Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ധനവകുപ്പിൽ കയറി ജീവനക്കാരനെ കൈ വെച്ചത് സിപിഎം യൂണിയൻ നേതാക്കൾ; അക്രമം നടന്നെന്നു സാക്ഷിമൊഴി നൽകിയപ്പോൾ അക്രമികളുടെ ശമ്പള വർദ്ധന തടഞ്ഞു വെച്ചു; പ്രതികാരമായി ഒളിയുദ്ധവും കൂട്ടായ മാനസിക ആക്രമണവും; ബാത്ത്‌റൂമിൽ മറന്നുവെച്ച 'പേഴ്‌സ് കണ്ടോ' എന്ന് ചോദിച്ചത് തെറ്റായി വ്യാഖ്യാനിച്ച് പരാതിയാക്കി; പിന്നാലെ ധനവകുപ്പ് ഉന്നതരുടെ ഹിയറിംഗും ഭീഷണിയും; സിപിഎം യൂണിയന്റെ പ്രതികാരാഗ്‌നിയിൽ മാനസിക നില തകർന്ന സെക്രട്ടറിയേറ്റ് ജീവനക്കാരി രണ്ടു മാസമായി അവധിയിൽ

ധനവകുപ്പിൽ കയറി ജീവനക്കാരനെ കൈ വെച്ചത് സിപിഎം യൂണിയൻ നേതാക്കൾ; അക്രമം നടന്നെന്നു സാക്ഷിമൊഴി നൽകിയപ്പോൾ അക്രമികളുടെ ശമ്പള വർദ്ധന തടഞ്ഞു വെച്ചു; പ്രതികാരമായി ഒളിയുദ്ധവും കൂട്ടായ മാനസിക ആക്രമണവും; ബാത്ത്‌റൂമിൽ മറന്നുവെച്ച 'പേഴ്‌സ് കണ്ടോ' എന്ന് ചോദിച്ചത് തെറ്റായി വ്യാഖ്യാനിച്ച് പരാതിയാക്കി; പിന്നാലെ ധനവകുപ്പ് ഉന്നതരുടെ ഹിയറിംഗും ഭീഷണിയും; സിപിഎം യൂണിയന്റെ പ്രതികാരാഗ്‌നിയിൽ മാനസിക നില തകർന്ന സെക്രട്ടറിയേറ്റ് ജീവനക്കാരി രണ്ടു മാസമായി അവധിയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: സിപിഎം യൂണിയന്റെ ഊരുവിലക്കിനെ തുടർന്ന് സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ യുവതി മാനസിക നില തകർന്ന അവസ്ഥയിൽ. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 'ഊരുവിലക്ക്' കാരണം കടുത്ത ഡിപ്രഷൻ വന്നതിനാലാണ് ജീവനക്കാരി ലീവെടുത്ത് വീട്ടിൽ തുടരുന്നത്. കഴിഞ്ഞ രണ്ടുമാസമായി ജോലിക്ക് വരാൻ കഴിയാതെ മെഡിക്കൽ ലീവിൽ തുടരുകയാണ് എ.നിഷയെന്ന സെക്രട്ടറിയേറ്റ് ജീവനക്കാരി. ഒറ്റപ്പെടുത്തിയുള്ള ഭീകര മാനസിക ആക്രമണത്തിന്റെ ഇരയായി മാറിയതോടെയാണ് ജോലിക്ക് വരാൻ കഴിയാതായത്.

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ അംഗം തന്നെയായ ജീവനക്കാരിയാണ് പ്രശ്‌നങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് ജീവിതം തന്നെ നഷ്ടമായ അവസ്ഥ നേരിടുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സെക്രട്ടറിയേറ്റിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ മൊഴിയാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെ അന്ന് മർദ്ദിച്ചത് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിൽ അംഗങ്ങളായ സംഘമായിരുന്നു. എന്നാൽ ഇതേ യൂണിയൻ അംഗം തന്നെയായ നിഷ അക്രമം നടത്തിയവർക്കെതിരെ മൊഴി നൽകിയതാണ് അസോസിയേഷനെ ചൊടിപ്പിച്ചത്. നിരന്തരം പറഞ്ഞിട്ടും മൊഴി പിൻവലിക്കാൻ നിഷ തയ്യാറാകാത്തതോടെ അസോസിയേഷൻ നിഷയ്ക്ക് എതിരെ തിരിയുകയായിരുന്നു. നിഷയുടെ മൊഴിയുടെ ബലത്തിൽ അസോസിയേഷനിലെ രണ്ടുഡിപ്പാർട്ട്‌മെന്റ് ആക്ഷൻ വന്നു. രണ്ടു പേരുടെ ഇൻക്രിമെന്റ് ഡീ ബാർ ചെയ്തു. ഇതോടെയാണ് അസോസിയേഷൻ നേതാക്കളുടെ പ്രതികാരാഗ്‌നി ആളിക്കത്തിയത്. ഇതിനു തുടർന്ന് നിഷയ്ക്ക് നേരെ നടന്ന മാനസിക ആക്രമണങ്ങളെ തുടർന്നാണ് ജോലിയിൽ തുടരാൻ സാധിക്കാത്ത അവസ്ഥ വന്നത്.

നിരന്തരം ഇന്റേണൽ ട്രാൻസ്ഫറുകൾ; നേരിടേണ്ടി വന്നത് കുരിശുയുദ്ധവും

നിരന്തരം സെക്രട്ടറിയേറ്റിലെ സെക്ഷൻ മാറ്റിയുള്ള ട്രാൻസ്ഫറുകൾ, എപ്പോഴും ഭീതിയിൽ തുടരുന്ന അവസ്ഥ, ചെറിയ കുറ്റങ്ങൾ പോലും പെരുപ്പിച്ച് കാട്ടി നടപടിയെടുക്കാൻ തീരുമാനിച്ച രീതിയിൽ ഉദ്യോഗസ്ഥ സംഘവും. ഇതിന്നിടയിൽ വന്ന ഒരു പേഴ്‌സ് മറന്നു വയ്ക്കൽ പ്രശ്‌നം പ്രതികാരം തീർക്കാനുള്ള അവസരമായി യൂണിയൻ നേതൃത്വം മാറ്റിയതോടെയാണ് മെഡിക്കൽ ലീവെടുത്ത് ചികിത്സയുമായി ഇവർക്ക് വീട്ടിൽ കഴിയുന്ന അവസ്ഥ വന്നത്. യൂണിയൻ നേതൃത്വത്തിന്റെ കൂട്ടായ അക്രമത്തിന്റെ ഇരയായി വർഷങ്ങളാണ് യുവതിക്ക് തള്ളിനീക്കേണ്ടി വന്നത്. നിരന്തര മാനസിക പീഡനം നേരിട്ടതിനെ തുടർന്ന് ജോലി ചെയ്യാൻ സാഹചര്യമില്ലാ എന്നാണ് തനിക്കെതിരെ നടക്കുന്ന കുരിശുയുദ്ധം ചൂണ്ടിക്കാട്ടി നിഷ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിട്ട് കണ്ടു പറഞ്ഞത്. കഷ്ടപ്പെട്ട് പഠിച്ചു കിട്ടിയ ജോലിയാണ്. എനിക്ക് എന്റെ കുട്ടികളെ വളർത്തേണ്ടേ? എനിക്ക് ജീവിക്കണ്ടേ? എന്ത് തെറ്റ് ചെയ്തു. ഞാൻ ആകെ ഒരു സാക്ഷിമൊഴി നൽകിയത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. ഇതാണ് നിഷ ധനവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറിയെ കണ്ടു പറഞ്ഞത്. പരാതിയും നൽകി. എന്നിട്ടും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. നിഷയാണെങ്കിൽ ലീവും ചികിത്സയുമായി കഴിയുകയുമാണ്.

യൂണിയന്റെ ഒളിയുദ്ധം നിഷയ്ക്ക് നേരെ നടക്കുമ്പോൾ തന്നെയാണ് ഇവർ ബാത്ത്‌റൂമിൽ പേഴ്‌സ് വെച്ച് മറക്കുന്നത്. പുറത്ത് വന്നശേഷമാണ് സെക്രട്ടറിയേറ്റ് ബാത്ത്‌റൂമിൽ പേഴ്‌സ് മറന്നുവെച്ചത് ഓർക്കുന്നത്. അപ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു. സെക്ഷന്റെ താക്കോലും പണവും എടിഎം കാർഡും എല്ലാം പേഴ്‌സിനകത്താണ് ഉള്ളത്. ബാത്ത് റൂമിൽ തിരികെ എത്തിയപ്പോൾ പക്ഷെ പേഴ്‌സ് അവിടെ ഉണ്ടായിരുന്നില്ല. ഒരു സഹപ്രവർത്തകയെ നിഷ ബാത്ത്‌റൂമിൽ കണ്ടിരുന്നു. ഇവരോട് പേഴ്‌സ് കണ്ടോ എന്ന് മാത്രമാണ് നിഷ ചോദിച്ചത്. ഈ പ്രശ്‌നം നിഷയ്ക്ക് എതിരെയുള്ള പരാതിയായി യൂണിയൻ നേതൃത്വത്തിലെ ചിലർ ഉയർത്തിക്കൊണ്ട് വരുകയായിരുന്നു. ഇതിനെ തുടർന്ന് പരാതിയും ഭീഷണിയും വന്നപ്പോൾ ജോലിയിൽ തുടരാൻ സാധിക്കാത്ത അവസ്ഥയും വന്നു. ഇതോടെയാണ് ജീവനക്കാരി മെഡിക്കൽ ലീവിൽ പ്രവേശിച്ചത്. ഇപ്പോഴും എന്ന് സർവീസിൽ തിരികെ കയറും എന്ന് നിഷയ്ക്ക് അറിയില്ല.

പരാതി നൽകിയപ്പോൾ ഫിനാൻസിലെ ആന്റി ഹറാസ്‌മെന്റ്‌റ് കമ്മറ്റി പറഞ്ഞത് സെക്രട്ടറിയേറ്റിനു പുറത്തേക്ക് ട്രാൻസ്ഫർ നൽകാം എന്നാണ്. അതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലാ എന്നാണ് ഇവർ അറിയിച്ചത്. നിഷയെ സെക്രട്ടറിയേറ്റിനു വെളിയിൽ കടത്തുകയാണ് ഇവരുടെ ഉദ്ദേശ്യം എന്ന് അറിയാവുന്നതിനാൽ സെക്രട്ടറിയേറ്റിനു വെളിയിലേക്കുള്ള ട്രാൻസ്ഫറിനു ഇവർ വഴങ്ങിയില്ല. ജീവനക്കാരിക്കാണെങ്കിൽ ജോലിയിൽ തുടരാൻ കഴിയാത്ത അവസ്ഥയും. ഇതോടെയാണ് ലീവെടുത്ത് വീട്ടിലിരിക്കാൻ തുടങ്ങിയത്. ഒപ്പം കടുത്ത ഡിപ്രഷനും വന്നു. നിഷയെ സർവീസിനു വെളിയിൽ തള്ളും. പെൻഷൻ ആനുകൂല്യങ്ങൾ വരെ റദ്ദ് ചെയ്യും എന്നാണ് യൂണിയൻ നേതൃത്വത്തിലെ ചിലർ ഭീഷണി മുഴക്കുന്നത്. നേതൃത്വത്തെ എതിർക്കാൻ ശേഷിയില്ലാതെ എല്ലാം നോക്കിയും കണ്ടും വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് നിഷ.

ബഹിഷ്‌ക്കരണത്തിനാധാരമായ പ്രശ്‌നങ്ങളെക്കുറിച്ച്‌ ബന്ധുക്കളുടെ പ്രതികരണം:

2014-ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർ സെക്ഷനിലെ ജീവനക്കാരനെ കയ്യേറ്റം ചെയ്തിരുന്നു. നിഷയുടെ കൺമുന്നിൽ വച്ചാണ് സംഭവം. നിയമസഭ കൂടിയ സമയമായിരുന്നു. ഉത്തരങ്ങൾ സഭയ്ക്ക് മുൻപായി നൽകേണ്ടതുണ്ട്. ടൈപ്പിസ്റ്റ് ആയ വനിത ടൈപ്പ് ചെയ്ത് തന്നില്ല. അവർ ലോ അക്കാദമിയിൽ ക്ലാസിനു പോകുന്നുണ്ട്. സമയം മുഴുവൻ ഇവർ അതിനായി നൽകും. ടൈപ്പ് ചെയ്യാൻ ആളെ കിട്ടിയില്ല. ഈ ഘട്ടത്തിൽ അസിസ്റ്റന്റ് ടൈപ്പിസ്റ്റിനെ വഴക്ക് പറഞ്ഞു. ടൈപ്പിസ്റ്റ് ഇത് യൂണിയൻ നേതാക്കളോടു പറഞ്ഞു. ജിഐഡിയിൽ പോയി ടൈപ്പിസ്റ്റുമാർ നേതാക്കളെയും കൂട്ടി വന്നു. അസിസ്റ്റന്റിനു ഇവരിൽ നിന്നും മർദ്ദനം ഏറ്റു. ഈ കാര്യത്തിൽ നൽകിയ സാക്ഷിമൊഴിയാണ്  ഇത്രയും ദുരിതങ്ങൾ വരുത്തിവെച്ചത്. ആർക്ക് വേണ്ടിയാണ്  സാക്ഷിമൊഴി നൽകിയത് അദ്ദേഹം വരെ പിന്നെ നിഷയെ തള്ളിപ്പറഞ്ഞ അവസ്ഥ വരുന്നതും പിന്നീട്  കണ്ടു. പരാതി നൽകാനായി ഈ കേസിന്റെ ഫയൽ നമ്പർ ചോദിച്ചിട്ട് പോലും അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് വേറെ ഒരു അനുഭവം. ഫിനാൻസിന്റെ മെയിൻഹാളിൽ നടന്ന സംഭവമായിരുന്നു ഇത്.  നിഷ ഈ സംഭവത്തിലെ സാക്ഷിയായിരുന്നു.

നാലഞ്ചുപേർ വേറെയും സാക്ഷികൾ ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും ഇതിൽ നിന്ന് പിന്മാറി. നിഷ പിന്മാറാൻ തയ്യാറായില്ല. അത് വലിയ പ്രശ്‌നമായി. യൂണിയൻ ഇത് അഭിമാന പ്രശ്‌നമായി എടുത്തു. സാക്ഷിമൊഴി പിൻവലിക്കാനാണ് ഇവർ വെമ്പൽക്കൊണ്ടത്. പക്ഷെ പിന്മാറാൻ നിഷ തയ്യാറായില്ല.  ഭീഷണി വന്നു. നിഷ യൂണിയൻ മെമ്പർ ആയിരുന്നു.  ഇടത് മെമ്പർ ആയതിനാൽ അത് അവർക്ക് ഒരു ക്ഷീണമായി. ഇടത് മെമ്പർ ഇടത് യൂണിയൻ മെമ്പർമാർക്കെതിരെ മൊഴി നൽകി. ഇത് അവർ നോട്ടു ചെയ്ത് വെച്ചു. വാക്കാലും അല്ലാതെയും ഭീഷണി വന്നു. മൊഴി മാറ്റിക്കോ, അതാണ് നല്ലത്. ഇതാണ് ഭീഷണിയായി വന്നത്. നിഷ പിന്മാറിയില്ല. ഡിപ്പാർട്ട്‌മെന്റ് ആക്ഷൻ വന്നു. രണ്ടു പേരുടെ ഇൻക്രിമെന്റ് ഡീ ബാർ ചെയ്തു. ഇടത് മന്ത്രിസഭ വന്നപ്പോൾ ഈ ഇൻക്രിമെന്റ് പുനഃസ്ഥാപിച്ചു. പക്ഷെ നിഷയെഅവർ മാർക്ക് ചെയ്തു വെച്ചു. പക്ഷെ നിഷസംഘടനയിൽ തന്നെ ഉറച്ചു നിന്നു. പക്ഷെ എല്ലാ ട്രാൻസ്ഫർ ഓർഡറിലും നിഷയുടെ പേരുണ്ടാകും. എപ്പോഴും എന്ത് സംഭവിക്കും എന്ന ഭീതി എപ്പോഴും നിഷയെ വലയം ചെയ്തു നിന്നു. നിഷയെ വിവിധ സെക്ഷനിലേക്ക് ട്രാൻസ്ഫർ ചെയ്യും.

പുതിയ സെക്ഷനിലേക്ക് പോകുമ്പോൾ ഭീകരജീവിയാണ് വരുന്നത് എന്ന രീതിയിൽ സെക്ഷന് മുന്നറിയിപ്പ് നൽകും. എല്ലാവരും കരുതി നിൽക്കും. പക്ഷെ നിഷ സാധാരണ രീതിയിൽ പെരുമാറും. പറഞ്ഞ രീതിയിൽ ഉള്ള ആളല്ലല്ലോ വന്നിരിക്കുന്നത് എന്ന് സെക്ഷനിലുള്ളവർക്ക് മനസിലാകും. പതിയെ ആ സെക്ഷനിൽ ബന്ധങ്ങൾ വരും. ഇതാണ് സംഭവിച്ചു കൊണ്ടിരുന്നത്. പക്ഷെ  വന്ന പ്രശ്‌നം. ആ സെക്ഷനിലെ വർക്ക് പഠിച്ചുവരുമ്പോൾ  ട്രാൻസ്ഫർ വരും. അടുത്ത സെക്ഷനിലെ വർക്ക് പഠിച്ചു വരുമ്പോൾ അവിടെ നിന്നും മാറ്റും. ഇതാണ് സംഭവിച്ചുകൊണ്ടിരുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കി ഒരു കംപ്ലെയിന്റ്‌റ്  നൽകാനാണ് സെക്ഷനിലുള്ളവർക്ക് യൂണിയൻ നേതാക്കൾ നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ട് തന്നെ വലിയ മാനസിക സംഘർഷങ്ങൾക്ക് അനുഭവിക്കേണ്ടി വന്നു. അതിന്നിടയിൽ കഴിഞ്ഞ നവംബർ 12 നു ഒരു സംഭവം നടന്നു. നിഷയുടെ പേഴ്‌സ് സെക്രട്ടറിയേറ്റ് ബാത്ത്‌റൂമിൽ വെച്ച് മറന്നു പോയി. സെക്ഷന്റെ താക്കോലും പണവും എടിഎം കാർഡും എല്ലാം പേഴ്‌സിനകത്താണ് ഉള്ളത്. പിന്നീടാണ് ഇത് മനസിലാക്കി തിരികെ  ബാത്ത്‌റൂമിൽ എത്തിയത്. പക്ഷെ പേഴ്‌സ് അവിടെ ഉണ്ടായിരുന്നില്ല.

അപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞിരുന്നു. ഒരു സഹപ്രവർത്തകയെ  ബാത്ത്‌റൂമിൽ കണ്ടിരുന്നു. ഓടിച്ചെന്നു ഇവരെ കണ്ടു ചോദിച്ചു. അപ്പോൾ അവർ വൈഎസിഎ ഗെറ്റിലായിരുന്നു. ഇയാൾ എന്റെ പഴ്‌സ് കണ്ടിരുന്നോ എന്ന് മാത്രമാണ് നിഷ
ചോദിച്ചത്. പഴ്‌സ് ബാത്ത്‌റൂമിന്റെ സൈഡിൽ വച്ചിരുന്നു. ഇത് കണ്ടിരുന്നോ എന്നാണ് ചോദിച്ചത്. സഹപ്രവർത്തക ക്ഷുഭിതയായി. ഞാൻ പേഴ്‌സ് എടുത്തിട്ടില്ല. പേഴ്‌സ് കണ്ടോ എന്നാണ് ചോദിച്ചത് അല്ലാതെ എടുത്തോ എന്നല്ല എന്ന് പറഞ്ഞപ്പോൾ അവർ ബാഗ് തുറന്നു കാണിച്ചു. പിന്നീട് ഒരു ഫോൺ വന്നു. അഡ്‌മിനിസ്‌ട്രെഷനിൽ നിന്നുമായിരുന്നു. പേഴ്‌സ് ആരോ അവിടെ നൽകി എന്നാണ് പറഞ്ഞത്. പിറ്റേ ദിവസം രാവിലെ നിഷ സഹപ്രവർത്തകയെ കണ്ടു പറഞ്ഞു. ഇന്നലെ ചോദിച്ചതിനു സോറി കേട്ടോ. സമയം ആറുമണി കഴിഞ്ഞിരുന്നു. ആരും ആ സമയത്ത് ബാത്ത്‌റൂമിൽ ഉണ്ടായിരുന്നില്ല. അതിനാലാണ്  ചോദിച്ചത് എന്ന് പറഞ്ഞു. പേഴ്‌സ് എനിക്ക് കിട്ടി. ആരോ അഡ്‌മിനിസ്‌ട്രെഷനിൽ ഏൽപ്പിച്ചിരുന്നു എന്ന് നിഷ പറഞ്ഞു. 'ഇയാള് എന്നോടു ചെയ്തത് ഇനി ആരോടും ചെയ്യരുത്' എന്നാണ് അവർ  മറുപടിയായി പറഞ്ഞത്. ഇത് നിഷയെ ഞെട്ടിച്ചു.

ഹിയറിങ് എന്ന പേരിൽ വന്നത് മെന്റൽ ടോർച്ചറിങ്

പഴ്‌സ് സംഭവം ആധാരമാക്കി ആഞ്ഞടിക്കാൻ ആരൊക്കെയോ തീരുമാനിച്ചിരുന്നു. സഹപ്രവർത്തക പരാതിപ്പെട്ടു. പഴ്‌സ് സംഭവത്തിൽ നിഷക്കെതിരെയുള്ള പരാതിയാണ് നൽകിയത്. അവരെ കള്ളിയാക്കി. മോഷ്ടാവായി ചിത്രീകരിച്ചു എന്നൊക്കെ പരാതി വന്നു. അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനു  തടസം നിന്നു എന്ന രീതിയിലുള്ള പരാതിയാണ് കൈമാറപ്പെട്ടത്. ഈ പരാതി വഴി  മാനസികമായി തകർക്കുകയാണ് ചെയ്തത്. പിന്നെ നിഷക്ക് ഓഫീസിൽ ഇരിക്കാനേ കഴിഞ്ഞിട്ടില്ല.  ശരീര പരിശോധന നടത്തി. സഹപ്രവർത്തക ബോധരഹിതയായി വീണു. വണ്ടിയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി എന്നൊക്കെയാണ് പിന്നീട് അപവാദങ്ങൾ വന്നത്. അങ്ങിനെ ഒന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞെങ്കിലും ആരും അത് കേട്ടില്ല.  ഒരു ക്രൈം ചെയ്തതുപോലെയാണ് എല്ലാവരും ആ സംഭവം കണ്ടത്. പ്രമോഷൻ തടഞ്ഞുവെച്ച് ഡിസ്മിസ് ചെയ്ത് കളയും എന്നൊക്കെയാണ് അപവാദങ്ങൾ വന്നത്.  പൊലീസ് സ്റ്റെഷനിലും കയറ്റും എന്നും ഭീഷണികൾ വന്നു. ഫിനാൻസിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥ വന്നു. സഹപ്രവർത്തക കൊടുത്ത പരാതിയിൽ വല്ലാത്ത മെന്റൽ ടോർച്ചറിങ് ആണ്  എതിരെ വന്നത്. ഫിനാൻസിലെ ഉന്നതരായ നാല് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്.

ഫിനാൻസ് അഡീഷണൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി ഉന്നത ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യാൻ വന്നത്. ഒരു ചോദ്യത്തിനു ഉത്തരം നൽകുന്നതിന് മുൻപ് അവർ മറ്റൊരു ചോദ്യം ചോദിക്കും. ഇങ്ങിനെ നാനാഭാഗത്തും നിന്നും ചോദ്യങ്ങൾ. നിഷയെ പോലുള്ള ജീവനക്കാർക്ക് നേരിട്ട് കാണാൻ പോലും കഴിയാത്ത രീതിയിലുള്ള ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യൽ എന്ന രീതിയിൽ പിച്ചിചീന്തിയത്. രണ്ടു മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടുപോയത്. എന്താണ് ചെയ്ത തെറ്റ്. ഒരു പേഴ്‌സ് കണ്ടോ എന്ന് ചോദിച്ചു. അത്രയേയുള്ളൂ. സിപിഎം യൂണിയൻ വിചാരിച്ചാൽ സെക്രട്ടറിയേറ്റിൽ എന്തും നടക്കും എന്നതിന് തെളിവാണിത്. ചോദ്യം ചെയ്യൽ എന്നതിന്റെ പേരിൽ നടന്ന പിച്ചിചീന്തലിന് ശേഷം നിഷ ഇതേ വരെ ഓഫീസിൽ പോയിട്ടില്ല. പബ്ലിക്കായി ചീത്ത പറയാൻ യൂണിയൻ നേതൃത്വം പല സമയത്ത് പലരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിഷ ഫിനാൻസിലാണ്. അവർ ജിഐഡിയിലും മറ്റുമാകും. അതിനാൽ എനിക്ക് ഇവരെ തിരിച്ചറിയാൻ കഴിയാറില്ല. ...മോളെ നിനക്ക് ...ഇട്ടിട്ട് പണി തരും എന്നൊക്കെയാണ് ഇവർ വന്നു പറയാറുള്ളത്. ഇതൊക്കെ എങ്ങിനെ പുറത്ത് പറയും.

ജോലി ചെയ്യാൻ പോയിട്ട് ജീവിക്കാൻ കഴിയാത്ത രീതിയിലുള്ള മാനസിക പ്രയാസങ്ങളാണ് ഈ തെറിവിളികൾ സൃഷ്ടിച്ചത്‌. ഈ തെറിവിളികൾ പറയുന്നതിനാൽ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുൻപ് പരാതി നൽകിയിരുന്നു.  ജോലി ചെയ്യാൻ സാഹചര്യമില്ലാ എന്നാണ്   കുരിശുയുദ്ധം ചൂണ്ടിക്കാട്ടി ശ്രദ്ധയിൽപ്പെടുത്തിയത്. കഷ്ടപ്പെട്ട് പഠിച്ചു കിട്ടിയ ജോലിയാണ്. കുട്ടികളെ വളർത്തേണ്ടേ? ജീവിക്കണ്ടേ? എന്ത് തെറ്റ് ചെയ്തു. ആകെ ഒരു സാക്ഷിമൊഴി നൽകിയത് മാത്രമാണ് ചെയ്ത തെറ്റ്. എന്നാണ് ധനവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറിയെ നേരിട്ട് കണ്ടു നിഷ പറഞ്ഞത്. ആ പരാതി പിൻവലിക്കാനാണ് ധനവകുപ്പിലെ ഉന്നതർ ഹിയറിങ് വേളയിൽ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ എതിരെ നടപടി വരും എന്നാണ് ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ കമ്മറ്റി  ഭീഷണിപ്പെടുത്തിയത്. സഹപ്രവർത്തക നൽകിയ പരാതി ഞങ്ങൾ ഇതോടെ പിൻവലിക്കും. പകരം പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ പരാതിയും പിൻവലിക്കണം. ഒരു കള്ളസാക്ഷിയേയും ഇവർ ഹാജരാക്കി. നിഷ പതിവായി പേഴ്‌സ് മറന്നുവെയ്ക്കും എന്നാണ് മറ്റൊരു സഹപ്രവർത്തക മൊഴി നൽകിയത്.  പേഴ്‌സ് മറന്നുവെച്ചത് കണ്ടു അവർ പേഴ്‌സ്  എടുത്ത് തന്നു എന്നാണ് അവർ പറഞ്ഞത്. ഇതെല്ലാം നിഷക്ക് മാനസിക പ്രയാസ്യങ്ങൾ ഉണ്ടാക്കി. പിന്നെ  മെഡിക്കൽ ലീവ് എടുത്തു.

ഫിനാൻസ് വകുപ്പിലെ ഇന്റെണൽ കമ്മറ്റിക്കും  പരാതി നൽകിയിരുന്നു. ഈ കമ്മറ്റി ഹിയറിംഗിന് വിളിപ്പിച്ചു. ഫിനാൻസിൽ  ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം എന്നാണ്  ഇന്റെണൽ കമ്മറ്റിക്ക് മുന്നിൽ ആവശ്യപ്പെട്ടത്. ഇയാളെ ഞങ്ങൾ ട്രാൻസ്ഫർ ചെയ്ത് സെക്രട്ടറിയേറ്റിനു പുറത്തേക്ക് മാറ്റി തരാം എന്നാണു ഇന്റെണൽ കമ്മറ്റി പറഞ്ഞത്. ആരെങ്കിലും സാക്ഷി പറയുമോ എന്നാണ് ഇവർ ചോദിച്ചത്. സാക്ഷി പറഞ്ഞ നിഷയുടെ 
അവസ്ഥ ഇങ്ങിനെ. ഇത് മനസിലാക്കിയവർ ആണ് സെക്രട്ടറിയേറ്റിൽ ഉള്ളത്. അങ്ങിനെയുള്ള ആരെങ്കിലും  സാക്ഷി പറയുമോ? ഇന്റെണൽ കമ്മറ്റിയോട് ഇതാണ്  പറഞ്ഞത്. ഇപ്പോൾ നിഷ വീട്ടിൽ തന്നെയിരിക്കുന്നു. ഒരു മാസം മെഡിക്കൽ ലീവ് ലഭിച്ചു. അടുത്ത മെഡിക്കൽ ലീവിനും അപേക്ഷ നൽകിയിട്ടുണ്ട്. അത് പാസായോ എന്ന് അറിയില്ല.  വീട്ടിൽ തന്നെ തുടരുകയും ചെയ്യുന്നു-ബന്ധുക്കൾ പറയുന്നു. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും ഇത് സംബന്ധിച്ച പരാതികൾ  കൈമാറിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP