Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശമിട്ട് ആളെ കൂട്ടി; ക്യാമ്പസിലേക്ക് എത്താനുള്ള വഴി കൃത്യമായി വിവരിച്ചും സന്ദേശങ്ങൾ; ക്രിക്കറ്റ് സ്റ്റെമ്പും കമ്പുകളുമായെത്തി ആദ്യ ആക്രമണം; രാത്രിയിൽ അദ്ധ്യാപക അസോസിയേഷൻ നടത്തിയ പ്രതിഷേധ പരിപാടിയിലേക്കു പാഞ്ഞുകയറിയത് വടിവാളുമായി; മുഖമൂടി സംഘത്തിൽ പെൺകുട്ടികളും; എല്ലാത്തിനും മൂക സാക്ഷിയായി ഡൽഹി പൊലീസും; ജെ എൻ യുവിൽ അക്രമം നടത്തിയത് സിനിമയിലെ സൈക്കോ പാത്തുകളെ വെല്ലുവിധം മുഖം മൂടി ധരിച്ചെത്തിയവർ

വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശമിട്ട് ആളെ കൂട്ടി; ക്യാമ്പസിലേക്ക് എത്താനുള്ള വഴി കൃത്യമായി വിവരിച്ചും സന്ദേശങ്ങൾ; ക്രിക്കറ്റ് സ്റ്റെമ്പും കമ്പുകളുമായെത്തി ആദ്യ ആക്രമണം; രാത്രിയിൽ അദ്ധ്യാപക അസോസിയേഷൻ നടത്തിയ പ്രതിഷേധ പരിപാടിയിലേക്കു പാഞ്ഞുകയറിയത് വടിവാളുമായി; മുഖമൂടി സംഘത്തിൽ പെൺകുട്ടികളും; എല്ലാത്തിനും മൂക സാക്ഷിയായി ഡൽഹി പൊലീസും; ജെ എൻ യുവിൽ അക്രമം നടത്തിയത് സിനിമയിലെ സൈക്കോ പാത്തുകളെ വെല്ലുവിധം മുഖം മൂടി ധരിച്ചെത്തിയവർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്നതു ക്രൂരമായ അതിക്രമം. ഇരുമ്പുകമ്പികളും ചുറ്റികയുമായി ക്യാംപസിൽ അതിക്രമിച്ചു കയറിയ സംഘമാണു വിദ്യാർത്ഥികൾക്കു നേരെ മർദനം അഴിച്ചുവിട്ടത്. പരിസരത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി മാറി. സിനിമകളിലെ സൈക്കോപാത്തുകളെ പോലെയാണ് അക്രമികൾ പെരുമാറിയത്. കണ്ണിൽ കണ്ടതെല്ലാം അവർ അടിച്ചു തകർത്തു. അദ്ധ്യാപകരെപ്പോലും ഇവർ വെറുതേ വിട്ടില്ല. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ അയച്ച് ആളുകളെ കൂട്ടിയാണ് ഇവരെത്തിയത്. ഇടതിനെതിരെ പ്രതികരിക്കാൻ അണിചേരണമെന്നായിരുന്നു പരിവാർ ഗ്രൂപ്പുകളിൽ സന്ദേശമെത്തിയത്. ഇതിന് പിന്നാലെയാണ് മുഖംമൂടി സംഘത്തിന്റെ അക്രമം.

ജെ.എൻ.യുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്ത്. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ജെ എൻ യുവിലേക്ക് അക്രമികൾക്ക് എത്താനുള്ള വഴികൾ നിർദ്ദേശിക്കുന്നു. ജെ എൻ യു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെകുറിച്ചും പറയുന്നു. പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നു. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് ക്യാംപസിന് പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കിയിരുന്നു. ജെ.എൻ.യു വൈസ് ചാൻസലർ രാജിവയ്ക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടപ്പോൾ വി സി ഭീരുവിനെപ്പോലെ പെരുമാറി. അക്രമത്തിന് ഡൽഹി പൊലീസ് കൂട്ടുനിന്നെന്നും യൂണിയൻ ആരോപിച്ചു.

അക്രമികളെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയെങ്കിലും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എബിവിപി പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തെത്തുന്നുണ്ട്. ഫീസ് വർധന പിൻവലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎൻയു വിദ്യാർത്ഥികൾ ഇന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാർച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഫീസ് വർധന പിൻവലിക്കാൻ തയാറാകാതെ ഓൺലൈൻ വഴി റജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കാനുള്ള ശ്രമം വിദ്യാർത്ഥികൾ ചെറുത്തതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. വടിവാളും മറ്റു മാരകായുധങ്ങളുമായി അൻപതിലേറെ അക്രമികൾ ക്യാംപസിൽ കടന്നിട്ടും പൊലീസും സുരക്ഷാ ജീവനക്കാരും തടഞ്ഞില്ല. പൊലീസും കാഴ്ചക്കാരായി.

ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു ക്യാംപസിലെ ആദ്യ അതിക്രമം. ക്രിക്കറ്റ് സ്റ്റംപുകളും കമ്പുകളുമായെത്തിയ അൻപതോളം എബിവിപി പ്രവർത്തകർ വിദ്യാർത്ഥികൾക്കു നേരെ അക്രമം അഴിച്ചുവിട്ടു. സംഭവമറിഞ്ഞു കൂടുതൽ വിദ്യാർത്ഥികൾ സംഘടിച്ചു പ്രതിരോധിച്ചതോടെ അക്രമികൾ ക്യാംപസ് വിട്ടു. രണ്ടാമത്തെ അതിക്രമം ഏഴോടെയായിരുന്നു. ക്യാംപസിലെ അക്രമങ്ങൾക്കെതിരെ അദ്ധ്യാപക അസോസിയേഷൻ നടത്തിയ പ്രതിഷേധ പരിപാടിയിലേക്കു മുഖംമൂടിധാരികൾ പാഞ്ഞുകയറുകയായിരുന്നു. ആയുധങ്ങളുമായി മാർച്ച് ചെയ്തെത്തിയ ഇവർ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ കല്ലെറിഞ്ഞു. ആളുകൾ ചിതറി ഓടിയതോടെ പിന്തുടർന്ന് അടിച്ചുവീഴ്‌ത്തി. നിരവധി പേർക്ക് പരിക്കേറ്റ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. അക്രമികൾ അഴിഞ്ഞാടിയത് മൂന്നുമണിക്കൂറാണ്. വടികളും ദണ്ഡുകളും ഇരുമ്പ് ചുറ്റികളുമായാണ് അക്രമികൾ ക്യാംപസിൽ കടന്നത്. അദ്ധ്യാപകരും വിദ്യാർത്ഥികളും അടക്കം 26 പേർക്ക് പരുക്കേറ്റു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു.

അക്രമികൾ എ.ബി.വി.പി പ്രവർത്തകരെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഇടതുസംഘടനാ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എ.ബി.വി.പിയും ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ഐടിഒയിലെ ഡൽഹി പൊലീസ് ആസ്ഥാനത്തു സമരവുമായി വിദ്യാർത്ഥികൾ എത്തി. ജെഎൻയു, ജാമിയ മില്ലിയ, ഡൽഹി സർവകലാശാലകളിലെ വിദ്യാർത്ഥികൾ രാത്രി വൈകി ഐടിഒയിൽ റോഡ് തടഞ്ഞാണു പ്രതിഷേധിച്ചത്. ഡൽഹി സർവകലാശാല നോർത്ത് ക്യാംപസ്, ജാമിയ മില്ലിയ ക്യാംപസ് എന്നിവിടങ്ങളിലും വിദ്യാർത്ഥികൾ രാത്രി പ്രതിഷേധിച്ചു. ജെ.എൻ.യു ക്യാംപസിലെ മുഖംമൂടി ആക്രമണത്തെത്തുടർന്ന് ഡൽഹി പൊലീസ് പുലർച്ചെ ഫ്‌ളാഗ് മാർച്ച് നടത്തി. ഫ്‌ളാഗ് മാർച്ചിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. പൊലീസ് പുറത്തുപോകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

ആക്രമണത്തിൽ പ്രതിഷേധിച്ച് അലിഗഡ്, ജാദവ്പൂർ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസുകളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഡൽഹി പൊലീസ് ആസ്ഥാനം ജാമിയ മിലിയ വിദ്യാർത്ഥികൾ ഉപരോധിച്ചു. മുംബൈ ഇന്ത്യാ ഗേറ്റിന് മുന്നിൽ വിദ്യാർത്ഥിളുടെ പ്രതിഷേധം തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP