Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ത്രികോണാകൃതിയിൽ പുതിയ പാർലമെന്റ് മന്ദിരം 2022ൽ പണി പൂർത്തിയാകും; നിലവിലെ പാർലമെന്റ് മന്ദിരം പൈതൃകകേന്ദ്രമായി നിലയിൽ നിലനിർത്തും

സ്വന്തം ലേഖകൻ

ഡൽഹി: ത്രികോണാകൃതിയിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം 2020ൽ പണി പൂർത്തിയാകും. എല്ലാ എംപി.മാർക്കും ഓഫീസ് സൗകര്യത്തോടെ നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് അടുത്ത് തന്നെയാവും പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം. പുതിയ പദ്ധതി പൂർത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉൾപ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവൻ, ഉപരാഷ്ട്രപതിഭവൻ, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും. ഇതോടെ, വി.വി.ഐ.പി.കൾ സഞ്ചരിക്കുന്നതുകാരണമുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങൾ കുറയ്ക്കാനാകും.

വിജയ്ചൗക്കിനടുത്തുള്ള വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ഓഫീസ് കെട്ടിടങ്ങളും പൊളിച്ചുപണിയും. ഈ ഭാഗങ്ങളിൽ അടുത്തകാലത്തുണ്ടാക്കിയ കെട്ടിടങ്ങൾമാത്രമേ നിലനിർത്തൂ. പുതുതായി നിർമ്മിക്കുന്നവയെല്ലാം എട്ടുനില കെട്ടിടങ്ങളായിരിക്കും. ശാസ്ത്രിഭവനും നിർമ്മാൺ ഭവനും പൊളിച്ച് പകരം പത്ത് അത്യാധുനിക കെട്ടിടങ്ങളുണ്ടാക്കും. ഇപ്പോഴത്തെ പാർലമെന്റ് സമുച്ചയത്തിലെ പാർക്കിങ് കേന്ദ്രത്തിനടുത്താകും പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും. ഇപ്പോഴത്തെ പാർലമെന്റ് സമുച്ചയത്തിനകത്തുതന്നെയാണ് പുതിയ പാർലമെന്റ് മന്ദിരവും നിർമ്മിക്കുക. പ്രത്യേക ശബ്ദക്രമീകരണ സംവിധാനവും അതിലുണ്ടാകും. ത്രികോണാകൃതിയിൽ നിർമ്മിക്കുന്ന മന്ദിരത്തിന് മൂന്ന് സ്തൂപങ്ങളുണ്ടാകുമെന്നാണ് അറിയുന്നത്.

അതേസമയം രാഷ്ട്രപതിഭവൻ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാർലമെന്റ് മന്ദിരം, നോർത്ത്-സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തും.
പാർലമെന്റിന്റെ സംയുക്തസമ്മേളനം നടത്താനാകുംവിധം 900 മുതൽ 1000 സീറ്റുകൾ ലോക്സഭയിലുണ്ടാകും. നിലവിൽ സെൻട്രൽ ഹാളിലാണ് സംയുക്ത സമ്മേളനം നടത്താറ്. റിപ്പബ്ലിക്ദിന പരേഡ് നടക്കുന്ന രാജ്പഥിന് ഇരുവശത്തും വിവിധ മന്ത്രാലയങ്ങളുടെ കെട്ടിടങ്ങൾ വരുമെന്നും അറിയുന്നു. എന്നാൽ, ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പൂർണമായി പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയെന്നപേരിൽ കഴിഞ്ഞ സെപ്റ്റംബർ 13-നാണ് നഗരവികസന മന്ത്രാലയം പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ നടത്തിപ്പ് ഗുജറാത്തിലെ എച്ച്.സി.പി. ഡിസൈൻ, പ്ലാനിങ് ആൻഡ് മാനേജ്മെന്റ് എന്ന കമ്പനിയെ ഒക്ടോബറിൽ ഏൽപ്പിക്കുകയും ചെയ്തു. പദ്ധതി മൊത്തത്തിൽ പൂർത്തിയാവാൻ 2024 ആകുമെങ്കിലും 2022-ഓടെ പാർലെന്റ് മന്ദിരം പണിതുതീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നറിയുന്നു.

രാജ്പഥിന് ഇരുവശത്തുമായി വിജയ്ചൗക്കിൽ പ്രവർത്തിക്കുന്ന നോർത്ത്- സൗത്ത് ബ്ലോക്കുകൾ (നിരവധി മന്ത്രാലയങ്ങളുടെ ഓഫീസ്) മ്യൂസിയമാക്കി മാറ്റും. ഒരു ബ്ലോക്കിൽ 1857-ന് മുമ്പുള്ള ഇന്ത്യാചരിത്രവും മറ്റൊന്നിൽ അതിന് ശേഷമുള്ളതും പ്രദർശിപ്പിക്കും. രാഷ്ട്രപതിഭവൻ മുതലുള്ള റിഡ്ജ് മേഖലയെ ദേശീയ ജൈവവൈവിധ്യപാർക്കായി വികസിപ്പിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രാജ്യത്തിന്റെ ജൈവവൈവിധ്യം അതിലുണ്ടാകും. 1911 ഡിസംബർ 12-ന് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതിനുശേഷമാണ് ഇപ്പോഴത്തെ രീതിയിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP