Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ

അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ

എം മാധവദാസ്

രു കണക്കിന് മലയാള സിനിമാ പ്രേമികളെ സമ്മതിക്കണം. പാവങ്ങൾ അവർ സിനിമയെ എത്രമാത്രം സ്നേഹിക്കുന്നവരാണ്. അരോചകമായ എത്രയെത്ര വളിപ്പുകൾ ആണ് നിങ്ങൾ അവരുടെ തലയിലേക്ക് ഇട്ടുകൊടുക്കുന്നത്. എന്നിട്ടും അൽപ്പം നല്ലതുണ്ടെങ്കിൽ അവർ അത് കണ്ട് വിജയിപ്പിക്കുന്നു. ഒരു ഉദാഹരണം നോക്കുക. തുടക്കം മുതൽ ഒടുക്കംവരെ അസംബന്ധങ്ങളും കോമഡികൊണ്ടുള്ള ഭീകരാക്രമണങ്ങളും നിറഞ്ഞു നിൽക്കുന്ന സിനിമയാണ്, നിവിൻപോളി നയൻതാരക്കൊപ്പം അഭിനയിച്ച ലൗ ആക്ഷൻ ഡ്രാമ. എന്നിട്ടും നോക്കുക, പ്രേക്ഷകർ ആ പടത്തെയും വിജയപ്പിച്ചു. 'കുടുക്കുപൊട്ടിയ കുപ്പായം'പോലൊരു പാട്ട് അല്ലായെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു സീൻപോലും ഇല്ലായിട്ടും പ്രേക്ഷകർ പടം വിജയിപ്പിക്കുന്നു! അതുപോലെ നൂറുകോടി ക്ലബിൽ കയറിയ മധുരരാജയുടെ രണ്ടാംപകുതിയൊക്കെ നോക്കുക. എന്തൊരു ബോറ്. പക്ഷേ എന്നിട്ടും പ്രേക്ഷകർ ചിത്രത്തെ കൈവിടുന്നില്ല.

നോക്കണം. ഈ രീതിയിൽ വിധേയരായ കാണികളെ ലോകത്തിൽ എവിടെയാണ് കിട്ടുക. ആ അർഥത്തിൽ നോക്കിയാൽ മലയാള സിനിമയുടെ പുഷ്‌ക്കല കാലമാണിത്. തീയേറ്റിറിൽ വന്ന് പടം കാണാൻ പ്രേക്ഷകന് യാതൊരു മടിയുമില്ല. അത്യാവശ്യം കൊള്ളാവുന്ന ചിത്രം എടുത്ത് നന്നായി മാർക്കറ്റ് ചെയ്താൽ അത് ഓടുമെന്ന് ഉറപ്പ്. പക്ഷേ ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മലയാളത്തിലെ മൂൻനിര നടന്മാർക്കും സംവിയാകർക്കും ആവുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ വർഷം 152 സിനിമകളായിരുന്നു പുറത്തിറങ്ങിയരുന്നതെങ്കിൽ, ഈ വർഷം അത് 192 ആയി ഉയർന്നു. മൊത്തം 900 കോടിയുടെ മുടക്കുമുതലാണ് ഈ വർഷം മാത്രം മലയാളസിനിമയിൽ ഉണ്ടായതെന്നാണ് പ്രൊഡ്യൂസേഴ്‌സ അസോസിയേഷനിൽനിന്ന് ലഭിക്കുന്ന കണക്കുകൾ.പക്ഷേ ഇതിൽ വെറും 30 സിനിമകൾക്ക് മാത്രമാണ് മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ളത്. ഒരു മുന്നുറ് കോടി രൂപയുടെയെങ്കിലും നഷ്ടം ഈ വർഷം മാത്രം മലയാള സിനിമക്ക് മൊത്തം ഉണ്ടായിരിക്കും എന്നാണ് കണക്ക്.

ഇതിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്. ഇവയിൽ ഭുരിഭാഗവും ഒരാഴ്ചപോലും തീയേറ്റിൽനിന്ന് നേടാനായില്ല. എന്തിനുവേണ്ടിയാണ് ഇത്തരം ചിത്രങ്ങൾ എടുക്കുന്നതെന്ന് പടികിട്ടുന്നില്ല. പക്ഷേ മറ്റൊരു ആശ്വാസമായ കാര്യം സിനിമ മാർക്കറ്റ് ചെയ്യാൻ നാം പഠിച്ചിരിക്കുന്ന എന്നാണ്. മാമങ്കം ലോക വ്യാപകമായി റിലീസ് ചെയ്തത് നോക്കു. തീയേറ്റിൽ കളക്ഷൻ കുറഞ്ഞാലും സാറ്റലൈറ്റിന്റെയും, ഓവർസീസ് റൈറ്റിന്റെയും മറ്റും ബലത്തിൽ സിനിമ ലാഭമാക്കാൻ കഴിയും എന്നത് ചെറിയ കാര്യമല്ല. ആമസോൺ പ്രൈമിന്റെയൊക്കെ കാലത്തും മലയാള സിനിമ പിടിച്ചു നിൽക്കുന്നുണ്ടെല്ലോ എന്നതിലും ആശ്വസിക്കാം.

പക്ഷേ അപ്പോളും മലയാള സിനിമാക്കാരുടെ പ്രതിഭാ ദാരിദ്രം ഭീകരമാണ്. ആനയും അമ്പാരിയുമില്ലാതെ എടുക്കുന്ന ചെറുകിട ചിത്രങ്ങൾ പോകട്ടെ എന്നുവെക്കാം. പക്ഷേ കോടികൾ മുടക്കിയെടുക്കുന്ന സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങൾപോലും അങ്ങേയറ്റം അരോചകം ആയോലോ. കഥയിലും അവതരണത്തിലും യാതൊരു പുതുമകൾക്കും നിൽക്കാതെ വെറുതെ എന്തെങ്കിലും തട്ടിക്കൂട്ടി, നിർമ്മാതാവിനെ പഞ്ഞിക്കിടുന്ന ചിത്രങ്ങൾ ഇത്തവരണ ഒരു പാടുണ്ടായി. അത്തരം വമ്പൻ ഫളോപ്പുകൾ ഇവയാണ്.

1 ഒരു അഡാർ ലൗ: ഒരു അഡാർ ഊഡ്

ഈ വർഷത്തെ ഏറ്റവും വലിയ ഫളോപ്പ് എന്ന് വിശേഷിപ്പിക്കാവുന്നത്് ബ്രഹ്മാണ്ഡ ഹൈപ്പുമായി എത്തിയ ഒമർലുലുവിന്റെ 'ഒരു അഡാർ ലൗ' എന്ന ചിത്രം തന്നെയാണ്. ഈ അറുവഷളൻ ചിത്രം കണ്ട് പ്രേക്ഷകർ അമ്പരന്നുപോവുകയാണ്. മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിലെ നടിയുടെ മഴവിൽ പുരികവും കണ്ണിറക്കലും വൈറലായതോടെ, ലോകവ്യാപകമായി ശ്രദ്ധനേടിയ ഈ ചിത്രം, പ്രമോയുടെ പളപ്പിൽ പ്രേക്ഷകരെ പോക്കറ്റടിക്കയാണ്. ഇതിനെതിരെ ഉണ്ടായ കേസുകളും ഫലത്തിൽ ചിത്രത്തിന് ഗുണം ചെയ്തു. എന്നാൽ അർഹിക്കുന്ന അവഞ്ജയാണ് ഈ ചിത്രത്തിന് പ്രേക്ഷേകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സത്യത്തിൽ ഒടിയൻ ശ്രീകുമാരമേനോനെക്കാൾ വലിയ പ്രമോഷനാണ് ഒമർലുലു ഈ ചിത്രത്തിന് കൊടുത്തത്. കലാപരമായ അഞ്ചുപൈസയുടെ മൂല്യമില്ലാത്ത ഈ ചിത്രം അഞ്ചുഭാഷകളിലായി രണ്ടായിരം തീയേറ്റിൽ ഒക്കെ ഇറങ്ങുകയാണ്. നമിച്ചിരിക്കുന്നു ഈ ബുദ്ധി. അവിലോസുണ്ടയെ ആറ്റംബോംബാക്കി അവതരിപ്പിക്കാനുള്ള ഈ കഴിവ് പക്ഷേ തീയേറ്റർ പ്രേക്ഷരുടെ എടുത്ത് ഫലിച്ചില്ല.

മറ്റൊർഥത്തിൽ പറഞ്ഞാൽ ഈ മാണിക്യമലരായ പൂവിക്ക് കിട്ടിയ അസാധാരണമായ ഹൈപ്പാണ് ചിത്രത്തിന് വിനയായതും. അതോടെ കഥമുഴവൻ പൊളിച്ചെഴുതേണ്ടി വന്നു. അങ്ങനെ ഗസ്റ്റ്‌റോൾ മാത്രമായിരുന്ന കണ്ണിറുക്കൽ നായിക പ്രിയാവാര്യർ പ്രധാന കഥാപാത്രമായി. ഈ രീതിയിലുള്ള കൂട്ടലും വെട്ടലുമെല്ലാം കാരണം ചിത്രം ഫലത്തിൽ ്ഒരു അവിയലൽ പരുവത്തിലായിപ്പോയി. ഏച്ചുകെട്ടിയത് മുഴച്ചിരിക്കുന്നത് ചിത്രം കാണുമ്പോൾ പ്രകടമാണ്.ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം കഥയില്ലായ്്മ തന്നെയാണ്. പ്ലസ്ടു വിദ്യാർത്ഥികളുടെ സ്‌കുൾ ജീവിതം ഒരു സ്‌കിറ്റുണ്ടാക്കി അതിലേക്ക് കുറെ പാട്ടുകൾ ചേർത്താൽ എങ്ങനെയിരിക്കും. ചിത്രം അവസാനിക്കുന്നതിന് പതിനഞ്ച് മിനിട്ടുമുമ്പാണ് കഥ തുടങ്ങുന്നത്. അതുവെരെ ഈ പിള്ളാരു കളിതന്നെ. അതും ജീവിതത്തിൽ പ്രേമിക്കുകയെന്നല്ലായെ യാതൊരു ലക്ഷ്യവുമില്ലാത്ത കുറെ ഊളച്ചെക്കന്മാരുടെ കഥ! ഇതുകണ്ടാൽ തോന്നുക കേരളത്തിലെ പ്ലസ്്ടുക്കാരെല്ലാം രാവിലെ മുതൽ ഇന്ന് ആരെ പ്രേമിക്കാം, ആരെ തേയ്ക്കാം എന്ന ഒറ്റ ലക്ഷ്യംവച്ചാണ് ജീവിക്കുന്നതെന്നാണ്. തീർച്ചയായും പ്രണയവും കുസൃതിയും കൗമാരക്കമ്പങ്ങളുമൊക്കെയുണ്ടാവും. പക്ഷേ ഈ ഒരു വിഷയം മാത്രം ചെയ്യുന്ന വിഷയാസക്തരാക്കുകയാണ് ചിത്രം കേരളത്തിലെ ടീനേജർമാരെ. എംടിയുടെ വേനൽക്കിനാവുകളൊക്കെ കണ്ട് ഈ പടത്തിനു കയറിയാൽ ചാകാൻ തോന്നും. ഈ ഊള സിക്റ്റ് കോമഡി വച്ചാണ് ചിത്രം ഓടുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഈ പടത്തെ തള്ളിക്കളുകയും ചെയ്തു. പക്ഷേ സാറ്റലൈറ്റ് റൈറ്റുകളുടെ ബലത്തിൽ ചിത്രം സാമ്പത്തികമായി നഷ്ടമായില്ലെന്ന് പറയാം.

2 ഇരുപത്തിയൊന്നാം നൂറ്റാണ്ട്: പ്രണവ് ലാലിനെ അനുകരിച്ചിട്ട് കാര്യമില്ല

പിതാവിന്റെ പാരമ്പര്യം സിനിമയിൽ ഫലം ചെയ്യില്ലെന്നും പുത്രൻ വിജയിക്കണമെങ്കിൽ അവൻ സ്വന്തമായി തന്റെ പാത വെട്ടിത്തെളിക്കണമെന്നും, പ്രണവ് മോഹൻലാൽ നായനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ സാമ്പത്തിക പരാജയം തെളിയിക്കുന്നു. മോഹൻലാലിന്റെ നൊസ്റ്റാൾജിയ മാർക്കറ്റ് ചെയ്യാൻ ലക്ഷ്യമിട്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രമായ ഇരുപതാം നൂറ്റാണ്ടിന്റെ പേര് കടമെടത്ത് അരുൺഗോപിയും കൂട്ടരും 21ാം നൂറ്റാണ്ട് ഒരുക്കിയത്. മലയാളികളെ എറ്റവും കൂടതൽ കോരിത്തരിപ്പിച്ച സിനിമാ രംഗം ഏത് എന്നറിയാനായി, ഈയിടെ നടന്ന ഒരു സർവേയിൽ ലക്ഷക്കണക്കിന് വോട്ടുകൾ നേടി ഒന്നാമതെത്തിയത് മോഹൻലാലിന്റെ ഇരുപതാംനൂറ്റാണ്ടിലെ ഒരു രംഗമായിരുന്നു. സാഗർ ഏലിയാസ് ജാക്കിയെന്ന മോഹൻലാലിനെ, നായിക അംബിക ഒരു ലിഫ്റ്റിൽ കണ്ടുമുട്ടുന്ന രംഗവും, അവർ ജാക്കിയെ അറിയുമെന്ന് തട്ടിവിടുന്നതും, ഒടുവിൽ പേരുചോദിക്കുമ്പോൾ മോഹൻലാൽ 'സാഗർ ഏലിയാസ് ജാക്കിയെന്ന്' ത്രസിപ്പിക്കുന്ന മ്യൂസിക്കിന്റെ അകമ്പടിയോടെ പ്രത്യേക ശൈലിയിൽ പറഞ്ഞ് പോകുന്നതുമായ രംഗമായിരുന്നു അത്.

ആ പേരിനോട് സാമ്യമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ടൈറ്റിലുമായി മോഹൻലാലിന്റെ മകൻ പ്രണവ് നായകനായെത്തുമ്പോൾ ആരാധക മനസ്സിൽ പ്രതീക്ഷകൾ വർധിക്കയായിരുന്നു. രാമലീല എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അരുൺഗോപിക്കൊപ്പം, മലയാളത്തെ ആദ്യമായി നൂറുകോടി ബോക്‌സോഫീസിൽ എത്തിച്ച ടോമിച്ചൻ മുളകുപാടം നിർമ്മാതാവിന്റെ റോളിലും എത്തുന്നതോടെ പടം കൊലമാസാകുമെന്നായിരുന്നു പൊതുവെ കരുതിയത്. പക്ഷേ ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, പത്തൊമ്പതാം നൂറ്റാണ്ടാണെന്നാണ് പൊതുവേ തോന്നിപ്പോവുക! പഴഞ്ചൻ കഥയും പത്തൊമ്പതാം നൂറ്റാണ്ടിലെ നീതിബോധവുമൊക്കെയാണ് ചിത്രത്തിൽ പ്രകടമാവുന്നത്. കഷ്ടം തോന്നിപ്പോകും. ഒരേതരത്തിലുള്ള കഥകൾ നാം എത്രതവണയാണ് കേൾക്കുക. ഒന്നുമാറ്റിപ്പിടിക്കെന്റെ അളിയാ എന്ന് പറഞ്ഞുപോവും. ലൂമിയർ സഹോദരന്മാർ സിനിമ തുടങ്ങിയ കാലത്ത് കേട്ട ആശയങ്ങൾ തന്നെയാണ് ഇപ്പോഴും മലയാളത്തിൽ ഉള്ളത്! കഷ്ടം.

ഇതിൽ മക്രോണിയെന്ന് വിളിക്കുന്ന, നായകന്റെ എർത്തായ ഒരു കഥാപാത്രമുണ്ട. എന്റമ്മോ, അയാളുടെ പ്രകടനമാണ് 'മ്യാരകം'. ഇത്രവെറുപ്പിച്ച ഒരു നടനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. നിലവാരമില്ലാത്ത കൗണ്ടറുകളുമായി ചിത്രാന്ത്യംവരെ വെറുപ്പിക്കലിന്റെ ഭയാനക വേർഷനുമായി ഇതാൾ ഒപ്പമുണ്ട്. ചില തമിഴ് സിനിമകളിലൊക്കെയാണ് വായടക്കാത്ത ഇത്തരം ഔട്ട് സപോക്കൺ കഥാപാത്രങ്ങളെ കാണാറ്. ഈ പടത്തിന്റെ പരാജയം പ്രണവിനും ഒരു പാഠമാണ്. സ്വന്തം വഴിവെട്ടി വളരുകയാണ് അല്ലാതെ പിതാവിനെ അനുകരിക്കയല്ല വേണ്ടത് എന്ന് ഈ പടത്തിന്റെ അനുഭവം വ്യക്താമാക്കുന്നു.

3 ഇട്ടിമാണി മെയഡ് ഇൻ ചൈന: ലാലേട്ടാ എന്തിനീ ചവറുകൾക്ക് തലവെക്കുന്നു?

മോഹൻലാൽ എന്ന മഹാനായ നടൻ എന്തിനാണ് ഇത്തരം കോപ്രായങ്ങൾക്ക് തലവെക്കുന്നത്. 'കോപ്പാണ്, കോപ്രായമാണ്'... മാസാണ് മനസ്സാണ് എന്ന പരസ്യവാചകവുമായി ഇറങ്ങിയ 'ഇട്ടിമാണി മെയ്ഡ്് ഇൻ ചൈന' എന്ന മോഹൻലാൽ ചിത്രം കണ്ടപ്പോൾ ഇങ്ങനെയാണ് തോന്നിയത്. ഇരുനൂറ് കോടി ക്ലബിൽ കയറിയ ലൂസിഫറിന് ശേഷം ലാലേട്ടനോട് ഈയൊരു ചതി വേണ്ടിയിരുന്നില്ല. പുതുമുഖങ്ങളായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ ആന്റണി പെരുമ്പാവൂർ ചിത്രം നിങ്ങൾക്ക് ആസ്വദിക്കണമെങ്കിൽ മസ്തിഷ്‌കത്തിൽ യുക്തിയുടെയും സാമാന്യബോധത്തിന്റെയും ഫാക്കൽട്ടികളെ നിയന്ത്രിക്കുന്ന ഫ്രണ്ടൽ കോർട്ടക്സിന്റെ ഒരു ഭാഗം എടുത്തുകളയേണ്ടി വരും. തലച്ചോറെടുത്ത് തുരന്ന് മുത്തൂറ്റ് ബാങ്കിൽ പണയം വെച്ചവർക്കേ ഈ പടം കണ്ടുതീർക്കാൻ കഴിയൂ.

വെറൈറ്റി വേണമെന്ന് പറഞ്ഞപ്പോൾ ഫുൾ സ്മോക്കിട്ട് കൊടുത്ത സലിംകുമാറിന്റെ ''ചതിക്കാത്ത ചന്തുവിലെ'സംഗീത സംവിധായകനെയാണ് ഈ പടത്തിലെ സംവിധായക ഇരട്ടകൾ ഓർമ്മിപ്പിക്കുന്നത്. സ്പൈഡന്മാൻ സ്റ്റൈലിൽ പാന്റ്സിന്റെ മുകളിൽ അണ്ടർവെയറിട്ട് ഒരുത്തൻ റോഡിലൂടെ നടന്നുപോവുന്നതു കണ്ടാൽ ജനം ചിരിക്കും. അതൊരു വ്യത്യസ്തതയാണ്. പക്ഷേ വ്യത്യസ്തയ്ക്കുവേണ്ടി ഇതുപോലത്തെ സംഭവങ്ങൾ പടം ഒരുപാട് കൊടുത്താലോ. ഈ ചിത്രത്തിലെ ചില ഉദാഹരണങ്ങൾ നോക്കുക. കാർ ഒന്നും ഉപയോഗിക്കാതെ ഈ പടത്തിലെ നായകൻ ആംബുലൻസിലാണ് യാത്രചെയ്യുക എന്ന് മാത്രമല്ല അയാൾ പെണ്ണുകാണാൻ പോകുന്നതുപോലും ആംബുലൻസിലാണ്.

സ്വന്തം അമ്മയുടെ ഓപ്പറേഷന് കെട്ടിയ പണത്തിൽ നിന്ന് ആശുപത്രിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന നായകൻ, സ്വന്തം വിവാഹത്തിന് കിട്ടുന്ന ബ്രോക്കറേജിൽനിന്നും കമ്മീഷൻ ആവശ്യപ്പെടുന്നു! മരണവീട്ടിൽ ഉച്ചത്തിൽ ടിവിവെക്കുക, കോഴിയെ കെട്ടിത്തൂക്കി വെടിവെച്ചുകൊല്ലുക തുടങ്ങിയ കലാപരിപാടികൾ ചിത്രത്തിൽ വേറെയുമുണ്ട്. ബാക്കിയുള്ളവ പറയുന്നില്ല. എല്ലാം വെറെററ്റി കോമഡികൾ തന്നെ. ഒരു കോമഡി ഫലിക്കുക അത് സന്ദർഭത്തിന് യോജിക്കുമ്പോഴാണെന്ന പ്രാഥമിക പാഠം ഈ പടത്തിന്റെ സംവിധായകർ മറന്നുപോയി. ഇത്തരം അസംബന്ധ രംഗങ്ങളാണ് ചിത്രത്തിൽ ഏറെയും. വേണെങ്കിൽ ഒരു അസംബന്ധ കോമഡിക്കഥ എന്ന് ടൈറ്റിലും കൊടുക്കാമായിരുന്നു. കഷ്ടം തന്നെയാണ് മലയാള സിനിമയുടെ പ്രതിഭാ ദാരിദ്ര്യം. നെഞ്ചുവിരിച്ച് ലാലേട്ടൻ എന്ന് ആർത്തുവിളിച്ച് തീ്യേറ്റിറിൽ കയറിയ പാവങ്ങൾ ഇറങ്ങിപ്പോവുന്നത് ഒന്ന് കാണേണ്ടതാണ്.

4 ജാക്ക് ആൻഡ് ഡാനിയൽ: വെടി തീർന്ന് ദിലീപ്

16കോടി മുതൽ മുടക്കിയെടുത്ത ഈ പടം കണ്ടാൽ, നാം ചിരിച്ചുപോകും. അതായിരുന്നു ദിലീപ് ചിത്രം ജാക്ക് ആൻഡ് ഡാനിയൽ. നൂറ്റൊന്ന് ആർത്തിച്ച് മടുത്തുപോയ, മോസ് ആൻഡ് ക്യാറ്റ് ത്രില്ലർ. പത്തുകൊല്ലത്തിനു ശേഷമാണ് എസ് എൽ പുരം ജയസൂര്യ എന്ന ഡയറക്ടർ ഒരു സിനിമയുമായി വരുന്നത്. 2009 ൽ വന്ന മോഹൻലാൽ ചിത്രം ഏയ്ഞ്ചൽ ജോൺ നമ്മളെ പോലെ അങ്ങേരും ഓർക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. മേക്കിങ് വൈസ് ഒരുപാട് ഇംപ്രൂവ് ചെയ്ത ജയസൂര്യയെ ആണ് ജാക്ക് ആൻഡ് ഡാനിയലിൽ കാണുന്നത്. പക്ഷെ എഴുത്തുകാരൻ എന്ന നിലയിൽ ഇദ്ദേഹം വലിയ പരാജയാമാണ്. സെക്കൻഡ് ഹാഫ് ഒക്കെ അതീവ ദുർബലമാണ്. ഇയാൾ പത്തോ ഇരുപതോ കൊല്ലമായി ഇന്ത്യയിൽ ഇറങ്ങുന്ന സിനിമകൾ ഒന്നും കാണാറില്ലേ എന്നുവരെ തോന്നിപ്പോവും. ദിലീപിനേക്കാൾ കസറിയ കഥാപാത്രം പലപ്പോളും അർജുൻേറയാണ്. പക്ഷേ അദ്ദേഹത്തെ അധികം ഉപയോഗിച്ചില്ല.

പരാതിക്കാരില്ലാത്തതും പൊലീസ് അന്വേഷിച്ചിട്ട് ഒരുപിടിയും കിട്ടാത്തതും ആയ ഏഴോളം വൻ കള്ളപ്പണ കവർച്ചകൾ അന്വേഷിക്കാനായി വിമാനമിറങ്ങി വരികയാണ് ഡാനിയൽ അലക്‌സാണ്ടർ എന്ന സിബിഐ കാരൻ. പുള്ളിയെ സ്വീകരിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ഓൾമോസ്റ്റ് ബഫൂണുകൾ എന്ന് പറയാവുന്ന പൊലീസുകാർ സിനിമയെ ലൈറ്റ് മൂഡിലേക്ക് കൊണ്ടുവരുന്നു. സ്വാഭാവികമായും പിന്നീട് ജാക്കിന്റെ എൻട്രി ആണ്. ഒരു റോബറി സീനിലൂടെ തന്നെ. പിന്നീട് അവിടുന്നങ്ങോട്ട് ഒട്ടനവധി സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള, പൊലീസും കള്ളനും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്. ദിലീപും അർജുനും ആണ് കളി എന്നതാണ് തുടർന്നുള്ള കൗതുകം. ജാക്കിന്റെ കൂടെ ഡാനിയൽ കൂടി ചേർന്നതോടെ തന്നെ അർജുന്റെ ബോണസ് സ്റ്റാർ വാല്യൂവിൽ റിലീസിന് മുന്ന് തന്നെ കച്ചവടം ലാഭമായി കഴിഞ്ഞത്രേ. ഇത് സത്യമാണോ, തള്ള് ആണോ എന്നൊന്നും അറിയില്ല. പക്ഷേ തീയേറ്റിൽ ഈ പടത്തിന് ആളില്ലായിരുന്നു. ദിലീപിന്റെ കഷ്ടകാലം ഉടനെയൊന്നും തീരില്ലെന്ന് വ്യക്തം.

5 ഗാനഗന്ധർവൻ: പിഷാരടീ നീയും...

നർമ്മത്തെ ഏറെ സ്നേഹിക്കുന്ന മലയാളികളുടെ പ്രിയ താരമാണ് രമേഷ് പിഷാരടി. ടെലിവിഷനിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഈ നടൻ, മമ്മൂട്ടിയെ നായകനാക്കി സിനിമചെയ്യുന്നുവെന്ന് വാർത്തകൾ വന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷകളും ആകാശം മുട്ടുകയായിരുന്നു. പക്ഷേ പടം കണ്ട് കട്ട മമ്മൂട്ടി ഫാൻസുകാർപോലും തലകുനിച്ചുപോകുന്ന അവസ്ഥയായിരുന്നു. ജയറാമിനെ നായകനാക്കി പഞ്ചവർണതത്ത എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെയാണ് സ്റ്റേജ് ആർടിസ്റ്റ്, കോമഡി താരം, നടൻ എന്നീ നിലകളിൽ തിളങ്ങിയ രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നെത്തിയത്. പിഷാരടിയും ഹരി പി. നായരും ചേർന്നാണ് ഗാനഗന്ധർവ്വന്റെ കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കലാസദൻ ഉല്ലാസായി ചിത്രത്തിൽ കടന്നെത്തുമ്പോൾ നായികയായി എത്തുന്നത് വനിതാ മനോഹരനാണ്. സലിംകുമാർ, സിദ്ദിഖ്, മുകേഷ്, മനോജ് കെ ജയൻ, ദേവൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു അടക്കം മലയാളത്തിന്റെ താരനിര തന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കടന്നെത്തുന്നുണ്ട്.

കലാസദനം ഗാനമേള ട്രൂപ്പിലെ ഗായകനായ കലാസദൻ ഉല്ലാസിന്റെ കഥയാണ് ഗാനഗന്ധർവൻ. ഗാനമേള അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉല്ലാസിനെ പൊലീസ് പിടിച്ചുകൊണ്ട് പോകുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പിന്നീടുള്ള ഫ്ലാഷ്ബാക്കുകളിലൂയാണ് കഥ വികസിക്കുന്നത്.തമിഴ്-ഹിന്ദി തട്ടുപൊളിപ്പൻ ഗാനങ്ങളാണ് ഉല്ലാസിന്റെ ഹൈലൈറ്റ്സ്.. പത്തിരുപത്തിയഞ്ച് വർഷത്തോളമായി ഗാനമേളകളിൽ പാടുന്നുണ്ടെങ്കിലും ഒരു സിനിമയിൽ പോലും പിന്നണി പാടാൻ സാധിക്കാത്തത് ഉല്ലാസിനെ അലട്ടുന്ന വിഷയമാണ്. ഭാര്യയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകളും അടങ്ങുന്നതാണ് ഉല്ലാസിന്റെ കുടുംബം. വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് കഴിഞ്ഞു പോന്നിരുന്ന ഉല്ലാസിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി സാന്ദ്ര എന്ന യുവതി കടന്നുവരുന്നതോടെ അയാളുടെ ജീവിതം ആകെ മാറിമറിയുന്നു.

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയും കഥതന്നെയായിരുന്നു. എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ എന്ന രീതിയിൽ ഒരു തട്ടിക്കൂട്ട് കഥ. ഒരു സനിമയായിട്ട സ്‌ക്വിറ്റുകളുടെ സമാഹാരമായിട്ടാണ് ഈ പടം അനുഭവപ്പെടുന്നത്. ഉല്ലാസിന്റെ ജീവിതം പറയുമ്പോൾ തന്നെ മറ്റു രണ്ട് കഥാപാത്രങ്ങൾ ചിത്രത്തിലേക്ക് കടന്നു വരുന്നു. അനധികൃത കയ്യേറ്റം ജപ്തി തുടങ്ങി നിരവധി ട്വിസ്റ്റുകൾ തുടക്കത്തിൽ തന്നെ പൊട്ടിക്കുന്നു. ഒരു കാര്യവുമില്ലാതെ ഇതിലൊക്കെ തലവെക്കുന്ന മമ്മൂട്ടിയുടെ ഉല്ലാസെന്ന റോൾ, പിന്നെ ലോജിക്കുകളെ കൊല്ലുന്ന വിവാഹം, ജയിൽവാസം, കുടുംബകോടതി എന്നിങ്ങനെ പല നാടകീയതകളും ചിത്രത്തിൽ കയറിവരുന്നു. ഈ ചിത്രം രമേഷ് പിഷാരടിക്കും ഒരു താക്കീതാണ്. നല്ല കഥയില്ലാതെ പടം എടുക്കാൻ വരരുത്.

6 കിളിപോയ സയൻസ്ഫിക്ഷൻ അഥവാ 9

വൻ പ്രതീക്ഷകളോടെ വന്ന ചിത്രമായിരുന്നു പ്രഥ്വീരാജ് നായകനായ 9. മലയാളത്തിൽ ഹോളിവുഡ്ഡ് നിലവാരത്തിലുള്ള സയൻസ് ഫിക്ഷൻ എന്നൊക്കെ പറഞ്ഞിട്ട് വെറും കിളിപോയ ചിത്രമാണ് എടുത്തൂവെച്ചത്. ഹൊറർ, സൈക്കോളജിക്കൽ, സയൻസ് ഫിക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൂടിക്കൂഴഞ്ഞത് ചിത്രത്തിന്റെ അസാധാരണമായ പ്രമേയത്തിന് തിരിച്ചടിയായി. ഒരേ പാറ്റേണിലുള്ള സിനിമകൾക്ക് എന്നാണ് താങ്കൾ അവധി കൊടുക്കുക എന്നാണ് ചിത്രം കണ്ട് സാധാരണ പ്രേക്ഷകർ ചോദിക്കുന്നത്. വിചിത്രമായ കഥകളാണ്, യുവ സൂപ്പർതാരം പ്രഥ്വീരാജിന്റെ ഡേറ്റ് കിട്ടാൻ ഏറ്റവും അടിസ്ഥാനമായി വേണ്ടതെന്ന് മലയാളം ഇൻഡസ്ട്രിയിൽ ഇപ്പോൾ ഒരു പഴഞ്ചൊല്ലുപോലായിക്കഴിഞ്ഞു. ഉദാഹരണമായി ഒരു സാധാരണ പ്രേമ കഥ ഏശാത്തിടത്ത്, അത് നിയാണ്ടർത്താൻ മനുഷ്യനും ക്രോമാഗ്‌നർ മനുഷ്യനും തമ്മിൽ ആമസോൺ തടത്തിലെ ഏറ്റുമുട്ടൽ എന്നാക്കി അതിൽ ഈ പ്രേമകഥ കയറ്റിപ്പറഞ്ഞാൽ ഈ നടൻ വീഴുമത്രേ! പ്രഥ്വീരാജിന്റെ സ്വന്തം പ്രൊഡക്ഷനിൽ മലയാളത്തിൽനിന്ന് ഒരു സയൻസ് ഫിക്ഷൻ മോഡൽ ഒരു ചിത്രം വരുന്നു എന്നുകേട്ടപ്പോൾ, പ്രതീക്ഷൾ ഏറെയായിരുന്നു.

ഒരു സുപ്രഭാതത്തിൽ ലോകത്തിൽ വൈദ്യുതി ഇല്ലാതായാൽ, മൊബൈലും ഇന്റർനെറ്റും വാട്‌സാപ്പും ഒന്നും പ്രവർത്തിക്കാതായാൽ, മോട്ടോർ വാഹനങ്ങൾ അടക്കം സ്റ്റാർട്ട് ചെയ്യാൻപോലും കഴിയാതിരുന്നാൽ..... ശരിക്കും ഒരു ഹോളിവുഡ്ഡ് സയൻസ് ഫിക്ഷനുള്ള എല്ലാ ചേരുവയുമായിട്ടാണ്, നമ്മുടെ പ്രിയതാരം പ്രഥ്വീരാജിന്റെ പുതിയ ചിത്രമായ '9' തുടങ്ങുന്നത്. 'ഈ ലോകത്തിനുമപ്പുറം' എന്ന ടാഗും സൂപ്പർ പെർഫക്ഷനുള്ള ട്രയിലറും ടീസറും ഉയർത്തിയ വമ്പൻ പ്രതീക്ഷകൾ സാധൂകരിക്കുന്ന രീതിയിലാണ്, പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജെനീസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 9തിന്റെ ആദ്യത്തെ ഇരുപതുമിനുട്ട്. അസാധാരണമാംവിധം വലിപ്പമുള്ള ഒരു ഉൽക്ക ഭൂമിയെ തൊട്ടുകൊണ്ട് കടന്നുപോവുന്ന ദിവസത്തിലേക്ക് എത്തുകയാണ് ലോകം. അതിന്റെ കാന്തികവലയത്തിൽപെട്ട് ഭൂമിയിലെ എല്ലാ വൈദ്യുത കാന്തിക ഉപകരങ്ങളും നിശ്ചലമാവും. ഉൽക്ക കടന്നുപോവാൻ 9 ദിവസം നീണ്ടു നിൽക്കും. ഈ ദിനങ്ങൾ ലോകം കഴിച്ചുകൂട്ടേണ്ടത് ശരിക്കും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മനുഷ്യനെപ്പോലെ ആയിരിക്കണം. അതായത് വൈദ്യുതിയില്ല, കാറില്ല, ബസ്സില്ല, നെറ്റില്ല അങ്ങനെ. ഈ വിചിത്രമായ ഒമ്പത് ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. പക്ഷേ ആ പ്രമേയം കഥയുടെ കാമ്പില്ലായ്മയാൽ മൊത്തം കുളം ആവുകയാണ്. ഇതിൽ ഒരു കുടുംബ കഥയൊകെ ്കേറ്റിയതോടെ കഥ ആകെ ട്രാക്കുമാറി. നല്ല പ്രമേയമായിരുന്നു പക്ഷേ സിനിമ മോശം. അതാണ് 9 ന്റെ അവസ്ഥ. ഓപ്പറേഷൻ സക്സ്സ് പക്ഷേ രോഗി മരിച്ചു എന്ന് പറഞ്ഞപോലെ.

7 കൽക്കി: തമിഴ് കത്തി മലയാളത്തിൽ ഓടില്ല മക്കളേ

തുടർച്ചയായ വിജയങ്ങളിലൂടെ കത്തിക്കയറി വരികയായിരുന്ന യുവതാരം ടൊവീനോ തോമസ് 2019ൽ ഏറ്റവും പ്രതീക്ഷ അർപ്പിച്ചിരുന്ന ചിത്രമായിരുന്നു കൽക്കി. തമിഴിലെ സൂര്യ മൂവികളിലൂടെ ആക്ഷൻ ഹീറോ ആകാനുള്ള ടൊവീനോയുടെ ശ്രമം പക്ഷേ അടപടലം പാളി. അത്തരം കത്തികൾ തമിഴിലും തെലുങ്കിലുമായാൽ കാണും. മലയാളത്തിലയാൽ ട്രോളും. ഈ ടിപ്പിക്കൽ മല്ലു സൈക്കോളജി പക്ഷേ ടൊവീനോക്ക് പിടികിട്ടിയില്ല. പ്രവീൺ പ്രഭരം, സുജിൻ സുജാതൻ എന്നിവർ രചന ഒരുക്കി. പ്രവീൺ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങളുടെയും മാസ് ഡയലോഗുകളുടെയും അകമ്പടിയോടെയുമാണ് കൽക്കി എത്തുന്നത്. കഥയിലേക്ക് വന്നാൽ കേരളത്തിന്റെയും തമിഴ്‌നാടിന്റേയും അതിർത്തി പങ്കിടുന്ന നഞ്ചങ്കോട്ടയിലൂടെയാണ്് കഥ കടന്നു പോകുന്നത്. നഞ്ചങ്കോട്ടെ തമിഴ് ജനതയും ഇവരുടെ കുടിയേറ്റവും നാടുകടത്തലും രാഷ്ട്രീയ ശക്തികളായ പ്രാദേശിക ഗുണ്ടകളുടെ വിളയാട്ടവും തന്നെ ചിത്രം. കേട്ട് തേഞ്ഞ കഥ. ഒപ്പം അഡാർ കത്തി ആക്ഷനും. പടം പൊളിയാൻ മറ്റെന്തെങ്കിലും വേണോ?

സൂര്യ' പ്രധാനവേഷത്തിലെത്തിയ 'സിങ്കം' സിനിമ പോലെ ശുദ്ധികലശവുമായി എത്തുന്ന ഇൻസ്പെക്ടർ റോളിലാണ് ടൊവീനോ. മറ്റൊർഥത്തിൽ സിങ്കത്തിന്റെ കോപ്പിയാണ് ഈ ചിത്രം. ആരാധകന് കൈയടിക്കാൻ വകയുള്ള പൊലീസ് കഥാപാത്രം. കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗ്-അങ്ങനെയാണ് നായകന്റെ കടന്നുവരവ്. ഇതൊല്ലാം സിങ്കത്തിന് സമാനം. കേരള- തമിഴ്‌നാട് അതിർത്തി പങ്കിടുന്ന നഞ്ചൻകോട്ടയിലെ തമിഴരുടെ കുടിയേറ്റ പ്രശ്നവും ഇവർ ഇവിടുത്തെ രാഷ്ട്രീയ ശക്തികളുടെ സമ്മർദ്ദത്താൽ കുടിയൊഴിക്കപ്പെടുന്ന രംഗവുമാണ്് ചിത്രത്തിന്റെ ആരംഭം. ഡി.വൈ.പി, എ.ഐ.സി.ടി എന്നീ രണ്ട് പ്രാദേശിക പാർട്ടികളേയും ഇവിടുത്തെ നേതാക്കളേയും കാണാം. പൊലീസും കോടതിയും നിമിയമങ്ങളുമെല്ലാം കയ്യിലെടുത്ത് അമ്മാനമാടുന്ന വില്ലന്മാർ രാഷ്ട്രീയ നേതൃത്വത്തിലുള്ള നഞ്ചൻ കോട്ടയിൽ എതിർ സ്വരങ്ങളെ എല്ലാം തന്നെ അടിച്ചമർത്തുന്നു. അവിടെ രക്ഷകനാണ് നമ്മുടെ പൊലീസ് ഓഫീസർ. ഇത്തരം കത്തികളൊന്നും മലയാളികൾ അംഗീകരിച്ചു തരില്ല ്്എന്ന സമാന്യബോധംപോലും ടൊവീനോക്ക് ഇല്ലാതെ പോയി.

8 തൊട്ടപ്പൻ എന്ന പറ്റിപ്പ്

ഇതാണ് ശരിക്കും അത്യുത്തരാധുനിക പോക്കറ്റടി. പാർശ്വവത്കൃതരുടെ രാഷ്ട്രീയം പറയുന്ന ചിത്രമെന്നും, നടൻ വിനായകന്റെ അസാധ്യമായ അഭിനയമുള്ള ചിത്രമെന്നും, നാളിതുവരെയില്ലാത്ത പ്രമേയക്കരുത്ത് പ്രകടിപ്പിക്കുന്നുവെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ തള്ളിക്കുക. ഇതുകണ്ട് ഓടിക്കൂടുന്ന സിനിമാപ്രേമികൾ, മൾട്ടിപ്ലക്‌സിലെ പോപ്‌ക്കോണിന്റെ കാശുപോലും മുതലാവാതെ അമ്പരന്നുപോവുകയാണ്. മലയാള സിനിമയുടെ എല്ലാ നടപ്പുശീലങ്ങൾക്കും വിരുദ്ധമായി നിൽക്കുന്ന ഒറ്റയാൻ വിനായകനെ നായകനാക്കി, ഷാനാവാസ് ബാവുക്കുട്ടി ഒരുക്കിയ 'തൊട്ടപ്പൻ' എന്ന ചിത്രം 2019ലെ ഒന്നാന്തരം പറ്റിപ്പയാിരുന്നു. അടുത്തകാലത്ത് വായിച്ച മികച്ച കഥയായിരുന്നു ഫ്രാൻസിസ് നൊറോണ എഴുതിയ തൊട്ടപ്പൻ. ആ കഥയിലെ മൂന്നോനാലോ കഥാപാത്രങ്ങളെ മാത്രമെടുത്ത് വികസിപ്പിച്ചുകൊണ്ട് ഒരുക്കിയ തൊട്ടപ്പൻ ചലച്ചിത്രം പക്ഷേ ഫലത്തിൽ എങ്ങുമെത്തിയില്ല. 'കിസ്മത്ത്' എന്ന ഒന്നാന്തരം ചിത്രത്തിനുശേഷം ഷാനവാസ് കെ ബാവക്കുട്ടി പ്രതീക്ഷ കാത്തില്ല.

ആരാധകർ തള്ളിവിടുന്നപോലെ ഞെട്ടിപ്പിക്കുന്നതൊന്നുമല്ല നടൻ വിനായകന്റെ ഈ ചിത്രത്തിലെ പ്രകടനം. കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ ഹാങ്ങോവർ മാറിയിട്ടില്ലാത്ത ഈ കഥാപാത്രത്തെ പക്ഷേ വിനായകൻ മോശമാക്കിയിട്ടില്ലെന്നുമാത്രം. നൊറോണയുടെ കഥയുടെ മിസ്റ്റിസിസും മാജിക്കും ചിത്രത്തിൽ നിലനിർത്താൻ സംവിധായകന് ആയിട്ടില്ല. രണ്ടാം പകുതിയുടെ പകുതി കഴിയുമ്പോൾ മോശമല്ലാത്ത ബോറടിയും തുടങ്ങുന്നുണ്ട്. പക്ഷേ ഒരു കാര്യത്തിൽ ഷാനവാസിനെ സമ്മതിക്കണം. അതിമനോഹരമായ ഫ്രയിമുകളിലൂടെ കഥപറയാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. പക്ഷേ ഇവിടെ പ്രശ്‌നം കഥയുടെ എല്ലുറപ്പില്ലായ്ക തന്നെയാണ്. ചെറുകഥാകൃത്ത് കൂടിയായ പി എസ് റഫീഖിന്റെ് തിരക്കഥ ഇവിടെ പറ്റെ പാളിപ്പോയിരിക്കുന്നുവെന്ന് പറയായെ വയ്യ.

മികച്ച സാഹിത്യകൃതികൾ സിനിമയാക്കുക എന്നത് സത്യത്തിൽ അങ്ങേയറ്റം പ്രതിഭയുള്ളവർക്ക് മാത്രം പറ്റിയ പണിയാണ്. കാരണം ഒരു കഥാകൃത്ത് തന്റെ തൂലികയിലൂടെ ആവാഹിച്ചെടുക്കുന്ന ആശയ പ്രപഞ്ചം പലപ്പോഴും അതേ ടേമ്പോയിൽ ക്യാമറയിൽ ഒപ്പിയെടുക്കാൻ കഴിയില്ല. ഇവിടെയും കഥ വികസിച്ചപ്പോൾ പണി പാളി. തൊട്ടപ്പൻ എന്ന കഥയിലെ തൊട്ടപ്പനും കുഞ്ഞാടും തമ്മിലുള്ള ബന്ധം, അവർക്കിടയിലെ വൈകാരികതകൾ, അവരുടെ ജീവിതരീതി, അവരുടെ ലോകം എന്നിവയൊക്കെ സിനിമയിൽ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും കഥയുടെ പൂർണമായ ചലച്ചിത്രാവിഷ്‌കാരമല്ല സിനിമയെന്നാണ് ഷാനവാസ് ബാവക്കുട്ടി മുമ്പ് പറഞ്ഞിരുന്നത്. പക്ഷേ തുടക്കത്തിൽ കിട്ടയ ്െഗറ്റപ്പ് പിന്നീട് ഒരിക്കലും ചിത്രത്തിന് കിട്ടുന്നില്ല. ക്ലൈമാക്സിലൊക്കെ ദയനീയമാണ് ചിത്രം.

9 പതിനെട്ടാം പടി: കിളിപോയ ഒരു ചിത്രം കൂടി

കിളി! സോഷ്യൽ മീഡിയയുടെ ഭാഷയിൽ ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ഈ 'പതിനെട്ടാം പടി'. നടൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലയിലൊക്കെ അറിയപ്പെടുന്ന ശങ്കർ രാമകൃഷ്ണന്റെ കന്നി സംരംഭമായ 'പതിനെട്ടാം പടി' എന്ന മമ്മൂട്ടി സഹനടനായി വരുന്ന ചിത്രത്തെ അങ്ങനെയാണ് കലാശിച്ചത്. കാരണം ഈ പടത്തിൽ എന്തൊക്കെയൊക്കെയോ ഉണ്ടാവുമെന്ന് എല്ലാവരും ആത്മാർഥമായി പ്രതീക്ഷിച്ചിരുന്നു. എന്നാൽ മൊത്തത്തിൽ കിളിപോയ ചിത്രമെടുത്ത് പ്രേക്ഷകരുടെ പ്രാക്ക് വാങ്ങാനായിപ്പോയി ശങ്കർ രാമകൃഷ്ണന്റെ യോഗം. കാര്യകാരണ ബന്ധം, യുക്തിഭദ്രത, ആശയവ്യക്തത എന്നൊന്നുമില്ലാതെ പിരിയിളകിപ്പോയ ഒരു പതിനെട്ടാം പടിയായിപ്പോയി ഇത്. അൽപ്പം പ്രശനമുണ്ടെന്ന് തോന്നിക്കുള്ള കിളിപോയ കഥാപാത്രങ്ങളാണ് ഇതിൽ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ. പക്ഷേ ക്ഷടം എന്നു പറയട്ടെ ഈ കിളിപോവൽ ചിത്രത്തെ മൊത്തം ബാധിച്ചൂ.

ശങ്കർ രാമകൃഷ്ണന്റെ ഐലൻഡ് എക്സ്‌പ്രസ്, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങൾ നോക്കിയാൽ അറിയാം മൊത്തത്തിൽ ഒരു കിളിപോയ അവസ്ഥ ഈ രണ്ടു ചിത്രങ്ങൾക്കുമുണ്ട്. അതിന്റെ ഒരു എകസ്റ്റൻഷാണ് സത്യത്തിൽ 'പതിനെട്ടാം പടി'. എന്റെ പൊന്നു ശങ്കർ രാമകൃഷ്ണാ, നിങ്ങൾ ഒന്നുകിൽ ഫിലിം ഫെസ്റ്റിവൽ ഓഡിയൻസിനെ മാത്രം ലക്ഷ്യമിട്ടുള്ള, അൽപ്പം ബൗദ്ധിക വ്യായാമം ആവശ്യമുള്ള ചിത്രങ്ങൾ മാത്രം എടുക്കുക. അല്ലെങ്കിൽ പക്കാ കൊമേർഷ്യലായി എടുക്കുക. അല്ലായെ കലയും കച്ചവടവും തമ്മിൽ സമ്മേളിപ്പിക്കുക എന്നത് വലിയ പാടുള്ള പണിയാണ്. എംടി, ഭരതൻ, പത്മരാജൻ, ലോഹിതദാസ് ടീമിനെയൊക്കെപോലെ വലിയ പ്രതിഭയുള്ളവർക്ക് പറ്റിയ പണിയാണിത്. ഇവിടെ ശങ്കർ രാമകൃഷ്ണനും ആഗ്രഹിച്ചത് അതുതന്നെയാണ്. പക്ഷേ എന്തൊക്കെയോ പറഞ്ഞ് എവിടെയും എത്താത്ത രീതിയിലായിപ്പോയി ഈ പടം.

കഥയുടെയും തിരക്കഥയുടെയും ബലക്കുറവും പാത്രസൃഷ്ടിയിലെ അപാകതകളും തന്നെയാണ് പൃഥ്വിരാജ്, ആര്യ, സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദൻ, പ്രിയാമണി തുടങ്ങിയ നടന്മാർ അതിഥി താരങ്ങളായി എന്തുന്ന ചിത്രത്തെ ഈ രീതിയിലാക്കിയത്. ( ഇത്രയും ഗസ്റ്റ് താരങ്ങളുള്ള ചിത്രം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല) എന്താണ് ഈ ചിത്രത്തിലൂടെ സംവിധായകൻ വിനിമയം ചെയ്യാൻ ശ്രമിക്കുന്നതെന്ന് പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാവുന്നില്ല. ആദ്യപകുതിയിൽ പലയിടത്തും അസാരം ബോറടി കടന്നുവരുന്നുണ്ട്. പക്ഷേ താരമമ്യേന മെച്ചമാണ് രണ്ടാം പകുതി. മമ്മൂട്ടിയുടെ പ്രസരിപ്പാർന്ന സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്. നീട്ടിയ മുടി പിറകിൽ കെട്ടി കൗബോയ് സ്‌റ്റൈലിൽ ജീൻസും കോട്ടുമൊക്കെയിട്ട് , ക്ലൈമാക്‌സിൽ ആതിരപ്പള്ളി വെള്ളച്ചാടത്തിനടത്തുള്ള ഒരു പാർട്ടിയിലേക്ക് സ്ലോമോഷനിൽ എത്തി ആരാധകർക്കായി മമ്മൂട്ടി ഒരു ഫൈറ്റും നടത്തുന്നുണ്ട്. പക്ഷേ എന്തുകാര്യം. ആർട്ടും കൊമേർഷ്യലും കൂടിക്കുഴഞ്ഞ് പാതിവെന്ത മട്ടിലായിപ്പോയി ചിത്രത്തിന്റെ ഘടന.

10 ആകാശഗംഗ -2: ചിരിപ്പിക്കുന്ന ഹൊറർ മൂവി

ഒരു ഹൊറർ മൂവി കണ്ട് ചിരിച്ചുപോവുന്നത് ഇതാദ്യമായിരുന്നു. അതാണ് വിനയൻ തന്റെ ആകാശഗംഗക്ക് രണ്ടാം ഭാവുമായി എത്തിയപ്പോൾ സംഭവിച്ചത്. വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം, ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ! പഴകി മടുത്ത കഥയെ വീണ്ടും വിനയൻ ആവർത്തിക്കുമ്പോൾ ഇത് മലയാളം കണ്ട മോശം ഹൊറർ ചിത്രങ്ങളിൽ ഒന്നാവുകയായിരുന്നു.

20 വർഷങ്ങൾക്ക് ശേഷം മാണിക്കശേരി കോവിലകത്തേയ്ക്ക് ഗംഗയെന്ന ദുരാത്മാവിനെ തിരികെ കൊണ്ടുവന്ന് പ്രേക്ഷകരെ ഭയത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തും എന്നായിരുന്നു സംവിധായൻ അവകാശപ്പെട്ടത്. എന്നാൽ സിനിമ കണ്ട പ്രേക്ഷകർ ഗംഗയെ കണ്ട് പേടിച്ചോ എന്ന് ചോദിച്ചാൽ സംശമാണ്. സിനിമ തുടങ്ങുന്നത് തന്നെ പുതുമഴയായ് വന്നു നീ എന്ന ഗാനത്തോടെയാണ്. ഗാനത്തോടൊപ്പം തന്നെ ഒന്നാം ഭാഗത്തിലെ ഏറെ കുറെ പ്രധാന ഭാഗങ്ങൾ ഗ്രാഫിക്സിലൂടെ കാണിക്കുന്നുണ്ട്. ഇതെല്ലാം രണ്ടാം ഭാഗം കാണാൻ പ്രേക്ഷകനിൽ താൽപര്യം ജനിപ്പിക്കുന്നു. എന്നാൽ സിനിമ ആരംഭിച്ച് ഇന്റെർവൽ ആവുന്നതിന് മുമ്പ് തന്നെ പ്രേക്ഷകനിൽ നിരാശ ഉണ്ടാക്കുകയാണ് ചിത്രം. ഇരുപത് വർഷങ്ങൾക്ക് മുമ്പുള്ള സിനിമയുടെ ഒന്നാം ഭാഗത്തിന്റെ അതേ പാറ്റേൺ അല്ലെങ്കിൽ ഏറെ കുറെ അതിനോട് അടുത്ത് നിൽക്കുന്ന രീതിയിൽ രണ്ടാം ഭാഗവും ചെയ്യാൻ ശ്രമിച്ചതിലെ പൊരുത്തക്കേടുകൾ സിനിമ മുന്നോട്ട് പോകുന്തോറും പല ഭാഗങ്ങളിലും കാണാം. വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം. ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ... ഇതെല്ലാം ഈ കാലത്ത് എത്രത്തോളം സക്സസ് ആവുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. എന്നാൽ ഗ്രാഫിക്സിന്റെ സഹായത്തോടെ മൺമറഞ്ഞ് പോയ മയൂരിയെ അതായത് ആകാശഗംഗയിലെ യഥാർത്ഥ ദുരാത്മാവിനെ വീണ്ടും വെള്ളിത്തിരയിൽ കൊണ്ടുവന്നത് മികച്ച് നിൽക്കുന്നു. എങ്കിൽ പോലും മറ്റ് പേടിപ്പെടുത്തുന്ന രംഗങ്ങൾ ഒന്നും പ്രേക്ഷകനിൽ ഭയം സൃഷ്ടിച്ചില്ല.

ഒന്നാം ഭാഗത്തിലെ റിയാസും, ഇടവേള ബാബുവും മാത്രമേ ചിത്രത്തിലെ രണ്ടാം ഭാഗത്തിലും ഉള്ളൂ. ഇടയ്ക്ക് മായയുടെ അമ്മയെയും കാണിക്കുന്നുണ്ട്. അതും പേരിന് മാത്രം. ഇവർക്കെല്ലാം പുറമേ രമ്യ കൃഷ്ണൻ, പുതുമുഖം വീണ നായർ ,ശ്രീനാഥ് ഭാസി, വിഷ്ണു വിനയൻ, സെന്തിൽ, പ്രവീണ, തെസ്നി ഖാൻ, വിഷ്ണു ഗോവിന്ദൻ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് കണാരൻ, സലീം കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മൊത്തത്തിൽ ഒരു ദുരന്ത ചിത്രം എന്നേ ഇതിനെ വിശേഷിപ്പിക്കാൻ പറ്റൂ.

മറ്റ് പ്രധാന ഫ്ളോപ്പുകൾ ഇങ്ങനെ:

തൊട്ടപ്പൻ, മിഖായേൽ, കുട്ടിമാമ, ചിൽഡ്രൻസ് പാർക്ക്, എവിടെ, ആദ്യരാത്രി, പ്രണയമീനുകളുടെ കടൽ, പടട്ടാഭിരാമൻ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, എടക്കാട് ബറ്റാലിയൻ, ലൂക്ക, മേരാം നാം ഷാജി, വലിയപെരുന്നാൾ, തൃശൂർപൂരം, മൈ സാന്റ തുടങ്ങിയ നിരവധി ചിത്രങ്ങളും ഫ്്ളോപ്പുകളുടെ പട്ടികയിലുണ്ട്. ( ഇതിൽ അവസാനത്തെ മൂന്നുചിത്രങ്ങളുടെയും തീയേറ്റർ റിപ്പോർട്ട പൂർണ്ണമായും കിട്ടിയിട്ടില്ല) കലാപരമായി നോക്കുമ്പോൾ അങ്ങേയറ്റം അരോചകം ആണെങ്കിലും ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തെയും വിജയിപ്പിക്കാൻ നിവിൻപോളിയുടെ താരപദവിക്ക് ആയി. ദുൽഖർ സൽമാന്റെ ഒരു യമണ്ടൻ പ്രേമകഥയും അങ്ങനെതന്നെ. പടം കാണാൻ ആളില്ലെങ്കിലും 'ഉപഗ്രഹങ്ങൾ' ചിത്രത്തെ വിജയിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP