Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണം തന്റെ കാഴ്‌ച്ചപ്പാടിന് വിരുദ്ധമെന്ന് പാക് പ്രധാനമന്ത്രി; ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒരു ദയയും പ്രതീക്ഷിക്കരുതെന്നും ഇമ്രാൻ ഖാൻ; ഖേദം പ്രകടിപ്പിച്ചത് ട്വിറ്ററിലൂടെ; അക്രമികൾക്കു പൊലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് യാതൊരു സംരക്ഷണവും നൽകില്ലെന്നും ട്വീറ്റ്

നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണം തന്റെ കാഴ്‌ച്ചപ്പാടിന് വിരുദ്ധമെന്ന് പാക് പ്രധാനമന്ത്രി; ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒരു ദയയും പ്രതീക്ഷിക്കരുതെന്നും ഇമ്രാൻ ഖാൻ; ഖേദം പ്രകടിപ്പിച്ചത് ട്വിറ്ററിലൂടെ; അക്രമികൾക്കു പൊലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് യാതൊരു സംരക്ഷണവും നൽകില്ലെന്നും ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇത്തരം ആക്രമണങ്ങൾ തന്റെ വീക്ഷണങ്ങൾക്ക് വിരുദ്ധമാണെന്നും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒരു ദയയും പ്രതീക്ഷിക്കരുതെന്നും ഇമ്രാൻ പറഞ്ഞു. സംഭവത്തിൽ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി പ്രതിഷേധവുമായി എത്തിയതോടെയാണ് ഇമ്രാൻഖാൻ പ്രതികരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് സംഭവത്തിൽ ഇമ്രാൻ ഖേദം പ്രകടിപ്പിച്ചത്.

'അവിടെ നടന്നതെല്ലാം എന്റെ കാഴ്ചപ്പാടിനു വിപരീതമായ സംഭവങ്ങളാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരോട് യാതൊരു ദയയും സർക്കാർ കാണിക്കില്ല. അക്രമികൾക്കു പൊലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് യാതൊരു സംരക്ഷണവും നൽകില്ല' ഇമ്രാൻ ട്വീറ്റ് ചെയ്തു.

സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണു നങ്കന സാഹിബ്. വെള്ളിയാഴ്ച വൈകിട്ടാണു ഗുരുദ്വാര വളഞ്ഞു ജനക്കൂട്ടം കല്ലേറു നടത്തിയത്. ഇതേത്തുടർന്നു വിശ്വാസികൾ ഗുരുദ്വാരയിൽ കുടുങ്ങി. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ, പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിനുനേർക്ക് അതിക്രമം നടന്നെന്നും അവർക്കു സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് ആരോപണത്തിന്റെ പിന്തുടർച്ചയാണ് ആക്രമണമെന്നാണ് സൂചന. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയ ഭേദമന്യേയാണു ഗുരുദ്വാര ആക്രമണത്തിൽ ഇന്ത്യ പ്രതിഷേധിച്ചത്. ഭീരുത്വപരവും നാണംകെട്ടതുമായ പ്രവർത്തിയാണു പാക്കിസ്ഥാൻ ചെയ്തതെന്നായിരുന്നു ഇന്ത്യൻ നേതാക്കളുടെ പ്രതികരണം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി. സിഖ് ക്ഷേത്രങ്ങളുടെ പരിപാലന സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) നാലംഗ സംഘത്തെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് അറിയിച്ചു. സിഖ് കുടുംബങ്ങളെയും പാക്ക് പഞ്ചാബ് ഗവർണറെയും മുഖ്യമന്ത്രിയെയും ഇവർ കാണും.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നതു യാഥാർഥ്യമാണെന്നു ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് ബാദൽ പറഞ്ഞു. പാക്കിസ്ഥാനിലെ ഗുരുദ്വാരകൾക്കും സിഖ് വംശജർക്കും വേണ്ട പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ പാക്ക് ഹൈക്കമ്മിഷനു മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടി. ഗുരുദ്വാരയ്ക്കു നേരെ ആക്രമണം ഉണ്ടായെന്ന വാർത്ത പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു. ഗുരുദ്വാരയ്ക്കുള്ളിലെ പവിത്രമായ വസ്തുക്കൾക്കു കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും വാർത്തകൾ തെറ്റാണെന്നുമാണു പാക്ക് വിദേശകാര്യ ഓഫിസ് അവകാശപ്പെട്ടത്.

പാക്കിസ്ഥാനിൽ മതസ്വാതന്ത്ര്യം തകരുകയാണെന്ന് ഐക്യരാഷ്ട്രസഭാ സ്റ്റാറ്റസ് ഒഫ് വിമെൻ കമ്മീഷൻ(സി.എസ്.ഡബ്‌ള്യു) നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 'പാക്കിസ്ഥാൻ - മതസ്വാതന്ത്ര്യം അപകടത്തിൽ' എന്ന തലക്കെട്ടോടുകൂടി കമ്മീഷൻ പുറത്തിറക്കിയ 47 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാക്കിസ്ഥാനിൽ 'ദൈവനിന്ദക്കെതിരെ'യുള്ള നിയമങ്ങൾ ആയുധവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യപ്പെടുകയാണെന്നും അതിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും കമ്മീഷൻ പറയുന്നു.

ഇതുപോലെതന്നെ 'അഹമ്മദീയ വിരുദ്ധ'തയ്‌ക്കെതിരെയുള്ള നിയമങ്ങളും ഇസ്ലാമിസ്റ്റ് സംഘടനകൾ ന്യൂനപക്ഷങ്ങളെ വേട്ടയാടാനും രാഷ്ട്രീയ സാന്നിദ്ധ്യം ഉറപ്പാക്കാനുമാണ് ഉപയോഗിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു, ക്രിസ്ത്യൻ മതവിഭാങ്ങളെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നും, ഇവരിൽ തന്നെ സ്ത്രീകളും പെൺകുട്ടികളുമാണ് ഇരകളെന്നും കമ്മീഷൻ പറയുന്നു.ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹ്യ കൗൺസിലിന്റെ കീഴിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP