Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്രയേൽ എംബസിയിലെ പ്രതിരോധ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ച കാർ തകർത്തത് കാന്ത ബോംബ്; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടേണ്ടി വന്നത് സയ്ദ് മുഹമ്മദ് അഹമ്മദ് എന്ന മാധ്യമ പ്രവർത്തകനെ; കണ്ടെത്തിയത് സ്‌ഫോടനത്തിന് പിന്നിൽ ഇസ്ലാമിക റവല്യൂഷണറി ഗാർഡിലെ അഞ്ച് അംഗങ്ങളെന്നും; അതിനപ്പുറത്തേക്ക് അന്വേഷണം അനങ്ങിയില്ല; ട്രംപ് ചർച്ചയാക്കുന്നത് 2012ലെ ഡൽഹി സ്‌ഫോടനം; അമേരിക്കയെ പിന്തുണയ്ക്കാനും ഇറാനെ തള്ളാനും വയ്യാതെ ഇന്ത്യയും: പശ്ചിമേഷ്യയിൽ മോദി ആശയക്കുഴപ്പത്തിൽ

ഇസ്രയേൽ എംബസിയിലെ പ്രതിരോധ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ച കാർ തകർത്തത് കാന്ത ബോംബ്; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടേണ്ടി വന്നത് സയ്ദ് മുഹമ്മദ് അഹമ്മദ് എന്ന മാധ്യമ പ്രവർത്തകനെ; കണ്ടെത്തിയത് സ്‌ഫോടനത്തിന് പിന്നിൽ ഇസ്ലാമിക റവല്യൂഷണറി ഗാർഡിലെ അഞ്ച് അംഗങ്ങളെന്നും; അതിനപ്പുറത്തേക്ക് അന്വേഷണം അനങ്ങിയില്ല; ട്രംപ് ചർച്ചയാക്കുന്നത് 2012ലെ ഡൽഹി സ്‌ഫോടനം; അമേരിക്കയെ പിന്തുണയ്ക്കാനും ഇറാനെ തള്ളാനും വയ്യാതെ ഇന്ത്യയും: പശ്ചിമേഷ്യയിൽ മോദി ആശയക്കുഴപ്പത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷത്തിൽ വെട്ടിലാകുന്നത് ഇന്ത്യ. പാക് അധിനിവേശ കാശ്മീർ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മോദി സർക്കാരിന് ഇറാനും അമേരിക്കയും ഒരു പോലെ വേണ്ട രാജ്യങ്ങളാണ്. സാമ്പത്തിക പ്രതിസന്ധി കാലത്ത് ഇറാനിൽ നിന്ന് എണ്ണ വീണ്ടും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് പോലും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. ഇതിനിടെയാണ് ജനറൽ ഖാസിം സുലൈമാനിയെ വധിച്ച് അമേരിക്ക പശ്ചിമേഷ്യയെ യുദ്ധ സമാന സാഹചര്യത്തിലെത്തിച്ചത്. സുലൈമാനിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ ഡൽഹിയിലുണ്ടായതുൾപ്പെടെയുള്ള ആക്രമണങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്തുപറഞ്ഞെതും ഇന്ത്യയെ കൂടെ നിർത്താനാണ്. ഈ സാഹചര്യത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപനം ഇന്ത്യയ്ക്ക് അസാധ്യമാവുകയാണ്.

സ്ഥിതി വഷളാവാതിരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും സംയമനം വേണമെന്നുമുള്ള നിലപാട് ആവർത്തിക്കുകയാണു വിദേശകാര്യ മന്ത്രാലയം ചെയ്തത്. എങ്ങും തൊടാതെയുള്ള പ്രതികരണം. എന്നാൽ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ഇന്ത്യയ്ക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. ഇറാൻ തിരിച്ചടിച്ചാൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും അവയുടെ പ്രത്യാഘാതങ്ങളുമാണ് ഇന്ത്യയുടെ ആശങ്കയെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എണ്ണവിലക്കയറ്റം അടക്കം ലോകവിപണിയിലുണ്ടാകാവുന്ന പ്രതികൂല ചലനങ്ങളും മധ്യപൂർവദേശത്തുള്ള പ്രവാസികളുടെ സ്ഥിതിയുമാണ് ആശങ്കയുണ്ടാക്കുന്നത്.

ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള 80% എണ്ണയും കൊണ്ടുവരുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടായാൽ എണ്ണവ്യാപാരം പ്രതിസന്ധിയിലാകും. ഇന്ത്യയിലെത്തുന്ന വിദേശനാണ്യത്തിന്റെ 53.5 % ഗൾഫ് മേഖലയിൽ നിന്നാണ്. ഇന്ത്യയുടെ മൊത്തം വിദേശനാണ്യ വരുമാനത്തിൽ 19 ശതമാനവുമായി ഒന്നാമതുള്ളതു കേരളവും. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാൻ പോന്നതാണ്. അതുകൊണ്ട് തന്നെ ഇറാനെതിരായ സൈനിക നടപടികളെ പിന്തുണയ്ക്കുന്നത് പ്രവാസികൾ എങ്ങനെ എടുക്കുമെന്നതിൽ മോദി സർക്കാരിന് വ്യക്തമായ ഉത്തരമില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് രണ്ട് കൂട്ടരേയും പിന്തുണയ്ക്കാതെ കൃത്യമായ അകലം മോദി സർക്കാർ പാലിക്കുന്നത്.

അമേരിക്കയോട് ഇന്ത്യ കാട്ടുന്ന മൃദു സമീപനത്തെ ഇറാൻ വിമർശിച്ചിരുന്നു. യുഎസ് ഉപരോധത്തിന്റെ പശ്ചാലത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയതും മറ്റും ഇന്ത്യയുടെ യുഎസ് അനുകൂല നിലപാടിന്റെ ഉദാഹരണമായി ഇറാൻ എടുത്തു പറഞ്ഞു. എന്നാൽ ഇന്ത്യവിരുദ്ധ നിലപാട് ഇറാനില്ല. ഇന്ത്യ മുൻകൈയെടുത്തു വികസിപ്പിക്കുന്ന ഛാബഹാർ തുറമുഖ പദ്ധതി ഇരുരാജ്യങ്ങൾക്കും പ്രധാനമാണ്. കടൽ, കര, റെയിൽ മാർഗങ്ങളിലൂടെ ഇന്ത്യ, റഷ്യ, യൂറോപ്പ്, മധ്യേഷ്യ, ഇറാൻ എന്നിവയെ ബന്ധിപ്പിക്കുന്ന വടക്കു തെക്കൻ ഗതാഗത ഇടനാഴിയും (എൻസിടിസി) ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയാണ്. ഇതെല്ലാം മനസ്സിൽ വച്ചാണ് ഡൽഹിയിലും ഇറാന്റെ ആക്രമണം ഉണ്ടായതായി ട്രംപ് പറഞ്ഞു വയ്ക്കുന്നത്.

സുലൈമാനി നിരവധി നിരപരാധികളുടെ മരണത്തിന് ഉത്തരവാദിയാണെന്നും ന്യൂഡൽഹിയിലും ലണ്ടനിലും ഭീകരാക്രമണത്തിന് നീക്കം നടത്തിയിരുന്നതായും ഡോണൾഡ് ട്രംപിന്റെ അവകാശവാദം. എന്നാൽ, ഡൽഹി, ലണ്ടൻ ആക്രമണത്തെക്കുറിച്ച് കൂടുതൽ പ്രതികരണത്തിന് ട്രംപ് തയ്യാറായില്ല. ഇറാനുമായി നല്ല ബന്ധം തുടരുന്ന ഇന്ത്യയെക്കൂടി വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ട്രംപിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ. സുലൈമാനി കഴിഞ്ഞ 20 വർഷമായി മധ്യപൗരസ്ത്യ ദേശത്തിന്റെ അസ്ഥിരീകരണത്തിനായി 'ഭീകര'പ്രവർത്തനം നടത്തിവരികയായിരുന്നെന്ന് ട്രംപ് കൊലപാതകത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ പറഞ്ഞു. ഇന്നലെ ചെയ്തത് നേരത്തെ ചെയ്യേണ്ടതായിരുന്നു. സുലൈമാനിവധം ഇറാനുമായി യുദ്ധത്തിലേക്ക് നയിക്കില്ല. യുദ്ധം ഇല്ലാതാക്കാനാണ് കൊലപാതകം നടത്തിയത്. ഇറാൻ ജനതയോട് അതിയായ ബഹുമാനമുണ്ട്. അവിടത്തെ ഭരണകൂടത്തെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും മേഖലയിലെ കടന്നുകയറ്റം ഇറാൻ ഭരണകൂടം അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

സുലൈമാനിക്കു പങ്കുള്ളതായി ട്രംപ് ഉദ്ദേശിച്ചതു ഡൽഹിയിൽ 2012 ഫെബ്രുവരിയിൽ ഇസ്രയേൽ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥയുടെ കാറിലുണ്ടായ ബോംബ് സ്‌ഫോടനമാണെന്നു സൂചനയുണ്ട്. സ്ഥാനപതി കാര്യാലയത്തിലെ ഡിഫൻസ് അറ്റാഷെയുടെ ഭാര്യയായ ടാൽ യെഹോഷ്വ സഞ്ചരിച്ച കാറിലാണു സ്‌ഫോടനമുണ്ടായത്. ടാൽ യെഹോഷ്വ ഉൾപ്പെടെ ഏതാനും പേർക്കു പരുക്കേറ്റു. സംഭവത്തിനു പിന്നിൽ ഇറാനാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇറാനിലെ ആണവ ശാസ്ത്രജ്ഞൻ മുസ്തഫ അഹമ്മദി റോഷനെ മൊസാദ് വധിച്ചതിനുള്ള തിരിച്ചടിയെന്നാണു സംഭവം വിലയിരുത്തപ്പെട്ടത്.

2012ൽ ഡൽഹിയിലെ ഇസ്രയേൽ എംബസിയിൽ പ്രതിരോധ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ച കാർ സ്ഫോടനത്തിൽ തകർത്തത് കാറിൽ കാന്തം ഉപയോഗിച്ച് ഘടിപ്പിച്ച ബോംബാണെന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ അന്ന് ആരോപിക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ ജോർജിയയിലും സ്ഫോടനം നടന്നിരുന്നു. അക്കാലത്ത് ഇറാന്റെ ആണവ ശാസ്ത്രജ്ഞനായിരുന്ന മുസ്തഫ അഹമ്മദി റോഷൻ കാറിൽ ഘടിപ്പിച്ച കാന്തിക ബോംബ് പൊട്ടി കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ഇസ്രയേൽ ആണെന്നും അതിന്റെ പ്രതികാരമായാണ് ഡൽഹിയിലെ ഇസ്രയേൽ എംബസിയിൽ ഇറാൻ ആക്രമണം നടത്തിയതെന്നുമായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.

എന്നാൽ 2012ലെ സ്ഫോടനക്കേസ് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സ്ഫോടനത്തിൽ ഇറാന് പങ്കുണ്ടോ എന്ന കാര്യവും ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കാണിച്ച് മാധ്യമ പ്രവർത്തകനായ സയ്ദ് മുഹമ്മദ് അഹമ്മദ് കാസ്മി എന്നയാളെ യു.എ.പി.എ ചുമത്തി മാർച്ച് ആറിന് അറസ്റ്റു ചെയ്തിരുന്നു. ഇയാൾക്ക് ഒക്ടോബറിൽ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടത്താൻ ഇറാൻകാർക്കൊപ്പം ഇയാളും സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഇറാനിലെ ഇസ്ലാമിക റവല്യൂഷണറി ഗാർഡിലെ അഞ്ച് അംഗങ്ങളായിരുന്നു സ്ഫോടനം നടത്തിയതെന്നും അവർ ഈ സമയത്ത് ഡൽഹി സന്ദർശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ ഇവരെ തിരിച്ചറിയാൻ കഴിയാത്തതിനാൽ അറസ്റ്റു നടന്നില്ല. ഇസ്ലാമിക റവല്യൂഷണറി ഗാർഡിന്റെ മേധാവിയായിരുന്നു കൊല്ലപ്പെട്ട ഖാസിം സൊലൈമാനി. എന്നാൽ അക്കാലത്ത് ഖാസിമിന്റെ പേര് ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നില്ല.

ഇറാൻ ആണവ ശാസ്ത്രജ്ഞനായ മുസ്തഫ അഹമ്മദി റോഷന്റെ കാറിനടിയിൽ മോട്ടോർസൈക്കിളിലെത്തിയ അക്രമി ബോംബ് സ്ഥാപിക്കുകയായിരുന്നു. അല്ലാമെ തബാതായ് യൂനിവേഴ്സിറ്റിക്കരികിലുള്ള ഗോൽ നബി തെരുവിലാണ് സ്ഫോടനമുണ്ടായത്. 32കാരനായ റോഷൻ ഓയിൽ ഇൻഡസ്ട്രീ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയതിനുശേഷം നതാൻസിലെ ആണവസംസ്‌കരണകേന്ദ്രത്തിന്റെ ചുമതല വഹിക്കുകയായിരുന്നു. ഇറാൻ ആണവപരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നത് പടിഞ്ഞാറൻ രാജ്യങ്ങളെ വെകിളിപിടിപ്പിച്ചിരുന്നു. സമാധാന ആവശ്യത്തിനുവേണ്ടിയാണ് ആണവസംസ്‌കരണം നടത്തുന്നതെന്ന് ഇറാൻ ആവർത്തിച്ചുവ്യക്തമാക്കുന്നുണ്ടെങ്കിലും അത് വിശ്വസിക്കാൻ അമേരിക്കയോ യൂറോപ്യൻ രാജ്യങ്ങളോ തയ്യാറാവുന്നില്ല. ഇതിനിടെയാണ് റോഷൻ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP