Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വാമി ശാശ്വതീകാനന്ദയ്ക്കുള്ള പാലിൽ സഹായി സാബു ഇൻസുലിൻ കലർത്തി; സ്വാമിയെ വെള്ളത്തിൽ മുക്കിക്കൊന്നതു സാബു; സ്വാമി സൂക്ഷ്മാനന്ദയെ സംശയമുണ്ടെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത് ബിജു രമേശ്; സ്വാമിയുടെ തലയിൽ ഇടിക്കട്ട കൊണ്ടു മർദ്ദിച്ച പാട്; മൃതദേഹം തെരയുമ്പോൾ ഒരാൾ മറുകരയിലേക്ക് നീന്തുന്നത് കണ്ടെന്ന് പറഞ്ഞത് സ്വാമി പ്രകാശാനന്ദ; ദുബായിലെ അടി ചർച്ചയായാലും അന്വേഷിക്കേണ്ടെന്ന് പിണറായി സർക്കാർ; സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ മൗനം പാലിക്കാൻ പൊലീസ്

സ്വാമി ശാശ്വതീകാനന്ദയ്ക്കുള്ള പാലിൽ സഹായി സാബു ഇൻസുലിൻ കലർത്തി; സ്വാമിയെ വെള്ളത്തിൽ മുക്കിക്കൊന്നതു സാബു; സ്വാമി സൂക്ഷ്മാനന്ദയെ സംശയമുണ്ടെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത് ബിജു രമേശ്; സ്വാമിയുടെ തലയിൽ ഇടിക്കട്ട കൊണ്ടു മർദ്ദിച്ച പാട്; മൃതദേഹം തെരയുമ്പോൾ ഒരാൾ മറുകരയിലേക്ക് നീന്തുന്നത് കണ്ടെന്ന് പറഞ്ഞത് സ്വാമി പ്രകാശാനന്ദ; ദുബായിലെ അടി ചർച്ചയായാലും അന്വേഷിക്കേണ്ടെന്ന് പിണറായി സർക്കാർ; സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ മൗനം പാലിക്കാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിവഗിരി മഠം മുൻ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സർക്കാർ തുടരന്വേഷണം പ്രഖ്യാപിക്കില്ല. ഇക്കാര്യത്തിൽ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. മുൻ ഡിജിപി ടിപി സെൻകുമാറും സുഭാഷ് വാസുവും നടത്തുന്ന വെളിപ്പെടുത്തൽ എന്തായാലും സർക്കാർ മൗനം പാലിക്കും. സംശയമുള്ളവർ കോടതിയിൽ പോകട്ടെയെന്നാണ് സർക്കാർ നിലപാട്. ശാശ്വതീകാനന്ദയുടെ മരണം സംഭവിച്ചിച്ച് വർഷങ്ങളായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പ്രശ്‌നങ്ങളൊന്നുമില്ല. അന്ന് വിവാദമുണ്ടാക്കാത്തവർ ഇന്ന് സജീവമായി രംഗത്ത് വരുന്നതിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന നിലപാടിലേക്ക് സർക്കാർ എത്തിക്കഴിഞ്ഞു.

അതുകൊണ്ട് തന്നെ പുനരന്വേഷണം ആവശ്യപ്പെടുന്നവർ കോടതിയെ സമീപിക്കേണ്ടി വരും. ശാശ്വതീകാനന്ദയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോൾ ഉണ്ടായ മുറിവാണ് അതെന്നാണ് പൊതു സമൂഹത്തോട് വിശദീകരിച്ചത്. സ്വാമി ശാശ്വതീകാനന്ദയുടെത് സ്വാഭാവികമരണമല്ല കൊലപാതകം തന്നെയെന്ന് സ്വാമി പ്രകാശാനന്ദ നേരത്തെ ആരോപിച്ചിരുന്നു. അദ്ദേഹത്തെ കൊന്നു പുഴയിൽ തള്ളിയതാണെന്ന് അന്ന് ശിവഗിരി മഠം പ്രസിഡന്ററ് ആരോപിച്ചിരുന്നു. സ്വാമിയുടെ തലയിൽ ഇടിക്കട്ട കൊണ്ടു മർദ്ദിച്ച പാട് ഉണ്ടായിരുന്നതായും മൃതദേഹം തെരയുമ്പോൾ ഒരാൾ മറുകരയിലേക്ക് നീന്തുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു. ഇതിലേക്കൊന്നും അന്വേഷണമെത്തിയില്ല. ഇതിന് പിന്നിൽ അട്ടിമറി നടന്നുവെന്നാണഅ എസ് എൻ ഡി പിയിലെ വിമതർ ആരോപിക്കുന്നത്.

സുഭാഷ് വാസുവിനും സെൻകുമാറിനും പിന്തുണയുമായി ബിജു രമേശും ഗോകുലം ഗോപാലനും വിദ്യാസാഗറും രംഗത്തുണ്ട്. ശാശ്വതീകാനന്ദ മരിക്കുമ്പോൾ പൊലീസിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്നു സെൻകുമാർ. പിന്നീട് ഈ വിവാദം വീണ്ടും ഉയർന്നപ്പോൾ പൊലീസ് മേധാവിയും. അത്തരത്തിലൊരു വ്യക്തി ഈ കൊലപാതകത്തിൽ പ്രതികരണവുമായി എത്തുമെന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കി കാണുന്നതും. വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗൾഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രകാശാനന്ദ തന്നെ പറഞ്ഞിരുന്നു. ഇതിന് സമാനമായ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ബിജു രമേശും നടത്തിയത്. വിദ്യാസാഗറും സ്വാമിയുടെ മരണത്തിൽ ദുരൂഹത കാണുന്നുണ്ട്. യോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത വേണമെന്ന് ശാശ്വതീകാനന്ദ നിർദ്ദേശിച്ചിരുന്നു. സുതാര്യതയില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ശാശ്വതീകാനന്ദ മരിച്ച ദിവസം അദ്ദേഹത്തിന്റെ സഹായി സാബു വർക്കലയിലേക്ക് പോയതിൽ ദുരൂഹതമുണ്ട്. സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാത്തതും ദുരൂഹമാണെന്ന് വിദ്യാസാഗർ വ്യക്തമാക്കിയിരുന്നു.

ഈ കേസിൽ് ക്രൈം ബ്രാഞ്ചിനു ബിജു രമേശ് നൽകിയ മൊഴി പുറത്തുവന്നിരുന്നു. സ്വാമി ശാശ്വതീകാനന്ദയ്ക്കുള്ള പാലിൽ സഹായി സാബു ഇൻസുലിൻ കലർത്തി. ഇതു കഴിച്ച് അബോധാവസ്ഥയിലായ സ്വാമി വെള്ളത്തിൽ മുങ്ങിപ്പോയി. സ്വാമിയെ വെള്ളത്തിൽ മുക്കിക്കൊന്നതു സാബുവാണെന്നും മൊഴിയിൽ പറയുന്നുണ്ട്. സ്വാമിയുടെ തലയിൽ ക്ഷതമേൽപ്പിച്ചിരുന്നു. ശാശ്വതീകാനന്ദയും വെള്ളാപ്പള്ളിയുമായി തർക്കമുണ്ടായിരുന്നുവെന്നും ബിജു പറയുന്നു. സൂക്ഷ്മാനന്ദയെയും സംശയമുണ്ട്. സാബു സൂക്ഷ്മാനന്ദയുടെ തണലിലാണു കഴിയുന്നത്. തുഷാർ വെള്ളാപ്പള്ളി ദുബായിൽ വച്ച് ശാശ്വതീകാനന്ദയെ മർദിച്ചുവെന്നും മൊഴിയിൽ പറയുന്നു.ശാശ്വതീകാനന്ദ കുളിക്കാൻ പോവുന്നതിന് മുമ്പ് അദ്ദേഹത്തിന് ഇൻസുലിൻ ചേർത്ത പാൽ നിർബന്ധിച്ചാണു നൽകിയത്. തുടർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ സ്വാമിക്ക് വിറയൽ അനുഭവപ്പെടുകയും മുങ്ങി മരിക്കുകയുമായിരിക്കാം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയിൽ നിന്ന് സ്വാമിയുടെ സഹായി ആയിരുന്ന സാബുവിനെ ഒഴിവാക്കാൻ സൂക്ഷ്മാനന്ദ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് മൊഴിയിൽ ആരോപിച്ചിരുന്നു. എന്നാൽ ബിജു രമേശിൽ നിന്നെടുത്ത മൊഴിയിൽ നിർണായക തെളിവുകളില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം.

നേരത്തെ ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സഹോദരി ശാന്ത ആവശ്യപ്പെട്ടിരുന്നു. ശാശ്വതികാനന്ദ മരിച്ച ദിവസം വാടക കൊലയാളി പ്രിയൻ അദ്വൈതാശ്രമത്തിൽ എത്തിയിരുന്നു. പ്രവീൺ എന്നയാളുടെ കാറിലാണ് പ്രിയൻ എത്തിയത്. പ്രവീണിന്റെ അച്ഛനാണ് ഇക്കാര്യങ്ങൾ തങ്ങളോട് പറഞ്ഞത്. ഈ വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവർ ഗൗരവമായി എടുത്തില്ലെന്നും ശാന്ത വ്യക്തമാക്കി. ശാശ്വതികാനന്ദയുടെ മരണത്തിൽ അദ്ദേഹത്തിന്റെ സഹായിയായിരുന്ന സാബുവിന് മുഖ്യപങ്കുണ്ട്. സാബുവിനെ നുണപരിശോധനക്ക് വിധേയമാക്കിയാൽ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും ശാന്ത നേരത്തെ ആരോപിച്ചിരുന്നു,

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഡോ. വിജയൻ രംഗത്തെത്തിയിരുന്നു. റിട്ടയേർഡ് ജസ്റ്റിസ് സുകുമാരനെ പ്രസിഡന്റ്കാനും വക്കം പുരുഷോത്തമനെ ജനറൽ സെക്രട്ടറിയാക്കാനുമായിരുന്നു ശാശ്വതീകാനന്ദ ശ്രമിച്ചത്. ഗൾഫ് യാത്ര പൂർത്തിയാകാത്ത ശാശ്വതീകാനന്ദ തിരികെ വന്നതിൽ എസ്എൻഡിപിയുടെ വിശദീകരണം രണ്ടു തരത്തിലായിരുന്നുവെന്നും വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നും വിജയൻ വെളിപ്പെടുത്തിയിരുന്നു ഗൾഫിൽ വച്ച് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. എസ്എൻ ട്രസ്റ്റിന്റെ കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ശാശ്വതീകാനന്ദ അടുത്ത അനുയായികളായ ചിലരാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നും വിജയൻ പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണത്തിന് തലേന്ന് ദുബായിൽ വച്ച് തുഷാർ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ മർദ്ദിച്ചെന്ന് ശിവാനന്ദഗിരി പറഞ്ഞിരുന്നു. ശാശ്വതീകാനന്ദയുടെ വിശ്വസ്തനായ ജോയ്സനാണ് ശിവാനന്ദഗിരിയോട് ഇക്കാര്യം പറഞ്ഞത്. സംഭവത്തെ തുടർന്ന് ദുബായിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ശാശ്വതീകാനന്ദ ഒറ്റയ്ക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ശാശ്വതീകാനന്ദ കൊല്ലപ്പെടുന്നത്. ഈ വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിജയൻ പറയുന്നത്. ശാശ്വതീകാനന്ദയെ ആരോ അപകടപ്പെടുത്തുകയായിരുന്നുവെന്നും സ്വാഭാവിക മരണമാണെന്നും തരത്തിലുള്ള അഭിപ്രായങ്ങൾ അംഗങ്ങൾക്കിടയിലും ഉടലെടുത്തിരുന്നുവെന്നും വിജയനും മുമ്പ് ആരോപിച്ചിരുന്നു.

സ്വാമി ശാശ്വതികാനന്ദയുടെ മരണംകൊലപാതകമാണെന്ന് ബാറുടമയായിരുന്ന ബിജുരമേശ് ചാനൽ ചർച്ചക്കിടെ വെളിപ്പെടുത്തിയതോടെയാണ് ഈ വിവാദം യുഡിഎഫ് ഭരണകാലത്ത് ചൂടുപിടിച്ചത്. പ്രിയൻ എന്ന വാടകകൊലയാളിയാണ് കൊല നടത്തിയത് എന്നായിരുന്നു ബിജുവിന്റെ ആരോപണം. വെള്ളാപ്പള്ളിക്കും മകനും ഇക്കാര്യം വ്യക്തമായി അറിയാമെന്നും ബിജു ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തി. എന്നാൽ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെല്ലാം നേരത്തെയും ഉന്നയിച്ചിരുന്നതായും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ നടത്തി തള്ളിക്കളഞ്ഞിരുന്നതാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഈ കേസാണ് വീണ്ടും സുഭാഷ് വാസുവിന്റെ ആരോപണത്തിലൂടെ സജീവ ചർച്ചയാകുന്നത്.

ഈ കേസ് മുമ്പ് ഹൈക്കോടതിയും പരിഗണിച്ചിരുന്നു. അന്ന് ജഡ്ജി കമാൽ പാഷ നടത്തിയ നിരീക്ഷണങ്ങൾ ഏറെ ചർച്ചയായിരുന്നു. സ്വാമി ശാശ്വതീകാനന്ദ സ്വർഗത്തിൽ നിന്നു തനിക്കു കത്തയക്കുന്നുണ്ടോ എന്നായിരുന്നു ഹൈക്കോടതി ജഡ്ജി കമാൽ പാഷയുടെ പരാമർശം. ശാശ്വതീകാന്ദയുടെ പോസ്റ്റുമോർട്ടം നടപടികൾ പരിശോധിച്ചതിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് ഒന്നും കണ്ടെത്താൽ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് കമാൽ പാഷ ചൂണ്ടിക്കാട്ടിയിരുന്നു. ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോർട്ടത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും കോടതിക്ക് വേണമെങ്കിൽ പരിശോധിക്കാമെന്നും സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി. ഇതേതുടർന്ന് പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ദൃശ്യവും ഫോട്ടോഗ്രാഫുകളും ജഡ്ജി പരിശോധിച്ചു.

മരണം കൊലപാതകമാണെന്ന് ഒരിടത്തും പരാതി ലഭിച്ചിട്ടില്ല. പല കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് തനിക്കും നിരവധി കത്തുകൾ ലഭിച്ചിട്ടുണ്ട്. പലരുടെയും പേരുകൾ കത്തുകളിൽ പരാമർശിക്കുന്നുണ്ട്. ആദ്യം പല പേരുകളിൽ വന്നിരുന്ന കത്തുകൾ ഇപ്പോൾ സ്വാമി ശാശ്വതീകാനന്ദയുടെ പേരിൽ തന്നെയാണ് എത്തുന്നതെന്നും സ്വർഗത്തിൽ നിന്ന് ശാശ്വതീകാനന്ദ അയക്കുന്നതാണോ കത്തുകളെന്നും ജസ്റ്റിസ് കമാൽ പാഷ അന്ന് ചോദിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP