Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുതുവർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഉണർവേകും; തിരിച്ചടികളെ അതിജീവിക്കാൻ സഹായിക്കുക പുതിയ ധനനയവും ഗ്രാമീണർക്ക് പണമെത്തിക്കാനുള്ള നടപടികളും; വർഷാവസാനത്തോടെ നില മെച്ചപ്പെടുമെന്നും ഗീത ഗോപിനാഥ്

പുതുവർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഉണർവേകും; തിരിച്ചടികളെ അതിജീവിക്കാൻ സഹായിക്കുക പുതിയ ധനനയവും ഗ്രാമീണർക്ക് പണമെത്തിക്കാനുള്ള നടപടികളും; വർഷാവസാനത്തോടെ നില മെച്ചപ്പെടുമെന്നും ഗീത ഗോപിനാഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക രംഗത്ത് രാജ്യം ഇക്കൊല്ലം നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധയായ ഗീത ഗോപിനാഥ്. നിലവിൽ ഇന്ത്യൻ സമ്പദ് ഘടന നേരിടുന്ന തിരിച്ചടികളെ ഈ വർഷം അവസാനത്തോടെ മറികടക്കാനാകുമെന്നും ഐ.എം.എഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ കൂടിയായ ഗീത ഗോപിനാഥ് പറയുന്നു. 2019 ഇന്ത്യക്ക് സാമ്പത്തികമായി മോശം കാലമായിരുന്നു. ഇത് തിരിച്ചറിഞ്ഞ് പല ഉത്തേജക നടപടികളും നയങ്ങളും സ്വീകരിച്ചിട്ടുണ്ട്. പുതിയ ധന നയം, ഗ്രാമീണർക്ക് പണമെത്തിക്കാനുള്ള നടപടി, എന്നിവയെല്ലാം ഇക്കൊല്ലം അവസാനത്തോടെയെങ്കിലും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ പുഷ് ചെയ്യുമെന്ന് ഗീത ഗോപിനാഥ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായതുകൊണ്ട് ഇന്ത്യ വളരുന്നത് മറ്റുരാജ്യങ്ങൾക്കും ഗുണകരമാണ്. 2020ൽ രാജ്യം ഒന്നാമതായി മുൻഗണന കൊടുക്കുന്നത് സാമ്പത്തിക രംഗത്തിനുതന്നെയാണ്. ബാങ്കിങ്, കാർഷികം എന്നീ മേഖലകളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും അവർ നിർദ്ദേശിച്ചു. ലോകത്തിന്റെ പ്രധാന കമ്പനികൾ പലതും ചൈനയിൽ നിന്നു മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങുന്ന കാലമാണ്. അതിനാൽ ഇന്ത്യയെ സംബന്ധിച്ച് നല്ല സമയമാണ്.

കൊൽക്കത്തയിൽ ജനിച്ച് മൈസൂരുവിലും ഡൽഹിയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗീതാ ഗോപിനാഥിന്റെ വേരുകൾ കേരളത്തിലാണ്. കൊൽക്കത്തയിൽ സ്വകാര്യ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന മയ്യിലെ തലശ്ശേരി വീട്ടിൽ ഗോപിനാഥിന്റെയും കുറ്റിയാട്ടൂരിലെ വേഡിയേര ചന്ദ്രോത്ത് വിജയലക്ഷ്മിയുടെയും രണ്ടു മക്കളിൽ ഇളയതാണ് 48കാരിയായ ഗീത. സഹോദരി അനിതാ ഗോപിനാഥ്. ഗോപിനാഥ് ജോലിയിൽനിന്ന് വിട്ട് മൈസൂരുവിൽ സ്ഥിരതാമസമാക്കിയതിനാൽ ഗീതയുടെ സ്‌കൂൾ വിദ്യാഭ്യാസം മൈസൂരുവിലായി. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിലും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലും പഠിച്ച് എം.എ. പൂർത്തിയാക്കിയ ശേഷമാണ് ഗീത അമേരിക്കയിലെത്തുന്നത്.

വാഷിങ്ടൺ സർവകലാശാലയിൽനിന്ന് വീണ്ടും എം.എ. എടുത്ത ശേഷം പ്രിൻസ്റ്റൻ സർവകലാശാലയിൽനിന്ന് വുഡ്രോ വിൽസൻ ഫെലോഷിപ്പോടെ 2001ൽ ഡോക്ടറേറ്റ്. ഷിക്കാഗോ സർവകലാശാലയിലും ഹാർവാഡ് സർവകലാശാലയിലും പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. ഹാർവാഡിൽ പ്രവർത്തിക്കുന്ന കാലത്താണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ധനശാസ്ത്ര ഉപദേഷ്ടാവായത്. ആ ഘട്ടത്തിലാണ് ഐ.എം.എഫിൽ ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായത്. അമേരിക്കൻ ഇക്കണോമിക് റിവ്യൂവിന്റെയും ഹാൻഡ് ബുക്ക് ഓഫ് ഇന്റർനാഷണൽ ഇക്കണോമിക്സിന്റെയും കോ എഡിറ്ററാണ്.

ഇന്ത്യൻ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയിൽ ഐ.എം.എഫും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നായിരുന്നു ഐ.എം.എഫ് വ്യക്തമാക്കിയത്. നിക്ഷേപവും ഉപഭോഗവും വലിയ രീതിയിൽ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതെന്നാണ് ഐ.എം.എഫിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇന്ത്യയിലെ സാമ്പത്തികാവസ്ഥ വെല്ലുവിളിയുയർത്തുന്ന അന്തരീക്ഷത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും എത്രയും പെട്ടന്ന് നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയടക്കം ചൂണ്ടിക്കാണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP