Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൗരത്വ നിയമത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല; നിയമത്തിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ല; പ്രമേയത്തിൽ എന്തു നിലപാടെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടില്ല; അതിനാലാണ് എതിർത്ത് കൈപൊക്കാതിരുന്നതെന്നും ഇത് വ്യക്തിപരമായ നിലപാടാണെന്നും രാജഗോപാൽ; പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത് എതിരില്ലാതെ; ബിജെപിയെ വെട്ടിലാക്കി ഏക എംഎൽഎയുടെ നിലപാട്; മോദിയും അമിത് ഷായും കട്ടക്കലിപ്പിൽ

പൗരത്വ നിയമത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല; നിയമത്തിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ല; പ്രമേയത്തിൽ എന്തു നിലപാടെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടില്ല; അതിനാലാണ് എതിർത്ത് കൈപൊക്കാതിരുന്നതെന്നും ഇത് വ്യക്തിപരമായ നിലപാടാണെന്നും രാജഗോപാൽ; പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത് എതിരില്ലാതെ; ബിജെപിയെ വെട്ടിലാക്കി ഏക എംഎൽഎയുടെ നിലപാട്; മോദിയും അമിത് ഷായും കട്ടക്കലിപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർക്കാത്തത് പുതിയ വിവാദമാകുന്നു. ബിജെപിയെ വെട്ടിലാക്കുന്ന നിലപാടാണ് വിഷയത്തിൽ രാജഗോപാൽ എടുത്തത്. ചർച്ചയ്ക്കു ശേഷം പ്രമേയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കൈ ഉയർത്താൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ രാജഗോപാൽ തലകുനിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രമേയം എതിരില്ലാതെയാണ് സഭ പാസാക്കിയത്. ഇതിന് ശേഷം കേരള കൗമുദിക്ക് രാജഗോപാൽ നൽകിയ അഭിമുഖം കൂടുതൽ വിവാദത്തിലേക്ക് ബിജെപിയെ എത്തിക്കുകയാണ്.

പൗരത്വനിയമത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പറഞ്ഞതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്യുന്നത്. നിയമത്തിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രമേയത്തിൽ എന്തു നിലപാടെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടില്ല. അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനിൽക്കാനാണ് താൻ തീരുമാനിച്ചത്. അതിനാലാണ് എതിർത്ത് കൈപൊക്കാതിരുന്നത്. ഇത് വ്യക്തിപരമായ നിലപാടാണ് - രാജഗോപാൽ പറഞ്ഞു. പ്രമേയത്തെ താൻ എതിർത്തിട്ടില്ലെന്ന് രാജഗോപാൽ സമ്മതിച്ചെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

കേരള നിയമസഭയിൽ രാജഗോപാൽ പ്രമേയത്തെ എതിർത്തുവെന്ന പൊതു ചിത്രമാണ് പുറത്തുണ്ടായിരുന്നത്. എന്നാൽ പ്രമേയം പാസായത് ഏകകണ്ഠമായാണെന്ന് ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചു. ഇത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സഭാ രേഖകൾ പലരും പരിശോധിച്ചത്. ഇതിൽ രാജഗോപാലിന്റെ എതിർപ്പുണ്ടായിരുന്നില്ല. ഇത് ബിജെപി ദേശീയ നേതൃത്വത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. മുതിർന്ന നേതാവായിട്ടും രാജഗോപാൽ കാട്ടിയത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന നിലപാട് ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്ി അമിത് ഷായ്ക്കുണ്ട്. പ്രധാനമന്ത്രി മോദിയും തികഞ്ഞ അതൃപ്തിയിലാണ്. കേരളത്തിലെ പ്രമേയം ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകിയിരുന്നു. അതുകൊണ്ട് കൂടിയാണ് രാജഗോപാലിന്റെ നിലപാട് ദേശീയ നേതൃത്വം ഗൗരവത്തോടെ എടുക്കുന്നത്.

കേരള കൗമുദിയിലെ അഭിമുഖത്തോടെ താൻ മനപ്പൂർവ്വം കൈയുയർത്താത്തതാണെന്ന് രാജഗോപാൽ സമ്മതിക്കുന്നുമുണ്ട്. ബിജെപിക്ക് നാഥനില്ലാത്തതാണ് എല്ലാത്തിനും കാരണമെന്ന രാജഗോപാലിന്റെ കുറ്റപ്പെടുത്തലും ദേശീയ നേതൃത്വത്തിനെതിരായ ഒളിയമ്പാണ്. വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയായി രാജഗോപാൽ പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷമാണ് കുമ്മനത്തെ നിർത്തേണ്ടതില്ലെന്ന തീരുമാനം ബിജെപി ദേശീയ നേതൃത്വം എടുത്തത്. പൗരത്വ ബില്ലിലെ രാജഗോപാലിന്റെ നിലപാട് വൈരാഗ്യം തീർക്കലാണെന്ന സംശയം കേന്ദ്ര നേതൃത്വത്തിനുമുണ്ട്. എങ്കിലും കേരള നിയമസഭയിലെ ഏക എംഎൽഎയ്‌ക്കെതിരെ പരസ്യ നിലപാടൊന്നും ബിജെപി എടുക്കില്ല.

രാഷ്ട്രീയ ലാഭത്തിന് ചിലർ അർദ്ധസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രമേയ ചർച്ചയിൽ രാജഗോപാൽ പറഞ്ഞിരുന്നു. ഇന്ന മതക്കാരേ രാജ്യത്ത് പാടുള്ളൂ എന്നും ഇന്ന മതക്കാർക്കേ രാജ്യത്ത് അവകാശമുള്ളൂ എന്നും ആരും പറഞ്ഞിട്ടില്ല. ബിജെപി സർക്കാർ കൊണ്ടുവന്ന നിയമം മുസ്ലിങ്ങൾക്ക് എതിരാണെന്നാണ് പ്രചാരണം. മുസ്ലിമായ അബ്ദുൾകലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണെന്ന് വിമർശകർ ഓർക്കണം. വിനോദസഞ്ചാരികളും കച്ചവടക്കാരുമെല്ലാം ഇവിടെ എത്താറുണ്ട്. അവരാരും പൗരന്മാരല്ല. പൗരത്വമെന്നാൽ അധികാരം കൊടുക്കലാണെന്നും രാജഗോപാൽ പറഞ്ഞു. എന്നാൽ വോട്ടെടുപ്പിൽ ഇത് പ്രതിഫലിപ്പിക്കാതെ മാറി നിന്നു.

ജാതിക്കും മതത്തിനും അതീതമായി നാട്ടിൽ ജീവിക്കുന്ന, നമ്മുടെ സംസ്‌കാരത്തിൽ അഭിമാനിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്നവരെല്ലാം പൗരന്മാരാണ്.ഇന്ന മതക്കാർക്ക് പൗരത്വം കൊടുക്കില്ല എന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു എന്ന് പ്രചരിപ്പിച്ച് കുതിരകയറാനുള്ള ശ്രമം വൃഥാവിലാകും.ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ചത്. ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിട്ടുണ്ട് - രാജഗോപാൽ പറഞ്ഞു.

സഭ സമ്മേളിക്കാനായി സ്പീക്കർ എത്തിയപ്പോൾ തന്നെ എതിർപ്പുമായി രാജഗോപാൽ എഴുന്നേറ്റിരുന്നു. കേന്ദ്രനിയമത്തിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞതോടെ സഭയിൽ ബഹളമായി. എന്നാൽ സഭ തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞ സ്പീക്കർ പട്ടിക വിഭാഗ സംവരണം പത്തുവർഷം നീട്ടാനുള്ള ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ചുള്ള പ്രമേയമാണ് ആദ്യം പരിഗണിക്കുന്നതെന്ന് വ്യക്തമാക്കി. രാജഗോപാലിന്റെ പ്രതിഷേധം തെറ്റിദ്ധരിച്ചുള്ളതാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.-

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് നിയസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് രാജ്യത്താദ്യമായി ഇത്തരം പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയെന്ന ഒ?റ്റക്കാരണത്താൽ പൗരത്വ നിയമം ശിരസാവഹിക്കണമെന്നു കൽപ്പിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്കു ചേർന്നതല്ലെന്നു പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വത്തിന് ഏതെങ്കിലും മതവിഭാഗങ്ങൾക്ക് നിയന്ത്‌റണവും ഏതെങ്കിലും വിഭാഗത്തിന് കൂടുതൽ പരിഗണനയും നൽകിയാൽ രാജ്യത്തിന്റെ മതേതര ഭാവം നഷ്ടപ്പെടും. ഭരണഘടനയും അതിന്റെ അന്തഃസത്തയുമാണ് പരമപ്രധാനം. അതിന് മുകളിൽ ഒരു നിയമത്തിനും സ്ഥാനം നൽകാനാവില്ല.

ഇതിലേക്കുള്ള പ്രയാണത്തിലെ ഒരു ചുവടുവയ്പാണ് കേരളത്തിലെ രാഷ്ട്രീയ വ്യത്യാസങ്ങൾ മാ?റ്റിവച്ചുകൊണ്ടുള്ള ഒരുമയും ഈ പ്രമേയവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ താൻ സുപ്രീംകോടതിയിൽ നൽകിയ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജാതിക്കും മതത്തിനും അതീതമായി ജനം പ്രക്ഷോഭത്തിലാണ്. 4 രാഷ്ട്രത്തലവന്മാർ ഇന്ത്യാ സന്ദർശനം റദ്ദാക്കി. വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്കെതിരെ പ്രമേയം പാസാക്കി. ഐക്യരാഷ്ട്രസഭയും അപലപിച്ചു. പൗരത്വ നിയമത്തിന്റെ സ്ഥാനം അറബിക്കടലിലാണെന്നും ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയെയും ഐക്യത്തെയും തകർക്കാൻ നീക്കങ്ങളുണ്ടാകുമ്പോൾ കേരളം എങ്ങനെ പ്രതികരിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഈ പ്രമേയമെന്നും ഇത് പാസാക്കുന്നതിലൂടെ നിയമസഭയുടെ അന്തസ് ഉയർന്നിരിക്കുകയാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

വിവിധ കക്ഷിനേതാക്കളും മന്ത്ിമാരുമടക്കം 19പേർ ചർച്ചയിൽ പങ്കെടുത്തു.ചർച്ചയിൽ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും വോട്ടിനിട്ടപ്പോൾ രാജഗോപാൽ എതിർത്തു കൈപൊക്കാത്തതിനാൽ പ്രമേയം ഐകകണ്ഠ്യേന പാസാക്കിയതായി കണക്കിലെടുക്കുമെന്നു സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ പ്രാതിനിദ്ധ്യം നിറുത്തലാക്കിയതിനെതിരായ പ്രമേയത്തെ അനുകൂലിച്ച് രാജഗോപാൽ വോട്ടു ചെയ്തതും സഭാംഗങ്ങളെ അമ്പരപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP