Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബവാഴ്ചയ്ക്ക് ഏറ്റവും ഭീഷണി ആയേക്കാമായിരുന്ന നേതാജിയെ നെഹ്‌റു മനഃപൂർവം ഒഴിവാക്കിയതോ? ഇന്ത്യയുടെ ഭാഗധേയം മാറ്റിമറിച്ചേക്കാമായിരുന്ന നേതാവിന്റെ മരണം ഇപ്പോൾ വിരൽ ചൂണ്ടുന്നത് ആദ്യ പ്രധാനമന്ത്രിയിലേക്ക്

കുടുംബവാഴ്ചയ്ക്ക് ഏറ്റവും ഭീഷണി ആയേക്കാമായിരുന്ന നേതാജിയെ നെഹ്‌റു മനഃപൂർവം ഒഴിവാക്കിയതോ? ഇന്ത്യയുടെ ഭാഗധേയം മാറ്റിമറിച്ചേക്കാമായിരുന്ന നേതാവിന്റെ മരണം ഇപ്പോൾ വിരൽ ചൂണ്ടുന്നത് ആദ്യ പ്രധാനമന്ത്രിയിലേക്ക്

ന്യൂഡൽഹി: മഹാത്മഗാന്ധിയ്‌ക്കെതിരെ മത്സരിച്ചു ജയിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ഭാഗധേയം  മറ്റൊന്നാകുമായിരുന്നില്ലേ? സ്വാതന്ത്ര്യ സമര തന്ത്രത്തെക്കുറിച്ച് നേതാജിയുടെ സങ്കൽപ്പം മറ്റൊന്നായിരുന്നെങ്കിലും സ്വാതന്ത്ര്യം തീരുമാനിച്ച ശേഷം ദുരൂഹമായി നേതാജി അപ്രത്യക്ഷനായതിനു പിന്നിൽ വലിയൊരു ഗൂഢാലോചനയില്ലേ? വീണ്ടും നേതാജിയെക്കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ ഇന്ത്യയുടെ ഭാഗധേയം തന്നെ മാറ്റി മറിച്ചേക്കാമായിരുന്ന ആ തിരോധാനത്തിന് പിന്നിൽ നെഹ്‌റു തന്നെയെന്ന നിഗമനത്തിൽ ആണ് എത്തി ചേരുന്നത്.

ചിന്തിച്ച് നോക്കൂ. നേതാജി മരിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റു ആകുമായിരുന്നോ? ഇനി അഥവാ ആയിരുന്നെങ്കിൽത്തന്നെ നെഹ്‌റുവിന് ശേഷം ഇന്ത്യയുടെ ഭാവി ആ കുടുംബത്തിന്റെ കൈയിലേക്ക് വഴുതി വീഴുമായിരുന്നോ? നേതാജി കുടുംബത്തെ മരിക്കുന്നത് വരെ നെഹ്‌റു നിരീക്ഷിച്ചു എന്ന വെളിപ്പെടുത്തലിന് പുറമെ ബ്രിട്ടീഷ് രഹസ്യ ഏജൻസിയുമായി നിരന്തരമായി വിവരങ്ങൾ പങ്കുവച്ചു എന്ന് കൂടി തെളിയുമ്പോൾ നെഹ്‌റു സംശയ മുനയിൽ ആകുന്നു.

നേതാജിയുടെ കുടുംബത്തെ 20 വർഷത്തോളം നിരീക്ഷിച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ചില രേഖകൾ വെളിപ്പെടുത്തിയത്. രഹസ്യരേഖകളുടെ പട്ടികയിൽനിന്ന് അടുത്തിടെ കേന്ദ്രസർക്കാർ ഒഴിവാക്കിയ രണ്ടുരേഖകളിലാണ് നെഹ്രുസർക്കാറിന്റെ 'ചാരവൃത്തി'യുടെ വിവരങ്ങളുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് (ഐ.ബി.) ഈ രേഖകൾ.
നേതാജിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് കോൺഗ്രസ് വിശദീകരണം. രേഖകളുടെ ആധികാരികതയും കോൺഗ്രസ് ചോദ്യം ചെയ്യുന്നു. എന്നാൽ, രേഖകളുടെ നിജസ്ഥിതി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് നേതാജിയുടെ മകൾ അനിത ബോസ് ഫാഫ് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമെയാണ് നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബ്രീട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ5-ഉമായി നെഹ്‌റു സർക്കാർ കൈമാറിയിരുന്നുവെന്ന കാര്യം പുറത്തുവന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയാണ് ബ്രിട്ടീഷ് ഏജൻസിയുമായി വിവരങ്ങൾ കൈമാറിയിരുന്നത്. അക്കാലത്ത് രഹസ്യാന്വേഷണ ഏജൻസി നെഹ്‌റുവിന്റെ ചുമതലയിലായിരുന്നു.

നേതാജിയുടെ ഉറ്റ അനുയായി എ.സി.നമ്പ്യാരും നേതാജിയുടെ അനന്തരവൾ അമിയ നാഥ് ബോസും തമ്മിലുള്ള കത്തുകൾ ഇങ്ങനെ കൈമാറിയ രേഖകളുടെ കൂട്ടത്തിലണ്ട്. അമിയ ബോസിനെയും മറ്റൊരു അനന്തരവനായ ശിശിർ കുമാർ ബോസിനെയും നിരീക്ഷിക്കാനാണ് നെഹ്‌റു സർക്കാർ രഹസ്യാന്വേഷണ ഏജൻസിയെ ചട്ടം കെട്ടിയിരുന്നത്. 1948 മുതൽ 68വരെയുള്ള കാലത്താണ് നേതാജിയുടെ കുടുംബത്തെ ഐ.ബി. നിരീക്ഷിച്ചത്. നിരീക്ഷണവിവരങ്ങൾ ഐ.ബി. നെഹ്‌റുവിന് നേരിട്ടാണ് കൈമാറിയിരുന്നത്. കൊൽക്കത്തയിലെ നേതാജിയുടെ രണ്ട് വസതികളും നിരീക്ഷിച്ചിരുന്നു.

ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തപ്പെട്ട രേഖകളിൽ എ.സി.നമ്പ്യാരും അമിയ ബോസും തമ്മിൽ നടത്തിയ കത്തിടപാടിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഐ.ബി ഉദ്യോഗസ്ഥനായിരുന്ന എസ്.ബി ഷെട്ടി എംഐ5-ന്റെ സുരക്ഷാ തലവൻ കെ.എം.ബോണിനെഴുതിയ കത്തുമുണ്ട്. സ്വിറ്റ്‌സർലൻഡിൽനിന്ന് നമ്പ്യാർ 1947 ഓഗസ്റ്റ് 19-ന് കൊൽക്കത്തയിലുള്ള അമിയ ബോസിനയച്ച കത്ത് സെൻസർഷിപ്പിനിടെ ലഭിച്ചതാണെന്നും അതേക്കുറിച്ചുള്ള അഭിപ്രായമറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. 1947 ഒക്ടോബർ ആറിനാണ് ഷെട്ടിയും ബോണുമായുള്ള ആശയവിനിമയം നടന്നത്.

നേതാജി കുടുംബത്തെ എത്രത്തോളം സൂക്ഷ്മമായി നെഹ്‌റു സർക്കാർ പിന്തുടർന്നിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ രേഖകൾ. 1945 ഓഗസ്റ്റ് 18-ന് തായ്‌വാനിലെ തെയ്‌ഹോക്കു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നേതാജി മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. എങ്കിൽപ്പിന്നെ എന്തിന് പിന്നീടുള്ള 20 വർഷക്കാലവും നേതാജിയുടെ കുടുംബത്തിന്റെ യാത്രകളും അവരുടെ നീക്കങ്ങളും രഹസ്യമായി നിരീക്ഷിച്ചുവെന്ന ചോദ്യം അവശേഷിക്കുന്നു.

നേതാജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ഇത് വരെ മൂന്നു കമ്മീഷനുകൾ നിലവിൽ വന്നിട്ടുണ്ട്. 1956-ൽ പ്രധാനമന്ത്രി നെഹ്‌റു ബോസിന്റെ മരണത്തെക്കുറിച്ചന്വേഷിക്കാൻ ഒരു കമ്മിറ്റിയെ ഏർപ്പെടുത്തി. മേജർ ജനറൽ ഷാനവാസ് ഖാൻ, നേതാജിയുടെ സഹോദരനായ സുരേഷ് ചന്ദ്ര ബോസ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചീഫ് കമ്മീഷണർ എസ്.എൻ. മൈത്ര എന്നിവരായിരുന്നു അംഗങ്ങൾ. നേതാജി വിമാനാപകടത്തിൽ മരിച്ചുവെന്നു തന്നെ ഷാനവാസും മൈത്രയും അഭിപ്രായപ്പെട്ടു. എന്നാൽ സുരേഷ് ചന്ദ്രബോസ് യോജിച്ചില്ല. പിന്നീട് ഇന്ദിരാഗാന്ധി 1970-ൽ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.ഡി. ഖോസ്ലയെ അന്വേഷണത്തിനായി നിയോഗിച്ചു. ഇരു കമ്മീഷനുകളും നേതാജി മരിച്ചതായി വിധി എഴുതി.

1999-ൽ വാജപേയ് സർക്കാർ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ തെയ്‌ഹോക്കുവിൽ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മന്മോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. 'നേതാജി മരിച്ചു, പക്ഷേ അത് വിമാന അപകടത്തിലല്ല' എന്ന റിപ്പോർട്ടിലെ ഭാഗം കൊണ്‌ഗ്രെസ്സിനെ ആലോസരപെടുത്തുന്നു. ബോസിന്റെ ചിതാഭസ്മം ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തിലുണ്ടെന്നാണ് അവകാശവാദം. എന്നാൽ, അത് നേതാജിയുടേതല്ലെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നായിരുന്നു കമ്മീഷന്റെ നിഗമനം.

നേതാജി തെയ്‌ഹോക്കുവിൽ മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നിരുന്നു. ജോസഫ് സ്റ്റാലിന്റെ സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്ന് നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപി.യുമായ സത്യനാരായൺ സിൻഹ പറയുന്ന രേഖകളാണ് അതിലൊന്ന്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലായ സൈബീരിയയിലെ യാകുത്സുക് ജയിലിൽ വച്ചാണ് നേതാജി മരിച്ചതെന്ന് 69 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പറയുന്നു. വിമാനാപകടത്തിലാണ് ചന്ദ്രബോസ് മരിച്ചതെന്നും ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലുള്ളത് അദ്ദേഹത്തിന്റെ ചിതാഭസ്മമാണെന്നുമുള്ള വാദത്തെ ഖണ്ഡിക്കുന്നവയായിരുന്നു ഇത്.

സോവിയറ്റ് തടവറയായ സൈബീരിയയിലെ യാകുത്സുകിൽ സെൽനമ്പർ 45-ലെ തടവുകാരനായിരുന്നു നേതാജിയെന്നും അവിടെവച്ചാണ് മരിക്കുന്നതെന്നും സത്യനാരായൺ സിൻഹ നേതാജിയുടെ മരണം അന്വേഷിച്ച ഖോസ്ല സമിതിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ സമിതി ഇത് അവഗണിച്ചു. 1932-ൽ റഷ്യൻ സൈന്യത്തിന്റെ ദ്വിഭാഷിയായി പ്രവർത്തിച്ച സത്യനാരായണൻ സിൻഹ, അതുവഴി അവിടുത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ചിരുന്നു. അവർ നൽകിയ വിവരമാണ് ഖോസ്ല സമിതിക്ക് മുമ്പാകെ അദ്ദേഹം അവതരിപ്പിച്ചത്.

നേതാജി സോവിയറ്റ് തടവറയിലുണ്ടെന്ന കാര്യം നെഹ്‌റുവിനെയും സിൻഹ അറിയിച്ചിരുന്നു. എന്നാൽ, അദ്ദേഹവും അത് ചെവിക്കൊണ്ടില്ല. സോവിയറ്റ് യൂണിയനുമായി അടുപ്പമുണ്ടായിരുന്ന നെഹ്‌റുവിന്റെ ഈ ചെയ്തികളൊക്കെ നേതാജിയുടെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ ശരിവെക്കുന്നതാണ്. എന്തിന് നേതാജിയുടെ കുടുംബത്തെ നെഹ്‌റു നിരീക്ഷിച്ചുവെന്ന വിവരം പുറത്തുവരാതെ അതൊന്നും വെളിപ്പെടില്ലെന്ന് മാത്രം.

സുഭാഷ് ചന്ദ്രബോസ് റഷ്യയിലേക്കു കടന്നിട്ടുണ്ടെന്നു കാണിച്ചു ജവാഹർലാൽ നെഹ്‌റു ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്‌ലിക്ക് എഴുതിയതെന്നു കരുതുന്ന കത്തും ഇതോടൊപ്പം ചർച്ചാവിഷയം ആകുകയാണ്. 'നിങ്ങളുടെ യുദ്ധക്കുറ്റവാളിയായ സുഭാഷ് ചന്ദ്രബോസിനെ റഷ്യയിലേക്കു കടക്കാൻ സ്റ്റാലിൻ അനുവദിച്ചിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. ബ്രിട്ടന്റെ സഖ്യരാജ്യം എന്ന നിലയിൽ ഇതു റഷ്യ ചെയ്ത വിശ്വാസവഞ്ചനയാണ്.' എന്നാണ് കത്തിൽ പറയുന്നത്.സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു പറയുന്ന വിമാനാപകടം നടന്നു നാലു മാസത്തിനുശേഷം 1945 ഡിസംബർ 26നാണ് നെഹ്‌റു ഈ കത്തെഴുതിയിരിക്കുന്നത്.

നേതാജി ജീവിച്ചിരിപ്പുണ്ടെന്ന കാര്യം നെഹ്‌റുവിന് അറിയാമായിരുന്നുവെന്നതിന്റെ തെളിവാണ് ഈ കത്തെന്നാണു വാദം. നേതാജിയുടെ തിരോധാനത്തെക്കുറിച്ചു 30 വർഷത്തോളമായി പഠനം നടത്തുന്ന ഇന്ത്യൻ ഗ്ലോബൽ അസോസിയേഷൻ പ്രസിഡന്റ് രാജീവ് ജോസഫിന്റെ കൈവശമാണു കത്തിന്റെ പകർപ്പുള്ളത്. എന്നാൽ, കത്തിന്റെ ആധികാരികതയെപ്പറ്റി സംശയം ബാക്കിനിൽക്കുന്നുമുണ്ട്. വെള്ളക്കടലാസിൽ ടൈപ്പ് ചെയ്ത ഒരു കത്തിന്റെ ചിത്രമാണു പുറത്തുവന്നിട്ടുള്ളത്. ഇതിൽ നെഹ്‌റുവിന്റെ കയ്യൊപ്പ് ഇല്ലാത്തതാണ് സംശയത്തിന് ഇടനൽകുന്നത്.

വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, നേതാജിയുടെ തിരോധാനത്തെക്കുറിച്ചുള്ള രഹസ്യഫയലുകൾ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടു നേതാജിയുടെ അനന്തരവന്റെ മകൻ സൂര്യകുമാർ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ജർമനിയിലാണ് സൂര്യകുമാർ. വിദേശ സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ഇന്നു ജർമനിയിൽ എത്തും. ഹാംബർഗിലെ ഇന്ത്യ-ജർമൻ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ സൂര്യകുമാർ ബോസിനെ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്ത്യൻ എംബസി ബർലിനിലേക്കു നേരത്തേ ക്ഷണിച്ചിരുന്നു. ഇതിനിടെയാണു നേതാജിയുടെ കുടുംബാംഗങ്ങളെ 20 വർഷത്തോളം ഇന്റലിജൻസ് ബ്യൂറോ നിരീക്ഷിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നത്. സൂര്യകുമാർ ബോസിന്റെ പിതാവും നേതാജിയുടെ സഹോദരപുത്രനുമായ അമിയനാഥ് ബോസ് ഉൾപ്പെടെയുള്ളവരെയാണ് ഐബി നിരീക്ഷിച്ചിരുന്നത്.

ജർമനിയിലെ ഏറ്റവും പഴയ ഇന്ത്യൻ കൂട്ടായ്മകളിലൊന്നായ ഹാംബർഗിലെ അസോസിയേഷൻ 1942ൽ സുഭാഷ് ചന്ദ്രബോസിന്റെ സാന്നിധ്യത്തിലാണ് ആരംഭിച്ചത്. ഐടി ബിസിനസുകാരനായ സൂര്യകുമാർ 1972 മുതൽ ജർമനിയിലാണു കഴിയുന്നത്. 72-78 കാലത്തു ജർമനിയുടെ പല ഭാഗങ്ങളിലും സൂര്യകുമാർ നേതാജിയെക്കുറിച്ചു പ്രഭാഷണങ്ങൾ നടത്തിയിരുന്നു. അപ്പോഴൊക്കെ ഇന്ത്യൻ എംബസിയിൽനിന്നുള്ള രഹസ്യാന്വേഷകർ തന്നെ പിന്തുടർന്നിരുന്നുവെന്നും 1978ൽ ജനതാ പാർട്ടി അധികാരത്തിൽ വന്നശേഷമാണ് ഈ ചാരവൃത്തി അവസാനിച്ചതെന്നും സൂര്യകുമാർ പറഞ്ഞു. നേതാജി ഹിറ്റ്‌ലറെ അനുകൂലിച്ചിരുന്നില്ലെന്നു വിശദീകരിക്കുന്നതായിരുന്നു സൂര്യകുമാറിന്റെ അക്കാലത്തെ പ്രസംഗങ്ങൾ.

സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിൽ തിരിച്ചെത്തിയാൽ രാജ്യത്തെ സ്വാഭാവിക നേതാവായി ഉയരുമെന്നു ജവാഹർ ലാൽ നെഹ്‌റു ഭയന്നിരുന്നുവെന്നു നേതാജിയുടെ മറ്റൊരു കൊച്ചനന്തരവനും സൂര്യകുമാറിന്റെ സഹോദരനുമായ ചന്ദ്രബോസ് പറഞ്ഞു. നേതാജി വിമാനാപകടത്തിൽ മരിച്ചിട്ടില്ലെന്നു നെഹ്‌റുവിന് ഉറപ്പായിരുന്നു. നേതാജി അദ്ദേഹത്തിന്റെ അനന്തരവന്മാരായ ശിശിർകുമാറുമായോ അമിയനാഥുമായോ ബന്ധപ്പെടുമെന്നു നെഹ്‌റു കരുതിയിരുന്നു. അതുകൊണ്ടാണ് അവരെ രണ്ടുപേരെയും ഐബി നിരന്തരം നിരീക്ഷിച്ചതെന്നും ചന്ദ്രബോസ് പറഞ്ഞു.

അതിനിടെ, സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരരക്തസാക്ഷി ഭഗത് സിങ്ങിന്റെ കുടുംബാംഗങ്ങളെയും രഹസ്യാന്വേഷണ ഏജൻസികൾ വർഷങ്ങളോളം നിരീക്ഷിച്ചിരുന്നുവെന്നു ഭഗത് സിങ്ങിന്റെ അനന്തരവൻ അഭയ് സിങ് സന്ധു വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP