Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജെഎൻയുവിൽ നടന്നത് സ്പോൺസേർഡ് അക്രമണമെന്ന് സോണിയ ഗാന്ധി; രാജ്യത്തെമ്പാടും കോളജുകളിലും കാമ്പസുകളിലും ആക്രമണങ്ങൾ അഴിച്ചുവിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ; ജെഎൻ.യുവിലെ അതിക്രമം മുംബൈ ഭീകരാക്രമണത്തിന് തുല്യമെന്ന് വിമർശിച്ച് ഉദ്ധവ് താക്കറെ; മുഖംമൂടി ധാരികൾ ഭീരുക്കളെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി; ജനാധിപത്യത്തിന് നാണക്കേടെന്ന് മമത ബാനർജിയും; എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധം കനക്കുമ്പോൾ വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ ലഫ്. ഗവർണറോട് അമിത് ഷാ

ജെഎൻയുവിൽ നടന്നത് സ്പോൺസേർഡ് അക്രമണമെന്ന് സോണിയ ഗാന്ധി; രാജ്യത്തെമ്പാടും കോളജുകളിലും കാമ്പസുകളിലും ആക്രമണങ്ങൾ അഴിച്ചുവിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ; ജെഎൻ.യുവിലെ അതിക്രമം മുംബൈ ഭീകരാക്രമണത്തിന് തുല്യമെന്ന് വിമർശിച്ച് ഉദ്ധവ് താക്കറെ; മുഖംമൂടി ധാരികൾ ഭീരുക്കളെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി; ജനാധിപത്യത്തിന് നാണക്കേടെന്ന് മമത ബാനർജിയും; എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധം കനക്കുമ്പോൾ വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ ലഫ്. ഗവർണറോട് അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെഎൻയു കാമ്പസിൽ ആയുധങ്ങളുമായി എത്തി എബിപിവി പ്രവർത്തകർ അഴിഞ്ഞാടിയ സംഭവത്തിൽ കേന്ദ്രസർക്കാറിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നത്. എബിവിപിയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന തെളിവുകൾ പുറത്തുവന്നിരുന്നു. ഇതോടെ പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ എതിർപ്പുയർത്തി രംഗത്തുവന്നു. ഇന്ത്യൻ യുവത്വത്തിന്റെയും വിദ്യാർത്ഥികളുടെയും ശബ്ദം ഓരോ ദിവസവും അടിച്ചമർത്താൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചെയ്തത്.

എല്ലാ ദിവസവും രാജ്യത്തെമ്പാടും കോളജുകളിലും കാമ്പസുകളിലും ആക്രമണങ്ങൾ അഴിച്ചുവിടുന്നു. ഒന്നുകിൽ പൊലീസിന്റെ വക, അല്ലെങ്കിൽ ബിജെപി സർക്കാരിന്റെ പിന്തുണയോടെ ചിലർ അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഞെട്ടിക്കുന്നതും സമാനതകളില്ലാത്തതുമായ അക്രമമാണ് സർക്കാരിന്റെ പിന്തുണയോടെ ഒരു പറ്റം ഗുണ്ടകൾ ജെഎൻയുവിൽ നടത്തിയതെന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു. ജെഎൻയുവിൽ നടന്ന ഗുണ്ടാ ആക്രമണം മോദി സർക്കാരിന്റെ സഹായത്തോടെയാണ് അരങ്ങേറിയത്. മോദി സർക്കാരിന്റെ മൗനാനുവാദത്തോടെ നടക്കുന്ന ഈ സംഭവങ്ങൾ ദൗർഭാഗ്യകരവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണ്. ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ നടന്ന ഇന്നലത്തെ ആക്രമണം അസ്ഥികൾ പോലും മരവിപ്പിക്കുന്ന ക്രൂരതയായിരുന്നു.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണം, അർഹിക്കുന്ന ജോലി കിട്ടണം. മികച്ച ഭാവിയുണ്ടാകണം. അവർക്ക് സമ്പന്നമായ ജനാധിപത്യത്തിന്റെ ഭാഗമാകാനുള്ള അവകാശമുണ്ട്. ഖേദകരമെന്ന് പറയട്ടെ, മോദി സർക്കാർ അവരുടെ ആഗ്രഹങ്ങൾ ഒന്നും നേടിക്കൊടുക്കാൻ കഴിയാതെ അവരെ ശ്വാസംമുട്ടിക്കുകയാണ്-സോണിയ കുറ്റപ്പെടുത്തി. ഇന്ത്യയുടെ യുവതയ്ക്കും വിദ്യാർത്ഥികൾക്കും കോൺഗ്രസ് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജെഎൻയുവിൽ നടന്ന സ്പോൺസേർഡ് അക്രമത്തെ അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആക്രമണത്തെ അപലപിച്ചു കൊണ്ട് രംഗത്തുവന്നു. ജെ.എൻ.യു ക്യാംപസിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ നടന്ന ആക്രമണം മുംബൈ ഭീകരാക്രമണത്തെ ഓർമ്മിപ്പിക്കുന്നതാണെന്ന് താക്കറെ പറഞ്ഞു. മുഖം മറച്ച് ആക്രമണം നടത്തിയവർ ഭീരുക്കളാണെന്നും താക്കറെ വിമർശിച്ചു. ജെ.എൻ.യുവിൽ നടന്നത് സ്പോൺസേർഡ് ആക്രമണമാണോയെന്ന ചോദ്യത്തോട് അത് വൈകാതെ വ്യക്തമാകുമെന്നും കാര്യങ്ങൾ ഓരോന്നോയി വ്യക്തമാകും. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും താക്കറെ കൂട്ടിച്ചേർത്തു. ഇത്തരം ആക്രമണങ്ങൾ അപലപനീയമാണെന്നും മഹാരാഷ്ട്രയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ ഒരു വിദ്യാർത്ഥി പോലും ഭയപ്പെടേണ്ടതില്ല. മഹാരാഷ്ട്രയിലെ സർവകലാശാലകളിൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതുണ്ടെങ്കിൽ വർദ്ധിപ്പിക്കുമെന്നും താക്കറെ കൂട്ടിച്ചേർത്തു.

ജെ.എൻ.യുവിലെ ആക്രമണം രാജ്യത്തിനേറ്റ കളങ്കമാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ അരക്ഷിത ബോധമുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർത്ഥി സമൂഹം അസ്വസ്ഥരാണ്. ഒരു വിദ്യാർത്ഥിയും ഭയപ്പെടേണ്ട സാഹചര്യമില്ല. അവരുടെ ചിന്തകൾക്ക് സംരക്ഷണം നൽകണം. രാജ്യത്തിന്റെ ഭാവി വിദ്യാർത്ഥികളിലാണ്. ഇനിയും ഇത്തരം ആക്രമണങ്ങളോട് രാജ്യം സഹിഷ്ണുത പ്രകടിപ്പിക്കില്ലെന്നും താക്കറെ കൂട്ടിച്ചേർത്തു. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിൽ മഹാരാഷ്ട്രയിലെ ആരും ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്കുനേരെയുള്ള അക്രമ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തുവന്നു. വിദ്യാർത്ഥികൾക്കെതിരായ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് മമത ട്വിറ്ററിലൂടെ വിമർശിച്ചു. ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ കിരാത കൃത്യത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. നമ്മുടെ ജനാധിപത്യത്തിന് നാണക്കേടാണിത്- മമത ട്വീറ്റ് ചെയ്തു. കാമ്പസിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധി സംഘം ജെ.എൻ.യു സന്ദർശിക്കുമെന്നും മമത അറിയിച്ചു. മുതിർന്ന നേതാവ് ദിനേശ് ത്രിവേദി, എംപിമാരായ സജ്ദ അഹമ്മദ്, മാനസ് ഭൂനിയ, വിവേക് എന്നിവരാണ് ജെ.എൻ.യുവിലെത്തുക.

കാമ്പസിൽ ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം രാത്രി അക്രമത്തിനിരയായത്. ആയുധങ്ങളുമായി കാമ്പസിലെത്തിയ മുഖംമൂടി സംഘം അദ്ധ്യാപകരെ ഉൾപ്പെടെ മർദിച്ചിരുന്നു. അതേസമയം സംഭവത്തിൽ പ്രതിഷേധം കനക്കുമ്പോൾ ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുനേരെയുള്ള അക്രമ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവന്നു. ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിനെ വിളിച്ച അമിത് ഷാ വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ നിർദ്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിലെത്താനാണ് നിർദ്ദേശം.

ജെ.എൻ.യു രജിസ്ട്രാറും പ്രോ വി സിയും ഇന്ന് രാവിലെ ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജലിനെ കണ്ട് കാമ്പസിലെ സ്ഥിതിഗതികൾ അറിയിച്ചു. കാമ്പസിൽ ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം അക്രമത്തിനിരയായത്. ആയുധങ്ങളുമായി കാമ്പസിലെത്തിയ മുഖംമൂടി സംഘം അദ്ധ്യാപകരെ ഉൾപ്പെടെ മർദിച്ചിരുന്നു. പരിക്കേറ്റ 23 പേർ ചികിത്സയിലുണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജെ.എൻ.യു കാമ്പസ് കനത്ത പൊലീസ് സുരക്ഷയിലാണ്. ഐ.ഡി കാർഡുള്ളവരെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിവിടുന്നത്. ഹോസ്റ്റലുകൾക്കും അഡ്‌മിനിസ്‌ടേഷൻ വിഭാഗത്തിനും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കാമ്പസിൽ പ്രവേശിക്കുന്നതിന് മാധ്യമങ്ങൾക്കും വിലക്കുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പൊലീസ് ഫയൽ ചെയ്തിട്ടുണ്ട്. സംഘടിത ആക്രമണം, കലാപശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ്. അക്രമ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ കാമ്പസിലും ആശുപത്രിയിലുമെത്തി വിദ്യാർത്ഥികളുമായി സംസാരിക്കുകയും തെളിവുകൾ ശേഖരിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് അക്രമികളെ അറസ്റ്റു ചെയ്തില്ലെന്നും ആരോപണമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP