Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ കരുതുന്നതിലും ദാരുണമാണ് അവിടുത്തെ അവസ്ഥ; ഇതെല്ലാം നിങ്ങളോടു പറഞ്ഞതിന്റെ പേരിൽ തിരികെ ക്യാംപസിലെത്തുമ്പോൾ ഞാനവരുടെ പ്രിയപ്പെട്ട വേട്ടമൃഗമായേക്കാമെന്ന് തുന്നൽ കെട്ടുമായി നാട്ടിൽ തിരിച്ചെത്തിയ സൂരി കൃഷ്ണൻ; നടന്നത് ആംബുലൻസിനെ പോലും മുമ്പോട്ട് പോകാൻ അനുവദിക്കാത്ത ഭീകരതയെന്ന് അദ്ധ്യാപകനായ അമിത് പരമേശ്വരൻ; ജെഎൻയുവിൽ അക്രമത്തിന് ഇരയായവരിൽ ഇഎംഎസിന്റെ കൊച്ചുമകനും; ജെ എൻ യുവിലെ ക്രൂരതകൾ ചർച്ചയാകുമ്പോൾ

നിങ്ങൾ കരുതുന്നതിലും ദാരുണമാണ് അവിടുത്തെ അവസ്ഥ; ഇതെല്ലാം നിങ്ങളോടു പറഞ്ഞതിന്റെ പേരിൽ തിരികെ ക്യാംപസിലെത്തുമ്പോൾ ഞാനവരുടെ പ്രിയപ്പെട്ട വേട്ടമൃഗമായേക്കാമെന്ന് തുന്നൽ കെട്ടുമായി നാട്ടിൽ തിരിച്ചെത്തിയ സൂരി കൃഷ്ണൻ; നടന്നത് ആംബുലൻസിനെ പോലും മുമ്പോട്ട് പോകാൻ അനുവദിക്കാത്ത ഭീകരതയെന്ന് അദ്ധ്യാപകനായ അമിത് പരമേശ്വരൻ; ജെഎൻയുവിൽ അക്രമത്തിന് ഇരയായവരിൽ ഇഎംഎസിന്റെ കൊച്ചുമകനും; ജെ എൻ യുവിലെ ക്രൂരതകൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിങ്ങൾ കരുതുന്നതിലും ദാരുണമാണ് അവിടുത്തെ അവസ്ഥ, ഇതെല്ലാം നിങ്ങളോടു പറഞ്ഞതിന്റെ പേരിൽ തിരികെ ക്യാംപസിലെത്തുമ്പോൾ ഞാനവരുടെ പ്രിയപ്പെട്ട വേട്ടമൃഗമായേക്കാം- ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഞായറാഴ്ച മുഖംമൂടി സംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ എംഎ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ കായംകുളം സ്വദേശി സൂരി കൃഷ്ണൻ പറഞ്ഞു. കായംകുളം പെരിങ്ങാല ഊച്ചിക്കൽ ഗംഗോത്രിയിൽ കെ.ജി അജന്റെയും ഡോ.എസ്.ജെ ലേഖയുടെയും മകനായ സൂരി ജെഎൻയുവിലെ സെന്റർ ഫോർ ലിങ്വിസ്റ്റിക്‌സിൽ എംഎ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

തലയ്ക്കു സാരമായി പരുക്കേറ്റ സൂരി ഇന്നലെ വൈകിട്ടാണു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സ്വീകരിക്കാൻ എസ്എഫ്‌ഐ ജില്ലാ നേതൃത്വമെത്തിയിരുന്നു. വൈകിട്ട് അഞ്ചിനു നടന്ന ആദ്യ ആക്രമണത്തിലാണു സൂരിക്കും സുഹൃത്തുക്കൾക്കും പരുക്കേൽക്കുന്നത്. കാവേരി ഹോസ്റ്റലിൽ നിന്നു പ്രതിഷേധ മാർച്ച് നീങ്ങുന്നതിനിടെയാണ് ആക്രമണം. അക്രമികളിലൊരാൾ സൂരിയെ പിന്നിലേക്കു വലിച്ചു. തുടർന്ന് 7 പേർ ചേർന്നു വളഞ്ഞിട്ടു കമ്പിവടി കൊണ്ട് അടിച്ചു. തലയിൽ 10 തുന്നലുകളുണ്ട്. രണ്ടും കയ്യിലും ചതവുണ്ട്. ഇതു കേരളവും ബംഗാളുമൊന്നുമല്ല ഉത്തരേന്ത്യയാണെന്നായിരുന്നു അക്രമികളിലൊരാളുടെ ആക്രോശം. ജെഎൻയുവിലെ എബിവിപി പ്രവർത്തകർ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു സൂരി പറയുന്നു.

തനിക്കറിയാവുന്ന പത്തിലധികം പേരാണ് അക്രമിക്കാൻ ആദ്യമെത്തിയത്. തിരികെച്ചെന്നാലും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. പലരെയും നോട്ടപ്പുള്ളികളാക്കി വച്ചിരിക്കുകയാണെന്നും സൂരി പറഞ്ഞു. എൻയു സംഭവത്തെക്കുറിച്ച് സ്‌കൂൾ ഓഫ് ആർട് ആൻഡ് ഈസ്തറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകനുമായ അമീത്ത് പരമേശ്വരനും അക്രമത്തിൽ പരിക്കേറ്റു. ക്യാംപസിൽ അക്രമി സംഘമെത്തിയെന്ന വിവരം ജെഎൻയു ചീഫ് സെക്യൂരിറ്റി ഓഫിസർ നവീൻ യാദവിനെ ഉൾപ്പെടെ അറിയിച്ചിരുന്നു. പക്ഷേ മറ്റാരോ തയാറാക്കിയ പദ്ധതികൾക്ക് ഇവരെല്ലാം ഭാഗമായി എന്നുവേണം കരുതാനെന്നും അമിത് പറയുന്നു. വിദ്യാർത്ഥിയെന്ന നിലയിലും അദ്ധ്യാപകനായും ജെഎൻയുവിൽ വർഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും അദ്ധ്യാപകൻ കൂട്ടിച്ചേർക്കുന്നു.

ക്യാംപസിൽ മുൻദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചാണ് ജെഎൻയു അദ്ധ്യാപക അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗത്തിന് ആഹ്വാനം ചെയ്തത്. ഇതനുസരിച്ച് 4 മണിയോടെ ഞാൻ സബർമതി ഹോസ്റ്റലിനു സമീപമെത്തി. പ്രതിഷേധം ആറുമണിയോടെ അവസാനിച്ചു. അതിനു ശേഷം സംസാരിച്ചു നിൽക്കുകയായിരുന്നു അദ്ധ്യാപകരും വിദ്യാർത്ഥികളും. ഇതിനിടെയാണ് പെരിയാർ ഹോസ്റ്റലിനു സമീപം മുഖംമൂടി ധരിച്ച സംഘമുണ്ടെന്നും എന്തോ നടക്കാൻ പോകുന്നുവെന്നുമുള്ള സന്ദേശം ലഭിച്ചത്. ഞങ്ങൾ അദ്ധ്യാപകരാണല്ലോ, കാര്യം തിരക്കാം എന്നു കരുതി അങ്ങോട്ടു പോകാൻ തുടങ്ങി. നടന്നു തുടങ്ങിയപ്പോഴാണ് ഏതാനും വിദ്യാർത്ഥികളെത്തി അങ്ങോട്ടു പോകരുതെന്നും വല്ലാത്ത സാഹചര്യമാണെന്നും അറിയിച്ചതെന്ന് അമിത് പറയുന്നു. മനോരമയിലാണ് അമിത് അക്രമ ദിവസത്തെ കാര്യങ്ങൾ വിശദീകരിക്കുന്നത്.

ഇതിനിടെ അമിത് തോറത്ത് എന്ന അദ്ധ്യാപകൻ സൈക്കിളിൽ പെരിയാറിലേക്കു പോയി. അക്രമസംഭവങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച അദ്ദേഹത്തെ നാലഞ്ചുപേർ വളഞ്ഞു. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിക്കുകയും മർദിക്കുകയും ചെയ്തു. സൈക്കിൾ ഉപേക്ഷിച്ച് ഓടി അദ്ദേഹം ഞങ്ങളുടെ അടുത്തെത്തി. വലിയ സംഘമാണെന്നും അവരുടെ പക്കൽ ആയുധങ്ങളുണ്ടെന്നും സബർമതിയിൽ കാത്തുനിൽക്കാനുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഇരുട്ടായപ്പോഴാണു സബർമതിയിലേക്കു വലിയ ഒച്ചപ്പാടുകളുമായി സംഘമെത്തിയത്. പിന്നാലെ കല്ലേറു തുടങ്ങി. വലിയ കല്ലുകൾ. റോഡിലും മറ്റും കിടക്കുന്ന തരത്തിലുള്ളതല്ലെന്നു തീർച്ച. ഒപ്പം കാറുകളും മറ്റും തല്ലിത്തകർക്കാനും തുടങ്ങി. ഇതിനിടെയാണ് എനിക്കും മർദനമേറ്റത്.

പുറത്ത് അടിയേറ്റതിനു പിന്നാലെ ഓടിമാറാൻ ശ്രമിക്കുമ്പോൾ കല്ലേറിൽ തലയ്ക്കു പരുക്കേറ്റ പ്രഫ. സുചരിത സെന്നിനെ കണ്ടു. രക്തമൊഴുകി നിൽക്കുന്ന ഇവരെയും കൂട്ടി പോകാൻ നോക്കുന്നതിനിടെ ഒരു വിദ്യാർത്ഥി ബൈക്കിലെത്തി. പ്രഫ. സുചരിതയെ ആശുപത്രിയിലെത്തിക്കാൻ വിദ്യാർത്ഥിക്കൊപ്പം ബൈക്കിൽ കയറി. ക്യാംപസിലെ ഹെൽത്ത് സെന്റർ കഴിഞ്ഞ ദിവസങ്ങളിൽ നേരത്തേ അടച്ചതിനാൽ പുറത്ത് ആശുപത്രിയിലേക്കു പോകാമെന്നായി വിദ്യാർത്ഥി. എന്നാൽ പ്രധാന ഗേറ്റിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു ഭാഗത്തു പൊലീസും മറുഭാഗത്തു സർവകലാശാല സെക്യൂരിറ്റി ജീവനക്കാരുമുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതു യൂണിഫോമിലല്ലാത്ത ഒരു ഗൂണ്ട. വിദ്യാർത്ഥിയുടെ കയ്യിൽ പിടിച്ചുവലിച്ച് നിങ്ങളാരാണ്, എവിടെ പോകുന്നു തുടങ്ങിയ ചോദ്യങ്ങൾ. അദ്ധ്യാപകരും വിദ്യാർത്ഥിയുമാണെന്നു പറഞ്ഞിട്ടും ഫലമുണ്ടായില്ല.

പ്രഫ. സുചരിതയുടെ നില വഷളാകുന്ന സാഹചര്യമായതിനാൽ ക്യാംപസിനുള്ളിലെ ഹെൽത്ത് സെന്ററിലേക്കു കൊണ്ടുപോയി. അവിടെയെത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അവർ നൽകിയ ആംബുലൻസിൽ എയിംസിലേക്കു പോയി. നോർത്ത് ഗേറ്റ് വഴി പുറത്തുകടക്കാനെത്തിയപ്പോൾ അവിടെ വീണ്ടും പ്രശ്‌നം. മുന്നിൽ 2 ആംബുലൻസ് വേറെയുമുണ്ടായിരുന്നു. എന്നാൽ ആംബുലൻസിനെയൊന്നും മുന്നോട്ടു പോകാൻ അനുവദിച്ചില്ല. ഒടുവിൽ മറ്റൊരു ഗേറ്റിലൂടെയാണ് ഞങ്ങളെല്ലാം പുറത്തെത്തിയത്-അമിത് കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP