Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രികോണാകൃതിയിൽ പുതിയ പാർലമെന്റ് സമുച്ചയം പണിയുമ്പോൾ മോദി സർക്കാർ ആലോചിക്കുന്നത് 1000 പേർക്ക് ഇരിക്കാവുന്ന ലോക്‌സഭ; സെൻസസിന് ശേഷം മണ്ഡല പുനർനിർണയത്തിന് ആലോചന; ജനസംഖ്യ കൂടിയ യുപിക്കും ബിഹാറിനും സീറ്റ് കൂടുതൽ കിട്ടുമോ? ജനസംഖ്യാനിയന്ത്രണത്തിൽ വിജയിച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ശിക്ഷ ഏറ്റുവാങ്ങുമോ? സീറ്റുകൂടുമ്പോൾ കൂടെ കൂടുന്ന തർക്കങ്ങൾ ഇങ്ങനെ

ത്രികോണാകൃതിയിൽ പുതിയ പാർലമെന്റ് സമുച്ചയം പണിയുമ്പോൾ മോദി സർക്കാർ ആലോചിക്കുന്നത് 1000 പേർക്ക് ഇരിക്കാവുന്ന ലോക്‌സഭ; സെൻസസിന് ശേഷം മണ്ഡല പുനർനിർണയത്തിന് ആലോചന;  ജനസംഖ്യ കൂടിയ യുപിക്കും ബിഹാറിനും സീറ്റ് കൂടുതൽ കിട്ടുമോ? ജനസംഖ്യാനിയന്ത്രണത്തിൽ വിജയിച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ശിക്ഷ ഏറ്റുവാങ്ങുമോ? സീറ്റുകൂടുമ്പോൾ കൂടെ കൂടുന്ന തർക്കങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ത്രികോണാകൃതിയിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്റിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുകയാണ്. പാർലമെന്റ് സമുച്ചയം, പ്രധാനമന്ത്രിയുടെ വസതി എന്നിവ അടക്കം ന്യൂഡൽഹി സെൻട്രൽ വിസ്റ്റയിലെ പ്രധാന ഭാഗമാണ് സർക്കാർ പുതുക്കിപ്പണിയുന്നത്. 2022ൽ പൂർത്തിയാകുന്ന പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഇരിപ്പിട ശേഷി കൂട്ടുന്നതും ചർച്ചയായിക്കഴിഞ്ഞു. 900-1000 പേർക്ക് ഇരിക്കാവുന്ന ലോക്സഭയാണ് ആലോചിക്കുന്നത്. നിലവിൽ 543 സീറ്റാണ് ലോക്സഭയിൽ ഉള്ളത്. ഇതോടെ, സെൻസസിന് ശേഷം രാജ്യത്തുടനീളമുള്ള ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുമെന്ന സൂചനകളും വരുന്നു.

മോദി സർക്കാർ മാത്രമല്ല ഇക്കാര്യം ആലോചിക്കുന്നത്. ഭരണ-പ്രതിപക്ഷ വേർതിരിവില്ലാതെ, രാഷ്ട്രീയകേന്ദ്രങ്ങളിൽ ഏറെ നാളായി നിലനിൽക്കുന്ന ചർച്ചയാണ് സീറ്റിന്റെ എണ്ണംകൂട്ടൽ. ഡിസംബർ 16 ന് ഡൽഹിയിൽ, ഇന്ത്യാ ഫൗണ്ടേഷൻ സംഘടിപ്പിച്ച രണ്ടാമത് അടൽ ബിഹാരി വാജ്പേയി സ്മാരക പ്രഭാഷണം നടത്തവേ മുൻരാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി മുന്നോട്ട് വച്ച നിർദ്ദേശം ഇതിനകം ചർച്ചയായി കഴിഞ്ഞു.

ലോക്സഭയിലെയും രാജ്യസഭയിലെയും അംഗസഖ്യ വർധിപ്പിക്കണമെന്നാണ് പ്രണബ് മുഖർജി ആവശ്യപ്പെട്ടത്. ലോക്സഭാംഗങ്ങളുടെ എണ്ണം നിലവിലെ 543ൽ നിന്ന് ആയിരമാക്കണമെന്നും തത്തുല്യമായ വർധന രാജ്യസഭാംഗങ്ങളുടെ കാര്യത്തിലും വരുത്തണമെന്നാണ് പ്രണബ് ആവശ്യപ്പെട്ടത്. ഏറ്റവും ഒടുവിൽ, ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വർധന വരുത്തിയത് 1977ലാണ്. 1971ലെ സെൻസസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്. 55 കോടിയായിരുന്നു അന്ന് രാജ്യത്തെ ജനസംഖ്യ. അന്നത്തെക്കാൾ ജനസംഖ്യയിൽ ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വർധന വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു..

16 മുതൽ 18 ലക്ഷം ആളുകളെയാണ് ഒരു ലോക്സഭാംഗം പ്രതിനിധീകരിക്കുന്നത്. എങ്ങനെയാണ് ആ പ്രതിനിധിക്ക് ഇത്രയും ജനങ്ങളുമായി ബന്ധം പുലർത്താനാവുന്നതെന്നും പ്രണബ് ചോദിച്ചു. അടിസ്ഥാനമില്ലാത്ത ഒഴിവുകഴിവുകളിൽ അഭയം കണ്ടെത്തുന്നതിനു പകരം നാം പുതുതായി ചിന്തിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ് പാർലമെന്റിന് 650 അംഗങ്ങളാകാമെങ്കിൽ, കനേഡിയൻ പാർലമെന്റിന് 443 അംഗങ്ങളാകാമെങ്കിൽ, യു.എസ്.കോൺഗ്രസിന് 535 അംഗങ്ങളെ ഉൾക്കൊള്ളാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ പാർലമെന്റിനും അങ്ങനെ ചെയ്തുകൂടായെന്നും പ്രണബ് ചോദിച്ചു.

ചോദ്യം ഉയരുന്നത് ആദ്യമല്ല

ലോക്‌സഭയിലെ തുല്യമല്ലാത്ത രാഷ്ട്രീയ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചോദ്യം ഉയർന്നുവരുന്നത് ഇതാദ്യമല്ല. ജനസംഖ്യാ-സീറ്റ് അനുപാതം പരമാവധി തുല്യമാകുന്ന രീതിയിൽ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾക്ക് ലോക്‌സഭയിൽ സീറ്റുകൾ വിഹിതെ വയ്ക്കണമെന്നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 81 അനുശാസിക്കുന്നത്. ഓരോ സംസ്ഥാനത്തിനും തുല്യ പ്രാതിനിധ്യം കിട്ടുന്നുവെന്ന് ഉറപ്പാക്കാനാണിത്. എന്നാൽ, 60 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയില്ലാത്ത ചെറിയ സംസ്ഥാനങ്ങളിൽ ഈ യുക്തി വിലപ്പോവുകയുമില്ല. അതുകൊണ്ട് തന്നെ ഓരോ സംസ്ഥാനത്തിനും ഒരുസീറ്റെങ്കിലും മാറ്റിവയ്ക്കുന്നു. ഭരണഘടന അനുശാസിക്കുന്നത് അക്ഷരാർഥത്തിൽ നടപ്പാക്കിയാൽ ജനസംഖ്യ കൂടുതലുള്ള യുപി, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലോക്‌സഭയിൽ കിട്ടുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരള, ആന്ധ്ര , ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടപ്പെടുകയും ചെയ്യും.

ആർട്ടിക്കിൾ 81 ന്റെ മൂന്നാം നിബന്ധനപ്രകാരം സീറ്റ് വിഹിതം ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച സെൻസസ് പ്രകാരമായിരിക്കണം. എന്നാൽ, 2003 ൽ വരുത്തിയ ഭേദഗതി അനുസരിച്ച് ജനസംഖ്യ എന്നാൽ അർഥമാക്കുന്നത് 1971 ലെ സെൻസസിനെ അടിസ്ഥാനമാക്കിയാണ്. 2026 ന് ശേഷമുള്ള ആദ്യത്തെ സെൻസസ് വരെ ഇങ്ങനെയായിരിക്കണമെന്നും അനുശാസിക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത്‌ ഇന്ദിരാ ഗാന്ധി വരുത്തിയ മാറ്റം

ഭരണഘടനയുടെ ആർട്ടിക്കിൾ 81 പ്രകാരം ജനസംഖ്യയിലെ മാറ്റങ്ങൾ ലോക്‌സഭയുടെ ഘടനയിൽ പ്രതിനിധീകരിക്കണം. എന്നാൽ, 1971 ലെ സെൻസസിനെ ആധാരമാക്കിയുള്ള മണ്ഡല പുനർനിർണയത്തിന് ശേഷവും ആ പ്രാതിനിധ്യത്തിൽ മാറ്റമില്ലാതെ തുടർന്നു. എന്താണ് കാരണം? ജനസംഖ്യ-സീറ്റ് അനുപാതം എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായിരിക്കണമെങ്കിലും അതുപാലിച്ചുവന്നപ്പോൾ ജനസംഖ്യാനിയന്ത്രണത്തിൽ ഒട്ടം താൽപര്യം കാണിക്കാത്ത സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന സ്ഥിതി വന്നു. കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് കുറയുന്നതിനുള്ള സാധ്യതയും വന്നുചേർന്നു. ഈ ആശങ്കകളെ അകറ്റാൻ, 1976 ലെ അടിയന്തരാവസ്ഥാ ഭരണകാലത്ത് 2001 വരെ മണ്ഡല പുനർനിർണയം മരവിപ്പിക്കാൻ ഭരണഘടന ഭേദഗതി ചെയ്തു. 2001 ലെ സെൻസസിന് ശേഷം മണ്ഡല പുനർനിർണയം മരവിപ്പിച്ചത് എടുത്ത് കളഞ്ഞെങ്കിലും പിന്നീട് മറ്റൊരു ഭേദഗതിയിലൂടെ 2026 വരെ വീണ്ടും മാറ്റിവച്ചു.

2016 ഓടെ ഏകീകൃത ജനസംഖ്യാവളർച്ച രാജ്യത്ത് കൈവരിക്കുമെന്ന കണക്കുകൂട്ടലായിരുന്നു ഈ മരവിപ്പിക്കലിന്റെ ന്യായീകരണം. 2002 ജൂലൈയിൽ ആരംഭിച്ച് 2008 മെയ് 31 ന് അവസാനിച്ച ഒടുവിലത്തെ മണ്ഡല പുനർനിർണയം 2001ലെ സെൻസസിന്റെ അടിസ്ഥാനത്തിലായിരുന്നു. നിലവിലുള്ള ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയവും പട്ടികജാതി -പട്ടികവർഗ സംവരണ മണ്ഡലങ്ങളുടെ എണ്ണത്തിലെ മാറ്റവും മാത്രമാണ് അന്നുണ്ടായത്.

1970 കൾക്ക് ശേഷം ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ മാറ്റമേ വന്നില്ല. ഇതോടെ രാജ്യത്തെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ജനസംഖ്യ വേഗത്തിൽ വളർന്ന വടക്കേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ് പ്രാതിനിധ്യം കുറവാണെന്ന വാദം ഉയർന്നു. എന്നാൽ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ് കുറയുന്ന സാഹചര്യവും.

എല്ലാ വോട്ടുകളും തുല്യമല്ലാത്ത സാഹചര്യം

1971ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ വിഹിതം വയ്ക്കുമ്പോൾ, എല്ലാ വലിയ സംസ്ഥാനങ്ങൾക്കും ഏകദേശം 10 ലക്ഷം പേരെ പ്രതിനിധീകരിക്കുന്ന എംപിയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ 40 വർഷത്തിനിടെ, ജനസംഖ്യ കൂടുന്നത് അനുസരിച്ച് സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വന്നിട്ടില്ല. 2016 ലെ ജനസംഖ്യ വച്ചുള്ള കണക്കെടുപ്പ് പ്രകാരം രാജസ്ഥാനിൽ നിന്നുള്ള ഒരു എംപി 30 ലക്ഷം പേരുടെ പ്രതിനിധിയാണ്. അതേസമയം. തമിഴ്‌നാട്ടിലെയോ, കേരളത്തിലെയോ എംപി 18 ലക്ഷത്തിൽ താഴെ പേരുടെ പ്രതിനിധിയും. എന്നാൽ ജനസംഖ്യ കുറഞ്ഞതിന്റെ പേരിൽ തങ്ങൾ ഇരകളാക്കപ്പെടുകയാണെന്ന വാദം ഈ സംസ്ഥാനങ്ങൾക്ക് ഉന്നയിക്കുകയും ചെയ്യാം. ഏതായാലും മോദി സർക്കാർ ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയം ചെയ്യാൻ തീരുമാനിച്ചാൽ, വാദ-പ്രതിവാദങ്ങൾ വീണ്ടും ചൂടുപിടിക്കുമെന്ന് ഉറപ്പ്. ജനസംഖ്യ അടിസ്ഥാനമാക്കി സീറ്റുകളുടെ എണ്ണം കൂട്ടിയാൽ, അത് അനീതിയെന്നും, തങ്ങൾ ജനസംഖ്യാനിയന്ത്രണത്തിലെ വിജയത്തിന്റെ പേരിൽ ഇരകളാക്കപ്പെടുകയാണെന്നും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശക്തമായി വാദിക്കുമെന്ന് ഉറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP