Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററായി മലയാളി; റോക്ക് ലാൻഡ് കൗണ്ടി ലജിസ്ലേച്ചർ വൈസ് ചെയറായി ചരിത്രം കുറിച്ചത് ഡോ. ആനി പോൾ

ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററായി മലയാളി; റോക്ക് ലാൻഡ് കൗണ്ടി ലജിസ്ലേച്ചർ വൈസ് ചെയറായി ചരിത്രം കുറിച്ചത് ഡോ. ആനി പോൾ

സ്വന്തം ലേഖകൻ

ന്യുയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററായി ചരിത്രം കുറിച്ച ഡോ. ആനി പോളിനെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ വൈസ് ചെയർ ആയി തെരഞ്ഞെടുത്തു. ജനുവരി 2-നു നടന്ന ഇലക്ഷനിൽ 17-അംഗ ലെജിസ്ലേച്ചറിലെ ഒരാളൊഴികെ എല്ലാവരും ആനി പോളിനെ പിന്തുണച്ചത് അപൂർവ്വ അംഗീകാരവുമായി.

ലെജിസ്ലേച്ചർ ചെയർമാനായി ആൽഡൻ വുൾഫിനെയും തെരെഞ്ഞെടുത്തു. സ്പീക്കറുടെ ചുമതലകളാണു ചെയറിനുള്ളത്. ചെയറിന്റെ അസാന്നിധ്യത്തിൽ വൈസ് ചെയർ ആ ചുമതലകൾ വഹിക്കും. ലെജിസ്ലേച്ചർ (നിയമ സഭ) നേതാക്കളെന്ന നിലയിൽ സുപ്രധാന അധികാരങ്ങളും ചുമതലകളും ചെയറിനും വൈസ് ചെയറിനുമുണ്ട്.

മൂന്നു വർഷമായി മജോറിറ്റി ലീഡറായി പ്രവർത്തിച്ചു വരുന്ന ഡോ. ആനി പോളിന് ഈ സ്ഥാനലബ്ദി പ്രവർത്തന മികവിനുള്ള അംഗീകാരമായി. ഇന്ത്യയിൽ നിന്നും നഴ്സിംഗിൽ ഡിപ്ലോമയുമായി എത്തിയ വനിത മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇത്തരം നേട്ടം കൈവരിച്ചത് ഇന്ത്യൻ സമൂഹത്തിനാകെ അഭിമാനമുണർത്തുന്നു.

ഭർത്താവ് അഗസ്റ്റിൻ പോളിന്റെ കയ്യിലെ ബൈബിളിൽ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഡോ. ആനി പോൾ ഇത്തരമൊരു സ്ഥാനത്തിനു തന്നെ പരിഗണിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി മജോറിട്ടി ലീഡർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ട്. വൈസ് ചെയർ സ്ഥാനത്തും സമൂഹത്തിനു വേണ്ടിയുള്ള പ്രവർത്തനം തുടരും.

ഈ സ്ഥാനത്തേക്കു തന്നെ നിർദേശിച്ച ലെജിസ്ലേറ്റർ ഹാരിയറ്റ് കോർണലിനും പിന്താങ്ങിയ ലെജിസ്ലേറ്റർ ടോണി ഏളിനും പ്രത്യേക നന്ദി. ഈ സഭ എന്നിലർപ്പിച്ച വിശ്വാസത്തിനു നന്ദിയെന്നും ഡോ. ആനി പോൾ വ്യക്തമാക്കി.

2019 വിട പറയുമ്പോൾ ലെജിസ്ലേച്ചറും റോക്ക്ലാൻഡ് സമൂഹവും നേരിട്ട വെല്ലുവിളികളും നേട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, ഒരുമിച്ച് മാറ്റങ്ങൾ കൊണ്ടു വരാം. എനിക്കു പൂർണ പിന്തുണ നൽകിയ ഭർത്താവ്, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഡെമോക്രാറ്റിക് ടീം, മാധ്യമങ്ങൾ എന്നിവർക്കു പ്രത്യേകം നന്ദി പറയുന്നു. കൗണ്ടി ഡമോക്രാറ്റിക് ചെയർ ക്രിസ്റ്റൻ സ്റ്റാവിസ്‌കിക്കും ക്ലാർക്സ്ടൗൺ ഡമോക്രാറ്റിക് ചെയർ മേഗൻ ഫുസിക്കിനും ഡോ. ആനി പോൾ പ്രത്യേകം നന്ദി അറിയിച്ചു.

ലെജിസ്ലേച്ചറിനെയും റോക്ക്ലാൻഡ് സമൂഹത്തെയും സേവിക്കുന്നതിനു എന്റെ പൂർണമായ കഴിവ് ഉപയോഗിക്കുമെന്നു ഉറപ്പ് നൽകുന്നു. സഹിഷ്ണുതക്കും സമാധാനത്തിനും വേണ്ടി നമുക്ക് പ്രയത്നിക്കാം. ഹെൻ റി ഫോർഡ് പറഞ്ഞത് ഞാൻ ഇവിടെ ആവർത്തിക്കുന്നു. 'ഒരിമിച്ചു കൂടുന്നതാണു തുടക്കം, ഒരുമിച്ചു നിൽക്കുന്നതാണു പുരോഗതി, കൂട്ടായി പ്രവർത്തിക്കുന്നതാണു വിജയം.' നമുക്കും ഒരുമിച്ചു പ്രവർത്തിക്കാം. ലെജിസ്ലേച്ചറിലേക്കു മൂന്നാം വട്ടവും വിജയിച്ച ഡോ. ആനി പോളും മറ്റ് അംഗങ്ങളും നേരത്തെ സത്യ പ്രതിഞ്ജ ചെയ്തു.

യഹൂദർക്ക് എതിരെ അടുത്ത കാലത്തുണ്ടാവുന്ന ആക്രമണങ്ങളുടെ പ്രതിഫലനം ലെജിസ്ലേച്ചർ യോഗത്തിലുമുണ്ടായി. രാമപോ മാഫിയ എന്ന് അധിക്ഷേപിച്ച് ഇലക്ഷനിൽ നടന്ന പ്രചാരണത്തിനെതിരെ ഡിസ്ട്രിക് 13-ലെ അംഗമായ ആരോൺ വീഡർ വികാരനിർഭരമായി സംസാരിച്ചു. യഹൂദർ എന്നു പേരു പറയുന്നില്ലെങ്കിലും ആരെയാണു ഉന്നം വയ്ക്കുന്നതെന്നു വ്യക്തമാണ്. തങ്ങൾ മാഫിയ ഒന്നുമല്ല. മാന്യരായ വ്യക്തികൾ മാത്രമാണ്. ഒരെ പിതാവിന്റെ മക്കളാണ്. ഇത്തരം പ്രചാരണമെല്ലാം ഖേദകരമാണ്.

യോഗം പുതിയ മജോറിട്ടി ലീഡറായി ജെയ് ഹുഡിനെയും മൈനോറിട്ടി ലീഡറായി ലോൺ ഹോഫ്സ്റ്റെയ്നെയും തെരെഞ്ഞെടുത്തു. മേരി വിഡ്മറിനെ ലെജിസ്ലേച്ചർ ക്ലാർക്കായും ലാറൻസ് ഓടൂളിനെ ഡപ്യുടീ ക്ലാർക്കായും തെരെഞ്ഞെടുത്തു. ഒട്ടേറെ മലയാളികൾ സത്യപ്രതിഞ്ജക്കെത്തി. ഷിനു ജോസഫ്, മത്തായി പി. ദാസ്, വർഗീസ് ഉലഹന്നാൻ, ജോസ്ഫ ഇടിക്കുള, ന്യു യോർക് നഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റോഷൽ കെർബ്സ്, തുടങ്ങിയവർ പങ്കെടുത്തവരിൽ ഉൾപെടുന്നു.

മൂവാറ്റുപുഴ കല്ലൂർക്കാട് നെടുംകല്ലേൽ കുടുംബാംഗമാണ് ഡോ. ആനി പോൾ. നഴ്സിങ് പഠനത്തിനു ശേഷം അൽപകാലം ഡൽഹിയിൽ ജോലി ചെയ്തു. അക്കാലത്ത് മികച്ച നഴ്സിനു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നു അവാർഡ് നേടി. 1982-ൽ അമേരിക്കയിലെത്തി. രണ്ട് മാസ്റ്റേഴ്സും ഡോക്ടറേറ്റുമെടുത്തു. നയാക്ക് ഹോസ്പിറ്റലിൽ നഴ്സ് പ്രാക്ടീഷണറായി കാൽ നൂറ്റാണ്ട് പ്രവർത്തിച്ചു. ഡൊമിനിക്കൻ കോളജിൽ അഡ്ജംക്ട് പ്രൊഫസറുമാണ്.

ഇതോടൊപ്പം മലയാളി സംഘടനകളിലും ഡമോക്രാറ്റിക് പാർട്ടിയിലും പ്രവർത്തിച്ചു. നഴ്സിങ്, നഴ്‌സ് പ്രാക്റ്റീഷണർ സംഘടനകളുടെ സ്ഥാപകരിൽ ഒരാളാണ്. ഭർത്താവ് പോൾ രാമപുരം സ്വദേശി. മറീന പോൾ, ഷബാന പോൾ, നടാഷ പോൾ എന്നിവരാണു മക്കൾ. ലെജിസ്ലേറ്ററെന്ന നിലയിൽ ഡോ. ആനി പോളിന്റെ കഴിഞ്ഞ എട്ട് വർഷത്തെ പ്രവർത്തനങ്ങൾ മുഖ്യധാരയിലും ഇന്ത്യൻ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസം ഇന്ത്യൻ ഹെറിറ്റേജ് മാസമായി ന്യൂയോർക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നിൽ ആനി പോളാണ് മുൻകൈ എടുത്ത് പ്രവർത്തിച്ചത്.

മൈനോറിറ്റി ആൻഡ് വിമൺ ഓൺ ഡ് ബിസിനസ് എന്റർപ്രൈസസ്എന്ന സ്‌പെഷൽ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിർദേശ പ്രകാരമാണ്. ഇ- സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും, സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇ-സിഗരറ്റിനേയും ഉൾക്കൊള്ളിക്കണമെന്നുള്ള റോക്ക് ലാൻഡ് കൗണ്ടിയിലെ ലോക്കൽ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളായിരുന്നു

'അഡോപ്റ്റ് എ റോഡ്' എന്ന പരിപാടിയിലൂടെ രണ്ടര മൈൽ നീളമുള്ള ന്യൂ ക്ലാർക്ക്‌സ്ടൗൺ റോഡ് വർഷത്തിൽ നാലു പ്രാവശ്യം വോളണ്ടിയേഴ്‌സിനോടൊപ്പം ഏതാനുംവർഷമായിവ്രുത്തിയാക്കുന്നു. ഇത് മാധ്യമ ശ്രദ്ധ നേടിയെന്നു മാത്രമല്ല മറ്റുള്ളവർക്ക് മാതൃകയുമാണ്. ആനി പോളിന്റെ നേതൃത്വത്തിൽ യൂത്ത് ലീഡർഷിപ്പ് വർക്ക്‌ഷോപ്പ്, വിന്റർ കോട്ട് ഡ്രൈവ് തുടങ്ങിയ പരിപാടികളും വിജയകരമായി നടത്തിവരുന്നു.

ഹെയ്ത്തിയിലെ ദുരന്ത സമയത്ത് ഏഷ്യൻ നഴ്‌സസ് അസോസിയേഷനോടൊപ്പം മെഡിക്കൽ മിഷനിൽ പങ്കെടുത്തതും വളരെയധികം പ്രശംസ പിടിച്ചുപറ്റി. തിരുവനന്തപുരത്ത് ഓഖി ദുരന്തത്തിന് ഇരയായവരുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ധനസഹായം നൽകുകയും ചെയ്തു. മൈനോറിറ്റി ആൻഡ് വിമൺ ഓൺ ഡ് ബിസിനസ് എന്റർപ്രൈസസ് കമ്മിറ്റി ചെയർ, മൾട്ടി സർവീസ് കമ്മിറ്റി വൈസ് ചെയർ, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പർ, പ്ലാനിങ് ആൻഡ് പബ്ലിക് വർക്ക്‌സ് കമ്മിറ്റി മെമ്പർ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP