Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിങ്ങളുടെ മക്കളുടെ തുടർച്ചയായ മരണ വാർത്തയ്ക്ക് വേണ്ടി കാത്തിരുന്നോളൂ; കൊല്ലപ്പെട്ട പട്ടാള ജനറലിന്റെ മകൾ സംസ്‌ക്കാര ചടങ്ങുകൾക്കിടയിൽ അമേരിക്കയ്ക്ക് നൽകിയത് ഞെട്ടിക്കുന്ന മുന്നറിയിപ്പ്; ലക്ഷക്കണക്കിന് വരുന്ന ജനക്കൂട്ടത്തിന് മുമ്പിൽ വിതുമ്പി ആയത്തുല്ല അലി ഖമേനി; ടെഹ്‌റാനിൽ ഭ്രാന്തുപിടിച്ച ജനക്കൂട്ടം അമേരിക്കയെ തീർക്കാൻ ഒരുമിച്ചു സത്യപ്രതിജ്ഞ എടുക്കുമ്പോൾ

നിങ്ങളുടെ മക്കളുടെ തുടർച്ചയായ മരണ വാർത്തയ്ക്ക് വേണ്ടി കാത്തിരുന്നോളൂ; കൊല്ലപ്പെട്ട പട്ടാള ജനറലിന്റെ മകൾ സംസ്‌ക്കാര ചടങ്ങുകൾക്കിടയിൽ അമേരിക്കയ്ക്ക് നൽകിയത് ഞെട്ടിക്കുന്ന മുന്നറിയിപ്പ്; ലക്ഷക്കണക്കിന് വരുന്ന ജനക്കൂട്ടത്തിന് മുമ്പിൽ വിതുമ്പി ആയത്തുല്ല അലി ഖമേനി; ടെഹ്‌റാനിൽ ഭ്രാന്തുപിടിച്ച ജനക്കൂട്ടം അമേരിക്കയെ തീർക്കാൻ ഒരുമിച്ചു സത്യപ്രതിജ്ഞ എടുക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം മണ്ടത്തരമാകുമോ? ടെഹ്‌റാനിൽ ഖാസിം സുലൈമാനിയുടെ മൃതദേഹം കണ്ട് നെഞ്ചത്തടിച്ചു നിലവിളിക്കുന്ന വൻ ജനക്കൂട്ടം എന്തിനും തയ്യാറായി പ്രതികാര ദാഹത്തോടെ നിൽക്കുകയാണ്. സുലൈമാനിയും മകൾ അടക്ക് പിതാവിനെ കൊലപ്പെടുത്തിയ അമേരിക്കൻ തോന്ന്യവാസത്തിന് തക്കശിക്ഷ കൊടുക്കണം എന്ന പക്ഷക്കാരാണ്. ഇറാനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കൊണ്ട് സുലൈമാനിക്ക് യാത്രാമൊഴി നൽകുകയാണ് ഇറാൻ. ഇറാൻ കണ്ട ഏറ്റവും വലിയ വിടവാങ്ങൽ ചടങ്ങുകയാണ് എങ്ങും നടക്കുന്നത്.

നിങ്ങളുടെ മക്കളുടെ തുടർച്ചയായ മരണ വാർത്തയ്ക്ക് വേണ്ടി കാത്തിരുന്നോളൂ എന്നു ആക്രോശിക്കുന്ന ജനതയാണ് ടെഹ്‌റാനിൽ. ട്രംപിന്റെ രക്തത്തിനായി ഒരു ജനത മുഴുവൻ ആർത്തിയോടെ നിലകൊള്ളുന്ന അവസ്ഥയാണുള്ളത്. പിതാവിന്റെ മരണം തങ്ങളെ തകർക്കില്ലെന്നും അദ്ദേഹത്തിന്റെ രക്തം വെറുതേയാവില്ലെന്ന് യു.എസിനു ബോധ്യംവരുമെന്നും മേജർ ജനറൽ ഖാസിം സുലൈമാനിയുടെ മകൾ സൈനബ് സുലൈമാനിയും വ്യക്തമാക്കി. പിതാവിന്റെ നേട്ടങ്ങൾ തുടച്ചുനീക്കാൻ യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനാവില്ലെന്നും ലെബനൻ ടെലിവിഷൻ ചാനലായ അൽ മനാറിനുനൽകിയ അഭിമുഖത്തിൽ സൈനബ് പറഞ്ഞു. സുലൈമാനിയുടെ നേർക്കുനേർ വരാൻ പ്രസിഡന്റ് ട്രംപിന് ധൈര്യമില്ലാത്തതിനാലാണ് അകലെനിന്ന് മിസൈൽ ഉപയോഗിച്ചു കൊലപ്പെടുത്തിയതെന്നും മകൾ പറഞ്ഞു. ഹിസ്ബുല്ല നേതാവ് ഹസൻ നസറുല്ല ഇതിനു പ്രതികാരം ചെയ്യുമെന്ന് എനിക്കുറപ്പാണെന്നും മകൾ പറഞ്ഞു.

അതേസമയം ഇറാൻ ജനതയെ രോഷം കൊള്ളിക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്തുവന്നു. ഇറാന്റെ പരമോന്നത ആചാര്യൻ ആയത്തുല്ല അലി ഖമേനി ഖാസിം സുലൈമാനിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിലാപയാത്രയുടെ രണ്ടാം ദിനം ഖാസിം സുലൈമാനിക്ക് വിടനൽകാൻ വേണ്ടി പ്രാർത്ഥിക്കുന്ന വേളയിലാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. ഇത് ലോകമാധ്യമങ്ങളിൽ വലിയ വാർത്ത ആയിട്ടുണ്ട്. ഖുമേനിയുടെ വിശ്വസ്തനായിരുന്നു സൊലൈമാൻ. അതുകൊണ്ട് തന്നെ ഇറാനെ സംബന്ധിച്ചിടത്തോളം അമേരിക്കയ്ക്ക്‌തെിരെ തിരിച്ചടി അനിവാര്യമായി മാറിയിരിക്കയാണ്. തിങ്കളാഴ്ച തെഹ്‌റാൻ യൂനിവേഴ്‌സിറ്റിയിൽ നടക്കുന്ന മയ്യിത്ത് നമസ്‌കാരത്തിൽ വച്ചാണ് ആയത്തുള്ള അലി ഖമേനി നേതൃത്വം നൽകിയത്.

ഉന്നത ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഇറാനിൽ പ്രതിഷേധക്കടലായി. 'ഡെത്ത് ടു അമേരിക്ക' (അമേരിക്ക തുലയട്ടെ) മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് അനുഗമിച്ചത്. സുലൈമാനിക്ക് പുറമെ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു ഇറാനികളുടേയും കതാഇബ് ഹിസ്ബുല്ല കമാൻഡർ അബു മഹ്ദ അൽമുഹന്ദിസിന്റെയും മൃതദേഹങ്ങളും ഇറാനിലെത്തിച്ചു. ഇറാഖിലെ നജഫ് പ്രവിശ്യയിലെ കൂഫയിൽ നാലാം ഖലീഫ അലിയുടെ ഖബർ സ്ഥിതിചെയ്യുന്ന ഇമാം അലി പള്ളിയിലും പ്രവാചക പൗത്രൻ ഹുസൈന്റെ ഖബർ സ്ഥിതിചെയ്യുന്ന ഇമാം ഹുസൈൻ പള്ളിയുമടക്കമുള്ള പ്രധാന സ്ഥലങ്ങളിൽ കൊണ്ടുവന്ന ശേഷമാണ് മൃതദേഹങ്ങൾ ഇറാനിലേക്ക് കൊണ്ടുപോയത്.

1980-88ലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് സുലൈമാനി ജോലിചെയ്തിരുന്ന അഹ്‌വാസിൽ ദുഃഖസൂചകമായി കറുത്ത വസ്ത്രങ്ങളണിഞ്ഞ് ശിയ ആചാരപ്രകാരം നെഞ്ചിലടിച്ചാണ് ആളുകൾ വിലാപയാത്രയിൽ അണിചേർന്നത്. ജനക്കൂട്ടം അനിയന്ത്രിതമായ സാഹചര്യത്തിൽ തെഹ്‌റാൻ നഗരത്തിലെ ചടങ്ങ് ഒഴിവാക്കിയതായി സൈന്യം അറിയിച്ചു. ശിയ പുണ്യനഗരമായ ഖുമ്മിലെ ഫാത്തിമ മഅ്‌സൂമ പള്ളിയിലെത്തിച്ച ശേഷം സുലൈമാനിയുടെ മൃതദേഹം ചൊവ്വാഴ്ച ജന്മദേശമായ കിർമാനിൽ ഖബറടക്കും.

അതേസമയം ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളർ (5760 കോടി രൂപ) സമ്മാനം നൽകുമെന്ന് പ്രഖ്യാപനവും പുറത്തുവന്നിട്ടുണ്ട്. ജനറൽ സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ പ്രസംഗിച്ചയാളുടെ വാക്കുകൾ ഇറാൻ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്തു. ഇത് ഇറാൻ ഭരണകൂടത്തിന്റെ അനുമതിയോടെയല്ലെന്നാണ് സൂചന. സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനിടെ ടെലിവിഷനിൽ പശ്ചാത്തല വിവരണം നടത്തുന്നയാളാണ് ട്രംപിനെ വധിക്കാൻ ആഹ്വാനം ചെയ്തത്.

'80 ദശലക്ഷമാളുകളാണ് ഇറാനിലുള്ളത്. ഓരോ ഇറാനിയും ഒരു ഡോളർ വീതം നൽകുകയാണെങ്കിൽ അത് 80 ദശലക്ഷമുണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താൻ ഉത്തരവിട്ട വ്യക്തിയുടെ തല കൊണ്ടുവരുന്നവർക്ക് ഇറാൻ ജനതയുടെ സമ്മാനമായി ഈ തുക നമുക്ക് നൽകാൻ കഴിയും. മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആർക്കും ഇറാൻ രാഷ്ട്രത്തിനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളർ നൽകാം.' എന്നായിരുന്നു വാക്കുകൾ. വൻ ശബ്ദഘോഷത്തോടെയാണ് ചടങ്ങിൽ പങ്കെടുത്ത ജനങ്ങൾ ഇതിനെ എതിരേറ്റത്. അതേസമയം, ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ ബാക്കിഭാഗങ്ങളുടെ സംപ്രേഷണം നിർത്തിവെച്ചു. ഇറാൻ അധികൃതരുടെ ഇടപെടലിനെ തുടർന്നാണിത് എന്നാണ് സൂചന.

പുണ്യനഗരമായ ക്വാമിലെ ചടങ്ങുകൾക്കു ശേഷം സുലൈമാനിയുടെ ജന്മദേശമായ കെർമനിൽ നാളെയാണു കബറടക്കം. ഗൾഫ് മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുന്നതിനുള്ള ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സാരിഫിനെ യൂറോപ്യൻ യൂണിയൻ (ഇയു) നേതാക്കൾ ക്ഷണിച്ചു. ഇയു വിദേശനയ മേധാവി ജോസെപ് ബോറലാണു സാരിഫുമായി ഫോൺസംഭാഷണത്തിനിടെ ചർച്ചകൾക്കു ക്ഷണിച്ചത്. യുഎസിനെതിരെ സൈബർ ആക്രമണങ്ങളും ഇറാൻ പദ്ധതിയിടുമെന്ന അനുമാനങ്ങൾക്കിടെ, യുഎസ് സർക്കാർ ഏജൻസികളിലൊന്നിന്റെ വെബ്‌സൈറ്റ് പിടിച്ചെടുത്ത് ഹാക്കർമാരും തിരിച്ചടി തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP