Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുടെ ചേതനയറ്റ മൃതദേഹത്തിന് നിറകണ്ണുകളോടെ സല്യൂട്ട് നൽകി അമ്മ ഭവാനി; കള്ളിക്കാട്ടെ വീട്ടിലെത്തിച്ച ഷർമിള ജയറാമിന്റെ മൃതദേഹം കണ്ട് വിതുമ്പി ഒരു നാടു മുഴുവനും; കൈക്കുഞ്ഞുമായി അക്കാദമിയിലെയും വനത്തിനുള്ളിലെയും കഠിനപരിശീലനം പൂർത്തീകരിച്ച ഷർമിള ജോലിയെ എന്നും ആവേശത്തോടെ സ്‌നേഹിച്ച വനിത: കാട്ടിലെ പെൺപുലി നാട്ടിൽ കാരുണ്യം ചൊരിഞ്ഞ മാലാഖ

മകളുടെ ചേതനയറ്റ മൃതദേഹത്തിന് നിറകണ്ണുകളോടെ സല്യൂട്ട് നൽകി അമ്മ ഭവാനി; കള്ളിക്കാട്ടെ വീട്ടിലെത്തിച്ച ഷർമിള ജയറാമിന്റെ മൃതദേഹം കണ്ട് വിതുമ്പി ഒരു നാടു മുഴുവനും; കൈക്കുഞ്ഞുമായി അക്കാദമിയിലെയും വനത്തിനുള്ളിലെയും കഠിനപരിശീലനം പൂർത്തീകരിച്ച ഷർമിള ജോലിയെ എന്നും ആവേശത്തോടെ സ്‌നേഹിച്ച വനിത: കാട്ടിലെ പെൺപുലി നാട്ടിൽ കാരുണ്യം ചൊരിഞ്ഞ മാലാഖ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒരു പുരുഷനേക്കാളും മനക്കരുത്തോടെ പാലക്കാടൻ കാടുകളിലേക്ക് ഇറങ്ങി ചെന്ന വനിതയാണ് ഷർമിളാ ജയറാം. അതിനാൽ തന്നെ പാലക്കാടൻ കാടുകളിലെ കഞ്ചാവ് കൃഷിക്കാരുടേയും കാട്ട് കള്ളന്മാരുടേയും പേടി സ്വപ്നം ആയിരുന്നു റേഞ്ച് ഓഫിസർ ഷാർമിള ജയറാം. വനാന്തരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കഞ്ചാവ് കൃഷി നടത്തിയിരുന്ന കാട്ടുകള്ളന്മാരെ ഉൾക്കാടുകളിലേക്ക് ഇറങ്ങി ചെന്ന് യാതൊരു ഭയപ്പാടും ഇല്ലാതെയാണ് ഷർമിള എന്ന ഈ പെൺപുലി കൈകാര്യം ചെയ്തത്. ഇതോടെ ഷർമിള എ്‌ന പേര് കേട്ടാൽ തന്നെ കള്ളന്മാർ വിറയ്ക്കാൻ തുടങ്ങി. എന്നാൽ തന്റെ ദൗത്യം പാതി വഴിയിലുപേക്ഷിച്ച് മരണത്തിന് കീഴടങ്ങിയ ഷർമിളാ ജയറാമിന് നാട് യാത്രാ മൊഴി ചൊല്ലി.

ഇന്നലെ കിള്ളിക്കാട്ടെ വസതിയിൽ ഷർമിളയുടെ മൃതദേഹം എത്തിച്ചു. മകളുടെ ചേതനയറ്റ മൃതദേഹത്തിന് നിറകണ്ണുകളോടെ അമ്മ ഭാനുമതി നൽകിയ സല്യൂട്ടിൽ എല്ലാം ഉണ്ടായിരുന്നു.മകളുടെ ജോലിയോടുള്ള ആത്മാർത്ഥതയും ചങ്കൂറ്റത്തോടെ ആരുടെ മുന്നിലും നെഞ്ചു വിരിച്ചു നിൽക്കുന്ന കൂസലില്ലായ്മയും ആ അമ്മയെ ഒരുപാട് തവണ അഭിമാന്തതിന്റെ കൊടിമുടി കയറ്റിയിട്ടുണ്ട്.

തമിഴ്‌നാട് ഫോറസ്റ്റ് അക്കാദമിയിലെ പരിശീലന കാലത്താണു മകൻ റയാൻഷ് പിറന്നത്. കൈക്കുഞ്ഞുമായാണ് അക്കാദമിയിലെയും വനത്തിനുള്ളിലെയും കഠിനപരിശീലനം പൂർത്തീകരിച്ചത്. വനപരിപാലന ദൗത്യത്തിനിടെ അട്ടപ്പാടി ഭവാനിപ്പുഴയിൽ ജീപ്പ് മറിഞ്ഞു മരിച്ച ഷർമിള ജയറാമിന് അത്രമാത്രം ആവേശവും അഭിമാനവുമായിരുന്നു തന്റെ ജോലി. ഷർമിളയെക്കുറിച്ച് സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും പറയാനേറെയുണ്ട്. പൂമ്പാറ്റയെ പോലെ എല്ലായിടത്തും എത്തിയിരുന്ന മാഡം ആയിരുന്നുവെന്നാണ് അഗളിക്കാർ പറയുന്നത്.

കാട്ടുകള്ളന്മാരുടെ പേടി സ്വപ്‌നമായിരുന്ന ഈ റേഞ്ച് ഓഫിസർ നാട്ടിൽ കാരുണ്യം ചൊരിയുന്ന മാലാഖയും ആയിരുന്നു. കാടിന് മാത്രമല്ല കാടിന്റെ മക്കൾക്കും കാവലായിരുന്നു ഷർമിള എന്ന യുവ ഉദ്യോഗസ്ഥ. കാടിന്റെ പ്രശ്നത്തിന് എപ്പോഴും ഒപ്പം നിന്നവൾ. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യുന്ന ധീരയായ റേഞ്ച് ഓഫിസറായിരുന്നു ഇവർ. ആനവായ്, ഗൊട്ടിയാർകണ്ടി സ്‌കൂളുകളിലെ കുട്ടികൾക്ക് നോട്ടുബുക്കുകളും പേനയും പെൻസിലും ഇൻസ്ട്രുമെന്റ് ബോക്‌സും ഗ്ലോബും ഉൾപ്പെടെയുള്ള പഠനോപകരണങ്ങളുമായി എത്തുമായിരുന്നു. ഇതിനായി ആലപ്പുഴയിൽ നിന്നുള്ള സുഹൃത്തും അദ്ധ്യാപികയുമായ എം. ആർ.ദേവിയുടെ സഹായത്തോടെ ഷർമിള തുടങ്ങിയതായിരുന്നു ആരണ്യോപഹാരം പദ്ധതി.

മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരിൽ കാട്ടിലേക്കു കടക്കാൻ വനപാലകർ ഭയന്നിരുന്ന കാലത്താണ് അട്ടപ്പാടിയിലേക്ക് റേഞ്ച് ഓഫിസറായി ഷർമിളയുടെ വരവ്. കാടാകെ തീ പടരുന്നതായിരുന്നു ആദ്യ വെല്ലുവിളി. പിന്നെ കാട്ടിലെ കഞ്ചാവ് കൃഷിയും. ചുമതലകളിൽ വിട്ടുവീഴ്ചയില്ലാത്ത ഷർമിളയും സഹപ്രവർത്തകരും ഒരു വർഷത്തിനിടെ 11 പ്രാവശ്യം കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചു. ഓരോ തവണയും മൂന്നും നാലും ദിവസം കാട്ടിൽ.

4,000 അടി ഉയരമുള്ള മല്ലീശ്വരന്മുടിക്കടുത്ത് അജ്മലയിലും ചെന്താമല, കുള്ളാട് മലകളിലും സധൈര്യമെത്തി കഞ്ചാവ് വെട്ടി. വനംവകുപ്പിൽ 4 വർഷത്തെ സേവനം പൂർത്തീകരിച്ച ഷർമിള കഴിഞ്ഞ വർഷം മാർച്ചിലാണ് അട്ടപ്പാടിയിൽ ചുമതലയേൽക്കുന്നത്. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ നിന്നു ഫോറസ്ട്രി ബിരുദവും ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബിരുദാനന്തര ബിരുദവും നേടി.

തമിഴ്‌നാട് ഫോറസ്റ്റ് അക്കാദമിയിൽ 20152017 ബാച്ചിലാണ് റേഞ്ച് ഓഫിസർ പരിശീലനം നേടിയത്. ഭവാനിപ്പുഴയിൽ ജീപ്പ് മറിഞ്ഞു മരിച്ച ഷർമിള ജയറാമിന്റെ മൃതദേഹം മേഴ്‌സി കോളജിനു സമീപത്തെ കള്ളിക്കാട്ടെ വീട്ടിലെത്തിച്ചപ്പോൾ നാടാകെ തേങ്ങി. നേരത്തെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ ഓഫിസിലും മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. ഷർമിള ജയറാമിന്റെ നിര്യാണത്തിൽ മന്ത്രി കെ.രാജു അനുശോചിച്ചു.

ഡിസംബർ 24-ന് അട്ടപ്പാടി ചെമ്മണ്ണൂരിലെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ വനംവകുപ്പിന്റെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. വാഹനം പുഴയിലേക്ക് മറിഞ്ഞു.ഭവാനിപ്പുഴയിലേക്ക് മറിഞ്ഞ വാഹനത്തിൽ നിന്ന് ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഷർമിളയെയും ഡ്രൈവറെയും രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുമ്പോൾ ഇരുവരും അബോധാവസ്ഥയിലായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മുക്കോലി സ്വദേശി ഉബൈദ് ചികിത്സയിലിരിക്കെ വിടപറഞ്ഞപ്പോഴും ഷർമിള മരണത്തോട് പോരാടിക്കൊണ്ടിരുന്നു. ആ പോരാട്ടത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പാലക്കാട് യാക്കര സ്വദേശിയാണ് ഷർമിള (32) ഭർത്താവ് വിനോദ്, റിയാൻഷ് (4) ഏകമകനാണ്.

2017ലാണ് ഷർമിള ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. കാടകങ്ങളിലെ കഞ്ചാവ് കൃഷിയെ പലപ്പോഴും വനപാലകർ ഗൗനിച്ചിരുന്നില്ല. പാലക്കാടൻ വനങ്ങളിലെ മാവോവാദികളുടെ സാന്നിധ്യമാണ് കാടുകയറുന്നതിൽ നിന്ന് വനപാലകരെ പിന്തിരിപ്പിരിപ്പിച്ചത്. പക്ഷേ പാലക്കാട്ടുകാരിയായ ഷർമിളയ്ക്ക് കാട് അപരിചിതമായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റു വനപാലകർ മടിച്ചുനിന്നപ്പോഴും ഷർമിള കാടുകയറി. കഞ്ചാവ് തോട്ടങ്ങൾ തീയിട്ട് നശിപ്പിച്ചു.ഷർമിള കാടുകയറാൻ തുടങ്ങിയതോടെ കഞ്ചാവ് മാഫിയ കാടിറങ്ങിത്തുടങ്ങി.

ഫോറസ്റ്റ് ഓഫീസറുടെ യൂണിഫോമിനും ജോലിക്കും അപ്പുറത്ത് പാലക്കാടൻ ഊരുകളിലെ വികസനത്തിനും ഷർമിള സമയം കണ്ടെത്തി. അവിടുത്തെ മനുഷ്യരുടെ പ്രശ്‌നങ്ങൾ കേട്ടു. അവരിലൊരാളായി. അങ്ങനെ ഊരുകളുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതാണ് ആരണ്യകം പദ്ധതി. സമാനമനസ്‌കരുടെ പിന്തുണയോടെയായിരുന്നു പദ്ധതി.

കഴിഞ്ഞ പ്രളയത്തിൽ പാലക്കാട്ടെ പല ഊരുകളും ഒറ്റപ്പെട്ടപ്പോൾ ഭവാനിപ്പുഴ കലിതുള്ളിയപ്പോൾ അവിടെയും ഷർമിള രക്ഷയ്‌ക്കെത്തി. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ ശേഖരിച്ച് കൃത്യമായി ഊരുകളിലെ അർഹതപ്പെട്ടവരുടെ കൈകളിലെത്തിക്കാൻ ഷർമിളയാണ് നേതൃത്വം നൽകിയത്. ഷർമിള വിടപറയുമ്പോൾ നഷ്ടം വനംവകുപ്പിനോ, കുടംബത്തിനോ മാത്രമല്ല.. എന്നും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പാലക്കാടൻ ഊരുകൾക്ക് കൂടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP