Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസ്: സാക്ഷിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഹാജരാകാതെ മുങ്ങി നടക്കുന്ന സരിതയുടെ മാതാവിനും പവർ കമ്പനി മാനേജർക്കുമെതിരെ വാറണ്ട്; അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള മൂന്ന് സാക്ഷികൾ ഫെബ്രുവരി 13ന് ഹാജരാകാനും കോടതി ഉത്തരവ്

കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസ്: സാക്ഷിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഹാജരാകാതെ മുങ്ങി നടക്കുന്ന സരിതയുടെ മാതാവിനും പവർ കമ്പനി മാനേജർക്കുമെതിരെ വാറണ്ട്; അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള മൂന്ന് സാക്ഷികൾ ഫെബ്രുവരി 13ന് ഹാജരാകാനും കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്

 തിരുവനന്തപുരം: കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസിൽ ഇടപാടുകൾക്ക് ദൃക്സാക്ഷിയും കൃത്യ സ്ഥല മഹസ്സർ സാക്ഷിയുമായ യുവാവിനെതിരെ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലെ മൂന്നാം സാക്ഷിയായ എരുമേലി നോർത്ത് വില്ലേജിൽ കോരുത്തോട് മടുക്ക പടിഞ്ഞാറേ പറമ്പു വീട്ടിൽ ചാക്കോ മകൻ ബാബു ചാക്കോ (30)യെ ഫെബ്രുവരി 13 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണുത്തരവ്.

കേസിൽ കോടതിയിൽ ഹാജരാകാതെ ദീർഘകാലമായി ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിയും സരിതയുടെ മാതാവുമായ ആലപ്പുഴ മൺമഴി പഴയേടം വീട്ടുനമ്പർ 12/60 ൽ ഇന്ദിരാദേവി , നാലാം പ്രതിയും പവർ കമ്പനിയുടെ കോയമ്പത്തൂർ വടവള്ളി ഓഫീസ് മാനേജരുമായ ബാലാജി നഗർ നിവാസി ഷൈജു സുരേന്ദ്രൻ എന്നിവർക്കെതിരെ വാറണ്ട് നടപടിക്രമങ്ങൾ ആരംഭിച്ചു.

ഹാജരാകാത്തവർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ടുത്തരവുകൾ നടപ്പിലാക്കാൻ വലിയതുറ സിഐ.യോടാണ് കോടതി ഉത്തരവിട്ടത്. ഫെബ്രുവരി 13ന് അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള മൂന്ന് ഔദ്യോഗിക സാക്ഷികൾ സാക്ഷി വിസ്താരത്തിനായി ഹാജരാകാനും മജിസ്‌ട്രേട്ട് ജയകൃഷ്ണൻ ഉത്തരവിട്ടു. പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലെ 11 മുതൽ 13 വരെയുള്ള സാക്ഷികളാണിവർ. വിചാരണക്ക് തുടർച്ചയായി ഹാജരാകാത്ത കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പീരുമേട് തോട്ടമുടമയും അതിയന്നൂർ തലയൽ പള്ളിയറ വീട്ടിൽ താമസക്കാരനുമായ ആർ. ജി. അശോക് കുമാറിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഹാജരായ അശോക് കുമാറിനെ 2018 നവംബർ 21ന് വിസ്തരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തേക്ക് മൂന്ന് പ്രാമാണിക രേഖകൾ കോടതി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു. 20ഹ 9 നവംബർ 26 ന് മൂന്നു മുതൽ ഏഴ് വരെയുള്ള സാക്ഷികളെ വിസ്തരിച്ച് ആറ് പ്രാമാണിക രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിച്ചു.

ഐ.സി.എം.എസ്. പവർ കണക്റ്റ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരി സരിത.എസ്. നായർ , നടത്തിപ്പുകാരൻ ബിജു രാധാകൃഷ്ണൻ എന്നിവരാണ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന 2 പ്രതികൾ. കുറ്റപത്രത്തിൽ മൂന്നും നാലും പ്രതിസ്ഥാനത്തുള്ള സരിതയുടെ മാതാവ് ഇന്ദിരാദേവി, കോയമ്പത്തൂർ വടവള്ളി ഓഫീസ് മാനേജർ ഷൈജു സുരേന്ദ്രൻ എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് വാറണ്ട് നടപടിക്രമങ്ങൾ തുടങ്ങിയത്.

2008 നവംബർ 10 ന് മാതൃഭൂമി ദിനപത്രത്തിലെ ധനകാര്യം സപ്ലിമെന്ററി പേജിൽ 'കാറ്റിൽ നിന്നും വൈദ്യുതി വീട്ടിലേക്ക് ' എന്ന ലേഖനം പരസ്യം ചെയ്താണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ലേഖനത്തിൽ ഐ.സി.എം.എസ് പവർ കമ്പനി കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടുകളിൽ കാറ്റാടി യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായി അവകാശപ്പെട്ടിരുന്നു. കമ്പനിക്ക് തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയിലും വിതരണക്കാരെ ആവശ്യമുണ്ടെന്നും പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് ആകൃഷ്ടനായ തോട്ടമുടമ തനിക്ക് പീരുമേട്ടിൽ ഉള്ള വൈദ്യുതി ഇല്ലാത്ത കൃഷിസ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്നും വിതരണവകാശം നേടണമെന്നുമുള്ള ഉദ്ദേശത്തോടെ ഐ സി എം എസ് പവർ കമ്പനിയുടെ ഓഫീസിൽ എത്തുകയായിരുന്നു.

തോട്ടമുടമയെ പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ രേഖകൾ ചമച്ച് 4,50,000 രൂപ 2009 ജനുവരി 7 തീയതി വച്ചുള്ള യൂണിയൻ ബാങ്കിന്റെ മുണ്ടക്കയം ബ്രാഞ്ചിലെ ചെക്ക് പ്രകാരം തോട്ടമുടമയിൽ നിന്നും പ്രതികൾ കബളിപ്പിച്ചെടുത്ത് രസീത് നൽകി. തുടർന്ന് ഡീലർഷിപ്പ് എഗ്രിമെന്റ് എന്ന് കാണിച്ച് പ്രതികൾ 2009 ജനുവരി 7 ന് തിരുവനന്തപുരം എയർപോർട്ടിൽ വച്ച് വ്യാജ രേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജ സാധന (മെറ്റീരിയൽസ്) ഓർഡർ ഫോം നൽകിയും പ്രതികൾ ആയതിന് പരസ്പരം ഉത്സാഹികളും സഹായികളുമായി
നിന്ന് പ്രവർത്തിച്ച് തോട്ടമുടമയിൽ നിന്നും 4,50,000 രൂപ വഞ്ചിച്ചെടുത്ത് കാറ്റാടി വൈദ്യുതി യന്ത്രം സ്ഥാപിച്ചു നൽകുകയോ തുക തിര്യെക്കൊടുക്കുകയോ ചെയ്യാതെ ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് പൊലീസ് കേസ്.

വ്യാജരേഖകളിൽ കാണപ്പെട്ട കൈയക്ഷരം, ഒപ്പ് എന്നിവ പ്രതികളുടേതാണോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രതികളുടെ കൈയക്ഷര- ഒപ്പ് സാമ്പിളുകൾ ശേഖരിച്ച് വ്യാജരേഖകൾ സഹിതം ഫോറൻസിക് പരിശോധനക്കയച്ച് ഫലം ലഭ്യമാക്കിയിട്ടുണ്ട്. വലിയതുറ മുൻ സബ്ബ് ഇൻസ്‌പെക്ടർ റ്റി.സതികുമാറിന്റെ അപേക്ഷയിലാണ് കോടതി പ്രതികളെ പ്രൊഡക്ഷൻ വാറണ്ട് പ്രകാരം വരുത്തി സാമ്പിൾ കൈയക്ഷര- ഒപ്പുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനക്കയച്ചത്. പ്രതികൾ തങ്ങളുടേതല്ലെന്ന് പൊലീസിനോട് തർക്കിച്ച വ്യാജ രേഖകളിലെ കൈയക്ഷര- ഒപ്പുകളും തങ്ങളുടെ യഥാർത്ഥ കൈയക്ഷര- ഒപ്പുകളെന്ന് സമ്മതിച്ച് കോടതിയിൽ വച്ച് ജൂനിയർ സൂപ്രണ്ട് മുമ്പാകെ പ്രതികൾ എഴുതിയ കൈയക്ഷര- ഒപ്പുകളും ഒന്നാണെന്ന എഫ്.എസ്.എൽ.റിപ്പോർട്ടാണ് കോടതിയിൽ എത്തിയിരിക്കുന്നത്.
തോട്ടമുടമയിൽ നിന്ന് കൈപ്പറ്റിയ പണം കൊണ്ട്പ്രതികൾ സമ്പാദിച്ച ഹുണ്ടായ് സാന്റോ കാറും വസ്തുവിന്റെ പ്രമാണവും സ്വർണ്ണാഭരണങ്ങളും ഡിസ്ട്രിക്റ്റ് ക്രൈം റിക്കോർഡ്‌സ് ബ്യൂറോ അസി. പൊലീസ് കമ്മീഷണർ എസ്.അനിൽകുമാർ മഹസറിൽ വിവരിച്ച് ബന്തവസ്സിലെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

2010 ജനുവരി 20 നാണ് പൊലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തത്. 2013 ഓഗസ്റ്റ് 3 നാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ ഈ കേസിലെ കൃത്യത്തിന് പുറമേ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ്, മ്യൂസിയം, കരമന, ആറന്മുള, നൂറനാട്, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, വള്ളിക്കുന്ന്, തൃക്കാക്കര, കോയമ്പത്തൂർ, വടവള്ളി, പൂണെ ബാഗ് ഗാർഡൻസ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യപ്പെട്ട 15 വഞ്ചനാ കേസുകളിൽ പ്രതികളാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP