Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ ആശുപത്രിയിൽ അവധിക്ക് അപേക്ഷിച്ച് അനുമതി കിട്ടും മുമ്പ് ഗൈനക്കോളജിസ്റ്റ് സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറി; പ്രസവ ശുശ്രൂഷയ്ക്ക് ഡോക്ടറില്ലാത്തതിനാൽ തിരൂർ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചുപൂട്ടി

സർക്കാർ ആശുപത്രിയിൽ അവധിക്ക് അപേക്ഷിച്ച് അനുമതി കിട്ടും മുമ്പ് ഗൈനക്കോളജിസ്റ്റ് സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറി; പ്രസവ ശുശ്രൂഷയ്ക്ക് ഡോക്ടറില്ലാത്തതിനാൽ തിരൂർ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചുപൂട്ടി

എം പി റാഫി

മലപ്പുറം: മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നാണ് തിരൂർ ജില്ലാ ആശുപത്രി. ആശുപത്രിയെ ആശ്രയിക്കുന്നവരിലധികവും തീരദേശ നിവാസികളായ സാധാരണക്കാരാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സർക്കാർ ആശുപത്രിയിൽ പ്രസവ ശുശ്രൂഷയില്ലാതെ പ്രസവവാർഡ് അടച്ചു പൂട്ടിയിരിക്കുകയാണ്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതാണ് സ്ത്രീവാർഡ് അടച്ചു പൂട്ടാനുള്ള കാരണം. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതർ പരിഹാരം കാണാതെ നോക്കുകുത്തിയാകുകയാണ്. ആശുപത്രിയിലെ നാല് സ്ത്രീരോഗ വിദഗ്ധരെ സന്ദർശിക്കാൻ നൂറുകണക്കിന് ഗർഭിണികളുൾപ്പടെയുള്ളവരാണ് ദിവസവും എത്തിച്ചേരുന്നത്. എന്നാൽ വിരമിച്ച ഒരു ഡോക്ടർക്ക് പുറമെ രണ്ട് ഗൈനക്കോളജിസ്റ്റ് പരിസരത്തെ സ്വകാര്യ ആശുപത്രികളിൽ ചാർജെടുത്തിരിക്കുകയാണ്. ഇതിൽ ഒരാൾ ലീവ് അനുവദിക്കാതെയാണ് അവധിയിൽ പ്രവേശിച്ച് സ്വകാര്യ ആശുപത്രിയിൽ ജോലി ആരംഭിച്ചത്.

ഏപ്രിൽ ഒന്ന് മുതലായിരുന്നു ജില്ലാ ആശുപത്രിയിൽ നിന്നും അവധിക്ക് അപേക്ഷ സമർപ്പിച്ച് ഡ്യൂട്ടിക്കെത്താതെ സ്ത്രീരോഗ വിദഗ്ധ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചാർജെടുത്തത്. ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെ പ്രസവ വാർഡ് ഉൾപ്പടെയുള്ള സ്ത്രീരോഗ വിഭാഗം ദിവസങ്ങളോളം അടച്ചുപൂട്ടിയിരുന്നു. എന്നാൽ അവധിയിൽ പ്രവേശിച്ചു എന്ന പേരിൽ പ്രസവശുശ്രൂഷ വിദഗ്ധ ഡോ. ലിബി മനോജ് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

അതേസമയം ആശുപത്രി സൂപ്രണ്ട്, ഡി.എം.ഒ തുടങ്ങിയവരുടെ അനുമതി ലഭിക്കാതെ അവധിയിൽ പ്രവേശിക്കുകയായിരുന്നു. അവധി അനുവദിക്കണമെങ്കിൽ ആർ.എം.ഒ മുഖേന സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും അപേക്ഷ സമർപ്പിച്ച് മറുപടി ലഭിക്കണമെന്നിരിക്കെയാണ് സൂപ്രണ്ടിന് അപേക്ഷ സമർപ്പിച്ച് അടുത്ത ദിവസം തന്നെ ഇവർ അവധിയിൽ പ്രവേശിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചാർജെടുത്തെന്ന പത്രപരസ്യവും നൽകി ജോലി ആരംഭിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അധികൃതർക്കും വ്യക്തമായ മറുപടിയില്ല.

ഉന്നത രാഷ്ട്രീയ ബന്ധവും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വന്തക്കാരിയാണ് എന്ന പിൻബലവുമാണ് ലീവ് അനുവദിക്കാതെ ഡോ.ലിബി മനോജ് അവധിയിൽ പ്രവേശിച്ച് സ്വകാര്യ ആശുപത്രയിൽ പോയത്. ഇതിനു പുറമെ ഡ്യൂട്ടി കാലയളവിൽ വേറെയും യാത്രകൾ ഇവർ നടത്തിയിട്ടുമുണ്ട്. ജില്ലാ ആശുപത്രിയിലെ സ്ത്രീ രോഗ വിഭാഗത്തിൽ നാല് ഗൈനക്കോളജിസ്റ്റുകൾ ഉണ്ടായിരുന്നെങ്കിലും ഏപ്രിൽ മാസത്തോടെ ഒരാൾ വിരമിക്കുകയും ഒരാൾ വിരമിക്കുന്നതിന് മുന്നോടിയായി ബാക്കിവരുന്ന അവധി എടുക്കുകയുമായിരുന്നു. ഇതിനു പുറമെയാണ് ഡോ.ലിബി മനോജ് അവധിക്ക് അപേക്ഷ നൽകി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചാർജ്ജെടുത്തത്. നിലവിൽ ആശുപത്രിയിൽ ഒരു ഗൈനക്കോളജിസ്റ്റ് ഉണ്ടെങ്കിലും എൻ.ആർ.എച്ച്.എം പ്രകാരം കാരാർ അടിസ്ഥാനത്തിൽ എം.ബി.ബി.എസ് തസ്തികയിലേക്കായിരുന്നു ഇവരുടെ നിയമനം. ഇതിനാൽ പ്രസവ ശുശ്രൂഷ നടത്തുന്നതിന് സാധ്യവുമല്ല.

ജില്ലാ ആശുപത്രിയിൽ സ്ത്രീരോഗ വിഭാഗം ഡോക്ടർമാരില്ലാതെ ഗർഭിണികൾ ഉൾപ്പടെയുള്ള സ്ത്രീകൾ ദിവസങ്ങളായി ദുരിതത്തിലാണ്. ദിവസവും നൂറ് കണക്കിന് സ്ത്രീകൾ പരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചേരാറുണ്ട്. എന്നാൽ സ്ത്രീ വിഭാഗം ഡോക്ടർമാർ ഇല്ലാതായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അവധിയെടുത്ത് പോകുന്ന ഡോക്ടർമാരെ വല വീശാനായി ഇടനിലക്കാർ മുഖേന സ്വകാര്യ ആശുപത്രികളും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഈ ഡോക്ടർമാരുടെ സന്ദർശകരെ ഉൾപ്പടെ ലഭിക്കുന്നതിന് വേണ്ടി വൻതുകയാണ് സ്വകാര്യ ആശുപത്രി ഡോക്ടർമാർക്ക് വാഗ്ദാനം നൽകിയിരിക്കുന്നത്.

ലീഗ് ഭരണ സമിതിക്ക് കീഴിലാണ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനം. എന്നാൽ എച്ച്.എം.സി അംഗങ്ങളായ ലീഗ് പ്രതിനിധികളും ഡോക്ടർമാരും രണ്ട് തട്ടിലാണ്. കോടികൾ ചെലവിട്ട് പണിത കെട്ടിടം ഇന്നും ഉപയോഗശൂന്യമാണ്. ശസ്ത്രക്രിയ ഉപകരണങ്ങളും ലബോറട്ടറകളും തകരാറിലാവുക ഇവിടത്തെ പതിവ് രീതിയാണ്. അതേസമയം ഗവൺമെന്റ് ആശുപത്രിയുടെ മറപിടിച്ച് പരിസരത്തെ ലബും ആശുപത്രിയും അടക്കമുള്ള നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങൾ കൊഴുത്ത് വളരുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP