Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധഭീഷണിയെന്ന് റിപ്പോർട്ട്: ഛോട്ടാ രാജനെ പാർപ്പിച്ചിട്ടുള്ള തിഹാർ ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കി: സൂപ്പർ ഹൈ സെക്യൂരിറ്റിയിൽ ഛോട്ടാ രാജൻ

വധഭീഷണിയെന്ന് റിപ്പോർട്ട്: ഛോട്ടാ രാജനെ പാർപ്പിച്ചിട്ടുള്ള തിഹാർ ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കി: സൂപ്പർ ഹൈ സെക്യൂരിറ്റിയിൽ ഛോട്ടാ രാജൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന് വധഭീഷണി. ഛോട്ടാ രാജനെ പാർപ്പിച്ചിട്ടുള്ള തിഹാർ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ വീണ്ടും ശക്തമാക്കി പൊലീസ്. സിസിടിവി ക്യാമറകൾ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന രണ്ടാം നമ്പർ ജയിലിലാണ് ഛോട്ടാ രാജനുള്ളത്. ഭക്ഷണത്തിൽ വിഷം കലർത്തി അധോലോക കുറ്റവാളിയെ കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോൺ സംഭാഷണം അന്വേഷണ ഏജൻസികൾ ചോർത്തിയതാണ് സുരക്ഷ ശക്തമാക്കിയതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ജയിലിൽ ഛോട്ടാ രാജനെ പാർപ്പിച്ചിട്ടുള്ള സെല്ലിലും പരിസരത്തുമുള്ള സുരക്ഷ വർധിപ്പിച്ചതായി ഡൽഹി ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ സ്ഥിരീകരിച്ചതായി അറിയിച്ചു.സൂപ്പർ ഹൈ സെക്യൂരിറ്റി ജയിലിലാണ് ഛോട്ടാ രാജനെ പാർപ്പിച്ചിട്ടുള്ളത്. പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ സുരക്ഷാ ഭീഷണി ഏതുതരത്തിലാണെന്നോ എവിടെനിന്നാണെന്നോ പറയാൻ സാധിക്കില്ലെന്നും ഗോയൽ വ്യക്തമാക്കി.

ഛോട്ടാ രാജനെ വധിക്കാൻ മുഖ്യ എതിരാളിയായ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പദ്ധതി തയ്യാറാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കിലാണ് സൂത്രധാരനെന്നും സ്ഥിരീകരിക്കാത്ത സൂചന മുംബൈ അധോലോകത്തിൽ പടർന്നതോടെയാണ് പൊലീസ് പ്രത്യേക അന്വേഷണം നടത്തിയത്. അധോലോകത്തെ ഛോട്ടാ രാജന്റെ ബദ്ധശത്രുവാണ് ഛോട്ടാ ഷക്കീൽ. തിഹാർ ജയിലിലുള്ള ഛോട്ടാ രാജനെ വധിക്കാൻ ഷക്കീൽ ഇന്ത്യയിലുള്ള അധോലോക സംഘാംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച ഫോൺ സംഭാഷണമാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് അടുത്തിടെ ചോർത്താൻ കഴിഞ്ഞത്. ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനാണ് പദ്ധതി.

ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുടെ നീക്കങ്ങളെപ്പറ്റി ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് തിഹാർ ജയിലിൽ കഴിയുന്ന ഛോട്ടാ രാജനിൽ നിന്നാണ് എന്നതാണ് കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിൽ. കള്ളനോട്ട് കടത്തും കയത്തുമരുന്ന് കടത്തും അടക്കമുള്ളവയെപ്പറ്റി മുമ്പ് ഡി കമ്പനിയുടെ ഭാഗമായിരുന്ന ഛാട്ടാ രാജൻവഴി അന്വേഷണ ഏജൻസികൾ വിവരങ്ങൾ ചോർത്തുവെന്നാണ് അധോലോക കുറ്റവാളികൾ കരുതുന്നത്. നേപ്പാളും ബംഗ്ലാദേശും കേന്ദ്രീകരിച്ചാണ് ദാവൂദ് സംഘത്തിന്റെ കള്ളനോട്ട് - മയക്കുമരുന്ന് നീക്കങ്ങൾ .

1993 ലെ മുംബൈ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെയാണ് ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയിൽനിന്ന് ഛോട്ടാ രാജൻ അകന്നത്. ഛോട്ടാ രാജനെ കൊലപ്പെടുത്താൻ ദാവൂദിന്റെ സംഘം നേരത്തെ പലതവണ ശ്രമം നടത്തിയിരുന്നു.2015 ൽ ഓസ്ട്രേലിയൻ പൊലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡോനീഷ്യയിലെ ബാലിയിൽനിന്ന് ഇന്റർപോളാണ് ഛോട്ടാ രാജനെ പിടികൂടുന്നത്. പിന്നീട് ഇന്ത്യയ്ക്ക് കൈമാറി. അതിനുശേഷം തിഹാർ ജയിലിലെ അതിസുരക്ഷാ വാർഡിലാണ് അധോലോക കുറ്റവാളിയെ പാർപ്പിച്ചിട്ടുള്ളത്.

അധോലോക കുറ്റവാളിയുടെ നീക്കങ്ങൾ ഇന്റലിജൻസ് ബ്യൂറോ അടക്കം നിരീക്ഷിക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജൻസികളും ഉന്നത ജയിൽ അധികാരികളും സുരക്ഷാ സന്നാഹങ്ങൾ നിശ്ചിത കാലയളവിനിടെ വിലയിരുത്തുന്നുണ്ട്. അതിനിടെയാണ് വധഗൂഢാലോചന സംബന്ധിച്ച ഫോൺ സംഭാഷണം അന്വേഷണ ഏജൻസികൾ ചോർത്തിയത്. ഭക്ഷണത്തിൽ വിഷം കലർത്തി അപായപ്പെടുത്താനാണ് നീക്കമെന്ന് വ്യക്തമായതോടെ ജയിലിലെ മൂന്ന് പാചകക്കാരെ മാറ്റിയിട്ടുണ്ട്. രാജന് നൽകുന്ന ജയിൽ ഭക്ഷണം കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP