Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹെലികോപ്ടർ വലിയ സ്പീഡിൽ ദിശ മാറി വന്നപ്പോൾ ഉഗ്രൻ കാറ്റും ശബ്ദവും; എല്ലാവരും പേടിച്ച് മാറിയപ്പോൾ ഇടയിൽ നിന്ന ഗിരിജ കാറ്റിന്റെ ശക്തിയിൽ രണ്ടുമൂന്നുകരണം മറിഞ്ഞു; വീഴ്ചയിൽ രണ്ടുകാലും ഒടിഞ്ഞു; തലയ്ക്ക് പരിക്കും; ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദർശനത്തിടെ പാപനാശത്തെ ഹെലിപ്പാഡിലേക്ക് വന്ന ഹെലികോപ്ടർ താറുമാറാക്കിയത് തൊഴിലുറപ്പുകാരിയുടെ ജീവിതം; സർജറിക്ക് കാശില്ലാതെ ഇപ്പോഴും മെഡിക്കൽ കോളേജ് വാർഡിൽ വിധിയെ പഴിച്ച് ഗിരിജ

ഹെലികോപ്ടർ വലിയ സ്പീഡിൽ ദിശ മാറി വന്നപ്പോൾ ഉഗ്രൻ കാറ്റും ശബ്ദവും; എല്ലാവരും പേടിച്ച് മാറിയപ്പോൾ ഇടയിൽ നിന്ന ഗിരിജ കാറ്റിന്റെ ശക്തിയിൽ രണ്ടുമൂന്നുകരണം മറിഞ്ഞു; വീഴ്ചയിൽ രണ്ടുകാലും ഒടിഞ്ഞു; തലയ്ക്ക് പരിക്കും; ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദർശനത്തിടെ പാപനാശത്തെ ഹെലിപ്പാഡിലേക്ക് വന്ന ഹെലികോപ്ടർ താറുമാറാക്കിയത് തൊഴിലുറപ്പുകാരിയുടെ ജീവിതം; സർജറിക്ക് കാശില്ലാതെ ഇപ്പോഴും മെഡിക്കൽ കോളേജ് വാർഡിൽ വിധിയെ പഴിച്ച് ഗിരിജ

എം മനോജ് കുമാർ

തിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ വർക്കല-ശിവഗിരി സന്ദർശനം ബാധിച്ചത് വർക്കലയിലെ പാവപ്പെട്ട നാട്ടുകാരെ. വർക്കലയിലെ പാപനാശം ബീച്ചിനു സമീപത്തുള്ള ഹെലിപ്പാഡിൽ വളരെ താഴ്‌ത്തി പൊടുന്നനെ ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിച്ചപ്പോൾ വീശിയടിച്ച കാറ്റാണ് നാട്ടുകാർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. കാറ്റിൽ നിലതെറ്റി വീണു രണ്ടു കാലുകൾക്കും ഒടിവ് സംഭവിച്ച ഗിരിജ എന്ന തൊഴിലുറപ്പുകാരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോൾ പരുക്ക് ഗുരുതരമായത് കാരണമാണ് ഗിരിജയെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടു രണ്ടു ദിവസമായെങ്കിലും ഇവർക്ക് ഇതുവരെ വിദഗ്ദ പരിചരണം ലഭ്യമാക്കിയിട്ടില്ല. കാലുകൾക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും പണം ഇല്ലാത്തത് കാരണം സർജറി വൈകുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. സർജറിക്ക് പണം അടക്കാൻ ഇവരോട് ആശുപത്രി അധികൃതർ അവശ്യപ്പെട്ടിരുന്നു. പക്ഷെ കാശ് അടയ്ക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ സർജറിയും വൈകുകയാണ്. ഇതുവരെ ഇവരുടെ സർജറി നടന്നിട്ടില്ല എന്നാണു അറിയാൻ കഴിഞ്ഞത്.

ഉപരാഷ്ട്രപതി വന്നു മടങ്ങിയ ശേഷം സുരക്ഷാ ഉപകരണങ്ങൾ മടക്കിക്കൊണ്ടു പോകാൻ എത്തിയ എയർഫോഴ്‌സ് ഹെലികോപ്റ്റർ ആണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. വർക്കല പാപനാശം ബീച്ചിനു സമീപത്തുള്ള ഹെലിപാഡിൽ വളരെ സ്പീഡിൽ ഇറക്കിയ ഹെലികോപ്റ്ററിൽ നിന്നുള്ള കാറ്റ് ആണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച് വളരെ ധൃതിയിലാണ് ഹെലികോപ്റ്റർ ഇറക്കിയത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഉപരാഷ്ട്രപതിയുടേത് അടക്കം മൂന്നു ഹെലികോപ്റ്ററുകൾ ആണ് ഈ ഹെലിപാഡിൽ ഇറക്കിയത്. മറ്റു രണ്ടു ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ ഒരു പ്രശ്‌നവും വന്നില്ല.

ദിശ മാറി വന്ന മൂന്നാമത് എയർഫോഴ്‌സ് ഹെലികോപ്റ്റർ വളരെ താഴ്ന്നു വർക്കല പ്രകൃതി ചികിത്സാ കേന്ദ്രത്തിനു തൊട്ടു മുകളിലൂടെയാണ് ഹെലിപാഡിലേക്ക് നീങ്ങിയത്. വലുതും ശക്തമായതുമായ ഈ ഹെലികോപ്റ്റർ വലിയ ശബ്ദവും കാറ്റും സൃഷ്ടിച്ചു. പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ രോഗികളും നാട്ടുകാരും പരിഭ്രാന്തരായി. വലിയ കാറ്റും ചീറിയടിച്ചു. ഹെലികോപ്റ്ററിന്റെ ഈ കാറ്റിൽ നിന്നും രക്ഷ തേടി ആളുകൾ പരിഭ്രാന്തരായി ഓടി. ഇതിന്നിടയിൽ ഗിരിജ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ ഗേറ്റിനു സമീപത്തേക്ക് നീങ്ങി. പക്ഷെ കാറ്റിൽ ഗിരിജ നിലതെറ്റി വീണു. രണ്ടു കാലുകൾക്കും ഒടിവ് സംഭവിച്ചു. ഞങ്ങൾ നൽകുന്ന വീഡിയോയിൽ ഹെലികോപ്റ്റർ വളരെ താഴ്ന്നാണ് വരുന്നത് എന്ന് വ്യക്തമാകുന്നുണ്ട്. ഗിരിജ ഈ സമയം ഗേറ്റിൽ വീണു കിടക്കുന്നതും കാണാം.

ഹെലികോപ്റ്റർ ഇറങ്ങിയ ശേഷമാണ് നാട്ടുകാർ ഗിരിജയുടെ സമീപത്തേക്ക് ഓടിയെത്തുന്നത്. അപ്പോൾ ഇവർ അവശനിലയിലായിരുന്നു. രണ്ടു കാലുകൾക്കും പരുക്കും പറ്റിയിരുന്നു. ഉടനെ ഇവരെ താങ്ങിയെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് എത്തിച്ചു. പക്ഷെ വിദഗ്ദ ചികിത്സ വേണം എന്ന് പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് അയക്കുകയായിരുന്നു. ചികിത്സയ്ക്ക് പണം ഇല്ലാത്തത് കാരണം ഇന്നു ഉച്ച വരെ ഗിരിജയുടെ സർജറി നടന്നില്ലാ എന്നാണ് അറിയാൻ കഴിഞ്ഞത്. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു വന്ന പ്രശ്‌നം ആയതിനാൽ ഇവർക്ക് വിദഗ്ദ ചികിത്സയും പണവും ജില്ലാ ഭരണകൂടം ലഭ്യമാക്കേണ്ടതായിരുന്നു. ഗിരിജയുടെ കാര്യത്തിൽ ജില്ലാ ഭരണകൂടം ഉറക്കം നടിക്കുകയാണെന്നാണ് സൂചനകൾ. മറുനാടൻ ഗിരിജയുടെ മൊബൈൽ നമ്പറിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഗിരിജ ചികിത്സാ സഹായം തേടുകയാണ്.

നാട്ടുകാർ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്:

ഉപരാഷ്ട്രപതി വർക്കല ശിവഗിരിയിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് വന്നപ്പോൾ മൂന്നു ഹെലികോപ്റ്റർ ആണ് പാപനാശം ബീച്ചിന്നടുത്തുള്ള ഹെലിപാഡിൽ ഇറങ്ങിയത്. വർക്കല പ്രകൃതി ചികിത്സാ കേന്ദ്രത്തിനു സമീപമാണ് ഈ ഹെലിപ്പാഡ്. മൂന്നു ഹെലികോപ്റ്റർ ഇവിടെ ഇറങ്ങി. ആദ്യം ഒരു ഹെലികോപ്റ്റർ വന്നു. സാധന സാമഗ്രികൾ ആണ് ഇതിൽ നിന്നും ഇറക്കിയത്. അത് 29 ആം തീയതിയായിരുന്നു. മുപ്പതിന് ഉപരാഷ്ട്രപതിയുടെ ഹെലികോപ്റ്റർ വന്നു. ഒപ്പം മറ്റൊരു ഹെലികോപ്റ്റർ കൂടി വന്നു. പരിപാടിക്ക് ശേഷം ഈ രണ്ടു ഹെലികോപ്റ്ററും മടങ്ങിപ്പോയി. മുപ്പത്തി ഒന്നാം തീയതി ഇവരുടെ ഒരു ഹെലികോപ്റ്റർ കൂടി വന്നു. സാധന സാമഗ്രികൾ കൊണ്ട് പോകാനാണ് ഈ ഹെലികോപ്റ്റർ വന്നത്. വലിയ സ്പീഡിൽ, പെട്ടെന്ന് മടങ്ങണം എന്ന രീതിയിലാണ് ഈ ഹെലികോപ്റ്റർ വന്നത്. സാധാരണ ഇറങ്ങുന്ന ദിശയിൽ അല്ല ഈ ഹെലികോപ്റ്റർ വന്നത്. വേറെ ഒരു ദിശയിലാണ് വന്നത്. വലിയ ശബ്ദവും കാറ്റും ഒപ്പം വന്നു. ഹെലികോപ്റ്റർ വളരെ താഴ്ന്നാണ് വന്നത്. പ്രകൃതി ചികിത്സാ കേന്ദ്രത്തിനു തൊട്ടുമുകളിൽ കൂടിയാണ് വന്നത്. ഈ സമയം കുടുംബശ്രീ പ്രവർത്തകർ അവിടെയുണ്ടായിരുന്നു.

എല്ലാവരും പേടിച്ച് മാറി. ഇവരുടെ ഇടയിൽ നിന്ന ഗിരിജ നിന്നത് പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ ഗേറ്റിനു സമീപത്തായിരുന്നു. ഇവർ ഒതുങ്ങി മാറി നിന്ന സ്ഥലത്ത് വളരെ ശക്തിയിൽ കാറ്റ് അടിച്ചു. ഹെലികോപ്റ്റർ കാറ്റിന്റെ ശക്തിയിൽ ഇവർ വായുവിൽ രണ്ടു മൂന്നു കരണങ്ങൾ തന്നെ മറിഞ്ഞു. എന്നിട്ട് നിലത്തേക്ക് വീണു. ഈ വീഴ്ചയിൽ ഇവർക്ക് കാലിനു പൊട്ടൽ വന്നു. രണ്ടു കാലിനും പൊട്ടൽ വന്നു. തലയ്ക്ക് അടക്കം പരുക്കും പറ്റിയിട്ടുണ്ട്-നാട്ടുകാർ പറയുന്നു.

മെഡിക്കൽ കോളേജ് അധികൃതരെ മറുനാടൻ ബന്ധപ്പെട്ടിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓർത്തോയുടെ പതിനാലാം വാർഡിലാണ് ഗിരിജ കിടക്കുന്നത്. ഇവർക്ക് ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. പക്ഷെ ഇതുവരെ ഇവർക്ക് സർജറി കഴിഞ്ഞിട്ടില്ല. അത് എന്താണ് എന്ന് അറിയില്ല. അന്വേഷിക്കുകയാണ് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP