Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു മാസത്തെ ശമ്പളം അഡ്വാൻസ് നൽകി പിരിച്ചുവിട്ടത് 166 ജീവനക്കാരെ; അടച്ചുപൂട്ടിയത് 45 ശാഖകൾ; സമരത്തെ തുറന്നെതിർക്കണമെന്ന് ജീവനക്കാർക്ക് എംഡിയുടെ രഹസ്യ സർക്കുലർ; ശാഖകൾക്ക് മുൻപിൽ റൈറ്റ് ടു വർക്ക് എന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കണം; കേസായി മാറിയാൽ മികച്ച അഭിഭാഷകരുടെ നിയമസഹായമെന്നും വാഗ്ദാനം; സമരം അടിച്ചമർത്താൻ മാനെജ്മെന്റ് ഒരുങ്ങുമ്പോൾ സമരം ഏറ്റെടുക്കാൻ കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദ്ദേശം; മുത്തൂറ്റ് ഫിനാൻസിൽ അനിശ്ചിതകാല സമരവുമായി സിഐടിയു

രണ്ടു മാസത്തെ ശമ്പളം അഡ്വാൻസ് നൽകി പിരിച്ചുവിട്ടത് 166 ജീവനക്കാരെ; അടച്ചുപൂട്ടിയത് 45 ശാഖകൾ; സമരത്തെ തുറന്നെതിർക്കണമെന്ന് ജീവനക്കാർക്ക് എംഡിയുടെ രഹസ്യ സർക്കുലർ; ശാഖകൾക്ക് മുൻപിൽ റൈറ്റ് ടു വർക്ക് എന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കണം; കേസായി മാറിയാൽ മികച്ച അഭിഭാഷകരുടെ നിയമസഹായമെന്നും വാഗ്ദാനം; സമരം അടിച്ചമർത്താൻ മാനെജ്മെന്റ് ഒരുങ്ങുമ്പോൾ സമരം ഏറ്റെടുക്കാൻ കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദ്ദേശം; മുത്തൂറ്റ് ഫിനാൻസിൽ അനിശ്ചിതകാല സമരവുമായി സിഐടിയു

എം മനോജ് കുമാർ

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിൽ വീണ്ടും സമരക്കൊടിയുയർത്തി സിഐടിയു. 52 ദിവസം നീണ്ട സമരത്തിനൊടുവിൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ മാനേജ്‌മെന്റ് പിച്ചിച്ചീന്തിയതിനെ തുടർന്നാണ് വീണ്ടും സമരാഹ്വാനമായി മുത്തൂറ്റിലെ തൊഴിലാളി യൂണിയനുകൾ രംഗത്ത് വന്നത്. കരാർ വ്യവസ്ഥകൾ ലംഘിച്ച് 166 ജീവനക്കാരെയാണ് ഈ കഴിഞ്ഞ ദിവസം മുത്തൂറ്റ് മാനെജ്‌മെന്റ് ഏകപക്ഷീയമായി പിരിച്ചുവിട്ടത്. കഴിഞ്ഞ സമരത്തിനു നേതൃത്വം നൽകിയ യൂണിയൻ നേതാക്കളാണ് പിരിച്ചു വിടപ്പെട്ടവരിൽ ഭൂരിപക്ഷവും. ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ച് ഇവർ ജോലി ചെയ്തിരുന്ന 45 ശാഖകൾ പൂട്ടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സമരത്തിൽ മുത്തൂറ്റ് മാനേജ്‌മെന്റിന്റെ പിന്തുണച്ച് സമരത്തിനെ എതിർത്തവരും പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നു.

മാനെജ്‌മെന്റ് യൂണിയന്റെ ഭാഗമായി തുടർന്നിരുന്ന നാൽപ്പതോളം ജീവനക്കാരാണ് ഇപ്പോൾ പിരിച്ചുവിടപ്പെട്ടത്. അതുകൊണ്ട് തന്നെ മാനെജ്‌മെന്റ് യൂണിയൻ ആയ മുത്തുറ്റിലെ എംഎസ് ഡബ്ല്യു പ്രവർത്തകരും ആശയക്കുഴപ്പത്തിലാണ്. നിലവിലെ സമരത്തിൽ മാനേജ്‌മെന്റിനെ ഈ യൂണിയൻ പിന്തുണയ്ക്കില്ലെന്നാണ് സൂചന. എന്നാൽ ഇക്കുറിയും എംഎസ്ഡബ്ല്യുവിനെ മുൻനിർത്തി സമരം പൊളിക്കാൻ മാനെജ്‌മെന്റ് നീക്കവും തുടങ്ങിയിട്ടുണ്ട്. മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടർ ഇറക്കിയ സർക്കുലർ ഈ രീതിയിൽ ഉള്ളതാണ്. ജീവനക്കാർക്ക് പണവും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്താണ് സർക്കുലർ ഇറക്കിയിട്ടുള്ളത്. ആരെതിർത്താലും ശാഖകൾ തുറന്നു പ്രവർത്തിക്കാനാണ് അനുകൂല ജീവനക്കാർക്ക് മാനെജ്‌മെന്റ് നൽകുന്ന നിർദ്ദേശം. തുറക്കാൻ സമ്മതിച്ചില്ലെങ്കിൽ റൈറ്റ് ടു വർക്ക് എന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കണം. ഇങ്ങിനെ പ്രതിഷേധിച്ചവർക്ക് ശമ്പളം കൃത്യമായി ലഭിക്കും. സംഘർഷം കേസായി മാറിയാൽ മികച്ച അഭിഭാഷകരുടെ നിയമസഹായം ലഭിക്കും. ശാഖകൾ തുറക്കാൻ സംരക്ഷണം ആവശ്യപ്പെട്ടു ലോക്കൽ പൊലീസ് മുതൽ എസ്‌പി വരെയുള്ളവർക്ക് പരാതിയും നൽകണമെന്ന് സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ഇ-മെയിൽ വിലാസം കൂടി സർക്കുലറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശാഖകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ശാഖയിൽ ഉള്ളവർക്ക് ജോലി പോകുമെന്ന ഭീഷണിയും സർക്കുലറിലുണ്ട്.

കഴിഞ്ഞ സമരത്തിൽ മാനേജ്‌മെന്റിന് ശക്തിയായി നിലകൊണ്ടത് എംഎസ് ഡബ്ല്യു ആയിരുന്നു. സമരത്തിന്നെതിരായി സോഷ്യൽ മീഡിയകളിൽ മാനെജ്‌മെന്റ് കടത്തിവിട്ട വീഡിയോകളിലും പലതും ഇവരുടെ സംഭാവനകളായിരുന്നു. യൂണിയൻ നേതാക്കളെ എതിർത്ത് ബലമായി ഇവർ മുത്തൂറ്റ് ഓഫീസ് തുറക്കുന്നതാണ് മാനെജ്‌മെന്റ് അനുകൂല വീഡിയോകളായി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചത്. ഇവരിൽ പലരും പിരിച്ചു വിടപ്പെട്ടപ്പോൾ 'ആനുകൂല്യം ലഭിച്ചില്ലേ ഇനി പിരിഞ്ഞു പോയിക്കൂടെ' എന്നുള്ള പ്രതികരണങ്ങളാണ് ഇവർക്ക് ലഭിച്ചത് എന്നാണ് സമരത്തിലുള്ള യൂണിയൻ നേതാക്കൾ മറുനാടനോട് പറഞ്ഞത്. ഇത് ഭീതിയായി ഉള്ളിൽ നിൽക്കുന്നതിനാൽ നിലവിലെ സമരത്തിനു സിഐടിയു യൂണിയനോട് അനുകൂല സമീപനമാണ് മാനെജ്‌മെന്റ് യൂണിയൻ അംഗങ്ങളും പുലർത്തുന്നത്.

രണ്ടു മാസത്തെ ശമ്പളം പിരിച്ചുവിടപ്പെട്ട അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്ത ശേഷം ജീവനക്കാരോട് ജോലിക്ക് വരേണ്ടെന്നു നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ കരാർ വ്യവസ്ഥകളുടെ ലംഘനമാണ് മാനെജ്‌മെന്റ് നടപ്പിലാക്കിയത്. ഇതിൽ അപകടം മണത്തതോടെയാണ് മുത്തൂറ്റ് തൊഴിലാളി യൂണിയന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സിഐടിയുവും രംഗത്ത് വന്നത്. ജനുവരി രണ്ടു മുതൽ മുത്തൂറ്റ് യൂണിയനുകൾ സമരത്തിലാണ്. മുത്തൂറ്റിന്റെ കേരളത്തിലെ 750 ഓളം ശാഖകളും നിലവിൽ അടഞ്ഞുകിടക്കുകയാണ്. മൂവായിരത്തോളം തൊഴിലാളികളാണ് നിലവിൽ മുത്തൂറ്റിൽ ഉള്ളത്. അതിൽ രണ്ടായിരത്തോളം ജീവനക്കാരും സിഐടിയു യൂണിയനെ പിന്തുണച്ച് സമരത്തിലുണ്ട്.

മുത്തൂറ്റ് മാനെജ്‌മെന്റിറെ ഏകപക്ഷീയമായ നടപടികൾ സിപിഎമ്മിനെയും പ്രകോപിപ്പിച്ചിട്ടുണ്ട്. സമരത്തിനു എല്ലാവിധ പിന്തുണയും നൽകണമെന്ന് പറഞ്ഞു കീഴ് ഘടകകങ്ങളിലേക്ക് സിപിഎമ്മിന്റെ നിർദ്ദേശവും പോയിട്ടുണ്ട്. അക്രമാസക്തമായ സമരമാണ് കഴിഞ്ഞ തവണ മുത്തൂറ്റ് സമരവുമായി അരങ്ങേറിയത്. ഇക്കുറിയും സമരം അക്രമാസക്തമാകാനുള്ള സാധ്യതകൾ നിലനിൽക്കുകയാണ്. അറിയിപ്പൊന്നുമില്ലാത്ത ശാഖകൾ അടച്ചു പൂട്ടിയതിലും ജീവനക്കാരെ പുറത്താക്കിയതിലും രോഷം പുകയുകയാണ്. കഴിഞ്ഞ തവണ ഒരു വിഭാഗം ജീവനക്കാരിൽ നിന്നും ലഭിച്ച പിന്തുണ ഇക്കുറി മാനെജ്‌മെന്റ് പ്രതീക്ഷിക്കുന്നുമില്ല. അതിനാൽ ഇക്കുറി സമരത്തിൽ അക്രമങ്ങൾ മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നുണ്ട്.

മുത്തൂറ്റിന്റെ പ്രകോപനപരമായ നടപടികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അരിശത്തിലാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന സമവായ ശ്രമങ്ങളാണ് കഴിഞ്ഞ തവണ ലക്ഷ്യം കണ്ടത്. മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതോടെയാണ് മാനേജ്‌മെന്റും അയഞ്ഞത്. അങ്ങിനെയാണ് സമരത്തിനു അവസാനമായത്. കഴിഞ്ഞ സമരത്തിൽ മുന്നോട്ടു വെച്ച ഒത്തുതീർപ്പ് ഫോർമുലകൾ അമ്പേ തള്ളിയാണ് ഇക്കുറി മാനെജ്‌മെന്റ് രംഗത്ത് വന്നത്. സിഐടിയു യൂണിയൻ നേതാക്കൾക്ക് മിക്കവർക്കും ജോലി പോയി എന്ന് മാത്രമല്ല അവർ ജോലി ചെയ്തിരുന്ന ശാഖകളും മാനെജ്‌മെന്റ് അടച്ചുപൂട്ടിയിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയെയും പ്രകോപിക്കാൻ മതിയായ കാരണങ്ങളാണ്.

സിഐടിയുവും കഴിഞ്ഞ തവണത്തെപ്പോലെ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇക്കുറി പണിമുടക്കാരംഭിക്കുന്നതിന് മുമ്പ് ലേബർ കമ്മീഷണർ രണ്ടുതവണയും തൊഴിൽ മന്ത്രി ഒരു തവണയും ചർച്ചയ്ക്കു വിളിച്ചു. എന്നാൽ തീരുമാനമെടുക്കാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് മുത്തൂറ്റ് മാനേജ്‌മെന്റ് സർക്കാരിനെ അവഹേളിക്കുകയായിരുന്നു- സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറയുന്നു. ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ച് മാനേജ്‌മെന്റ് 45 ശാഖകൾ പൂട്ടി. 166 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. യൂണിയൻ സെക്രട്ടറിയും അംഗങ്ങളും ജോലിചെയ്യുന്ന ശാഖകളാണ് തിരഞ്ഞുപിടിച്ച് പൂട്ടിയത്- വസ്തുതകൾ നിരത്തി എളമരം കരീം ചൂണ്ടിക്കാട്ടുന്നു. ഈ കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള രോഷം കൂടി വെളിയിൽ വിട്ടുകൊണ്ടാണ് ഈ രീതിയിലുള്ള പ്രതികരണം എളമരം കരീം നടത്തിയത്.

കഴിഞ്ഞ ഒക്ടോബർ ആദ്യവാരമാണ്. മുത്തൂറ്റ് സമരം ഒത്തുതീർന്നത്. കൊച്ചിയിൽ ഹൈക്കോടതി നിരീക്ഷകരുടെയും ലേബർ കമ്മിഷണറുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് അമ്പത്തിരണ്ട് ദിവസം നീണ്ട ഈ തൊഴിൽ സമരം അവസാനിച്ചത്. തൊഴിലാളികൾക്ക് ശമ്പള വർധന നടപ്പാക്കും. സമരത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ച ശമ്പളം വേണ്ടെന്ന് സമരം ചെയ്യാത്ത ജീവനക്കാർ രേഖാമൂലം അറിയിച്ചതായി മുത്തൂറ്റ് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സിഐടിയു നേതാക്കളാണ് അന്ന് ചർച്ചയിൽ പങ്കെടുത്തത്.

മുത്തൂറ്റ് യൂണിയൻ നേതാക്കളുടെ പ്രതികരണം:

ജനുവരി രണ്ടു മുതൽ അനിശ്ചിതകാല സമരത്തിലാണ് ഞങ്ങൾ. സംഘടനയുടെ തലപ്പത്തിരിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി, ജില്ലാ പ്രസിഡന്ടുമാർ അടക്കമുള്ളവരെയും കഴിഞ്ഞ തവണ മാനേജ്‌മെന്റിനെ അനുകൂലിച്ച് രംഗത്ത് വന്ന മാനെജ്‌മെന്റ് യൂണിയൻ അംഗങ്ങളെയും അടക്കമുള്ളവരെയാണ് പിരിച്ചു വിട്ടത്. 166 പേർക്കാണ് ജോലി നഷ്ടമായത്. ഇവരെ കഴിഞ്ഞ ഡിസംബർ ആറു, ഏഴു തീയതികളിൽ ഇവരെ മാനെജ്‌മെന്റ് ടെർമിനേറ്റ് ചെയ്യുകയായിരുന്നു. 55000-60000 രൂപ ഇവരുടെ അക്കൗണ്ടിൽ ഇട്ട ശേഷം ജോലിക്ക് വരേണ്ടെന്നു ഇവരോട് നിർദ്ദേശിക്കുകയായിരുന്നു. ഒരു നോട്ടീസും നൽകാതെയാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ഹൈക്കോടതി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യ്വവസ്ഥകൾ ആണ് മാനെജ്‌മെന്റ് ലംഘിച്ചത്. യാതൊരു വിധത്തിലുള്ള പ്രതികാര നടപടിയും ഉണ്ടാകില്ലെന്ന് ഹൈക്കോടതിയും രേഖാമൂലം പറഞ്ഞതാണ്.

ഹൈക്കോടതി മീഡിയേറ്റർ ആയിരുന്നു അന്ന് ഒതുതീർപ്പ് വ്യ്വവസ്ഥകൾ മുന്നോട്ട് വെച്ചത്. 500 രൂപ ശമ്പളം ഉയർത്തി എന്നല്ലാതെ യാതൊരു ഗുണവും അന്നത്തെ സമരം കാരണം ജീവനക്കാർക്ക് ലഭിച്ചതുമില്ല. കഴിഞ്ഞ തവണ മാനേജ്‌മെന്റിന് പിന്തുണയുമായി നിലയുറപ്പിച്ച എംഎസ്ഡബ്ലു ഇത്തവണ അനങ്ങുന്നില്ല. ഇവരിൽ നിന്നുള്ള നാൽപ്പത് പേർക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഞങ്ങളെ പ്രോട്ടക്റ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് കിട്ടാനുള്ളത് കിട്ടിയില്ലേ ഇനി പോയ്ക്കൂടെ എന്നാണു മാനേജ്‌മെന്റ് പ്രതികരണം നടത്തിയത്. ഇതോടെ എംഎസ് ഡബ്ല്യുവിൽ ഉള്ളവർ കൂടി ആശയക്കുഴപ്പത്തിലായി. അടുത്തത് ഇനി ഞങ്ങൾ എന്ന ചിന്ത ഇവർക്കിടയിലുണ്ട്. ഇന്നലെ മാനേജ്‌മെന്റ് രഹസ്യ സർക്കുലർ ഇറക്കി.

കഴിഞ്ഞ തവണത്തെ രീതിയിൽ നിങ്ങൾ സമരം നടക്കുമ്പോൾ ഉന്തും തള്ളും ഉണ്ടാക്കണം. തല്ലുകൊള്ളാൻ കൂടി തയ്യാറാകണം. സംഘർഷം ഉണ്ടായാൽ യൂണിയൻ നേതാക്കൾക്ക് എതിരെ കേസ് കൊടുക്കാൻ തയ്യാറാക്കണം. ഇതാണ് മാനെജ്‌മെന്റ് കഴിഞ്ഞ തവണ തന്നെ പിന്തുണച്ച ജീവനക്കാർക്ക് നൽകിയ സർക്കുലറിൽ ഉള്ളത്. പക്ഷെ ഇക്കുറി സിപിഎമ്മും ക്ഷുഭിതരാണ്. മാനെജ്‌മെന്റ് നടപടി സിപിഎമ്മിന് രുചിക്കുന്നതല്ല. പ്രാദേശിക ഘടകങ്ങൾക്ക് സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ട്. സമരം പാർട്ടി തന്നെ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ട് പോകും എന്ന സൂചനയാണ് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP