Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുളിക്കടവിൽ രക്തം കണ്ടത് സ്വാമി പുഴയിൽ മുങ്ങിയതറിഞ്ഞ് ഓടിയെത്തിയ മറ്റൊരു സ്വാമിയുടെ കാൽ മുറിഞ്ഞതിനെ തുടർന്ന്! പള്ളുരുത്തി സ്വദേശി പ്രിയനേയും ആരും കണ്ടിട്ടില്ല; ബിജു രമേശ് വിളമ്പുന്നത് വെറും കേട്ടുകേൾവികളും; നീന്തൽ അറിയാമെങ്കിലും സ്വാമി പുഴയിൽ കുളിക്കാറില്ലായിരുന്നു; ഈ പരിചയ കുറവ് അടിയൊഴുക്കിൽ പെടുത്തിയെന്നും വിശദീകരണം; ശാശ്വതീകാനന്ദയുടേത് അപകടമരണമാക്കാൻ ക്രൈംബ്രാഞ്ച് പറഞ്ഞത് വിചിത്ര ന്യായങ്ങൾ; കുടംതുറന്ന് പെരിയാറിലെ മരണം വീണ്ടും ചർച്ചയാകുമ്പോൾ

കുളിക്കടവിൽ രക്തം കണ്ടത് സ്വാമി പുഴയിൽ മുങ്ങിയതറിഞ്ഞ് ഓടിയെത്തിയ മറ്റൊരു സ്വാമിയുടെ കാൽ മുറിഞ്ഞതിനെ തുടർന്ന്! പള്ളുരുത്തി സ്വദേശി പ്രിയനേയും ആരും കണ്ടിട്ടില്ല; ബിജു രമേശ് വിളമ്പുന്നത് വെറും കേട്ടുകേൾവികളും; നീന്തൽ അറിയാമെങ്കിലും സ്വാമി പുഴയിൽ കുളിക്കാറില്ലായിരുന്നു; ഈ പരിചയ കുറവ് അടിയൊഴുക്കിൽ പെടുത്തിയെന്നും വിശദീകരണം; ശാശ്വതീകാനന്ദയുടേത് അപകടമരണമാക്കാൻ ക്രൈംബ്രാഞ്ച് പറഞ്ഞത് വിചിത്ര ന്യായങ്ങൾ; കുടംതുറന്ന് പെരിയാറിലെ മരണം വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടേത് അപകടമരണമാക്കാൻ പൊലീസ് പറഞ്ഞത് വിചിത്ര ന്യായങ്ങൾ. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ദുരൂഹതയില്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയും ഈ റിപ്പോർ്ട്ട് മുഖവിലയ്ക്കെടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിന് നേതൃത്വം കൊടുത്തവരുടെ ബന്ധങ്ങളുമൊന്നും ആരും പരിശോധിച്ചില്ല.

2002 ജൂലായ് ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവ പുഴയിൽ മുങ്ങി മരിച്ചത്. ഇതേക്കുറിച്ച് ആദ്യം അന്വേഷണം നടത്തിയ സംഘം മുങ്ങി മരണമാണെന്ന് ഫോർട്ടുകൊച്ചി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. പിന്നീട് ഈ വിഷയത്തിൽ പലതവണ അന്വേഷണം നടത്തിയെങ്കിലും കുളിക്കാനിറങ്ങുമ്പോൾ മുങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നതെന്ന് ക്രൈംബ്രാഞ്ച് നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പില്ലെന്നും നീന്തലറിയാവുന്ന സ്വാമി ദീർഘകാലമായി പുഴയിൽ കുളിക്കാനിറങ്ങാറില്ലെന്നതിനാൽ അടിയൊഴുക്കിൽ പെട്ടതാകാനാണ് സാധ്യതയെന്നും അന്ന് അന്വേഷണസംഘം വിലയിരുത്തിയിരുന്നു.

സംഭവത്തിനുശേഷം കുളിക്കടവിൽ രക്തം കണ്ടത് സ്വാമി പുഴയിൽ മുങ്ങിയതറിഞ്ഞ് ഓടിയെത്തിയ മറ്റൊരു സ്വാമിയുടെ കാൽ മുറിഞ്ഞതിനെത്തുടർന്നാണെന്നും സംഭവസമയത്ത് പള്ളുരുത്തി സ്വദേശി പ്രിയന്റെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടില്ലെന്നും അന്നത്തെ റിപ്പോർട്ടിലുണ്ട്. മാത്രമല്ല, സ്വാമിയുടെ ആന്തരീകാവയവങ്ങളുടെ രാസ പരിശോധനയിൽ വിഷാംശമൊന്നും കണ്ടെത്തിയിരുന്നില്ല. ബിജു രമേശിന്റെ മൊഴിയേയും പൊലീസ് തള്ളി പറഞ്ഞു. സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലെന്നും മറ്റുള്ളവരുടെ കേട്ടു കേൾവിയാണ് താൻ പറഞ്ഞതെന്നും ബിജു രമേശ് വ്യക്തമാക്കിയതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളി നടേശനുമായി അടുപ്പമുണ്ടായിരുന്ന ഡോ സോമനായിരുന്നു പോസ്റ്റ് മോർട്ടത്തിൽ സജീവമായി പങ്കെടുത്തത്. സോമനും എസ് എൻ ഡി പി യൂണിയന്റെ ഭാരവാഹിയായിരുന്നു.

2002 ജൂലൈ ഒന്നിന് ആലുവ പുഴയിലാണ് സ്വാമി ശാശ്വതീകാനന്ദ മരിച്ചത്. ആലുവ അദ്വൈതാശ്രമത്തിൽ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കാനാണ് അവിടെ എത്തിയത്. രാവിലെ പുഴയിൽ കുളിക്കാൻ പോയ ശാശ്വതീകാനന്ദയെ മുങ്ങിത്താണ നിലയിലാണ് കണ്ടെത്തുകയായിരുന്നു. നന്നായി നീന്താനറിയുന്ന ആളായിരുന്നു സ്വാമി. പോസ്റ്റുമോർട്ടത്തിന്റെ ചുമതല വഹിച്ച ഡോ. സോമന് പിന്നീട് എസ്എൻഡിപി യോഗം പ്രസിഡന്റ് സ്ഥാനം ലഭിച്ചു. 2002 ജൂലൈ മൂന്നിന് എസ്എൻ ട്രസ്റ്റിന്റെ നിർണായക യോഗം നിശ്ചയിച്ചിരുന്നു. അതിനുമുമ്പുണ്ടായ സ്വാമിയുടെ മരണം നിരവധി സംശയങ്ങൾ ഉയർത്തി. ശാശ്വതീകാനന്ദയുടെ അമ്മ കൗസല്യ, സഹോദരൻ വിജയകുമാർ, സഹോദരി ശാന്തകുമാരി എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജിയും നൽകി. എന്നാൽ, ഹർജി കോടതി തള്ളി.

ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോർട്ടത്തിൽ ദുരൂഹതയുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ഡോ. എൻ സോമൻ ഇടപെട്ടുവെന്നും ആക്ഷേപമുണ്ട്. ഇതിന്റെ പ്രത്യുപകാരമായാണ് വെള്ളാപ്പള്ളി നടേശൻ ഡോ. എൻ സോമനെ എസ്എൻഡിപിയോഗത്തിന്റെ പ്രസിഡന്റാക്കിയതെന്നായിരുന്നു വിമർശനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഡോ. സോമൻ പറഞ്ഞതിന് അനുസരിച്ചാണ് തയ്യാറാക്കിയതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. വെള്ളാപ്പള്ളിക്ക് വേണ്ടപ്പെട്ടവരും ബന്ധുക്കളുമാണ് എസഎൻഡിപി നേതൃത്വത്തിലെന്ന വാദമാണ് ഇത് ശക്തമാക്കുന്നത്. സംഭവം നടക്കുമ്പോൾ എകെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അന്ന് ആത്മഹത്യയെന്ന നിലയിലാണ് അന്വേഷണം നടന്നത്.

പിന്നീട് ഉമ്മൻ ചാണ്ടി സർക്കാരും അധികാരത്തിലെത്തി. തുടർന്ന് വി എസ് അച്യൂതാനന്ദൻ അധികാരത്തിലെത്തിയപ്പോഴും ഈ വിവാദം സജീവമായിരുന്നു. എന്നാൽ ആരും ഒന്നും ചെയ്തില്ല. ശാശ്വതികാനന്ദ സ്വാമിയുടെ കൊലപാതകത്തിന് പിന്നിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയുമാണെന്ന ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പിന്നീടും അന്വേഷണം നടന്നു. അതും വെള്ളാപ്പള്ളിക്കും മകനും ക്ലീൻ ചിറ്റ് നൽകി. അതുകൊണ്ട് തന്നെ വിവാദം വീണ്ടുമെത്തുമ്പോഴും അകലം പാലിക്കാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം.

ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ആദ്യവെടി പൊട്ടിച്ചത് വെള്ളാപ്പള്ളിയുടെ വിശ്വസ്തനും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായിരുന്ന എം.ബി. ശ്രീകുമാറായിരുന്നു. ദുബായിൽ നടന്ന അടിപിടി ഉൾപ്പെടെയുള്ള കാര്യങ്ങളും ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്ന് ശ്രീകുമാർ പത്രസമ്മേളനം വിളിച്ച് ആവശ്യമുന്നയിച്ചിരുന്നു. ഗോകുലം ഗോപാലനും ബിജു രമേശും കെ.കെ. പുഷ്പാംഗദനും സി.കെ. വിദ്യാസാഗറുമായി ചേർന്ന് ശ്രീനാരായണ ധർമവേദി രൂപീകരിക്കാനും ശ്രീകുമാർ മുൻകൈയെടുത്തു.

ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ശ്രീകുമാർ. വെള്ളാപ്പള്ളിയുടെ പിൻഗാമിയായി വരെ ശ്രീകുമാർ വാഴ്‌ത്തപ്പെട്ടു. എന്നാൽ, പത്തനംതിട്ടയിൽ നിന്നുള്ള ശ്രീകുമാറിന്റെ ശത്രുക്കൾ ഇരുവരെയും തമ്മിൽ തെറ്റിച്ചു. തുഷാറിനെയാണ് ഇതിനായി നിയോഗിച്ചത്. തുഷാർ പടിപടിയായി നേതൃത്വത്തിലേക്ക് വന്നതോടെ ശ്രീകുമാർ നടേശനിൽനിന്ന് അകന്നു. അകൽച്ച പൂർണമായതോടെയാണ് ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും അന്വേഷിക്കണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടത്. ഇതും അന്ന് അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചില്ല.

ആറാം വയസിൽ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട് സ്വദേശി ശശിധരൻ പിന്നീട് ശ്രീനാരായണ ദർശനങ്ങളിൽ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി. പൂർവാശ്രമത്തിൽ ശശി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വാമി ശാശ്വതികാനന്ദ 1952-ൽ തിരുവനന്തപുരത്തെ മണക്കാട്ട് പഴഞ്ചിറ കാരിക്കര ചെല്ലപ്പന്റെയും വർക്കല സ്വദേശിനി കൗസല്യയുടെയും മകനായി ജനിച്ചു.

പിതൃസഹോദരൻ സ്വാമി കുമാരാനന്ദയോടൊപ്പമാണ് അദ്ദേഹം ശിവഗിരിയിലെത്തുന്നത്. വർക്കല എസ് എൻ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം നേടിയ സ്വാമി എസ് എൻ കോളജിലാണ് ബിരുദ പഠനം നടത്തിയത്. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ വേദപഠനത്തിന് ചേർന്ന് പഠിച്ച അദ്ദേഹം പഠനാനന്തരം 1977ൽ സ്വാമി ബ്രഹ്മാനന്ദയിൽ നിന്ന് സന്ന്യാസം സ്വീകരിച്ചു.

തുടർന്ന് സ്വാമി ശാശ്വതികാനന്ദ ശിവഗിരി ധർമ്മസംഘം ബോർഡംഗമായി. 1979ൽ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക് നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട് ചവട്ടിക്കയറിയത് വളർച്ചയുടെ കൊടുമുടിയായിരുന്നു. 1984-ലെ തെരഞ്ഞെടുപ്പിലാണ് സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്. അന്നത്തെ ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതിനെ തുടർന്നാണ് സ്വാമി ശാശ്വതികാനന്ദ വിവാദങ്ങളുടെ കയത്തിലേക്ക് വീണത്.

ശ്രീനാരായണ ദർശനത്തെ മാനവികമായ രീതിയിൽ വ്യാഖ്യാനിച്ച് മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. മതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ശ്രീനാരായണ ദർശനത്തെ മാനവികതയുടെ ദർശനമായി മാറ്റാൻ അദ്ദേഹം ശ്രമിച്ചു. ശ്രീനാരായണ ദർശനത്തിൽ അഗാധപാണ്ഡിത്യമുള്ള ശാശ്വതികാനന്ദ ഈ വിഷയത്തിൽ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP