Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഷി ഘോഷിന്റെ കൈ തല്ലി ഒടിച്ചു; തലയ്ക്കുള്ളത് 15 തുന്നൽ; തെളിവുകൾ വിരൽ ചൂണ്ടുന്നത് എബിവിപിയിലേക്ക്; സംശയങ്ങൾ നീളുന്നത് പരിവാറുകാരൻ വികാസ് പട്ടേലിലേക്ക്; ആരേയും അറസ്റ്റ് ചെയ്യാതെ പൊലീസും; ഇനി അന്വേഷിക്കുക ക്രൈംബ്രാഞ്ച്; വൈസ് ചാൻസലർ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസും ഇടതുപക്ഷവും; ഓക്‌സ്ഫഡിലും അക്രമത്തിൽ പ്രതിഷേധം; ജെഎൻയുവിൽ നടന്നത് നരനായാട്ട്; എല്ലാത്തിനും കാരണം ശൈത്യകാല രജിസ്ട്രേഷൻ നടപടി തടസപ്പെടുത്തിയ സമരമെന്ന് സർവ്വകലാശാലയും

ഐഷി ഘോഷിന്റെ കൈ തല്ലി ഒടിച്ചു; തലയ്ക്കുള്ളത് 15 തുന്നൽ; തെളിവുകൾ വിരൽ ചൂണ്ടുന്നത് എബിവിപിയിലേക്ക്; സംശയങ്ങൾ നീളുന്നത് പരിവാറുകാരൻ വികാസ് പട്ടേലിലേക്ക്; ആരേയും അറസ്റ്റ് ചെയ്യാതെ പൊലീസും; ഇനി അന്വേഷിക്കുക ക്രൈംബ്രാഞ്ച്; വൈസ് ചാൻസലർ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസും ഇടതുപക്ഷവും; ഓക്‌സ്ഫഡിലും അക്രമത്തിൽ പ്രതിഷേധം; ജെഎൻയുവിൽ നടന്നത് നരനായാട്ട്; എല്ലാത്തിനും കാരണം ശൈത്യകാല രജിസ്ട്രേഷൻ നടപടി തടസപ്പെടുത്തിയ സമരമെന്ന് സർവ്വകലാശാലയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെയുണ്ടായ അതിക്രൂരമായ ആക്രമണത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു. വളരെ ആസൂത്രിതമായിരുന്നു ആക്രമണമെന്ന ആരോപണത്തിനു പിന്നാലെ കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും ആരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ശനിയാഴ്ചയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഞായറാഴ്ച രാത്രി ഇതിന് ഭീകരതയുടെ ഭാവം കൈവന്നു. രാത്രി ഒൻപതു വരെ മുഖംമൂടിധാരികൾ സർവകലാശാലയിലെ 7 ഹോസ്റ്റലുകളിൽ കയറിയിറങ്ങി. വിദ്യാർത്ഥികളെ അക്രമിച്ചു, മുറികൾ തല്ലിത്തകർത്തു. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. ഓക്‌സ്ഫഡ് ഉൾപ്പെടെയുള്ള വിദേശ സർവകലാശാലകളിലും പ്രതിഷേധ പ്രകടനം നടന്നു.

സംഭവത്തിൽ കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. ആൾക്കൂട്ട ആക്രമണം സംബന്ധിച്ച 2018ലെ സുപ്രീം കോടതി ഉത്തരവു ലംഘിച്ചെന്നാരോപിച്ചു ഡൽഹി പൊലീസിനെതിരെ കോൺഗ്രസ് അനുഭാവി തെഹ്‌സീൻ പൂനാവാല കോടതിയലക്ഷ്യ ഹർജി നൽകി. അദ്ധ്യാപിക സുചരിത സെൻ, മലയാളി അദ്ധ്യാപകൻ അമീത്ത് പരമേശ്വരൻ, വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് എന്നിവരടക്കം 34 പേരെയും ഡിസ്ചാർജ് ചെയ്തു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ട്രോമാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഐഷി ഘോഷിന്റെ ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. തലയ്ക്കു 15 തുന്നലുണ്ട്.

അക്രമം ആരംഭിക്കുന്നതു ശനിയാഴ്ചയാണ്. സെക്യൂരിറ്റി ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തതും പ്രതിഷേധത്തിനു കാരണമായിരുന്നു. ഫീസ് വർധന പിൻലിക്കാൻ തയാറാകാതെ ഓൺലൈൻ വഴി റജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കാനുള്ള ശ്രമം വിദ്യാർത്ഥികൾ ചെറുത്തതോടെയാണു സംഘടിത ആക്രമണങ്ങൾ ആരംഭിച്ചത്. ഇതിനെതിരെ എബിവിപി രംഗത്തു വന്നു. ഇടതുപക്ഷ നേതാക്കളെ ലക്ഷ്യം ഇട്ടു. അങ്ങനെ പ്രശ്‌നങ്ങൾ തുടങ്ങി. ഞായറാഴ്ച വൈകിട്ട് 3.45ഓടെ മുഖംമൂടി ധരിച്ച അക്രമിസംഘം പെരിയാർ ഹോസ്റ്റലിലെത്തി. എസ്എഫ്‌ഐ നേതാക്കൾക്കു മർദനമേറ്റു. മലയാളിസൂരി കൃഷ്ണനും പരുക്കേറ്റു. നാല് മണിയോടെ സബർമതി ഹോസ്റ്റലിനു സമീപത്തെ നാൽക്കവലയിൽ ജെഎൻയു അദ്ധ്യാപക അസോസിയേഷന്റെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ഇതോടെയാണ് അക്രമികൾ ഭീകര സ്വഭാവം കാട്ടിയത്. പ്രതിഷേധിച്ചിടത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും ഇവിടെ ഒത്തുചേർന്നു.

ഇതോടെ മുഖംമൂടി ധരിച്ച കൂടുതലാളുകൾ ക്യാംപസിനുള്ളിൽ കറങ്ങിനടക്കുന്നുവെന്ന വിവരം പുറത്തെത്തി. പൊലീസ് കൺട്രോൾ റൂമിലേക്കു വിളിച്ച് വിവരം അറിയിക്കുന്നു. വിദ്യാർത്ഥികളുടെ വിവരമറിയാൻ പെരിയാർ ഹോസ്റ്റലിലേക്കു പോയ അദ്ധ്യാപകൻ അമിത് തോറത്തിനു നേരെ ആക്രമണം. മുഖംമൂടി സംഘം സബർമതി ഹോസ്റ്റൽ പരിസരത്തേക്ക്. അദ്ധ്യാപകർ ഇവരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും കല്ലുകളും ലാത്തിയുമായി അക്രമം. രാത്രി ഏഴരയോടെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനു നേരെ ആക്രമണം നടക്കുന്നു. ഇതിനിടെ എല്ലാ ഹോസ്റ്റലിലും കയറി ഇവർ ഇടതുപക്ഷക്കാരെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സംഭവം നടന്ന് 24 മണിക്കൂറിനു ശേഷവും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികൾ 3 മണിക്കൂറിലേറെ ക്യാംപസിനുള്ളിൽ അഴിഞ്ഞാടിയിട്ടും പൊലീസും സർവകലാശാല സുരക്ഷാജീവനക്കാരും നോക്കിനിന്നുവെന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും ആരോപിച്ചു.

അക്രമികളെക്കുറിച്ചു വ്യക്തമായ സൂചന പുറത്തുവന്നിട്ടും എല്ലാ പരാതികളും ചേർത്ത് ഒരു കേസ് മാത്രമാണു ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. ആരോപണങ്ങൾ ഡൽഹി പൊലീസ് തള്ളി. അക്രമത്തിനു നേതൃത്വം നൽകിയതു എബിവിപി പ്രവർത്തകരാണെന്നു വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവരുന്നുണ്ട്. പുറത്തു വന്ന ദൃശ്യങ്ങളിൽ അക്രമികൾക്കൊപ്പം വടിയുമായി നിൽക്കുന്നതു ജെഎൻയു പൂർവ വിദ്യാർത്ഥിയും എബിവിപി നേതാവുമായ വികാസ് പട്ടേലാണെന്നു സൂചന ലഭിച്ചിട്ടുണ്ട്. അതിനിടെ സർവകലാശാല അധികൃതരുമായി സംസാരിച്ചു ക്യാംപസിൽ സമാധാന അന്തരീക്ഷമൊരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജലിനെ ചുമതലപ്പെടുത്തി.

സംഭവത്തെ തുടർന്ന് ഡൽഹിയിലെ സർവകലാശാലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. അലിഗഡ് മുസ്‌ലിം സർവകലാശാല അവധിക്കു ശേഷം തുറക്കുന്നതു നീട്ടി. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര ജെഎൻയു രജിസ്റ്റ്രാർ, പ്രോ വൈസ് ചാൻസലർ എന്നിവരെ ഓഫിസിലേക്കു വിളിച്ചുവരുത്തി വിശദീകരണം തേടി. ജെഎൻയു ക്യാംപസിലെ സബർമതി ഹോസ്റ്റൽ വാർഡൻ മീന രാജിവച്ചു. ഹോസ്റ്റലിൽനിന്നു വിദ്യാർത്ഥികൾ ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. ബിജെപി അനുഭാവമുള്ള അദ്ധ്യാപകരും ജീവനക്കാരും അക്രമത്തിന് ഒത്താശ ചെയ്‌തെന്ന യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ആരോപിച്ചു.

അക്രമം ഒറ്റപ്പെട്ട സംഭവമല്ല. കുറച്ചു ദിവസങ്ങളായി ഇതിനുള്ള ഗൂഢാലോചനകൾ ക്യാംപസിൽ നടക്കുന്നുണ്ട്. ക്യാംപസിനുള്ളിൽ പുറത്തുനിന്നുള്ളവർ സംഘം ചേരുന്ന വിവരം ഞായറാഴ്ച തന്നെ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ അവർ ഇതു ചെവിക്കൊണ്ടില്ല ഐഷി പറഞ്ഞു.

സർവ്വകലാശാലാ വിശദീകരണം

ജെഎൻയുവിയിൽ നടന്ന അക്രമത്തിൽ ഇടതു വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരുടെ പങ്ക് വെളിവാക്കി സർവകലാശാലയുടെ പത്രക്കുറിപ്പ്. ഫീസ് വർധനയെ അനുകൂലിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ മുന്നോട്ടു വരുന്നത് ഇടത് സംഘടനകളുടെ പ്രതിഷേധ സമരങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ആക്രമണമുണ്ടാകാൻ കാരണമെന്ന് ജെഎൻയു അധികൃതർ വ്യക്തമാക്കുന്നു

ശൈത്യകാല രജിസ്ട്രേഷൻ നടപടി തടസപ്പെടുത്താൻ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടക്കുന്ന അതിക്രമമാണ് അക്രമത്തിലേക്ക് വഴിമാറിയത്. കുറച്ചു ദിവസങ്ങളായി ക്യാമ്പസിനുള്ളിലേക്ക് സമരവുമായി സഹകരിക്കാത്ത വിദ്യാർത്ഥികളേയോ ജീവനക്കാരേയോ അദ്ധ്യാപകരേയൊ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ, ഇന്നലെ വൈകിട്ട് ശൈത്യകാല രജിസ്ട്രേഷനിൽ പങ്കെടുക്കണം എന്ന ആവശ്യവുമായി കുറച്ചു വിദ്യാർത്ഥികൾ എത്തി. ഇവരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ മർദിച്ചു. ഒപ്പം, രജിസ്ട്രേഷൻ നടപടി നടക്കുന്ന കെട്ടിടത്തിൽ അക്രമം അഴിച്ചു വിട്ടു.

ഞായറാഴ്ച വൈകിട്ട് നാലരയോടെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ അഡ്‌മിൻ ബ്ലോക്കിലും ഹോസ്റ്റലിലും കടന്നുകയറി. ഇവരെല്ലാം മുഖംമൂടി ധരിച്ച നിലയിലായിരുന്നു. ഇവർ രജിസ്ട്രേഷൻ നടപടിയുമായി സഹകരിക്കുന്ന വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു. ഇതോടാപ്പം മുഖംമൂടിധാരികൾ പെരിയാർ ഹോസ്റ്റലിൽ കടന്നു കയറി കമ്പും കല്ലുകളും ഇരുമ്പുദണ്ഡുകളുമായി വിദ്യാർത്ഥികളെ മർദിച്ചു. സമരക്കാരുടെ മർദനത്തിൽ സുരക്ഷാജീവനക്കാർക്കും പരുക്കേറ്റെന്നും ജെഎൻയു. കുറച്ചു സമരക്കാരായ വിദ്യാർത്ഥികളുടെ ഇടപെടൽ മൂലം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ അക്കാദമിക് സമയം നഷ്ടമാവുകയാണെന്നും ജെഎൻയു വൈസ് ചാൻലസർ വ്യക്തമാക്കി.

ജനുവരി ഒന്ന് വരെ രജിസ്ട്രേഷൻ നടപടികൾ സുഗമമായി നടന്ന് വരികയായിരുന്നു. എന്നാൽ മൂന്നാം തീയതി മുതലാണ് ഇതിനെതിരെ ക്യാമ്പസിൽ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ അക്രമം ആരംഭിച്ചത്. രജിസ്ട്രേഷനായി എത്തിയ നിരവധി വിദ്യാർത്ഥികളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP