Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ഡകാലത്തെ പോലെ മുൻപരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രിക്കാൻ എത്തിയാൽ പെട്ടത് തന്നെ! സന്നിധാനത്തടക്കം നടപ്പാക്കിയ അശാസ്ത്രീയ പരിഷ്‌കാരങ്ങൾ പാളിയതോടെ തീർത്ഥാടകർ വെള്ളവും ആഹാരവും കിട്ടാതെ വലഞ്ഞത് മണിക്കൂറുകൾ; നിയന്ത്രണം താറുമാറായതോടെ തീർത്ഥാടകരോടും ദേവസ്വം ജീവനക്കാരോടും മോശമായ പെരുമാറ്റവും; ആശങ്ക അകറ്റണമെന്ന് ദേവസ്വം ബോർഡ്

മണ്ഡകാലത്തെ പോലെ മുൻപരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രിക്കാൻ എത്തിയാൽ പെട്ടത് തന്നെ! സന്നിധാനത്തടക്കം നടപ്പാക്കിയ അശാസ്ത്രീയ പരിഷ്‌കാരങ്ങൾ പാളിയതോടെ തീർത്ഥാടകർ വെള്ളവും ആഹാരവും കിട്ടാതെ വലഞ്ഞത് മണിക്കൂറുകൾ; നിയന്ത്രണം താറുമാറായതോടെ തീർത്ഥാടകരോടും ദേവസ്വം ജീവനക്കാരോടും മോശമായ പെരുമാറ്റവും; ആശങ്ക അകറ്റണമെന്ന് ദേവസ്വം ബോർഡ്

എസ്.രാജീവ്‌

 ശബരിമല: മകര വിളക്ക് മഹോത്സവത്തിനായി ഇന്ന് നട തുറക്കാനിരിക്കെ സന്നിധാനത്തടക്കം പൊലീസ് നടപ്പിലാക്കുന്ന അശാസ്ത്രീയമായ നിയന്ത്രണങ്ങൾ തീർത്ഥാടകരെ വലയ്ക്കുമെന്ന ആശങ്കയിൽ ദേവസ്വം ബോർഡ്. മണ്ഡല കാലത്തു തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഏർപെടുത്തിയ സംവിധാനങ്ങൾ പാളിയതോടെ മണിക്കൂറുകളാണ് ആഹാരവും കുടിവെള്ളവും കിട്ടാതെ തീർത്ഥാടകർ ബുദ്ധിമുട്ടിയത്. മണ്ഡല കാലത്തിന്റെ അവസാന നാളുകളിൽ പൊലീസിനെതിരെ വ്യാപക പരാതിയാണ് ദേവസ്വം ബോർഡ് പ്രസിഡന്റിൽ നിന്നടക്കം ഉയർന്നത്. നിയന്ത്രണം പാളിയതോടെ തീർത്ഥാടകരോടും ദേവസ്വം ജീവനക്കാരോടും പൊലീസ് മോശമായി പെരുമാറി. ശരണ പാതയിൽ ലാത്തിയും കാട്ടു കമ്പുകളും വടവും ഉപയോഗിച്ച് പൊലീസ് തീർത്ഥാടകരെ നിയന്ത്രിച്ചതും ഏറെ വിവാദമായിരുന്നു.

പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നോക്കു കുത്തികളാക്കി തിരക്ക് നിയന്ത്രണം തുടക്കക്കാരെ ഏൽപ്പിച്ചു എന്ന ആക്ഷേപവും ഉയർന്നു. മണ്ഡലകാലാവസാന ഘട്ടത്തിൽ സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ ആയ ആദിത്യ ഐ.പി.എസ് പോലെയുള്ളവരാണ് എത്തുന്നതെങ്കിൽ തിരക്ക് നിയന്ത്രണം സമ്പൂർണ്ണ പരാജയമാകുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. മുൻ പരിചയമുള്ളവരെയും പ്രായോഗികമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നവരേയും നിയമിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. സന്നിധാനം, പമ്പ, നിലക്കൽ പൊലീസ് സ്‌പെഷ്യൽ ഓഫീസർമാർ തമ്മിലുള്ള ഏകോപനം ഇല്ലായ്മയും തീർത്ഥാടകരെ നിയന്ത്രിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനം ഇല്ലായ്മയും മണ്ഡലകാലാവസാനത്തിൽ സ്ഥിതി കൂടുതൽ പരിതാപകരമാക്കി.

മകര വിളക്കിനും ഇതേ സ്ഥിതി തുടർന്നാൽ തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനോടൊപ്പം ശബരിമലയുടെ വരുമാനത്തെയും കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ബോർഡിനുള്ളത്. തിരക്ക് വർദ്ധിക്കുന്ന ദിവസങ്ങളിൽ നിയന്ത്രണത്തിന്റെ പേരിൽ തീർത്ഥാടകരെ തടഞ്ഞുവെക്കുന്നത് കടക്കെണിയിൽ നിന്ന് ഒരു വിധം കരകയറുന്ന ബോർഡിന്റെ സാമ്പത്തിക സംവിധാനത്തേയും തകിടം മറിക്കുമെന്നും ബോർഡ് ഭയക്കുന്നുണ്ട്.

മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി മുഖ്യ വരുമാന ശ്രോതസ്സുകളിൽ ഒന്നായ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിൽ കോടികളുടെ കുറവാണ് ഇക്കുറി ഉണ്ടായത്. വ്യാപാരികളുടെ കൂട്ടായ്മ സംഘടിതമായി ലേലത്തിൽ നിന്ന് വിട്ടു നിന്നതോടെ ലേലത്തുകയിൽ 30 ശതമാനം വരെ ദേവസ്വം ബോർഡിന് ഗത്യന്തരമില്ലാതെ കുറക്കേണ്ടിയും വന്നു. മണ്ഡല കാലത്തെ അവസാന നാളുകളിൽ തിരക്കിന്റെ പേരിൽ ദിവസങ്ങളോളം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മണ്ഡപൂജാ ദിവസം സന്നിധാനത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായി കുറയുന്നതിന് കാരണമായി. യുവതീ പ്രവേശനത്തിന്റെ പേരിൽ സംഘർഷ ഭരിതമായ അന്തരീക്ഷം നിലനിന്ന കഴിഞ്ഞ വർഷം ഇതിലും കൂടുതൽ ആളുകളാണ് മണ്ഡലപൂജക്ക് സന്നിധാനത്ത് ഉണ്ടായിരുന്ന്. നിലവിലെ സാഹചര്യത്തിൽ തിരക്കിന്റെ പേരിൽ തീർത്ഥാടകരെ വഴിയിൽ തടയുന്നതും. ശരണ പാതയിൽ മണിക്കുറുകളോളം ക്യൂവിൽ നിയന്ത്രിച്ച് നിർത്തുന്നതും അയ്യപ്പ ഭക്തരുടെ വരവിനെ സാരമായി ബാധിക്കും. ഇത്തരം അവസ്ഥ ഒഴിവാക്കാൻ തിരക്ക് നിയന്ത്രണത്തിൽ മുൻ പരിചയം ഉള്ള പൊലീസ് സ്‌പെഷ്യൽ ഓഫീസറന്മാരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നിയോഗിക്കണമെന്ന് ഇതിനോടകം തന്നെ ദേവസ്വം ബോർഡ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP