Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൺപത്തെട്ടുകാരനായ എനിക്ക് ആരെയും മർദ്ദിക്കാനാവില്ല; അസഹിഷ്ണുതയുള്ളത് പൗരത്വ ഭേദഗതി നിയമത്തോട് മാത്രം; പൗരത്വ നിയമത്തെ അനുകൂലിക്കാത്തതിന്റെ പേരിൽ ഇതുവരെ ലഭിച്ച ബഹുമതികൾ മുഴുവൻ തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും ചരിത്രകാരൻ; ചരിത്ര കോൺഗ്രസിനിടെയുണ്ടായ സംഭവങ്ങളിൽ ഗവർണർക്ക് മറുപടിയുമായി ഇർഫാൻ ഹബീബ്

എൺപത്തെട്ടുകാരനായ എനിക്ക് ആരെയും മർദ്ദിക്കാനാവില്ല; അസഹിഷ്ണുതയുള്ളത് പൗരത്വ ഭേദഗതി നിയമത്തോട് മാത്രം; പൗരത്വ നിയമത്തെ അനുകൂലിക്കാത്തതിന്റെ പേരിൽ ഇതുവരെ ലഭിച്ച ബഹുമതികൾ മുഴുവൻ തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും ചരിത്രകാരൻ; ചരിത്ര കോൺഗ്രസിനിടെയുണ്ടായ സംഭവങ്ങളിൽ ഗവർണർക്ക് മറുപടിയുമായി ഇർഫാൻ ഹബീബ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചരിത്ര കോൺഗ്രസിനിടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ താൻ മർദ്ദിക്കാൻ ശ്രമിച്ചെന്ന ആരോപണം തള്ളി പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ്. കണ്ണൂരിലെ ചരിത്ര കോൺഗ്രസ് വേദിയിൽ നടന്ന കാര്യങ്ങൾ എല്ലാവരും കണ്ടതാണ്. 88 കാരനായ എനിക്ക് ആരെയും മർദ്ദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരിത്ര കോൺഗ്രസിൽ ഇർഫാൻ ഹബീബ് ബലമായി തന്നെ തടയാൻ ശ്രമിച്ചെന്നും ഇതിന് വീഡിയോ ദൃശ്യങ്ങൾ തെളിവാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടിരുന്നു. അഭിപ്രായവ്യത്യാസങ്ങളോട് വേദിയിലുള്ളവർക്ക് അസഹിഷ്ണുതയാണെന്നുമായിരുന്നു ചരിത്ര കോൺഗ്രസ് വേദി വിട്ടതിന് പിന്നാലെ ഗവർണറുടെ പരാമർശം. എന്നാൽ, ഗവർണറുടെ ആരോപണങ്ങളെ നിഷേധിച്ച് ഇർഫാൻ ഹബീബ് രംഗത്തെത്തി.

പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പ്രസംഗം വസ്തുതാവിരുദ്ധമാണ്. മൗലനാ അബൂൾ കലാം ആസാദിനെ ഗവർണർ തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തതെന്നും ഇർഫാൻ ഹബീബ് പറഞ്ഞു. തനിക്ക് ലഭിച്ച അംഗീകാരങ്ങളും പദവികളും വേണമെങ്കിൽ സർക്കാരിന് തിരിച്ചെടുക്കാം. ഇപ്പോൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കം ചരിത്രം മാറ്റിയെഴുതാനും സ്ഥാപനങ്ങളെ ദുർബലമാക്കാനുള്ള ശ്രമമാണെന്നും ഇർഫാൻ ഹബീബ് കൂട്ടിച്ചേർത്തു. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാൻ തയ്യാറല്ല. അതിന്റെ പേരിൽ തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നടന്നപ്പോൾ അത് ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്നു. അന്ന് ഒരു വിധത്തിലുള്ള പ്രോട്ടോക്കോൾ പ്രശ്നവും ഉണ്ടായിട്ടില്ല. അന്നുണ്ടാകാത്ത എന്ത് പ്രോട്ടോക്കോൾ പ്രശ്നമാണ് പ്രസിഡന്റിനേക്കാൾ താരതമ്യേന താഴ്ന്ന പദവിയിലുള്ള ഗവർണർക്ക് ഉണ്ടായതെന്ന് അറിയില്ലെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താൻ പിടിച്ചു തള്ളി എന്നാണ് ആരോപണം. 88 വയസ്സുള്ള താൻ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് അസഹിഷ്ണുതയുണ്ടെന്ന ഗവർണറുടെ ആരോപണത്തിനും ഇർഫാൻ ഹബീബ് മറുപടി നൽകി. തനിക്ക് അസഹിഷ്ണുതയുണ്ട്. എന്നാൽ അത് സിഎഎയുമായി ബന്ധപ്പെട്ടതാണ്. സിഎഎ പോലൊരു നിയമത്തെ എതിർക്കുന്നതു തന്നെയായിരിക്കും തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. താനൊരു ക്രിമിനൽ ആണെന്ന് ആരോപിച്ചാലും പ്രശ്നമില്ല. ഇതിന് പ്രതികാരമായി തനിക്ക് ലഭിച്ച എമറിറ്റസ് പ്രൊഫസർ പദവി മാത്രമല്ല, ലഭിച്ച എല്ലാ പദവികളും തിരിച്ചെടുത്താലും യാതൊരു വിരോധവുമില്ല. ഇക്കാര്യത്തിൽ തന്റെ നിലപാടിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.

അതിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബിനെ പരോക്ഷമായി ന്യായീകരിച്ച് ഉന്നതവിദ്യാഭാസ മന്ത്രി കെ.ടി ജലീൽ രംഗത്തെത്തി. വർഗീയത അർബുദം പോലെ പടരുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള ചരിത്രകാരന്മാരുടെ ശ്രമം അംഗീകരിക്കണമെന്ന് മന്ത്രി കണ്ണൂരിൽ പറഞ്ഞു. പൗരത്വ നിയമം മുസ്ലിങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്നാണ് ധനമന്ത്രി തോമസ് ഐസക്കും അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP