Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

87മത് ശിവഗിരി തീർത്ഥാടനത്തിന് ഉജ്ജ്വലതുടക്കം; ഇന്ത്യയുടെ ഭാവി ജാതിരഹിതമായിരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു; ഗുരുവിന്റെ ചിന്തകൾ ജീവിതത്തിൽ പകർത്തണമെന്നും ഉപരാഷ്ട്രപതിയുടെ വാക്കുകൾ; കലാപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം വൈകിട്ട് സിനിമാതാരം ജഗദീഷ് നിർവഹിക്കും; ഇനി മൂന്ന് ദിവസം തീർത്ഥാടകരുടെ ഒഴുക്ക്; നാളെ മാധ്യമ സെമിനാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 87ാമത് ശിവഗിരി തീർത്ഥാടത്തിന് ഇന്ന് തുടക്കം. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുൻനിറുത്തിയാണ് ഇത്തവണത്തെ മഹാതീർത്ഥാടനം. ഭാവി ഇന്ത്യ ജാതിരഹിതമായിരിക്കണമെന്ന് തീർത്ഥാടനപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.'ഈ തീർത്ഥാടനം പുതിയ തുടക്കമാകട്ടെ. ഗുരുദേവൻ ഹിന്ദുവായി ജനിച്ചു.

എന്നാൽ, പ്രത്യേക മതത്തോട് ആഭിമുഖ്യമില്ലായിരുന്നു.അദ്ദേഹം എല്ലാ മതങ്ങളെയും ഒരേപോലെ കണ്ടു. ഒരു മതത്തോടും പക്ഷപാതം കാണിച്ചില്ല. മനുഷ്യനെ വിഭജിക്കുന്ന പ്രവണതകളെയും ജാതിയെയും തള്ളിക്കളഞ്ഞു. ഗുരുവിന്റെ ചിന്തകൾ ജീവിതത്തിൽ പകർത്തണം. ജാതി-മത-വർഗ-വർണ-ഭാഷാ വ്യത്യാസങ്ങൾക്കതീതമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിനാളുകൾ ഈ തീർത്ഥാടനത്തിൽ എത്തുന്നു.

ഭാവി ഇന്ത്യ ജാതി-രഹിത-വർഗ-രഹിത ഇന്ത്യ ആയിരിക്കണം. ജാതി വിവേചനം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, വർക്കിങ് ചെയർമാൻ കെ.ജി.ബാബുരാജ്, രക്ഷാധികാരി ഗോകുലം ഗോപാലൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

30 രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മപതാക ഉയർത്തി തീർത്ഥാടന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കലാപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം 30ന് വൈകിട്ട് സിനിമാതാരം ജഗദീഷ് നിർവഹിക്കും. 12 സമ്മേളനങ്ങളാണ് ശിവഗിരിയിൽ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേന്ദ്ര മന്ത്‌റിമാർ, മുന്മന്ത്രിമാർ, ഗവർണർമാർ, ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ, ന്യായാധിപന്മാർ തുടങ്ങി പ്രമുഖർ വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും.31ന് വെളുപ്പിന് തീർത്ഥാടന ഘോഷയാത്ര നടക്കും. മഹാസമാധിയിൽ പ്രാർത്ഥനകൾക്ക് ശേഷം ഗുരുദേവ റിക്ഷ നഗരപ്രദക്ഷിണം ആരംഭിക്കും. റിക്ഷയ്ക്ക് പിന്നിലായി പീതാംബരധാരികൾ ഗുരുകീർത്തനങ്ങളുമായി അണിനിരക്കുന്നതോടെ ഘോഷയാത്ര ശിവഗിരി കുന്നിറങ്ങും. 31 രാത്രി 12ന് മഹാസമാധി സന്നിധിയിൽ പുതുവത്സര പൂജയും ഉണ്ടായിരിക്കും.

നാനൂറിൽ പരം പദയാത്രകളാണ് ശിവഗിരിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. തീർത്ഥാടന നഗരിയിൽ ഉയർത്തുന്നതിനുള്ള ധർമ്മപതാക കോട്ടയം എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം മഹാസമാധി സന്നിധിയിലെത്തും. സമ്മേളനവേദിയിലേക്കുള്ള ദിവ്യജ്യോതി കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ശിവഗിരിയിൽ കൊണ്ടുവരും.

പതാക ഉയർത്തുന്നതിനുള്ള കൊടിക്കയർ കളവംകോടം ശ്രീശക്തീശ്വരക്ഷേത്രത്തിൽ നിന്ന് ചേർത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ശിവഗിരിയിലെത്തിക്കും. സമ്മേളന വേദിയിലേക്കുള്ള ഗുരുദേവ വിഗ്രഹം മൂലൂരിന്റെ വസതിയായ ഇലവുംതിട്ട കേരളവർമ്മ സൗധത്തിൽ നിന്ന് ഇന്ന് വൈകുന്നേരം മഹാസമാധിയിലെത്തും. ഗുരുദേവ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള വസ്ത്രങ്ങൾ ശ്രീലങ്കയിൽ നിന്ന് ശ്രീനാരായണ ഗുരുദേവ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊണ്ടുവരും.

തീർത്ഥാടന ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 12 വരെ മഹാസമാധി സന്നിധിയിലും ശാരദാമഠത്തിലും ഭക്തജനങ്ങൾക്ക് ദർശനം നടത്താം. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി, വിശ്വശാന്തിയജ്ഞം, അന്നദാനം തുടങ്ങിയ വഴിപാടുകൾക്ക് പ്രത്യേക സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. എല്ലാ വഴിപാട് രസീതുകളും ശിവഗിരിമഠം ബുക്ക്സ്റ്റാളിനും മഹാസമാധിക്കും സമീപത്തുള്ള കൗണ്ടറുകളിൽ ലഭിക്കും. ഭക്തജനങ്ങൾക്ക് ഗുരുപൂജ അന്നദാന പ്രസാദം കഴിക്കുന്നതിനും വിപുലമായ സൗകര്യമുണ്ട്. ഒരേസമയം പതിനായിരത്തോളം പേർക്ക് അന്നദാനപ്രസാദം കഴിക്കത്തക്ക നിലയിൽ പന്തലും ഒരുക്കിയിട്ടുണ്ട്.

നാളെത്തെ പ്രധാന പരിപാടി

രാവിലെ: ശിവഗിരി മഠം ഔദ്യോഗിക മീഡിയയായ ശിവഗിരി മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം. ശേഷം ഉച്ചയ്ക്ക് നടക്കുന്ന മാധ്യമ സമ്മേളനം സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എംപി വീരേന്ദ്ര കുമാർ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ മുഖ്യാതിഥിയാകും. വീണാ ജോർജ് എംഎ‍ൽഎ, എം.ജി രാധാകകൃഷ്ണൻ (ഏഷ്യാനെറ്റ് ന്യൂസ്).

മാർക്കോസ് എബ്രാഹാം( മലയാള മനോരമ) ഒ.അബ്ദുൾ റഹ്മാൻ (മാധ്യമം) എംപി മനോജ് ( ദേശാഭിമാനി) ശങ്കർ ഹിമഗിരി (കേരള കൗമുദി) അനിൽ എസ് (ന്യു ഇന്ത്യൻ എക്സ്‌പ്രസ്) പി ശ്രീകുമാർ ( ജന്മഭൂമി) സജിത്ത് പരമേശ്വരൻ (മംഗളം) ഷാജൻ സ്‌കറിയ ( ചെയർമാൻ, മറുനാടൻ മലയാളി) മഹേഷ് കിടങ്ങൽ ശിവഗിരി ടി.വി സിഇ.ഒ തുടങ്ങിയവർ സംസാരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP