Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2020 ൽ ലാസ് വെഗസ്സിലെ തുരങ്കം യാത്രയ്ക്കായി തുറന്നുകൊടുക്കും

2020 ൽ ലാസ് വെഗസ്സിലെ തുരങ്കം യാത്രയ്ക്കായി തുറന്നുകൊടുക്കും

മൊയ്തീൻ പുത്തൻചിറ

സാൻ ഫ്രാൻസിസ്‌കോ: തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ലാസ് വെഗസ്സിൽ ഒരു മൈൽ ദൈർഘ്യമുള്ള തുരങ്കം അടുത്ത വർഷം പൂർത്തിയാക്കുമെന്ന് നൂതന സംരംഭകൻ എലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചു.

ജനങ്ങൾക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള ഈ തുരങ്കം നിർമ്മിക്കുന്നത് എലോൺ മസ്‌ക് സ്ഥാപിച്ച, നൂതന സാങ്കേതിക വിദ്യകൾക്കധിഷ്ഠിതമായ നിരവധി സംരംഭകരിലൊന്നായ 'ദി ബോറിങ്' കമ്പനിയും 'ടെസ്ല ഇലക്ട്രിക് കാർ കമ്പനി'യും, റോക്കറ്റ് ലോഞ്ച് വാഹനങ്ങൾ വികസിപ്പിക്കുന്ന 'സ്‌പേസ് എക്‌സും' ചേർന്നാണ്.

കൺവൻഷൻ സെന്ററിൽ നിന്ന് സ്ട്രിപ്പ് മാളിലേക്ക് പോകുന്ന ആദ്യത്തെ വാണിജ്യ തുരങ്കം ബോറിങ് കമ്പനി ലാസ് വെഗസ്സിൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു എന്ന് 48 കാരനായ ശതകോടീശ്വരൻ എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു. രണ്ടാമത്തെ ട്വീറ്റിൽ ഇത് 2020 ൽ പൂർണമായും പ്രവർത്തനക്ഷമമാകുമെന്നും കൂട്ടിച്ചേർത്തു.

ലാസ് വെഗസ്സ് കൺവൻഷൻ സെന്റർ വിശാലമായ ഒരു സമുച്ചയമാണ് - 0.8 മൈൽ (1.3 കിലോമീറ്റർ) ദൈർഘ്യമുള്ള തുരങ്കം സെന്ററിൽ നിന്ന് നഗരത്തിലെ പ്രശസ്തമായ സ്ട്രിപ്പിലേക്ക് യാത്രചെയ്യാൻ സഹായിക്കും. സ്ട്രിപ്പിലാണ് നിരവധി പ്രധാന ഹോട്ടലുകളും കാസിനോകളും സ്ഥിതിചെയ്യുന്നത്.

ചെറിയ, സ്വയം ചലിക്കുന്ന വാഹനങ്ങളിൽ യാത്രക്കാരെ കയറ്റാൻ പ്രാപ്തിയുള്ള ഇരട്ട തുരങ്കങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ലാസ് വെഗസ്സ് അധികൃതർ മാർച്ചിൽ ദി ബോറിങ് കമ്പനിയെ തിരഞ്ഞെടുത്തിരുന്നു. ഓരോ വാഹനത്തിലും എട്ട് മുതൽ 16 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും.

പുതുമകളിലും നൂതന സാങ്കേതികവിദ്യകളിലും എപ്പോഴും ജിജ്ഞാസുവായ, ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്‌ക്, യാത്രക്കാരെ കയറ്റിയ കാപ്‌സ്യൂളുകൾ അനായാസം ഉയർന്ന വേഗതയിലും എന്നാൽ താഴ്ന്ന മർദ്ദമുള്ള ട്യൂബുകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 'ഹൈപ്പർ ലൂപ്പ്' എന്ന ഭാവിയിലെ ഭൂഗർഭ ട്രെയിൻ സംവിധാനത്തെക്കുറിച്ച് വളരെക്കാലമായി ചിന്തിച്ചിരുന്നു.

തിരക്കേറിയ വടക്കുകിഴക്കൻ ഇടനാഴിയിലൂടെ വാഷിങ്ടണിനെയും ന്യൂയോർക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം അദ്ദേഹം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഷിക്കാഗോയേയും ലോസ് ഏഞ്ചൽസിനേയും ബന്ധിപ്പിക്കുന്ന പദ്ധതിയും അദ്ദേഹത്തിന്റെ ഭാവനയിലുണ്ട്.

കഴിഞ്ഞ വർഷം മസ്‌ക്കിന്റെ കമ്പനി കാലിഫോർണിയയിൽ ഒരു പുതിയ ടെസ്റ്റ് ടണൽ റിപ്പോർട്ടർമാരെ കാണിച്ചുവെങ്കിലും ലാസ് വെഗസ്സ് ബോറിംഗാണ് ആദ്യത്തെ ഉപഭോക്താവ്.

ലാസ് വെഗസ്സ് റിവ്യൂ ജേണലിന്റെ കണക്കനുസരിച്ച് തുരങ്കത്തിന് ചെലവ് തുടക്കത്തിൽ 35 മില്യൺ ഡോളർ ആയിരുന്നെങ്കിലും പിന്നീടത് 52.5 മില്യൺ ഡോളറായി ഉയർന്നു.

കൂടുതൽ തിരക്കേറിയ ലോകത്ത് നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ബോറിംഗിന്റെ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് മസ്‌ക് പ്രതീക്ഷിക്കുന്നു.

കാലിഫോർണിയയിലെ ബെൽ എയറിലെ തന്റെ ബംഗ്ലാവിനും ലോസ് ഏഞ്ചൽസിന് തെക്ക് ഹോത്തോണിലെ സ്‌പേസ് എക്‌സ് ഓഫീസുകൾക്കുമിടയിൽ ഒരിക്കൽ ഗതാഗതക്കുരുക്കിൽ പെട്ട് മണിക്കൂറുകളോളം കാറിൽ അക്ഷമയൊടെ ഇരിക്കുമ്പോഴാണ് ഈ ആശയം തനിക്ക് മനസ്സിൽ തോന്നിയതെന്ന് മസ്‌ക് പറയുന്നു.

ആയിരക്കണക്കിന് സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങൾ അദ്ദേഹം വിഭാവനം ചെയ്യുന്നുണ്ട്. ഒടുവിൽ ദശലക്ഷക്കണക്കിന് ആളുകളെ മണിക്കൂറിൽ 155 മെൽ (250 കിലോമീറ്റർ) വേഗതയിൽ ഭൂഗർഭ ഗതാഗത സംവിധാനത്തിലേക്ക് മാറ്റുമെന്നും, ഇത് ലാസ് വെഗസ്സ് ലിങ്കിനായി ആസൂത്രണം ചെയ്ത കുറഞ്ഞ വേഗതയായ 35 മൈലിനേക്കാൾ വളരെ ഉയർന്നതായിരിക്കുമെന്നും മസ്‌ക് പ്രതീക്ഷിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP