Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിഎഎക്കെതിരെ ചില്ലയുടെ വായനാപ്രതിഷേധം

സിഎഎക്കെതിരെ ചില്ലയുടെ വായനാപ്രതിഷേധം

സ്വന്തം ലേഖകൻ

റിയാദ് : ഇന്ത്യയിൽ ഇപ്പോൾ ദേശീയതലത്തിൽ ജനാധിപത്യസമരത്തിന് ഇടയാക്കിയിട്ടുള്ള പൗരത്വനിയമഭേദഗതിക്കെതിരെ നിലപാടെടുത്തുകൊണ്ടാണ് ചില്ലയുടെ ഡിസംബർ വായന നടന്നത്. തെരുവിലിറങ്ങി പ്രതിഷേധിച്ച് സമരത്തിന് ആവേശം പകർന്ന ലോകപ്രശസ്ത ചരിത്രകാരൻ പ്രൊഫസർ രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിക്കു ശേഷം' എന്ന വിഖ്യാതഗ്രന്ഥത്തിന്റെ വായന പങ്കുവെച്ചുകൊണ്ട് എഴുത്തുകാരി ബീന പരിപാടിക്ക് തുടക്കം കുറിച്ചു.

വൈവിദ്ധ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം, അതിന്റെ കവചമായി ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യ നിലനിൽക്കും എന്ന ഗുഹയുടെ നിരീക്ഷണമാണ് ഇന്ന് ഇന്ത്യൻ ജനതയെ പോരാട്ടത്തിന് പ്രചോദിപ്പിക്കുന്ന ഘടകം. ജനാധിപത്യം ഇപ്പോഴും നിലനിൽക്കുന്നത് ഇന്ത്യയുടെ വൈവിധ്യം കൊണ്ടാണെന്നും ആ വൈവിധ്യം ഇല്ലാതാക്കി ഒരു ഫാഷിസ്റ്റ് ഭരണം നടപ്പാക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്നും ഗുഹയുടെ പുസ്തകത്തെ ആധാരമാക്കി ബീന വിശദീകരിച്ചു. സമരത്തിന് ധീരമായ നേതൃത്വം നൽകുന്ന പെൺകുട്ടികൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് എൻ ഐ ടി വിദ്യാർത്ഥിയായ അമൃത സുരേഷ് ഈജിപ്ഷ്യൻ എഴുത്തുകാരിയായ മോന എൽ തഹാവിയുടെ 'സെവൻ നെസെസ്സറി സിൻസ് ഫോർ വിമൺ ആൻഡ് ഗേൾസ്' എന്ന പുസ്തകം അവതരിപ്പിച്ചത്.

പുരുഷകേന്ദ്രിതമായ സമൂഹം വാർത്തെടുത്ത ആധിപത്യമാതൃകകളെ നിഷേധിച്ചുകൊണ്ടും നിഗ്രഹിച്ചുകൊണ്ടും മാത്രമേ സ്ത്രീവിമോചനം സാധ്യമാകൂ എന്ന് പുസ്തകം അടിവരയിടുന്നതായി അമൃത പറഞ്ഞു. മലബാറിലെ സാമൂഹ്യ-രാഷ്ട്രീയമണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്തിയ കാവുമ്പായി സമരത്തെ ആസ്പദമാക്കി ശാന്ത കാവുമ്പായി എഴുതിയ 'ഡിസംബർ 30' എന്ന നോവൽ സതീഷ് വളവിൽ അവതരിപ്പിച്ചു.

തുടർന്നു നടന്ന സംവാദം 'വിടരുന്നത് ഒരു ഇന്ത്യൻ വസന്തമോ' എന്ന ശീർഷകത്തിൽ ഇന്ത്യയിലെ പൗരാവകാശസമരത്തെ ചർച്ച ചെയ്തു. പരിപാടിയിൽ എത്തിച്ചേർന്ന എല്ലാവരും ചർച്ചയിൽ പങ്കെടുത്ത് അവരവരുടെ അഭിപ്രായം പങ്കുവെച്ചു. ഏത് അഭിപ്രായവ്യത്യാസങ്ങളേയും പിന്നോട്ടേയ്ക്ക് തള്ളിമാറ്റും വിധം ഇന്ത്യ ഒറ്റക്കെട്ടായി പൊരുതി തോൽപ്പിക്കേണ്ട നിയമമാണ് ഇപ്പോൾ സർക്കാർ കൊണ്ടുവന്നിരിക്കുന്നതെന്ന് സംവാദം ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനാമൂല്യങ്ങളെ തുരങ്കം വെയ്ക്കുന്ന പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ റെജിസ്‌റ്റ്രേഷനും ഇപ്പോൾ മുസ്ലിംങ്ങളെ മാത്രമാണ് ഉന്നം വെച്ചിട്ടുള്ളതെങ്കിലും ഭാവിയിൽ അത് ഇതരമതവിഭാഗങ്ങളേയും ഇരകളാക്കും.

മുസ്ലിം എന്ന സ്വത്വം പ്രശ്‌നവൽക്കരിച്ച ഈ സാഹചര്യത്തിൽ സമരത്തിൽ അത്തരം അടയാളങ്ങളും പ്രാതിനിധ്യവും സ്വാഭാവികമാണ്. എന്നാൽ ഇന്ത്യ ഒറ്റക്കെട്ടായി നിന്നു ചെയ്യുന്ന ഈ സമരത്തെ സ്വത്വരാഷ്ട്രീയക്കാരുടെ മേൽവിലാസത്തിലേക്ക് ഒതുക്കാനാവില്ല എന്നും സംവാദം ഉറപ്പിച്ചു പറഞ്ഞു. നിയമത്തിനെതിരെ സർവകലാശാലകളിൽ നിന്നുയരുന്ന സമരം ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. പ്രദീപ് അരിയമ്പാടൻ സംവാദത്തിന് തുടക്കം കുറിച്ചു. ലീന കോടിയത്ത്, നജ്മ നൗഷാദ്, അനസൂയ സുരേഷ്, സഹ്‌റ നൗഷാദ്, ഷഫീഖ് തലശ്ശേരി, നാസർ കാരക്കുന്ന്, നന്ദൻ, റഫീഖ് പന്നിയങ്കര, സുരേഷ് കൂവോട്, ഫൈസൽ കൊണ്ടോട്ടി, അബ്ദുൾ റസാഖ്, നജീം കൊച്ചുകലുങ്ക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമരപശ്ചാത്തലത്തിൽ സജീഷ് എഴുതിയ 'അടയാളങ്ങൾ' എന്ന കവിത ചൊല്ലിയാണ് സുലൈമാൻ പ്രതിഷേധത്തിൽ ഭാഗമായത്. എം ഫൈസൽ സംവാദം മോഡറേറ്റ് ചെയ്തു. ചില്ല കോർഡിനേറ്റർ നൗഷാദ് കോർമത്ത് ചർച്ച ഉപസംഹരിച്ച് സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP