Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിറന്നാൾ ദിനത്തിലെ പ്രപ്പോസൽ; ഒരേ സിനിമയിൽ ജോഡികളായി അഭിനയവും; വിജയ് സൂപ്പറും പൗർണമിയിലെ കൂട്ടുകെട്ട് കുടുതൽ തങ്ങളിൽ അടുപ്പിച്ചു; നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു; വധു നടിയും മോഡലുമായ എലീന കാതറിൻ; വിവാഹനിശ്ചയത്തിന്റെ വാർത്ത ആരാധകരുമായി പങ്കുവച്ച് താരങ്ങൾ; വിവാഹനിശ്ചയം അടുത്തമാസമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ ബാലു വർഗീസ് വിവാഹിതനാകുന്നു.നടിയും മോഡലുമായ എലീന കാതറിന്നാണ് വധു. ഇരുവരുടെയും വിവാനിശ്ചയം അടുത്ത മാസം രണ്ടാം തിയതി നടക്കും. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിട്ട് ഒരുവർഷത്തോളമായി. എലീനയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ മാസം എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു.

ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരങ്ങൾക്കിടയിലെ പ്രണയം ആരാധകരറിഞ്ഞത്. ഇപ്പോഴിതാ 2019ലെ തന്റെ സന്തോഷനിമിഷങ്ങൾ കോർത്തിണക്കി എലീന പങ്കുവച്ച സ്റ്റാറ്റസിലൂടെ ഇരുവരുടെയും വിവാഹനിശ്ചയ വാർത്തയും പുറത്തുവന്നിരിക്കുന്നു.

ലാൽ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിങ് ലയർ, ഡാർവിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗർണമിയും എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിങ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേൾഡ് തുടങ്ങിയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേൾഡിൽ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

അയാൾ ഞാനല്ല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിൽ എലീന അഭിനയിച്ചിട്ടുമുണ്ട്. വിജയ് സൂപ്പറും പൗർണമിയും സെറ്റിലെ ഇഷ്ടമാണ് താരങ്ങളെ അടുപ്പിച്ചത് എന്ന സൂചന പുറത്ത് വരുന്നത്. വിജയ് സൂപ്പറിൽ ആസിഫ് അലി അഭിനയിച്ച വിജയ് എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് റോഷൻ എന്ന കഥാപാത്രത്തെയാണ് ബാലു അവതരിപ്പിച്ചത്. സോനം എന്ന കഥാപാത്രത്തെയാണ് അലീന അവതരിപ്പിച്ചത്.

ദിലീപ് ചിത്രമായ ചാന്തുപൊട്ടിൽ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആ കഥാപാത്രത്തിനായി ഒരു കുട്ടിയെ തേടിയ ലാൽ ജോസിന്, തന്റെ അമ്മയുടെ സഹോദരൻ കൂടിയായ സംവിധായകൻ ലാലാണ് ബാലുവിനെ നിർദ്ദേശിക്കുന്നത്.ആദ്യ സിനിമയിലെ അഭിനയ്തതിനുശേഷമാണ് ബാലു സ്‌ക്കൂളിലെ കലാവേദികളിൽ സജീവമാകുന്നത്.

പിന്നീട് അറബിക്കഥയിൽ ശ്രീനിവാസൻ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ചെറുപ്പം അവതരിപ്പിച്ചു. അതിനുശേഷം തലപ്പാവിലെ വേഷം ശ്രദ്ധിച്ച നടൻ പൃഥ്വീരാജ്, ബാലുവിനെ മാണിക്യക്കല്ലിലേക്കും അർജ്ജുനൻ സാക്ഷിയിലേക്കും ചെറു വേഷങ്ങൾക്കായി നിർദ്ദേശിച്ചു. ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷനു പഠിക്കുന്ന സമയത്താണ് ഈ ചിത്രങ്ങൾ ചെയ്തത്.

ബിരുദ പഠനത്തിനു ശേഷം ഇപ്പോൾ എം.ബി.എ ചെയ്യുന്നു. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിൽ ഒരു മുഖ്യവേഷം അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയില്ല. ജീൻ പോൽ ലാലിന്റെ ഹണീബീയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് സജീവമായി. ഇതിഹാസ, ബൈസിക്കിൾ തീവ്സ്, ഹായ് അയാം ടോണി, ഒന്നാം ലോക മഹായുദ്ധം തുടങ്ങി ചിത്രങ്ങളിലെ ബാലുവിന്റെ കഥാപാത്രങ്ങൾ മികച്ചതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP