Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക്ക് ടോക്കിൽ ഹീറോയായ ഫുക്രു.. ബയോളജി പഠിച്ചിട്ടുണ്ടോ എന്നു എലീനയോടു ചോദിച്ചു പ്രൊഫ.രജത്കുമാർ.. വെള്ളിമൂങ്ങയുടെ തിളക്കത്തിൽ വീണാ നായർ.. അഭിനയത്തിൽ തഴക്കവും പഴക്കവും ചെന്ന തെസ്‌നി ഖാൻ; മിനിസ്‌ക്രീനിൽ താരമായ മഞ്ജു പത്രോസും; ബിഗ് ബോസിലേക്ക് എത്തിയവരുടെ കൂട്ടത്തിൽ കൂടുതൽ പേർ സോഷ്യൽ മീഡിയ താരമാക്കിയവർ; ബിഗ് ബോസ് രണ്ടാം സീസണിലെ കൂട്ടുകുടുംബം താമസം തുടങ്ങി

ടിക്ക് ടോക്കിൽ ഹീറോയായ ഫുക്രു.. ബയോളജി പഠിച്ചിട്ടുണ്ടോ എന്നു എലീനയോടു ചോദിച്ചു പ്രൊഫ.രജത്കുമാർ.. വെള്ളിമൂങ്ങയുടെ തിളക്കത്തിൽ വീണാ നായർ.. അഭിനയത്തിൽ തഴക്കവും പഴക്കവും ചെന്ന തെസ്‌നി ഖാൻ; മിനിസ്‌ക്രീനിൽ താരമായ മഞ്ജു പത്രോസും; ബിഗ് ബോസിലേക്ക് എത്തിയവരുടെ കൂട്ടത്തിൽ കൂടുതൽ പേർ സോഷ്യൽ മീഡിയ താരമാക്കിയവർ; ബിഗ് ബോസ് രണ്ടാം സീസണിലെ കൂട്ടുകുടുംബം താമസം തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ പതിനേഴ് മത്സരാർഥികളുടെയും ലിസ്റ്റായിട്ടുണ്ട. ഇതിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയവർ കൂടുതലാണ്. ഇതിൽ സൈബർ ലോകത്തെ മിന്നു താരമായി എത്തിയത് ടിക് ടോക്കിൽ ഹീറോയായ ഫുക്രു എന്ന വ്യക്തിയാണ്. യഥാർത്ഥ പേര് കൃഷ്ണ ജീവ് എന്നാണ് ടിക്ക് ടോക്കിലെ അറിയപ്പെടുന്ന താരമാണ് ഫുക്രു. ബൈക്ക് സ്റ്റണ്ടർ, ഡി ജെ, ടിക് ടോക് താരം തുടങ്ങി ഫുക്രുവിന് വിശേഷണങ്ങൾ ഏറെയാണ്. ഡബ്സ് മാഷിലാണ് ഫുക്രു തുടങ്ങിയത്. കണ്ടു മടുത്ത, കേട്ട് പഴകിയ ടിക്ടോക് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം രൂപവും ശബ്ദവും ഏച്ചുകെട്ടലില്ലാതെ പ്രയോഗിച്ചപ്പോൾ ഫുക്രു ടിക്ടോക്കിലെ മിന്നും താരമായി. ലക്ഷക്കണക്കിന് ലൈക്ക്, ആറ് ലക്ഷത്തിലധികം ഫോളോവേഴ്സുമുണ്ട് ഫുക്രുവിന്. കൊട്ടാരക്കര സ്വദേശിയാണ് ഫുക്രു.

ഫുക്രുവിനെ കൂടാതെ സോഷ്യൽ മീഡിയയുടെ കണ്ടെത്തലായി ബിഗ് ബോസിൽ എത്തിയത് മറ്റൊരു സോഷ്യൽ മീഡിയാ താരവുമുണ്ട്. ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലെ 'പരീക്കുട്ടി'യാണ് അതിലൊരാൾ. മാസ്റ്റർ പീസിലും ഒമർ ലുലുവിന്റെ തന്നെ ചങ്ക്സിലും പരീക്കുട്ടി അഭിനയിച്ചു. എങ്കിലും പരീക്കുട്ടിയെന്ന പെരുമ്പാവൂരുകാരനെ സോഷ്യൽ മീഡിയക്ക് സുപരിചിതനാക്കിയത് ടിക് ടോക്ക് ആണ്. രസകരമായ ടിക് ടോക്ക് വീഡിയോകളിലൂടെ പരീക്കുട്ടി കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട് ടിക് ടോക്കിൽ ഇപ്പോൾ പരീക്കുട്ടിക്ക്. ടിക്ക് ടോക്കിലെ തന്നെ താരമായ ഫുക്രുവുമായി ചേർന്ന് പരീക്കുട്ടി വീഡിയോകൾ ചെയ്തു. റോക്ക് ശശി എന്ന പേരിൽ ഒരു ഷോർട്ട് ഫിലിമും ഇവർ ഉണ്ടാക്കി. നിരവധി ആൽബങ്ങളിലും പരീക്കുട്ടി പാടിയിട്ടുണ്ട്. സ്റ്റേജ് ഷോകളുമായി തിരക്കിലായിരുന്ന പരിക്കുട്ടി ഇനി ബിഗ് ബോസിന്റെ ഭാഗമാണ്.

മഞ്ജു പത്രോസാണ് സോഷ്യൽ മീഡിയ ഇഷ്ടപ്പെടുന്ന മറ്റൊരു ബിഗ്‌ബോസ് താരം. കൊച്ചിക്കാരിയായ മഞ്ജു പത്രോസ് ഒരു റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. വെറുതെ അല്ല ഭാര്യ എന്ന ഫാമിലി റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു പിന്നീട് ടെലിവിഷനിലെ കോമഡി പരമ്പരയിലൂടെ ശ്രദ്ധേയയായി. മിനി സ്‌ക്രീനിലേക്ക് എത്തും മുന്നേതന്നെ വെള്ളിത്തിരയിലും കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ എ കെ ലോഹിതദാസിന്റെ ചക്രത്തിലൂടെയായിരുന്നു മഞ്ജു പത്രോസ് വെള്ളിത്തിരയിലെത്തിയത്. ചക്രത്തിനു ശേഷം വീണ്ടും കലാരംഗത്ത് സജീവമായത് റിയാലിറ്റി ഷോയിലൂടെയാണ് എന്ന് മാത്രം. നോർത്ത് 24 കാതം, പഞ്ചവർണ്ണതത്ത, സ്‌കൂൾ ബസ്, കഥ പറഞ്ഞ കഥ, പ്രേമസൂത്രം തുടങ്ങി ഒട്ടേറെ സിനിമകളിൽ മഞ്ജു തിളങ്ങി. ഒരു മൂളലിൽ പോലും മലയാളി തിരിച്ചറിയുന്ന നടിയായി മഞ്ജു പത്രോസിനെ മാറ്റിയത് ടെലിവിഷനിലെ കോമഡി പരമ്പരകളാണ്. അളിയൻ വി എസ് അളിയനിലെ തങ്കം, കുടുംബകോടതിയിലെ മോളിക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് മഞ്ജു പത്രോസ് മുന്നേറുന്നത്.

സോഷ്യൽ മീഡിയാ വിവാദത്തിൽ ഏറെ ശ്ര്‌ദ്ധേയനായി വ്യക്തിയാണ് മറ്റൊരു ബിഗ് ബോസ് താരം. പ്രൊഫ. രജത്കുമാറാണ് ഈ താരം. പ്രഭാഷണകലയിൽ മികവ് പുലർത്തുന്ന രജിത്ത് പലപ്പോഴും ചില പ്രസ്താവനകളുടെ പേരിൽ വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിന്നിട്ടുള്ളയാളുമാണ്. വൻ മേക്കോവറിലാണ് രജിത് കുമാർ ബിഗ് ബോസ് വേദിയിൽ എത്തിയത്. തൂവെള്ളത്താടിയും വെളുത്ത വസ്ത്രങ്ങളുമായാണ് അദ്ദേഹം മുൻപ് വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ അതെല്ലാം മാറ്റിയാണ് പുതിയ മേക്കോവർ.

താടി കളഞ്ഞ് തലമുടിയും മീശയും കറുപ്പിച്ചിട്ടുണ്ട് അദ്ദേഹം. പുതിയ മേക്കോവറിന്റെ കാരണവും രജിത്കുമാർ മോഹൻലാലിനോട് വെളിപ്പെടുത്തി. രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറ് വർഷങ്ങൾക്ക് മുൻപാണ്. അതും നീണ്ടൊരു കൂവലിന്റെ രൂപത്തിൽ! അദ്ദേഹമന്ന് ശ്രീശങ്കര കോളെജിലെ ബോട്ടണി ലക്ചറർ ആയിരുന്നു. ആര്യ എന്ന ബിരുദ വിദ്യാർത്ഥിനി ആയിരുന്നു അന്നത്തെ കൂവൽ പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത്കുമാർ നടത്തിയ ചില പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപിച്ചായിരുന്നു കൂവൽ. ആ പ്രതിഷേധം ആര്യയ്ക്ക് കൈയടികൾ നേടിക്കൊടുത്തു. രജിത്കുമാറിന് തുടർച്ചയായി പ്രഭാഷണങ്ങൾക്കുള്ള അവസരങ്ങളും.

'ബൈപോളാർ മസ്താനി' എന്നുകേട്ടാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ താരമായാണ് രേഷ്മ നായർ. സോഷ്യൽ മീഡിയയിൽ സ്റ്റാറാണ് 'ബൈപോളാർ മസ്താനി'. 10.8 കെ ഫോളവേഴ്സുമായി ചെറിയ കാലം കൊണ്ട് ഏറെ പ്രിയം നേടിയ അക്കൗണ്ടാണ് ഇത്. അതിന് പിന്നിലെയും മുന്നിലെയും മുഖമാണ് രേഷ്മ നായർ. എന്നാൽ മോഡലിങ് മാത്രമല്ല രേഷ്മയുടെ മേഖല. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. അവിടെയും അവസാനിക്കുന്നില്ല അവരുടെ കരിയർ മേഖല. വജ്രത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ജോലി നോക്കിയ ശേഷമാണ് രേഷ്മ മോഡലിങ് രംഗത്തേക്ക് വരുന്നത്. ഇവരാണ് ബിഗ്‌ബോസിലെ മറ്റൊരു താരം.

അഭിനയ രംഗത്ത് ഏറെ ശ്രദ്ധേയ ആയ തെസ്നി ഖാൻ ആണ് മറ്റൊരു ബിഗ് ബോസ് താരം. കൊച്ചിൻ കലാഭവനിലൂടെയാണ് തെസ്നിയുടെ കലാജീവിതത്തിന്റെ തുടക്കം. 1988 ൽ പുറത്തിറങ്ങിയ ഡെയ്സി എന്ന ചിത്രത്തിലൂടെയാണ് തെസ്നി ഖാൻ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. 125 ൽ അധികം മലയാള സിനിമയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളാണ് കൂടുതലും കൈകാര്യം ചെയ്തിട്ടുള്ളത്. ടെലിവിഷൻ ചരിത്രത്തിൽ ഹാസ്യ പരിപാടികൾക്ക് തുടക്കം കുറിച്ച സിനിമാലയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായിരുന്നു തെസ്നി. മജീഷ്യനായിരുന്ന പിതാവ് അലിബാന്റെ സഹായിയായിട്ടാണ് തെസ്നി കലാ മേഖലയിലേക്ക് എത്തുന്നത്. റിയാലിറ്റി ഷോകളുടെ ജഡ്ജ് ആയും നിരവധി സീരിയലുകളിലും തെസ്നി ഭാഗമായി. തനിക്കൊപ്പം മലയാള സിനിമയിൽ അഭിനയിച്ച പലരും ഇന്ന് സിനിമ മേഖലയിൽ സജീവമല്ല എന്നത് തന്നെ തെസ്നിയുടെ പ്രതിഭ വെളിപ്പെടുത്തുന്നതാണ്. നാൽപ്പത്തൊമ്പതാം വയസിലും തെസ്നിയെ തേടി നിരവധി അവസരങ്ങൾ എത്തുന്നുണ്ട്.

വെള്ളിമൂങ്ങ സിനിമയിലെ പഞ്ചായത്തു പ്രസിഡന്റായി ശ്രദ്ധ നേടി വീണാ നായരാണ് മറ്റൊരു ശ്രദ്ധേയ താരം. ട്രോളുകളിലൂടെ ഇപ്പോഴും വീണയെ മലയാൡകൾക്ക് പരിചിതമാണ്. നർത്തകി എന്ന നിലയിലാണ് വീണനായർ ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത്. നാലാമത്തെ വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങി. ഭരത നാട്യത്തിലും കേരള നടനത്തിലും പ്രാവീണ്യം നേടി. കലോത്സവവേദികളിൽ സ്ഥിരസാന്നിധ്യമായിരുന്നു വീണ. സംഗീതജ്ഞനും ആർജെയുമായ സ്വാതി സുരേഷ് ഭൈമിയാണ് വീണയുടെ ഭർത്താവ്. ആർജെ അമാൻ എന്നറിയിപ്പെടുന്ന അദ്ദേഹം ഇപ്പോൾ ക്ലബ്ബ്എഫ്എം ദുബായ് റേഡിയോയിലാണ്. ധൻവിൻ എന്ന ഒരു മകനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP