Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്തു ദിവസത്തെ ഇടവേളയിൽ ബ്രിട്ടീഷ് മലയാളികളായ ദമ്പതികൾക്ക് ജീവിതാന്ത്യം; അര നൂറ്റാണ്ടു മുൻപ് യുകെയിൽ എത്തിയ ഇരുവർക്കും ഇന്ന് അന്ത്യയാത്ര; യുകെ മലയാളികൾക്കിടയിൽ സംഭവിച്ച അപൂർവതക്ക് മുന്നിൽ നിറകണ്ണുകളോടെ ബന്ധുക്കളും മിത്രങ്ങളും; മുത്തച്ഛനും മുത്തശ്ശിക്കും അന്ത്യനിദ്രയും ഒന്നിച്ചു തന്നെ

പത്തു ദിവസത്തെ ഇടവേളയിൽ ബ്രിട്ടീഷ് മലയാളികളായ ദമ്പതികൾക്ക് ജീവിതാന്ത്യം; അര നൂറ്റാണ്ടു മുൻപ് യുകെയിൽ എത്തിയ ഇരുവർക്കും ഇന്ന് അന്ത്യയാത്ര; യുകെ മലയാളികൾക്കിടയിൽ സംഭവിച്ച അപൂർവതക്ക് മുന്നിൽ നിറകണ്ണുകളോടെ ബന്ധുക്കളും മിത്രങ്ങളും; മുത്തച്ഛനും മുത്തശ്ശിക്കും അന്ത്യനിദ്രയും ഒന്നിച്ചു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനിസെ ചെൽറ്റനാമിലെ ആദ്യ മലയാളി കുടുംബം എന്ന വിശേഷണമുള്ള വൃദ്ധദമ്പതികൾ ഓർമ്മയിലേക്ക്. അരനൂറ്റാണ്ട് മുൻപ് യുകെയിൽ എത്തിയ ആന്റണി റാഫേലും പത്‌നി സാറാമ്മ റാഫേലുമാണ് മരണത്തിനും തങ്ങളുടെ സ്‌നേഹയാത്രയെ വേർപിരിയിക്കാൻ സാധിക്കില്ലെന്ന് തെളിയിച്ചു ഇന്ന് ഒന്നിച്ചു അന്ത്യയാത്രയാവുന്നത്. വെറും പത്തു ദിവസത്തെ ഇടവേളയിൽ ജീവൻ വെടിഞ്ഞ മുത്തച്ഛനും മുത്തശ്ശിക്കും ഒന്നിച്ചു തന്നെ അന്ത്യയാത്ര ആകട്ടെ എന്ന് മക്കളും ചെറുമക്കളും അടക്കമുള്ള മൂന്നു തലമുറകൾ തീരുമാനമെടുത്തപ്പോൾ യുകെ മലയാളികൾക്കിടയിലെ അത്യപൂർവങ്ങളിൽ അപൂർവമായ ഒരേടാണ് ഇന്ന് എഴുതിച്ചേർക്കപ്പെടുന്നത്. പ്രവാസ ജീവിതത്തിലെ വിഷമതകളും പ്രയാസങ്ങളും ഒന്നിച്ചു തരണം ചെയ്ത ദമ്പതികൾ ജീവിതയാത്രയും ഒന്നിച്ചു അവസാനിപ്പിക്കുവാൻ വിധി അവസരമൊരുക്കുന്നു എന്നതും ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്ന സ്‌നേഹത്തിന്റെ ആഴവും പരപ്പുമാണ് വ്യക്തമാക്കുന്നത്. തൊടുപുഴക്കു അടുത്ത കാളിയാർ എന്ന ഗ്രാമത്തിൽ നിന്നും യുകെയിൽ എത്തി ജീവിതത്തിന്റെ സ്‌നേഹഗാഥ പാടിയ കാര്യമാണ് ഈ ദമ്പതികളുടെ ജീവിതം പുതുതലമുറയോട് പങ്കിടുന്നത്.

അറുപതുകളുടെ ഒടുവിലാണ് ആന്റണി റാഫേൽ ചെൽട്ടൺമിന് അടുത്തുള്ള ബെറ്റ്‌ഫോഡ് എന്ന ചെറുപട്ടണത്തിൽ എത്തുന്നത്. പിന്നീടാണ് അദ്ദേഹത്തിന്റെ കുടുംബവും യുകെയിൽ എത്തിച്ചരുന്നത്. ഡൽഹിയിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന റാഫേലിനെ അക്കാലത്തു അവിടെ റേഡിയോ പ്രസെന്റർ ആയി ജോലി ചെയ്തിരുന്ന ഇംഗ്ലീഷുകാരൻ മാൽനർ ആണ് യുകെയിൽ എത്തിക്കുന്നത്. മൽനാർ കുടുംബത്തിന് ഡൽഹിയിൽ രുചികരമായ ഭക്ഷണം തയ്യാറാക്കി നൽകുന്നത് റാഫേലിന് ഇഷ്ടമുള്ള കാര്യം കൂടിയായിരുന്നു. ആ സൗഹൃദം വളർന്നാണ് മൽനാർ കുടുംബം യുകെയിൽ എത്തിയപ്പോൾ പിന്നാലെ റാഫേലിനെയും ചെൽട്ടൺമിൽ എത്തിക്കുന്നത്. യുകെയിൽ എത്തിയ ശേഷം അദ്ദേഹം ഷെഫ് ആയി ജോലി ചെയ്യുക ആയിരുന്നു. എന്നാൽ മക്കളുടെ തലമുറ എത്തിയപ്പോൾ ചെൽറ്റനാമിൽ സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങുവാനും ഈ മലയാളി കുടുംബത്തിന് സാധിക്കുക ആയിരുന്നു. പ്രദേശത്തെ ആദ്യ ഇന്ത്യൻ റെസ്റ്റോറന്റും ഈ കുടുംബത്തിന്റേതാണ്.

ഇക്കഴിഞ്ഞ ഡിസംബർ പത്താം തിയതിയാണ് വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് റാഫേൽ മരിക്കുന്നത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകൾ ഇന്നത്തേക്ക് കുടുംബം നിശ്ചയിക്കുക ആയിരുന്നു. പതിനെട്ടു വർഷം മുൻപ് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് ചെറിയ നിലയിൽ ശാരീരിക പ്രയാസങ്ങൾ ഉണ്ടായിരുന്നെകിലും സ്വന്തം കാര്യങ്ങൾക്കൊപ്പം ഭാര്യ സാറാമ്മയുടെ കാര്യങ്ങൾക്കും അദ്ദേഹം തന്നെ ആയിരുന്നു തുണ. ചെറുമകൾക്കു മൂന്നു വയസുള്ളപ്പോൾ അകാലത്തിൽ മകൾ മോളി മരിച്ചതിനെ തുടർന്നു റാഫേലും സാറാമ്മയും പേരക്കുട്ടിക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്. മറ്റുമക്കളായ വത്സമ്മയും തങ്കച്ചനും എല്ലാക്കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്നതും ഇരുവർക്കും ആശ്വാസമായിരുന്നു. അവസാന നാളുകളിൽ മകൻ തങ്കച്ചനും മരുമകൾ റോസിലിനും സദാ സമയം ഇരുവർക്കും സഹായവുമായി കൂടെ നിന്നിരുന്നു.

ക്യാൻസർ ബാധിതയായ സാറാമ്മയുടെ രോഗവിവരം തങ്ങളുടെ അപ്പച്ചനെ മാനസികമായി ഏറെ പ്രയാസപ്പെടുത്തിയിരുന്നു എന്ന് റോസ്ലിൻ ഓർമ്മിക്കുന്നു. തീരെ പ്രതീക്ഷികാതെയാണ് റാഫേൽ രോഗശയ്യയിൽ ആകുന്നത് ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ഒടുവിൽ അദ്ദേഹം മരണത്തിനു കീഴടങ്ങുക ആയിരുന്നു. ഈ വിവരം അറിഞ്ഞു വെറും പത്തു ദിവസം മാത്രമാണ് ഭാര്യ സാറാമ്മ ജീവിച്ചിരുന്നത്. ഒടുവിൽ പ്രിയതമന്റെ മൃതദേഹം മണ്ണിലേക്ക് എടുക്കും മുന്നേ ക്രിസ്മസ് നാളിൽ തന്നെ സ്‌നേഹവതിയായ ഭാര്യയും അന്ത്യശ്വാസം വലിക്കുക ആയിരുന്നു. ഈ സാഹചര്യത്തിലാണ് റാഫലിന്റെ സംസ്‌ക്കാര ചടങ്ങുകൾ നടക്കുമ്പോൾ തന്നെ ഭാര്യയുടെയും അന്ത്യകർമങ്ങൾ നടത്താൻ കുടുംബം തീരുമാനിച്ചത്. മരണത്തിലും ജീവിത യാത്രയിലേതു പോലെ ഒന്നിച്ചവരെ വേർപിരിക്കാൻ കുടുംബവും തയ്യാറല്ല.
ഇതോടെയാണ് ഇരുവർക്കുമായി ഇന്ന് സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ ഒന്നിച്ചു അന്ത്യയാത്ര മൊഴി നൽകുവാൻ തീരുമാനമായത്. മാത്രമല്ല, ചെൽറ്റനാം സെമിത്തേരിയിൽ ഒരേ കുഴിയിലാണ് കുടുംബം ഇരുവർക്കുമായി അന്ത്യ നിദ്ര ഒരുക്കുന്നതും.

ഇങ്ങനെ ഒരു മരണം യുകെ മലയാളികൾക്കിടയിൽ ആദ്യമായെന്നു കരുതപ്പെടുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചെൽറ്റണം സെന്റ് ഗ്രിഗറോയോസ് പള്ളിയിൽ നടക്കുന്ന സംസ്‌കാര ചടങ്ങുകൾക്ക് മൂന്നു മലയാളി വൈദികർ നേതൃത്വം നൽകും. റാഫേലിന്റെയും സാറാമ്മയുടെയും ആദ്യകാല പരിചയക്കാരായ ഇംഗ്ലീഷുകാർ അടക്കമുള്ളവർ അന്ത്യമൊഴി ചൊല്ലാനെത്തും. അടുത്തകാലത്ത് യുകെയിൽ കുടിയേറിയ മലയാളി സമൂഹവുമായി റാഫേൽ ആന്റണിയും സാറാമ്മയും നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. ശാരീരിക അവശതകൾ കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളി പൊതുപരിപാടിയിൽ പങ്കെടുക്കാറില്ലെന്നു കുടുംബം വ്യക്തമാക്കി. എന്നാൽ ഇരുവരുടെയും മക്കൾ ചെൽട്ടൺമിൽ ഉള്ള മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. റാഫേലിന്റെ ഇറ്റലിയിൽ ഉള്ള ഇളയ സഹോദരൻ അടക്കമുള്ള ബന്ധുക്കൾ സംസ്‌ക്കാര ചടങ്ങുകൾക്കായി യുകെയിൽ എത്തിയിട്ടുണ്ട്. പോർട്‌സ്മൗത്തിൽ ഉള്ള റിച്ചാർഡും ഷൈനിയും ഇവരുടെ അകന്ന ബന്ധുക്കൾ കൂടിയാണ്. റാഫേൽ ആന്റണിയുടെയും സാറാമ്മയുടെയും മരണത്തോടെ യുകെ മലയാളി കുടിയേറ്റത്തിലെ ഒരപൂർവ എട് കൂടിയാണ് മറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP