Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു; സന്നിധാനം വീണ്ടും ഭക്തജനത്തിരക്കിൽ; വരും ദിവസങ്ങളിൽ തിരക്കു വർദ്ധിക്കുമെന്നതിനാൽ കൂടുതൽ പൊലീസ് സംഘം സന്നിധാനത്ത് എത്തി

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു; സന്നിധാനം വീണ്ടും ഭക്തജനത്തിരക്കിൽ; വരും ദിവസങ്ങളിൽ തിരക്കു വർദ്ധിക്കുമെന്നതിനാൽ കൂടുതൽ പൊലീസ് സംഘം സന്നിധാനത്ത് എത്തി

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി സുധീർ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്ന് തിരി തെളിയിച്ചത്. വൈകിട്ട് അഞ്ചുമണിക്കാണ് നടതുറന്നത്. വലിയ തോതിലുള്ള തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് 12.30 ന് അയ്യപ്പന്മാരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തി വിട്ടിരുന്നു. എന്നാൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ നിരവധി സ്ഥലങ്ങളിൽ അവരെ തടയുന്ന അവസ്ഥയുണ്ടായി. പിന്നീട് നട തുറന്നതിന് ശേഷമാണ് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തി വിട്ടത്.

ശ്രീകോവിലിൽ തിരിതെളിയിച്ചതിന് ശേഷം വിവിധ ഉപദേവതാ ക്ഷേത്രങ്ങളിലും തിരിതെളിയിച്ചു. തുടർന്ന് 18-ാം പടിക്ക് താഴെയുള്ള ആഴിക്ക് തീപകർന്നതോടുകൂടിയാണ് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്. നടപ്പന്തലിലടക്കം നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. 10 മണിയോടുകൂടി ശബരിമല നട അടയ്ക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ഭക്തരെത്തുമെന്നാണ് അനുമാനിക്കുന്നത്. ജനുവരി 15നാണ് മകരവിളക്ക്.

തിരക്ക് നിയന്ത്രണത്തിനുള്ള പൊലീസ് സംഘം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ട്. 2020 ജനുവരി 15-നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50-ന് മകരസംക്രമപൂജ, വൈകീട്ട് 6.30-ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, തുടർന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക്, മകരജ്യോതി ദർശനം. ജനുവരി 16 മുതൽ 20 വരെ മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്ത്. 19-ാംതീയതി വരെമാത്രമേ ഭക്തർക്ക് നെയ്യഭിഷേകം നടത്താനാകൂ. 20-ാംതീയതി പന്തളം രാജകുടുംബത്തിന്റെ വക നെയ്യഭിഷേകവും കളഭാഭിഷേകവും. ഭക്തർക്ക് അന്നുകൂടിയേ ദർശനമുള്ളൂ.ജനുവരി 21-ന് പന്തളം കൊട്ടാരം പ്രതിനിധി അയ്യപ്പനെ ദർശിച്ച് മടങ്ങുന്നതോടെ രാവിലെ 6.30-ന് ക്ഷേത്രനട അടയ്ക്കും.

41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിനുശേഷം സന്നിധാനത്തെ ആഴിയിലെ കരി നീക്കംചെയ്തു. മണിക്കൂറുകൾ നീണ്ട യത്നത്തിനൊടുവിൽ പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശുദ്ധിസേനയുടെ സഹായത്തോടെയാണ് കരി നീക്കിയത്. നെയ്ത്തേങ്ങയിൽനിന്ന് അഭിഷേകത്തിനായി നെയ്യ് മാറ്റിയശേഷമുള്ള തേങ്ങയാണ് ഭക്തർ ആഴിയിലെ ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്നത്. പതിനെട്ടാംപടിക്ക് മുന്നിലെ ആഴി 2017-ൽ നവീകരിച്ചിരുന്നു. ചൂടുകൂടിയ കരി ഉയർന്ന് അപകടമുണ്ടാകുന്നതും ആഴിയുടെ ഭിത്തിക്ക് കേടുപാടുണ്ടാകുന്നതും തടയാനാണ് പൊതുമരാമത്ത് വകുപ്പ് പുതിയ സംവിധാനം ഒരുക്കിയത്.

കരി പൊങ്ങുമ്പോൾ ചതുരാകൃതിയിലുള്ള ആഴിയുടെ ഉൾവശത്ത് സ്ഥാപിച്ച പൈപ്പിൽനിന്ന് വെള്ളം തുറന്ന് ചൂട് ക്രമീകരിക്കും. ഇതിനായി ആഴിക്കുപുറത്ത് വാൽവുണ്ട്. വെള്ളം തുറക്കുമ്പോൾ, ചാരം അടിഭാഗത്തുകൂടി വലിയനടപ്പന്തലിലെ ഓടയിലൂടെ ഒഴുകിപ്പോകും. അവശേഷിക്കുന്ന ചിരട്ടക്കരി ശേഖരിച്ച് ലേലംചെയ്യും. ജലവിതരണപൈപ്പുകളിലെ ചോർച്ച നീക്കുന്നതുൾപ്പെടെ അറ്റകുറ്റപ്പണികൾ വാട്ടർ അഥോറിറ്റി തീർത്തു. വൈദ്യുതിവിതരണത്തിലെ ന്യൂനതകൾ കെ.എസ്.ഇ.ബി. പരിഹരിച്ചു. വിശുദ്ധിസേനാംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണം അന്തിമഘട്ടത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP