Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് എല്ലാ ജനാധിപത്യങ്ങളുടേയും കശാപ്പെന്ന് പൃഥ്വിരാജ് സുകുമാരൻ; സമാനതകളില്ലാത്ത ക്രൂരതയെന്ന് അക്രമത്തെ അപലപിച്ച് നിവിൻ പോളി; വിദ്യാർത്ഥികളെ അക്രമിക്കുന്നവർ ഭീരുക്കളെന്ന് റിമ കല്ലിങ്കൽ; അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആഷിഖ് അബുവും; തല്ലിച്ചതച്ച കാഴ്ച കണ്ട അമ്മമാരുടെ ഹൃദയം വേദനിക്കുന്നെന്ന് മഞ്ജുനവാര്യരും; ജെ.എൻ.യു വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ പ്രതിഷേധവുമായി മലയാള താരങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ജാമിയ മിലിയ വിദ്യാർത്ഥികളെ അക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി താരങ്ങളും. ജെ.എൻ.യു സർവ്വകലാശാലയിൽ കഴിഞ്ഞദിവസം രാത്രിയിൽ നടന്ന ആക്രമണത്തെ അപലപിച്ചാണ് താരങ്ങൾ രംഗത്തെത്തിയത്. നടന്മാരായ പൃഥ്വിരാജ് സുകുമാരനും നിവിൻ പോളിയും നടി മഞ്ജു വാര്യരും എഴുത്തുകാരി കെ.ആർ മീരയുമടക്കം സംഭവത്തിൽ പ്രതികരണം രേഖപ്പെടുത്തി രംഗത്തെത്തി. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്ത് ഇത് പാടുള്ളതല്ലെന്നും ജനാധിപത്യമൂല്യങ്ങൾ കൊല ചെയ്യപ്പെടുകയാണ് ജെഎൻയുവിലെ ആക്രമണത്തിലൂടെ സംഭവിച്ചതെന്നും പൃഥ്വിരാജ് പ്രതികരിച്ചത്. 'നിങ്ങൾ ഏത് പ്രത്യയശാസ്ത്രത്തിനു വേണ്ടി നിലകൊള്ളുന്നയാളാണെങ്കിലും, ഏത് കാര്യത്തിനു വേണ്ടി പോരാടുന്നയാളാണെങ്കിലും അതിന്റെയെല്ലാം പ്രതീക്ഷിതഫലം എന്തായിരുന്നാലും, അക്രമവും നശീകരണവും ഒന്നിനുമൊരു ഉത്തരമല്ല.

അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും കൊളനിഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വിപ്ലവമെന്ന വാക്ക് അക്രമവുമായി സമീകരിക്കപ്പെടുന്നത് ശരിക്കും അപലപനീയമാണ്. ഒരു ജ്ഞാനോൽപാദന കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറുകയും വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്യുന്നത് ക്രമസമാധാനത്തിന്റെ തകർച്ചയെന്നതിലുപരി ജനാധിപത്യമൂല്യങ്ങളുടെ കൊലപാതകമാണ്. ഉയർന്ന ശിക്ഷ നൽകേണ്ട കടുത്ത ക്രിമിനൽ കുറ്റമാണത്. ഇതോടൊപ്പം, അക്രമത്തിലൂടെയുള്ള ഏത് സമരവും ഒരേപോലെ അപലപനീയമാണെന്ന് ഓർക്കണം. ഫലങ്ങൾ എപ്പോഴും അതിലേക്കെത്തിയ വഴികളെ ന്യായീകരിക്കണമെന്നില്ല. ജയ് ഹിന്ദ്,' പൃഥ്വിരാജ് പറയുന്നു.

അക്രമങ്ങളെ ശക്തമായി അപലപിച്ചാണ് യുവതാരം നിവിൻ പോളിയും രംഗത്തെത്തിയത്. സംഭവം ഭീതിയുളവാക്കുന്നതാണെന്നും സമാനതകളില്ലാത്ത ക്രൂരതയാണെന്നും വ്യക്തമാക്കുന്നു. തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു നിവിൻ പോളിയുടെ പ്രതികരണം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എതിരായ ഈ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച അക്രമികൾ ശിക്ഷിക്കപ്പെടണനെന്ന അവശ്യപ്പെടുന്ന താരം രാജ്യത്ത് നിലവിക്കുന്ന വിദ്വേഷങ്ങൾക്കും അക്രമ സംഭവങ്ങളെയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും ആഹ്വാനം ചെയ്ത് താരം രംഗത്തെത്തിയിരുന്നു.

ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ മർദ്ദിച്ച നടപടിക്കെതിരെ പ്രതികരിക്കണമെന്ന് സംവിധായകൻ ആഷിഖ് അബു ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച ആർഎസ്എസ്, എബിവിപി പ്രവർത്തകർക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചു. വിദ്യാർത്ഥികളെ ആക്രമിക്കുന്നത് ഭീരുക്കളാണെന്നായിരുന്നു നടി റിമ കല്ലിങ്കലിന്റെ പ്രതികരണം. പൊലീസും സർക്കാരും ചേർന്ന് ഒരുക്കുന്ന അക്രമമാണ് അരങ്ങേറിയത്. ജെഎൻയു ക്യാമ്പസിനുള്ളിൽ കടന്ന അക്രമികൾക്ക് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്നത് പൊലീസാണ് എന്ന യോഗേന്ദ്ര യാദവിന്റെ ട്വീറ്റ് പങ്കു വെച്ചു കൊണ്ടായിരുന്നു റിമയുടെ പ്രതികരണം

ജെ.എൻ.യു വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യരും രംഗത്തെത്തി. 'ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.' എന്ന് താരം ഫേസ്‌ബുക്കിൽ കുറിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP