഡ്രൈവർ വരാൻ കുറച്ച് താമസിച്ചു. എത്തുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ടാകും. ഞാൻ എത്തുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. വെള്ളാപ്പള്ളി, രാജൻ ബാബു തുടങ്ങി ഒട്ടുവളരെ പേർ അവിടെയുണ്ട്.

പ്രസിഡന്റ് പറയുന്നതാണ് ശരിയെന്ന് വെള്ളാപ്പള്ളി

പോസ്റ്റ്‌മോർട്ടം നടത്താതെ ശാശ്വതീകാനന്ദയുടെ ശരീരം കൊണ്ടുപോകാനുള്ള ആലോചനകളാണ് അവിടെ നടന്നത്. പോസ്റ്റ്‌മോർട്ടം വേണ്ടാ എന്നാണ് പൊതുവിൽ ഉള്ള അഭിപ്രായം. ഞാൻ ചെന്നപ്പോൾ രാജൻ ബാബു അടക്കമുള്ളവർ പോസ്റ്റ്‌മോർട്ടം വേണ്ടാ എന്നുള്ള അഭിപ്രായത്തിലാണ്. അന്ന് എ.കെ.ആന്റണി ആണ് മുഖ്യമന്ത്രി. ആന്റണി പറഞ്ഞിരിക്കുന്നത് എസ്എൻഡിപിക്കും സ്വാമിമാർക്കും പോസ്റ്റ്‌മോര്ട്ടം വേണ്ടാ എന്നുണ്ടെങ്കിൽ അങ്ങിനെ ആയിക്കോട്ടെ എന്നാണ് പറഞ്ഞിരിക്കുന്നത്. അതൊഴിവാക്കിയേര് എന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനുള്ള ക്ലിയറൻസ് നൽകിയിട്ടുണ്ട് എന്നും പറഞ്ഞു.

ഞാൻ എത്തുമ്പോൾ ഇതാണ് അവസ്ഥ. ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി. ഞാൻ വെള്ളാപ്പള്ളിയെ ജിഎസ് എന്നാണ് വിളിച്ചിരുന്നത്. ഞാൻ പ്രസിഡനറും അദ്ദേഹം എസ്എൻ ഡിപി ജനറൽ സെക്രട്ടറി എന്ന അർത്ഥത്തിലാണ് ജിഎസ് എന്ന് വിളിച്ചത്. 'ജിഎസേ നമ്മൾ കാണിക്കുന്നത് അബദ്ധമാണ്. ശാശ്വതീകാനന്ദ സ്വാമികൾ വിവാദങ്ങളുടെ ഉറ്റ തോഴനാണ്. ഇങ്ങിനെ ഒരു ഘട്ടത്തിൽ പോസ്റ്റ്‌മോർട്ടം നടത്താതെ ബോഡി മറവ് ചെയ്തു, സമാധി ഇരുത്തി എന്ന് പറഞ്ഞാൽ നാളെ ഒരു പിടി ചോദ്യങ്ങൾ ഉയർന്നു വരും. അതുകൊണ്ട് നമുക്ക് പോസ്റ്റ്‌മോർട്ടം ചെയ്‌തേ ശരിയാവൂ എന്ന് തീർത്ത് പറഞ്ഞു.

ഞാൻ ക്രിമിനൽ അഭിഭാഷകനാണ്. പത്തുമുപ്പതുകൊല്ലമായി ക്രിമിനൽ കേസുകൾ വാദിക്കുന്ന അഭിഭാഷകനാണ്. എന്റെ അനുഭവത്തിൽ നിന്നും ഞാൻ പറയുന്നു ഇത് ഇത് ബുദ്ധിയല്ല'. വെള്ളാപ്പള്ളി എന്റെ നേരെ കുറച്ചു സമയം ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു. 'പ്രസിഡന്റ് പറഞ്ഞതാണ് ശരി.'

ഐജി രാജീവൻ നിരത്തിയത് പോസ്റ്റ്‌മോർട്ടത്തിനു അനുകൂല വാദമുഖങ്ങൾ

പോസ്റ്റ്മോർട്ടം ഇല്ലാതെ പോകുന്നതിനോടു എനിക്ക് യോജിപ്പില്ല എന്ന് ഞാൻ തീർത്ത് പറഞ്ഞു. അന്ന് രാജീവൻ ഐജി ആയിരുന്നു എന്ന് തോന്നുന്നു. രാജീവിനെയാണ് മുഖ്യമന്ത്രി കാര്യങ്ങൾ കോർഡിനെറ്റ് ചെയ്യാൻ ചുമതലപ്പെടുത്തിയത്. രാജീവൻ അന്ന് ഹെഡ് ക്വാർറ്റേഴ്‌സ് ഐജി എന്നാണ് തോന്നുന്നത്. ഞാൻ രാജീവിനെ വിളിച്ചു. രാജീവ് ഇങ്ങോട്ട് പറഞ്ഞു. നിങ്ങളുടെ ഒക്കെ ഇഷ്ടം നോക്കി ചെയ്യാനാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട' എന്ന് രാജീവൻ പറഞ്ഞു. ഞാൻ ചോദിച്ചു 'എന്താ രാജീവിന്റെ അഭിപ്രായം? അപ്പോൾ പുള്ളി ചിരിച്ചുകൊണ്ട് ഇങ്ങോട്ട് ചോദിച്ചു... ഞാൻ പറയണോ? താങ്കൾ ഒരു ക്രിമിനൽ ലോയർ കൂടിയാണ്. ഞാൻ അങ്ങിനെയാണ് കേട്ടിരിക്കുന്നത്. ഇനി ഞാൻ പറയണോ? രാജീവൻ തിരികെ ചോദിച്ചു. ഞാൻ പറഞ്ഞു. രാജീവ് ഞാൻ ഇവരോട് പറഞ്ഞിരിക്കുകയാണ് പോസ്റ്റ്‌മോർട്ടം ചെയ്തിട്ടേ ഞങ്ങൾ കൊണ്ടുപോകുന്നുള്ളൂ എന്ന്. പോസ്റ്റ്‌മോർട്ടം വേണ്ടെന്നു വയ്ക്കുന്നില്ല. ഇതാണ് ഞങ്ങളുടെ ഫൈനൽ തീരുമാനം. രാജീവൻ പറഞ്ഞു.. വെരി ഗുഡ്... അതങ്ങിനെ തീരുമാനിച്ചത് നന്നായി. പോസ്റ്റ്‌മോർട്ടം ഇല്ലാതാക്കാൻ വേണ്ടി ഇങ്ങോട്ട് ആർഗ്യുമെന്റ്‌സ് ആയിരുന്നു എന്നാണ് രാജീവ് പറഞ്ഞത്.

അപ്പോൾ അവിടെ കൂടിയിരുന്ന ആളുകൾ ഞങ്ങളെ നോക്കുന്നത് സംശയ ദൃഷ്ടിയോടെയാണ്. ഇത്രയും കേമന്മാർ ആയ ആളുകൾ ഉള്ളപ്പോൾ പോസ്റ്റ്‌മോർട്ടം ഇല്ലാതെ കൊണ്ടുപോകാൻ കഴിയില്ലേ എന്നാണു ആളുകളുടെ നോട്ടങ്ങളും സംസാരങ്ങളിലും അടങ്ങിയിരുന്നത്. ഒരു മെന്റൽ ബ്ലോക്ക് ഉണ്ടല്ലോ? മനസിലെ.. അതിന്നിടയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്താം എന്നും അഭിപ്രായം വന്നു. പക്ഷെ അതെല്ലാം ഞാൻ തള്ളിക്കളഞ്ഞു. അടുത്തുള്ള ആശുപത്രിയിൽ അല്ലെങ്കിൽ സ്‌പോട്ടിൽ ചെയ്യാനുള്ള കാര്യമാണിത് എന്ന വിശദീകരണമാണ് ഞാൻ നൽകിയത്.

അപ്പോൾ ജനറൽ സെക്രട്ടറി വിളിച്ചു പറഞ്ഞു.. പോസ്റ്റ്‌മോർട്ടം കഴിഞ്ഞിട്ട് കൊണ്ടുപോയാൽ മതി. അപ്പോഴേക്കും പോസ്റ്റ്‌മോർട്ടം ഇല്ലാതെ കൊണ്ടുപോകാനുള്ള സമാധിയിരുത്തൽ രീതിയിൽ ആയിക്കഴിഞ്ഞിരുന്നു. ഒരു കസേരയിൽ ഇരുത്തി ശാശ്വതീകാനന്ദയുടെ ശരീരം കെട്ടിവെച്ചിരുന്നു. സന്യാസിവര്യന്മാരും ആത്മീയാചാര്യന്മാരും മരിച്ചാൽ കിടത്തിയല്ല പോകുന്നത് ഇരുത്തിക്കൊണ്ടാണ്. ഈ രീതിയിൽ ആണ് ശാശ്വതീകാനന്ദയുടെ ശരീരം വെച്ചിരുന്നു. അപ്പോൾ അതിനുള്ള എല്ലാം ചെയ്തു വെച്ചിരുന്നു. അപ്പോൾ എല്ലാം അഴിച്ചു. സർക്കാർ ആശുപത്രിയിലെ ഡോക്ടറെ, ഡോക്ടർ സോമന്റെ ജൂനിയറെ വിളിച്ചു വരുത്തി അവിടെ വെച്ച് പോസ്റ്റ്‌മോർട്ടം ചെയ്തു.

അവിടെയുള്ള ആളുകളെ സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞു പോസ്റ്റ്‌മോർട്ടം ചെയ്തു എന്നെല്ലാം വരുത്താനുള്ള കാര്യമേയുള്ളൂ. സ്വാമിയെ ആരാധനയോടെ നോക്കുന്ന ആളുകൾ ധാരാളമുള്ള സ്ഥലമാണിത്. അതിനാലാണ് അങ്ങനെ പറഞ്ഞത്. അത് വീഡിയോയിൽ ഷൂട്ട് ചെയ്യാൻ ഞാൻ നിർദ്ദേശം നൽകിയിരുന്നു. ശാശ്വതീകാനന്ദയുടെ ലംങ്‌സിൽ വെള്ളം കയറിയിരുന്നു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ഒരു മുങ്ങിമരണത്തിന്റെ വിശദാംശങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.

ലംങ്‌സിൽ വെള്ളം കയറിയത് മരണകാരണമായി

പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ കൃത്രിമത്തിനു സാധ്യത കുറവാണ്. ലംങ്‌സിൽ വെള്ളം കയറി മരിച്ചു എന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കറക്റ്റ് ആയിരിക്കും. ഒരു കാര്യം ആലോചിക്കാനുണ്ട്. വാസ്തവത്തിൽ വല്ലവരും പിടിച്ചു മുക്കിയാൽ ലംങ്‌സിൽ വെള്ളം കയറില്ലേ? ആ ഒരു സാധ്യത നിലനിൽക്കുന്നുണ്ട്. അർദ്ധബോധാവസ്ഥയിൽ ആരെങ്കിലും എടുത്ത് വെള്ളത്തിൽ ഇട്ടാലും അങ്ങിനെ സംഭവിക്കാം. ഇങ്ങിനെയുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. പിന്നെ ഇങ്ങിനെയുള്ള ഒരു ചിന്ത ഒന്നും അന്നേരം പോയില്ല. അങ്ങിനെ ചിന്തിക്കാനുള്ള ഒരു സാഹചര്യം ആ ഘട്ടത്തിലില്ല.

എല്ലാം പകൽ വെളിച്ചത്തിൽ നടന്ന സംഗതിയല്ലേ. അതിനാൽ മറ്റു ചിന്തകൾ മനസ്സിൽ പോയില്ല. ആരെങ്കിലും സ്വാമിയെ വധിക്കണമെന്ന് ഉണ്ടെങ്കിൽ സ്വാമി ആലുവ പുഴയിൽ കൂടി സമയം നോക്കാതെ സഞ്ചരിക്കുന്ന ആളാണ്. ആ ഘട്ടത്തിൽ അങ്ങിനെ ഒരു ചിന്ത എന്റെ മനസ്സിൽ പോയില്ല എന്നതാണ് വാസ്തവം. അങ്ങിനെയെങ്കിൽ ഞാൻ വെറുതെയിരിക്കുകയും ചെയ്യുമായിരുന്നില്ല.

എന്നെ പ്രസിഡന്റ് പദവിയിൽ ഇരുത്തിയത് ശാശ്വതീകാനന്ദ

എന്നെ എസ്എൻഡിപി പ്രസിഡന്റ് പദവിയിൽ ഇരുത്തിയത് ശാശ്വതീകാനന്ദയാണ്. ബലമായി വലിച്ചിഴച്ച് കസേരയിൽ ഇരുത്തുകയായിരുന്നു. ശാശ്വതീകാനന്ദയുടെ നെറ്റിയിൽ മുറിവ് ഉണ്ടായിരുന്നു. അതിൽ നിന്നും രക്തം വന്നതാവാം. വേറൊരു സ്വാമിയുടെ കാലു ആ സമയം മുറിഞ്ഞിട്ടുണ്ടായിരുന്നു. ആ സ്വാമി നടന്നു കയറിയ സ്റ്റെപ്പിൽ രക്തം പുരണ്ടിരുന്നു. രക്തവും മരണവും തമ്മിൽ ബന്ധമുണ്ടെന്നു ഞാൻ കരുതുന്നില്ല. പക്ഷെ എനിക്ക് ഈ മരണത്തിന്റെ ചുരുൾ അഴിഞ്ഞു കണ്ടാൽ കൊള്ളാമെന്നുണ്ട്. എനിക്ക് അങ്ങിനെ നിങ്ങളിൽ ഇല്ലാത്ത സംശയം ഉണ്ടാക്കാനുള്ള ഒരാളല്ല. പിന്നെ ശാശ്വതീകാനന്ദയുടെ മരണസമയത്ത് എസ്എൻഡിപി പ്രസിഡന്റ് ആയ ഞാൻ പിന്നെ മാറി. ആ കസേരയിൽ ഇപ്പോൾ അന്ന് മുതൽ ഇന്നു വരെ ഡോക്ടർ സോമനാണ്. പിന്നെ മറ്റൊരു പ്രസിഡന്റ് ഈ കസേരയിൽ പിന്നെ വന്നില്ല.

എന്റെ രീതിയിൽ വായിച്ചിട്ട് നോക്കിയിട്ട് ഒപ്പിടുന്ന സ്വഭാവം സോമനില്ല. നല്ല ഡോക്ടർ ആണ്. പൊതുപ്രവർത്തനത്തിനു പറ്റിയ ഒരാളാണ് ഡോക്ടർ സോമൻ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. തത്ക്കാലം ഡോക്ടർ സോമൻ തുടർന്ന് പോകുന്നു എന്നേ തോന്നിയിട്ടുള്ളൂ. സോമൻ ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയിരുന്നു. ഇങ്ങിനെയാണ് സോമൻ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്-വിദ്യാസാഗർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP