Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തിൽ എത്തിയതോടെ അവതാളത്തിലായത് കറുത്ത ഗാർബിജ് ബാഗുകളുടെ ഉപയോഗത്തിൽ: പാൽ കവറുകളുടെ പുനഃസംസ്‌ക്കരണത്തിൽ മിൽമയും പ്രതിസന്ധിയിലേക്ക്; നിരോധനം കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണം

പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തിൽ എത്തിയതോടെ അവതാളത്തിലായത് കറുത്ത ഗാർബിജ് ബാഗുകളുടെ ഉപയോഗത്തിൽ: പാൽ കവറുകളുടെ പുനഃസംസ്‌ക്കരണത്തിൽ മിൽമയും പ്രതിസന്ധിയിലേക്ക്; നിരോധനം കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാപാരികളുടെ കടുത്ത എതിർപ്പ് ഉയരുമ്പോഴും പ്ലാസ്റ്റിക് നിരോധനത്തിൽ ഉറച്ചായിരുന്നു സർക്കാർ മുന്നോട്ട് പോയത്. വ്യാപാരികളുടെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും നിരോധനത്തിനുള്ള തീയതി നീട്ടേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു
സർക്കാർ. അതേസമയം, നിരോധനം കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികളൊന്നും സർക്കാർ തലത്തിൽ എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നവംബറിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം പുതുവത്സരദിനമായ ജനുവരി 1 മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ കർശനമായ നിയന്ത്രണം കൊണ്ടുവന്നത്.

എന്നാൽ, പ്ലാസ്റ്റിക്ക് നിരോധനത്തിൽ വ്യക്തത വരുത്താതെയാണ് സർക്കാർ ഇത്തരം കാര്യങ്ങളിലേക്ക് എടുത്ത് ചാടിയതെന്ന് നിസംശയം പറയാം. കാരണം, പ്ലാസ്റ്റിക്ക് നിരോധനത്തിൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവും പരിസ്ഥിതി വകുപ്പിന്റെ ഉത്തരവുകളും തമ്മിൽ വലിയ അനന്തരമാണ് കാണിക്കുന്നത്. അതേ സമയം, പ്ലാസ്റ്റിക്ക് നിരോധത്തിൽ കറുത്ത ഗാർബിജ് ബാഗുകൾക്കും സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെ പ്ലാസ്റ്റിക്ക് നിരോധനം എങ്ങനെ നടപ്പാക്കുമെന്നതാണ് ഇപ്പോഴുള്ള പ്രധാന വെല്ലുവിളിയായി ഉയരുന്നത്.

ഉപയോഗിച്ച പാൽ കവറുകൾ പുനഃസംസ്‌കരിച്ചു പ്രധാനമായും നിർമ്മിക്കുന്നത് ഇത്തരം സഞ്ചികളാണ്. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ ഇട്ടുവയ്ക്കാനും പൊതിഞ്ഞു കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഇവ ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ നിരോധന പട്ടികയിലാണ് ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ പുനഃസംസ്‌കരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കുന്ന കമ്പനികൾ പൊല്ലാപ്പിലായി എന്ന് തന്നെ വേണം പറയാൻ. ഉപയാഗിച്ച പാൽ കവറുകൾ പുനഃസംസ്‌കരണത്തിനു നൽകാമെന്നു ക്ലീൻ കേരള കമ്പനിയുമായി കേരളത്തിലെ പ്രധാന പാൽ വിതരണക്കാരായ മിൽമ കരാർ ഒപ്പിട്ടിട്ടള്ളതാണ്്. ഇങ്ങനെ നൽകുന്ന ഒരു കിലോ കവറിന് ഏകദേശം 5 രൂപ നൽകാമെന്നാണു ഇതിലെ ധാരണ.

27 ലക്ഷം കവർ പാലാണു മിൽമ പ്രതിദിനം വിറ്റഴിക്കുന്നതെന്ന് റിപ്പോർട്ട്. ഇതിനു പുറമേ തൈരും മോരും ഉൾപ്പെടെ മറ്റ് ഉൽപന്നങ്ങളുടെ 4 ലക്ഷത്തോളം കവറുകളും പ്രതിദിനം വിൽക്കുന്നു. പുനഃസംസ്‌കരണത്തിനായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ശേഖരിക്കുന്ന ഏജൻസികൾക്കു നൽകാനുള്ള പണം കണ്ടെത്തേണ്ടത് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയിൽ നിന്നും ഇവ സംസ്‌കരിക്കാൻ ശേഖരിക്കുന്ന കമ്പനികൾക്കു വിൽക്കുന്നതും വഴിയാണ്. ഇതോടെ ഏറെ പ്രതിസന്ധിയിലാവുകയാണ് മിൽമ.

ഗാർബിജ് ബാഗുകൾ ഉണ്ടാക്കാൻ സാധിക്കില്ല എന്നതിനാൽ, ഉപയോഗിച്ച പ്ലാസ്റ്റിക്കിന്റെ വില കുറയ്ക്കാനുള്ള നീക്കത്തിലാണു പുനഃസംസ്‌കരണ കമ്പനികൾ. പ്ലാസ്റ്റിക് ചെടിച്ചട്ടികൾ പോലുള്ള ഉൽപന്നങ്ങളും പാൽ കവറുകൾ സംസ്‌കരിച്ചു നിർമ്മിക്കുന്നുണ്ടെങ്കിലും വ്യാപകമായ വിൽപനയില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, പെറ്റ് ബോട്ടിലിന്റെ നിരോധന നിർദ്ദേശങ്ങളിൽ വൈരുദ്ധ്യമാണ് നിലനിൽക്കുന്നത. നിരോധനമില്ലെന്ന് വിശദീകരണം നൽകുമ്പോൾ ആശയക്കുഴപ്പത്തിലാവുന്നത് കമ്പനികളും കച്ചവടക്കാരും.

നിരോധിച്ച പ്ലാസ്റ്റിക് ഇനങ്ങളെക്കുറിച്ചു ചീഫ് സെക്രട്ടറി നൽകിയ പത്രക്കുറിപ്പും പരിസ്ഥിതി വകുപ്പിന്റെ ഉത്തരവുകളും തമ്മിൽ വൈരുധ്യമാണ് നിലവിലുള്ളത്. ബുധനാഴ്ച ചീഫ് സെക്രട്ടറി ഇറക്കിയ പത്രക്കുറിപ്പിൽ 500 മില്ലി ലീറ്ററിനു താഴെയുള്ള പെറ്റ് ബോട്ടിലുകളെയും നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, എല്ലാ വലുപ്പത്തിലുമുള്ള ബ്രാൻഡഡ് ജ്യൂസ് ബോട്ടിലുകളും ജ്യൂസ് പായ്ക്കറ്റുകളും അര ലീറ്ററിനും അതിനു മുകളിലുള്ളതുമായ കുപ്പിവെള്ള ബോട്ടിലുകളും വിൽക്കാമെന്നു ഡിസംബർ 17ന് ഇറക്കിയ ഉത്തരവിനാണു പ്രാബല്യമെന്നു പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി. ഇവ തിരികെ ശേഖരിക്കണം എന്ന ഉറപ്പിലാണിത്.

നവംബർ 27നു പരിസ്ഥിതി വകുപ്പ് ഇറക്കിയ ആദ്യ ഉത്തരവിൽ ഇവ നിരോധന പട്ടികയിലായിരുന്നു. ബ്രാൻഡഡ് ജ്യൂസുകൾ വിവിധ വലുപ്പത്തിലുള്ള കുപ്പികളിൽ വിൽക്കുന്ന ആയിരത്തിലധികം ചെറുകിട സംരംഭങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്. ഈ സംരംഭകരുടെ സംഘടനാ നേതാക്കൾ സർക്കാരിനെ സമീപിച്ചതോടെയാണു നിരോധനം നീക്കിയതും. നിരോധിത ഉൽപന്നമാണെന്ന പേരിൽ ഇവ വിൽപനയ്ക്ക് എടുക്കാൻ വ്യാപാരികൾ മടിച്ചു.

സംഘടനകൾ വ്യക്തതയ്ക്കായി സമീപിച്ചതോടെ ഇവയ്ക്കു നിരോധനമില്ലെന്നു പരിസ്ഥിതി വകുപ്പ് വിശദീകരിക്കുകയായിരുന്നു. നിയമം ലംഘിച്ചാൽ കടുത്ത പിഴയും ചുമത്തും. നവംബറിൽ ഇറക്കിയ ഉത്തരവിൽ ഭേദഗതികൾ വരുത്തി കഴിഞ്ഞ ഡിസംബർ 17നു സർക്കാർ പുതിയ ഉത്തരവിറക്കിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനോ വ്യാപാരികളുടെ ആശങ്കകൾക്ക് മറുപടി നൽകാനോ സർക്കാർ തയാറായിട്ടില്ല. നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ചെയ്യേണ്ട പരിശോധന ഉൾപ്പെടെ നടപടികളെക്കുറിച്ച് വകുപ്പുകൾക്കു പ്രത്യേക നിർദ്ദേശവും നൽകിയിട്ടില്ലെന്നതും വ്യക്തമാണ്.

എന്നാൽ നിരോധന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ എത്തിയതോടെ ആദ്യ 15 ദിവസത്തേക്കു പിഴ ഈടാക്കേണ്ടെന്നാണു തീരുമാനം. തുടർന്നു പിഴ വരും. 11 ഇനം പ്ലാസ്റ്റിക് വിഭാഗങ്ങൾക്കാണു നിരോധനമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചിരുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയിൽ വിരിക്കാൻ ഉപയോഗിക്കുന്നത്), തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും അലങ്കാര വസ്തുക്കളും, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്,

പ്ലേറ്റ്, സ്പൂൺ, ഫോർക്ക്, സ്‌ട്രോ, ഡിഷുകൾ തുടങ്ങിയവ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിങ് ഉള്ള പേപ്പർ ബാഗുകൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ, പ്ലാസ്റ്റിക് ബണ്ടിങ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, 500 മില്ലി ലീറ്ററിനു താഴെയുള്ള പെറ്റ് ബോട്ടിലുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പിവിസി ഫ്‌ളെക്‌സ് ഉൽപന്നങ്ങൾ, പ്ലാസ്റ്റിക് പാക്കറ്റുകൾ ഇവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP